Wednesday, 20 August 2014

ലഹരിക്ക് വകഭേതമില്ല



മദ്യപാനി, അഭിചാരം സത്യമാക്കുന്നവന്‍, ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല (ഇബ്‌നുഹിബ്ബാന്‍) നിലവാരമുള്ള ബാറും, ഇല്ലാത്ത ബാറും വേര്‍തിരിക്കാനുള്ള ശ്രമത്തിലാണ് ജനാധിപത്യ ഭരണകൂട സ്ഥാപനങ്ങള്‍. ബാറേതായാലും വിളമ്പുന്നത് ലഹരിയാണെന്ന് എന്ത് കൊണ്ട് ചര്‍ച്ചയാവുന്നില്ല.
ശീതീകരിച്ച മുറിയില്‍ അരണ്ടവെളിച്ചത്തില്‍ പളുങ്ക് പാത്രത്തില്‍ കോട്ടിട്ട സാറന്‍മാര്‍ക്ക് യൂണിഫോമിട്ട വൈയ്റ്റര്‍മാര്‍ ലഹരിവിളമ്പിയാല്‍ തുറക്കാമെന്ന് പറയുന്നതിലെ നീതിബോധം വ്യക്തമല്ല.
പാടവക്കിലെ പെട്ടിക്കടകളില്‍ കന്നാസില്‍ നിറച്ചുവെച്ച ചാരായവും, വാറ്റ് കള്ളും കുപ്പി ഗ്ലാസില്‍ പകര്‍ന്നു നല്‍കുന്നതും, പുള്ളിത്തുണിയും, ബനിയനും ധരിച്ച് കടന്നുവരുന്ന കുടിയന്മാരും അകത്താക്കുന്നത് ലഹരിയല്ലെന്ന് വരുമോ?
''മദ്യം'' എന്തായാലും, എവിടെനിന്നായാലും നിഷിദ്ധമാണന്നാണ് മതപക്ഷം. ലഹരി വസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ക്ക് മുന്തിരിവില്‍ക്കല്‍ നിഷിധമാണന്ന് പ്രവാചക പാഠം ഉണ്ട്.
വ്യാജസിദ്ധന്മാരും, മന്ത്രവാദവും നാട് നടുക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും പുണ്യപുരുഷന്മാരായി വിശ്വാസികള്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവര്‍ മനസ്സിലും, അരയിലും കഠാരകൂടി കരുതുന്നവരാണന്നറിയുന്നത് ആരെയാണ് ആശങ്കപ്പെടുത്താതിരിക്കുക. കുറ്റിയാടിയിലെ ശകുന്തള്ളയുടെ മരണം പൂജാരിയും ഭാര്യയും കൂടി നടത്തിയ നിധിവേട്ടയുടെ മറവിലായിരുന്നു. കരുനാഗപ്പള്ളിയില്‍ ഒരു യുവതിയുടെ നട്ടെല്ല് ചവിട്ടി ഒടിച്ചുകൊന്നത്  അഭിചാരത്തിന്റെ മറവില്‍. ഇത്തരം അപമാനകരമായ പ്രവണതകള്‍ വളരാനിടവരുന്ന സാമൂഹിക ഭൂമിക സൃഷ്ടിക്കാന്‍ അനുവദിക്കുന്നവര്‍ പ്രതിപട്ടികയിലാണ്. മതസമാജങ്ങള്‍ മാതൃകാപരമാവണം. സസ്‌ക്രിയരാവണം. ആരാധനാ-അനുഷ്ടാന തലങ്ങളോടൊപ്പം കര്‍മ്മ മണ്ഡലം വിപുലപ്പെടുത്തണം. സമൂഹ സമുദ്ദാരണവും നവോത്ഥാനവും അജണ്ടയിലുള്‍പ്പെടുത്തണം.
ബന്ധങ്ങള്‍ക്ക് വിട പറയുന്നവര്‍ ചെന്നുപെടുക ബന്ധനങ്ങളിലാണ്. ആര്‍ഭാഢ-ആസ്വാദന, സ്വാര്‍ത്ത മോഹ വലയങ്ങളെന്ന കുരുക്കഴിക്കാനാവാത്ത ബന്ധനങ്ങളില്‍ പെടാതിരിക്കാനാണ് കുടുംബ ബന്ധം, അയല്‍പക്ക ബന്ധം, സാമൂഹ്യ കടപ്പാടുകളെന്ന ബന്ധം എന്നിങ്ങനെ ആരോഗ്യകരമായ ബന്ധങ്ങളിലേക്ക് മനുഷ്യരെ ഇസ്‌ലാം പറിച്ചുനടാന്‍ പരിശ്രമിച്ചത്.
''നന്മകള്‍ കാതോര്‍ക്കുന്നവരുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തി മതശാസനകളും, ആശയങ്ങളും പ്രചരിപ്പിച്ചു ആരോഗ്യകരമായ ജന സമൂഹത്തിലൂടെ സാമൂഹ്യ ബോധം ശക്തിപ്പെടുത്തുകയാണ് കാലം കാതോര്‍ക്കുന്ന കര്‍മ്മം.

Saturday, 2 August 2014

ബര്‍ത്ത് ഒഴിവില്ലെന്ന് ഓര്‍മ്മവേണം

കേരള സംസ്ഥാനത്ത് പരമാവധി 21 അക്കത്തിലധികം മന്ത്രിമാര്‍പാടില്ല. സ്പീക്കര്‍ പദവി ഒഴിഞ്ഞു കാര്‍ത്തികേയന് മന്ത്രി സ്ഥാനം കിട്ടാതെവന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ന പദവി മാത്രമേ ബാക്കി കാണു. സുധീരബാധയില്‍ നിന്ന് ചാണ്ടിക്കുഞ്ഞൂഞ്ഞിന് മോക്ഷമാവാം ഉള്ളിലിരിപ്പ്.
പതിവ് പ്രോഗ്രാമായ ഇവിടെ പറ്റില്ലങ്കില്‍ ഡല്‍ഹിയില്‍ ഒരു മന്ത്രി സ്ഥാനം എന്നത് ഇനി നടപ്പില്ലന്ന് കാര്‍ത്തികേയനോര്‍മ്മകാണും, ഉള്ള ബര്‍ത്ത് കളഞ്ഞു അരുവിക്കരയിലൂടെ വീണ്ടുമൊരു രാഷ്ട്രീയ തീര്‍ത്ഥയാത്രയാണ് ലക്ഷ്യമെങ്കില്‍ ഭാവുകം നേരാം- പക്ഷെ അതുകൊണ്ട് വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് കടമ്പകടക്കുമോ?
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതൃതലത്തിലൊരു ഉരുള്‍പൊട്ടലും അതിന്റെ നഷ്ടങ്ങളും, ലാഭങ്ങളും ഗണിച്ചു നോക്കിയാല്‍ ഉമ്മന്‍ചാണ്ടിക്കൊരു പടികൂടി കയറാന്‍ കഴിഞ്ഞേക്കുമെന്നല്ലാതെ മറ്റ് വല്ലതും.?!

Thursday, 17 July 2014

വംശഹത്യ?

     പാലസ്തീനില്‍, മ്യാന്‍മാറില്‍, ശ്രീലങ്കയില്‍, മുസാഫര്‍ നഗറില്‍, ഗോധ്രയില്‍, ആസാമില്‍, ബോസ്‌നിയയില്‍, ചൈനയില്‍ അങ്ങനെ ഒരു ജനപഥത്തെ വംശഹത്യനടത്താന്‍ കശാപ്പുകത്തിയുമായി ഇറങ്ങിയ കശ്മലന്മാര്‍ക്ക് അധികാര-വിഭവ സൗകര്യമൊരുക്കുന്ന ലോക നിലപാടുകള്‍ ഭയാനകം.
ഇല്ല-അവസാനിപ്പിക്കാനാവില്ല. ഒരാശയവും ഒരു ജനത സ്വയം കൈ ഒഴിയുന്നത്‌വരെ ഇല്ലാതാക്കാനാവില്ല.
    ഗാസയിലെ തെരുവുകളില്‍ കുരുന്നുകളെ- സ്ത്രീകളെ ഇത്രഭയാനകമാം വിധം കൊന്നുകുട്ടുമ്പോഴും നക്ഷത്ര ഇഫ്ത്താറൊരുക്കുന്ന അയല്‍ പക്കക്കാര്‍ എന്നപോലെ സൂക്ഷമം നിരീക്ഷിച്ചു (?) വരുന്ന വന്‍ശക്തികളും സൃഷ്ടാവിന്റെ കോടതിയിലെങ്കിലും ശിക്ഷ ഏറ്റ് വാങ്ങേണ്ടിവരും.

Sunday, 29 June 2014

''ആന്റണിയുടെ ശങ്ക''

 ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മതേതരത്വം സംബന്ധിച്ച സംശയമാണ് പാര്‍ട്ടിയില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴുകി ബി.ജെ.പിയിലെത്തിയതെന്ന എ.കെ.ആന്റണിയുടെ കണ്ടത്തല്‍ പാര്‍ട്ടി ഇനിയും നന്നാവാന്‍ ഉദ്ദേശിക്കുന്നില്ലന്നതിന്റെ സൂചനയാണ്.
നാട്ടുകാരുടെ നടുവെടിച്ച നിലപാടുകളും, പകല്‍ കൊള്ള നടത്തി മുന്നേറിയ ഭരണാധികാരികളും, നേതൃദാരിദ്രവുമായിരുന്നു യഥാര്‍ത്ഥ കാണമെന്നറിയാത്ത പൊട്ടന്‍ കോണ്‍ഗ്രസാണ് ആന്റണിയെന്നാരും കരുതുന്നില്ല.
ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴടങ്ങണമെന്ന പറഞ്ഞ ആന്റണി ''തിയോളജി'' കൂടി ചേര്‍ത്തുവായിച്ചാല്‍ ഭാവിയിലൊരു കൂര്യന്‍ ജോര്‍ജ്ജ് ബി.ജെ.പിക്ക് പ്രദീക്ഷിക്കാമെന്ന് വേണം കരുതാന്‍.
ദളിദരുടെയും പിറകില്‍ മുസ്‌ലിംകളെ തളച്ചിട്ടത്തില്‍ എ.കെ.ആന്റണിയുടെ കോണ്‍ഗ്രസിനോളം പങ്ക് മറ്റ് പാര്‍ട്ടികള്‍ക്കവകാശപ്പെടാനുണ്ടാവില്ല. എല്‍.കെ.അദ്വാനി ഉടനടി പിന്തുണയുമായി രംഗത്ത് വന്നത് നരസിംഗറാവുവിന്റെ അരുമശിഷ്യന്മാര്‍ കോണ്‍ഗ്രസിലുള്ളതിന്റെ അമിതാവേശത്തിലാവും.
ബി.ജെ.പിയെ ഉറപ്പിച്ചു നിര്‍ത്താനും തുടര്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിലം പരിശാക്കാനും ആന്റണിക്കാവുന്നത് ആന്റണി ചെയ്യട്ടെ- പക്ഷെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നപോലെ ബി,ജെ,പിക്കും ഒരു ചുക്കും ചെയ്യാനാവില്ല. ഭരണഘടനയും, ഭരണഘടന കാക്കുന്ന ജുഡീഷ്യറിയും നിലനില്‍ക്കുന്ന കാലത്തോളം.

Thursday, 19 June 2014

ഇറാഖ് നിരീക്ഷണം മതിയോ?

    അമേരിക്കയും, ബ്രിട്ടനും, സഹായികളും ചേര്‍ന്ന് സദ്ദാമിനെ വേട്ടയാടിപ്പിടിച്ച് കൈ കാലുകള്‍ ബന്ധിച്ച് തൂക്കിലേറ്റി. ഒരു നാടിനെയും നായകനെയും നാണം കെടുത്തിയതോര്‍ക്കുക. ഇറാഖ് പലതായി വിഭചിക്കുകയായിരുന്നു വന്‍ശക്തികളുടെ ഉള്ളിലിരിപ്പ്.
    സുന്നി-ശീഈ-ഖുര്‍ദിശ് മേഖല. ഇപ്പോള്‍ വീണ്ടും നാട് കലങ്ങി പരസ്പരം വെടി ഉതിര്‍ക്കുകയാണ്. ബന്ധ ശത്രുവാണെന്ന് പറഞ്ഞിരുന്ന ഇറാനെകൂട്ടി കുളം ഒന്നുകൂടി കലക്കാനാണ് തല്‍പരകക്ഷികളുടെ ശ്രമം.
     നട്ടെല്ലും, നാണവുമില്ലാത്ത നാട്ടുകാരുടെ നിലപാടുകളാണിതിനൊക്കെ വഴി വെച്ചത്.
ഇന്ത്യാ സര്‍ക്കാര്‍ സൂക്ഷമം നിരീക്ഷിച്ചുവരികയാണെന്നാണ് പറയുന്നത്. നിരവധി ഇന്ത്യക്കാര്‍ അവിടെ കുടുങ്ങികിടക്കുമ്പോള്‍ നിരീക്ഷണമല്ല നിലപാടാണ് വേണ്ടത്.
     പൗരന്മാരെ മാനിക്കാനും, സംരക്ഷിക്കാനും ഇടപെടണം. മോദിയും, സുഷമയും ഇക്കാര്യത്തിലെടുക്കുന്ന നിലപാടുകള്‍ താമസിക്കുന്തോറും ഇറാഖിലകപ്പെട്ട ഇന്ത്യക്കാരുടെ നില അപകടത്തിലാവുകയാണ് ഫലം.

Friday, 30 May 2014

മനുഷ്യക്കടത്ത്

ആറ് പതിറ്റാണ്ടു ഭാരതം വാണവര്‍ മറന്നുവെച്ച കുറെ പാവങ്ങളുണ്ട്. വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ പുഴുക്കളെപോലെ ഒട്ടിയവയറും, ഉന്തിയ എല്ലുമായി കഴിയുന്ന നിരക്ഷരരായ അനേകലക്ഷം ബാല്യങ്ങള്‍.
ഉന്തുവണ്ടി വലിക്കുന്ന പിതാക്കള്‍ക്കും മൈലുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കുന്ന മാതാക്കള്‍ക്കും ഈ ബാല്യങ്ങള്‍ ഭാരമാവുന്നു.
അമ്മിഞ്ഞപാല്‌പോലും നല്‍കാനില്ലാത്ത ചാവാളിപ്പശുക്കളെക്കാള്‍ ഞെരുങ്ങുന്ന അനേകായിരങ്ങള്‍. അവരില്‍ ചിലരെ തേടി പിടിച്ചുകൊണ്ടുവന്നു ഭക്ഷണവും, വസ്ത്രവും, വിദ്യയും നല്‍കി ഉത്തമ പൗരന്മാരാക്കുന്നതിലെവിടെയാണ് മനുഷ്യക്കടത്ത്. ?
യൂറോപ്യലെ ''മതാമ്മമാരുടെ അടിവസ്ത്രങ്ങളലക്കാനും, ഉടയാടുകള്‍ ഉണക്കാനും, അടുക്കളപ്പണിക്കും വിലപറഞ്ഞു കൊണ്ടുപോകുന്ന അടിമകളെ കുറിച്ച് കേട്ടിട്ടുണ്ട്. അത് അടിമത്വമാണ്. മനുഷ്യക്കടത്താണ്.
എരിയുന്ന പൊരിയുന്ന വയറിലേക്കൊരിറ്റ് അരിയാഹാരത്തിന്റെ നീര് നല്‍കുന്നത് അങ്ങനെയാണോ? ഏത് യതീംഖാനക്കാണ് ''മനുഷ്യക്കടത്തിന്റെ പട്ടം ചാര്‍ത്തുക. സേവനം, സ്‌നേഹം മാത്രം ലക്ഷ്യമാക്കി സൗജന്യമായി എല്ലാം നല്‍കുന്ന സ്ഥാപനങ്ങളെ പ്രകീര്‍ത്തിക്കണ്ട. അതിന് മാന്യത വേണം. അപകീര്‍ത്തിപ്പെടുത്താതിരുന്നു കൂടേ-?

Thursday, 29 May 2014

നരേന്ദ്രമോദിയുടെ ടീം ഭാരതത്തിന്റെ ഭരണത്തിലെത്തി


കൈകളില്‍ ന്യൂനപക്ഷത്തിന്റെ ചോരപ്പാട് കഴുകിയല്ല മോദി പ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസ് ഒരുക്കിയ രാജപാഥയിലൂടെ കാവിപ്പട അനായാസം കയറിവന്നതാണ്. 31 ശതമാനം (17.85 കോടി വോട്ടര്‍മാര്‍) ബി.ജെ.പിയെ പിന്തുണച്ചു.
ഭരണഘടന വരുതിയില്‍ നിന്ന് മോദി ഭരിക്കുമെന്ന് മുന്‍കാല അനുഭവം വെച്ച് ഉറപ്പിച്ചുപറയാനാവില്ല. എന്തൊക്കെ ആരൊക്കെ എത്രയൊക്കെ തേനില്‍ ചാലിച്ച് പ്രകീര്‍ത്തിച്ചാലും മുസ്‌ലിം ന്യൂനപക്ഷത്തിന് വിശ്വസിക്കാന്‍ മാത്രം മുന്‍കാല ചരിത്രം ഉണ്ടാക്കിയ ആളല്ല മോദിയും പാര്‍ട്ടിയും.
ഇന്ത്യയില്‍ പലപ്പോഴായി നിരോധിക്കപ്പെട്ട ഭീകരപ്രസ്ഥാനമായ ആര്‍.എസ്.എസിനെ 'ബഹ്‌റിന്‍ മുസ്വല്ല വിരിച്ചു നിസ്‌കരിച്ചാലും വിശ്വസിക്കാനാവുമോ?'
മോദി ന്മയിലേക്ക് നടന്നുനീങ്ങാന്‍ മനസ് കാണിച്ചാല്‍ നന്ന്. കാവിമനസില്‍ നിന്ന് കരുണ വിടരുമോ എന്ന് കാലം പറയേണ്ടകാര്യങ്ങളാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയെ കളങ്കപ്പെടുത്താതെ ഭരിക്കാന്‍ മോദിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു