Thursday, 17 July 2014

വംശഹത്യ?

     പാലസ്തീനില്‍, മ്യാന്‍മാറില്‍, ശ്രീലങ്കയില്‍, മുസാഫര്‍ നഗറില്‍, ഗോധ്രയില്‍, ആസാമില്‍, ബോസ്‌നിയയില്‍, ചൈനയില്‍ അങ്ങനെ ഒരു ജനപഥത്തെ വംശഹത്യനടത്താന്‍ കശാപ്പുകത്തിയുമായി ഇറങ്ങിയ കശ്മലന്മാര്‍ക്ക് അധികാര-വിഭവ സൗകര്യമൊരുക്കുന്ന ലോക നിലപാടുകള്‍ ഭയാനകം.
ഇല്ല-അവസാനിപ്പിക്കാനാവില്ല. ഒരാശയവും ഒരു ജനത സ്വയം കൈ ഒഴിയുന്നത്‌വരെ ഇല്ലാതാക്കാനാവില്ല.
    ഗാസയിലെ തെരുവുകളില്‍ കുരുന്നുകളെ- സ്ത്രീകളെ ഇത്രഭയാനകമാം വിധം കൊന്നുകുട്ടുമ്പോഴും നക്ഷത്ര ഇഫ്ത്താറൊരുക്കുന്ന അയല്‍ പക്കക്കാര്‍ എന്നപോലെ സൂക്ഷമം നിരീക്ഷിച്ചു (?) വരുന്ന വന്‍ശക്തികളും സൃഷ്ടാവിന്റെ കോടതിയിലെങ്കിലും ശിക്ഷ ഏറ്റ് വാങ്ങേണ്ടിവരും.

Sunday, 29 June 2014

''ആന്റണിയുടെ ശങ്ക''

 ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മതേതരത്വം സംബന്ധിച്ച സംശയമാണ് പാര്‍ട്ടിയില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴുകി ബി.ജെ.പിയിലെത്തിയതെന്ന എ.കെ.ആന്റണിയുടെ കണ്ടത്തല്‍ പാര്‍ട്ടി ഇനിയും നന്നാവാന്‍ ഉദ്ദേശിക്കുന്നില്ലന്നതിന്റെ സൂചനയാണ്.
നാട്ടുകാരുടെ നടുവെടിച്ച നിലപാടുകളും, പകല്‍ കൊള്ള നടത്തി മുന്നേറിയ ഭരണാധികാരികളും, നേതൃദാരിദ്രവുമായിരുന്നു യഥാര്‍ത്ഥ കാണമെന്നറിയാത്ത പൊട്ടന്‍ കോണ്‍ഗ്രസാണ് ആന്റണിയെന്നാരും കരുതുന്നില്ല.
ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴടങ്ങണമെന്ന പറഞ്ഞ ആന്റണി ''തിയോളജി'' കൂടി ചേര്‍ത്തുവായിച്ചാല്‍ ഭാവിയിലൊരു കൂര്യന്‍ ജോര്‍ജ്ജ് ബി.ജെ.പിക്ക് പ്രദീക്ഷിക്കാമെന്ന് വേണം കരുതാന്‍.
ദളിദരുടെയും പിറകില്‍ മുസ്‌ലിംകളെ തളച്ചിട്ടത്തില്‍ എ.കെ.ആന്റണിയുടെ കോണ്‍ഗ്രസിനോളം പങ്ക് മറ്റ് പാര്‍ട്ടികള്‍ക്കവകാശപ്പെടാനുണ്ടാവില്ല. എല്‍.കെ.അദ്വാനി ഉടനടി പിന്തുണയുമായി രംഗത്ത് വന്നത് നരസിംഗറാവുവിന്റെ അരുമശിഷ്യന്മാര്‍ കോണ്‍ഗ്രസിലുള്ളതിന്റെ അമിതാവേശത്തിലാവും.
ബി.ജെ.പിയെ ഉറപ്പിച്ചു നിര്‍ത്താനും തുടര്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിലം പരിശാക്കാനും ആന്റണിക്കാവുന്നത് ആന്റണി ചെയ്യട്ടെ- പക്ഷെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നപോലെ ബി,ജെ,പിക്കും ഒരു ചുക്കും ചെയ്യാനാവില്ല. ഭരണഘടനയും, ഭരണഘടന കാക്കുന്ന ജുഡീഷ്യറിയും നിലനില്‍ക്കുന്ന കാലത്തോളം.

Thursday, 19 June 2014

ഇറാഖ് നിരീക്ഷണം മതിയോ?

    അമേരിക്കയും, ബ്രിട്ടനും, സഹായികളും ചേര്‍ന്ന് സദ്ദാമിനെ വേട്ടയാടിപ്പിടിച്ച് കൈ കാലുകള്‍ ബന്ധിച്ച് തൂക്കിലേറ്റി. ഒരു നാടിനെയും നായകനെയും നാണം കെടുത്തിയതോര്‍ക്കുക. ഇറാഖ് പലതായി വിഭചിക്കുകയായിരുന്നു വന്‍ശക്തികളുടെ ഉള്ളിലിരിപ്പ്.
    സുന്നി-ശീഈ-ഖുര്‍ദിശ് മേഖല. ഇപ്പോള്‍ വീണ്ടും നാട് കലങ്ങി പരസ്പരം വെടി ഉതിര്‍ക്കുകയാണ്. ബന്ധ ശത്രുവാണെന്ന് പറഞ്ഞിരുന്ന ഇറാനെകൂട്ടി കുളം ഒന്നുകൂടി കലക്കാനാണ് തല്‍പരകക്ഷികളുടെ ശ്രമം.
     നട്ടെല്ലും, നാണവുമില്ലാത്ത നാട്ടുകാരുടെ നിലപാടുകളാണിതിനൊക്കെ വഴി വെച്ചത്.
ഇന്ത്യാ സര്‍ക്കാര്‍ സൂക്ഷമം നിരീക്ഷിച്ചുവരികയാണെന്നാണ് പറയുന്നത്. നിരവധി ഇന്ത്യക്കാര്‍ അവിടെ കുടുങ്ങികിടക്കുമ്പോള്‍ നിരീക്ഷണമല്ല നിലപാടാണ് വേണ്ടത്.
     പൗരന്മാരെ മാനിക്കാനും, സംരക്ഷിക്കാനും ഇടപെടണം. മോദിയും, സുഷമയും ഇക്കാര്യത്തിലെടുക്കുന്ന നിലപാടുകള്‍ താമസിക്കുന്തോറും ഇറാഖിലകപ്പെട്ട ഇന്ത്യക്കാരുടെ നില അപകടത്തിലാവുകയാണ് ഫലം.

Friday, 30 May 2014

മനുഷ്യക്കടത്ത്

ആറ് പതിറ്റാണ്ടു ഭാരതം വാണവര്‍ മറന്നുവെച്ച കുറെ പാവങ്ങളുണ്ട്. വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ പുഴുക്കളെപോലെ ഒട്ടിയവയറും, ഉന്തിയ എല്ലുമായി കഴിയുന്ന നിരക്ഷരരായ അനേകലക്ഷം ബാല്യങ്ങള്‍.
ഉന്തുവണ്ടി വലിക്കുന്ന പിതാക്കള്‍ക്കും മൈലുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കുന്ന മാതാക്കള്‍ക്കും ഈ ബാല്യങ്ങള്‍ ഭാരമാവുന്നു.
അമ്മിഞ്ഞപാല്‌പോലും നല്‍കാനില്ലാത്ത ചാവാളിപ്പശുക്കളെക്കാള്‍ ഞെരുങ്ങുന്ന അനേകായിരങ്ങള്‍. അവരില്‍ ചിലരെ തേടി പിടിച്ചുകൊണ്ടുവന്നു ഭക്ഷണവും, വസ്ത്രവും, വിദ്യയും നല്‍കി ഉത്തമ പൗരന്മാരാക്കുന്നതിലെവിടെയാണ് മനുഷ്യക്കടത്ത്. ?
യൂറോപ്യലെ ''മതാമ്മമാരുടെ അടിവസ്ത്രങ്ങളലക്കാനും, ഉടയാടുകള്‍ ഉണക്കാനും, അടുക്കളപ്പണിക്കും വിലപറഞ്ഞു കൊണ്ടുപോകുന്ന അടിമകളെ കുറിച്ച് കേട്ടിട്ടുണ്ട്. അത് അടിമത്വമാണ്. മനുഷ്യക്കടത്താണ്.
എരിയുന്ന പൊരിയുന്ന വയറിലേക്കൊരിറ്റ് അരിയാഹാരത്തിന്റെ നീര് നല്‍കുന്നത് അങ്ങനെയാണോ? ഏത് യതീംഖാനക്കാണ് ''മനുഷ്യക്കടത്തിന്റെ പട്ടം ചാര്‍ത്തുക. സേവനം, സ്‌നേഹം മാത്രം ലക്ഷ്യമാക്കി സൗജന്യമായി എല്ലാം നല്‍കുന്ന സ്ഥാപനങ്ങളെ പ്രകീര്‍ത്തിക്കണ്ട. അതിന് മാന്യത വേണം. അപകീര്‍ത്തിപ്പെടുത്താതിരുന്നു കൂടേ-?

Thursday, 29 May 2014

നരേന്ദ്രമോദിയുടെ ടീം ഭാരതത്തിന്റെ ഭരണത്തിലെത്തി


കൈകളില്‍ ന്യൂനപക്ഷത്തിന്റെ ചോരപ്പാട് കഴുകിയല്ല മോദി പ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസ് ഒരുക്കിയ രാജപാഥയിലൂടെ കാവിപ്പട അനായാസം കയറിവന്നതാണ്. 31 ശതമാനം (17.85 കോടി വോട്ടര്‍മാര്‍) ബി.ജെ.പിയെ പിന്തുണച്ചു.
ഭരണഘടന വരുതിയില്‍ നിന്ന് മോദി ഭരിക്കുമെന്ന് മുന്‍കാല അനുഭവം വെച്ച് ഉറപ്പിച്ചുപറയാനാവില്ല. എന്തൊക്കെ ആരൊക്കെ എത്രയൊക്കെ തേനില്‍ ചാലിച്ച് പ്രകീര്‍ത്തിച്ചാലും മുസ്‌ലിം ന്യൂനപക്ഷത്തിന് വിശ്വസിക്കാന്‍ മാത്രം മുന്‍കാല ചരിത്രം ഉണ്ടാക്കിയ ആളല്ല മോദിയും പാര്‍ട്ടിയും.
ഇന്ത്യയില്‍ പലപ്പോഴായി നിരോധിക്കപ്പെട്ട ഭീകരപ്രസ്ഥാനമായ ആര്‍.എസ്.എസിനെ 'ബഹ്‌റിന്‍ മുസ്വല്ല വിരിച്ചു നിസ്‌കരിച്ചാലും വിശ്വസിക്കാനാവുമോ?'
മോദി ന്മയിലേക്ക് നടന്നുനീങ്ങാന്‍ മനസ് കാണിച്ചാല്‍ നന്ന്. കാവിമനസില്‍ നിന്ന് കരുണ വിടരുമോ എന്ന് കാലം പറയേണ്ടകാര്യങ്ങളാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയെ കളങ്കപ്പെടുത്താതെ ഭരിക്കാന്‍ മോദിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

Sunday, 11 May 2014

പ്രവചനം

     2014 മെയ് 16ന് എന്ത് സംഭവിക്കും?
540 അംഗപാര്‍ലിമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടും?
കൊടി, വടി, ഘടന, ഭരണഘടന ഇതൊക്കെ വ്യത്യസ്ഥമെങ്കിലും ഫലത്തില്‍ എല്ലാം ഒന്ന് തന്നെ-? ആറ് പതിറ്റാണ്ടിന്നിടയില്‍ നാമെന്ത് നേടി? തിരിച്ചറിവ് പോലും നേടിയോ? എങ്കില്‍ ഫാസിസം, വര്‍ഗ്ഗീയം, പ്രാദേശികം ഇതൊക്കെ ഇന്ന് കാണുന്ന വിധം വളരുമായിരുന്നോ?
2020 ഓടെ മലേഷ്യ സംമ്പന്ന രാഷ്ട്രമാകുമെന്ന് നിരീക്ഷകര്‍ കാര്യകാരണ സഹിതം തറപ്പിച്ചു പറയുന്നു. നമുക്ക് സ്വന്തമായി ഉള്ളത് സ്വന്തമായി ഒന്നുമില്ലന്നതാണന്ന് വന്നതെന്ത് കൊണ്ട്?
ഇന്തയ്ന്‍ രാഷ്ട്രീയം മടുപ്പിക്കുന്നതായിമാറിയിരിക്കുന്നു. 60ല്‍ നിന്ന് 1600 പാര്‍ട്ടികള്‍ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്‍.പി. സ്‌കൂളിന്റെ വരാന്തപോലും കാണാത്ത 110 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു എന്നത് നമുക്ക് കാര്യമാക്കേണ്ട- ആയിരക്കണക്കായ ക്രിമിനലുകളും തെറ്റായ വഴിയില്‍ ധനം ഉണ്ടാക്കിയ കോടീശ്വരന്മാരും മത്സരിച്ചതും മത്സരിപ്പിച്ചതും പൊറുക്കാനാവുമോ?
ഇന്ത്യന്‍ പാര്‍ലിമെന്റ് കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാവുന്നത് എങ്ങനെയാണ് ജനാധിപത്യമായത്-?
''ഭാരതം'' കാത്തുസൂക്ഷിച്ച പൈത്യകമായ സഹിഷ്ണത നിരാകരിക്കപ്പെടുന്നു. മലയാളി, തമിഴന്‍, തെലുങ്കന്‍, കന്നഡിയന്‍, ഒഡീഷ്യന്‍, ഹിന്ദി എന്നിങ്ങനെ ഭാഷാമതിലുകള്‍, സവര്‍ണ്ണ, അവര്‍ണ വിഭാഗം, ഒട്ടും ന്യായീകരണമില്ലത്ത സംവരണ വ്യവസ്ഥകള്‍.
രാഷ്ട്രീയ മുതലാളിമാരുടെ വിപണന ഉപകരണമാക്കി ഈമാതിരി വൈജാത്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്രനാള്‍ നമുക്ക് നമ്മുടെ നട്ടെല്ല് നിലനിര്‍ത്താനാവും. ?

Monday, 21 April 2014

സ്‌പെഷ്യല്‍ ഗ്ലാസ്

    മാഗ്‌നീഷ്യം, കോപ്പര്‍, ഇട്രിയം മിശ്രിതം ചേര്‍ത്തു യേന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നല്ല ബലമുള്ള ഗ്ലാസ് വികസിപ്പിച്ചെടുത്തതായി വാര്‍ത്ത. സ്റ്റീലിനെക്കാള്‍ ബലമുണ്ടാകുമത്രെ ഇത്തരം ഗ്ലാസ്സുകള്‍ക്ക്. ചില മിശ്രണങ്ങള്‍ പ്രത്യേക അളവില്‍ ചൂടാക്കി നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അവയ്ക്ക് കാഠിന്യം കൂടുന്നത് കണ്ടെത്തി. അങ്ങനെയാണ് ഇങ്ങനെയൊരു  ഗവേഷണത്തിലും പഠനഫലത്തിലും എത്തിച്ചേര്‍ന്നത്. ലോകത്തിലെ മികച്ച 200 യൂനിവേഴ്‌സിറ്റികളില്‍ 75ഉം പ്രവര്‍ത്തിക്കുന്നത് യു.എസിലാണ്. അന്നാട്ടില്‍ നിന്നാണ് അഥവാ വാഷിംഗ്ടണില്‍ നിന്നാണ് ഈ ഗ്ലാസ് വാര്‍ത്തയും പുറത്തുവന്നത്.
   ഇനി തകര്‍ക്കാനാവാത്ത മെഡിക്കല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഈ ഗണത്തില്‍ മാര്‍ക്കറ്റിലെത്തുമെന്ന് കരുതണം. അതോടൊപ്പം, കുതിച്ചുയരാനിടയുള്ള വിലയും (ആശങ്കയോടെ) പ്രതീക്ഷിക്കാം.