Thursday, 16 May 2013
ഇനിയും നാം നമ്മെകുറിച്ച് വിചാരിച്ചു തുടങ്ങീട്ടില്ല
2013ല്‍ പുറത്ത്‌വന്ന യു.പി.എസ്.സി നടത്തിയ പരീക്ഷയില്‍ സിവില്‍ സര്‍വ്വീസ് വിജയികളില്‍ 31 മുസ്‌ലിംകള്‍ മാത്രമാണ് വിജയം കണ്ടത്. 998ലാണ് ഈ 31.
സിവില്‍സര്‍വ്വീസ് മേഖലയില്‍ ഒരുഘട്ടത്തിലും 2 ശതമാനം തികക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടില്ല. അത്കാരണം മുസ്‌ലിം ന്യൂനപക്ഷത്തെ ഫലപ്രദമായി ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയാതെപോകുന്നു.
2011ല്‍ 920 പേരെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 31 മുസ്‌ലിം ഉദ്ദ്യോഗാര്‍ത്ഥികളായിരുന്നു ഉള്‍പ്പെട്ടിരുന്നത് (3.3%). എന്നാല്‍ 2010ല്‍ തെരഞ്ഞെടുക്കപ്പെട്ട 875 പേരില്‍ 21 (2.4%) പേര്‍ ഉള്‍െട്ടിരുന്നു. ഇതാകട്ടെ 2009ലെക്കാള്‍ (1.5%) കുറവായിരുന്നു. ആ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 791 ഉദ്ദ്യോഗാര്‍ത്ഥികളില്‍ 31 പേര്‍ മുസ്‌ലിംകളായിരുന്നു.
കൃത്യവും ശാസ്ത്രീയവുമായ പരിശീലനവും, സമയ ബന്ധിതമായ കഠിനാധ്വാനവും അചഞ്ചലമായ ഇഛാശക്തിയും കൈമുതലായിട്ടുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം വിജയിക്കാന്‍ കഴിയുന്ന ഒരു പരീക്ഷയാണിത്. രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനത്തിലധികംവരുന്ന ഒരു സമുദായത്തിന് ഈ രംഗത്ത് ഇനിയും 2 ശതമാനത്തിനപ്പുറം പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിക്കുന്നില്ല. വേണ്ടപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഡല്‍ഹിയിലെ ഫസീലുറഹ്മാന്‍ മുജദ്ദിദിയുടെ നേതൃത്വത്തിലുള്ള ക്രസന്റ് അക്കാഡമിയില്‍നിന്നും പരിശീലനം ലഭിച്ചവര്‍ 13 പേര്‍ ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതേവരെ ഈ സ്ഥാപനത്തില്‍ നിന്നുമാത്രം നൂറിലധികം പേര്‍ക്ക് ഐ.എഫ്.എസ്, ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ സര്‍വ്വീസുകളിലേക്ക് പ്രവേശിക്കാനായിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഈ രംഗത്ത് നിര്‍വ്വഹിക്കുന്ന സേവനം ഫലപ്രദമാണ്. എണ്ണമറ്റ സാമുദായിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ എല്ലാ രംഗങ്ങളില്‍ നിന്നും ഏറെ പിന്നോക്കം പോയ ഒരു ജനതയുടെ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് സഹായകമാവും ഇത്തരം സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ അടിസ്ഥാന സേവനങ്ങള്‍.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മുസ്‌ലിം ഉദ്ദ്യോഗാര്‍ത്ഥികള്‍ വിജയം കൈവരിച്ചിട്ടുള്ളത് കാശ്മീര്‍ സംസ്ഥാനത്ത് നിന്നാണ്. 2009ലെ പരീക്ഷയില്‍ കാശ്മീര്‍ക്കാരനായ ഷാ ഫൈസലിന്റെ ഒന്നാം റാങ്കിന്റെ തിളക്കം താഴ്‌വരയില്‍ മുസ്‌ലിം സമുദായത്തിന് നല്‍കിയത് ഒരുപുതിയ ഉണര്‍വ്വായിരുന്നു. അവരുടെ കരുതലോടെയുള്ള നീക്കം ഈ വര്‍ഷം വിജയം 11 പേരായി ഉയര്‍ത്തി. കാശ്മീരിന് 10.25 മില്യണ്‍ ജനങ്ങളില്‍ നിന്ന് വിജയിച്ച മുസ്‌ലിം ഉദ്ദ്യോഗാര്‍ത്ഥികളുടെ 33 ശതമാനം കാശ്മീര്‍ സംസ്ഥാനം ഒറ്റക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യത്തെ 100 റാങ്കില്‍ 4 പേര്‍ മുസ്‌ലിം ഉദ്ദ്യോഗാര്‍ത്ഥികളാണ് എന്നുള്ളത് ശ്രദ്ദേയമായ നേട്ടമാണ്. സെയ്യിദ് സഹരിഷ് അസ്ഗര്‍ (റാങ്ക് - 23), ഷൗക്കത്ത് അഹമ്മദ് പ്യാരി (റാങ്ക് - 41), ഖുര്‍ദിഷ് അലി ഖാദിരി (റാങ്ക് - 95), ജാഫര്‍മാലിക്ക് (റാങ്ക് - 97) എന്നിവരാണിവര്‍.
ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഉദ്ദ്യോഗസ്ഥ വിഭാഗം രൂപപ്പെട്ടുവരുന്നത് യഥാര്‍ത്ഥത്തില്‍ ഇത്തരം താക്കോല്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളിലൂടെയാണ്. കാലാകാലങ്ങളില്‍ മാറി വരുന്ന ഭരണകൂടങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നിയമ നിര്‍മ്മാണം നടത്തുന്നതിലും പദ്ധതികള്‍ രൂപപ്പെടുത്തുന്നതും നേരിട്ടും അല്ലാതെയും സ്വാധീനം ചെലുത്തുന്നവരാണിവര്‍ ഇന്ത്യയുടെ ഭരണനിര്‍വ്വഹണവും യഥാര്‍ത്ഥത്തില്‍ നടത്തുന്നത് ഉദ്ദ്യോഗസ്ഥരാണല്ലോ. സിവില്‍സര്‍വ്വീസിലെ പ്രധാനപ്പെട്ട 27 മേഖലകളില്‍ മുസ്‌ലിം പ്രാതിനിധ്യം നാള്‍ക്കുനാള്‍ കുറഞ്ഞാണ് വരുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ നിര്‍ണ്ണായക വലിപ്പം വരുന്ന ഒരു വിഭാഗത്തിന്റെ ഇത്ര ലോലമായ പ്രാതിനിധ്യം ഒരു ജനതയുടെ സ്ഥിതി സമത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ ഉയര്‍ന്ന രംഗത്തും, വിദേശകാര്യ മേഖലയിലും മുസ്‌ലിം കാല്‍പെരുമാറ്റം നന്നേകുറവാണിപ്പോഴും. ഏറ്റവും ഒടുവില്‍ പുറത്ത് വന്നിട്ടുള്ള ജസ്റ്റീസ് രജീന്ദര്‍ സിംഗ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും അതിദയനീയവും അവിശ്വസനീയവുമായ സ്ഥിതി വിവരകണക്കുകള്‍ക്ക് ശേഷവും സമുദായത്തിന്റെ വിദ്യാഭ്യാസ തൊഴില്‍ രംഗം വേണ്ടത്ര ഉണര്‍ന്നു കാണുന്നില്ല. യു.പി.എ ഗവണ്‍മെന്റ് ആസൂത്രണംചെയ്ത പലന്യൂനപക്ഷ വികസന പദ്ധതികളും വിജയിപ്പിക്കാനായിട്ടില്ല. പ്രധാന തടസ്സം നടപ്പിലാക്കേണ്ട ഉദ്ദ്യോഗസ്ഥരും സമുദായവും ഇക്കാര്യത്തില്‍ തല്‍പരരായില്ല എന്നത് തന്നെ. ജസ്റ്റീസ് സചീന്ദ്രസിംഗ് സച്ചാര്‍ കമ്മീഷന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്നെങ്കിലും രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷം സംസ്ഥാനതലങ്ങളില്‍ തങ്ങള്‍ സ്വീകരിച്ച നയപരിപാരികള്‍ എന്തൊക്കെയായിരുന്നു എന്ന് ഒരു പുനരവലോകനത്തിന് വിധേയമാക്കാന്‍ ഈ വര്‍ഷത്തെ സിവില്‍സര്‍വ്വീസ് ഫലം കൂടി ഉപകരിക്കണം. അവസര സമത്വമെന്ന മഹത്തായ സങ്കല്‍പ്പം അസാദ്ധ്യമാവുകയും ജനാധിപത്യത്തിന്റെ ഗുണഫലം മതന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയുമാണ് സംഭവിക്കുന്നത്.
മുസ്‌ലിം സംഘടനകള്‍ അവരുടെ സംഘബലം കൂട്ടാനും, നിലനിര്‍ത്താനും വ്യയയം ചെയ്യുന്ന സമയവും ചിന്തയും പണവും പഠിച്ചുനോക്കണം. തദാവാശ്യാര്‍ത്ഥം പാഴാക്കുന്ന വന്‍തുകയും പരിശോധിക്കപ്പെടണം. കേരളത്തില്‍ ഐ.എ.എസ് പരിശീലനത്തിന് ഫാറൂഖ് കോളേജില്‍ ഒരു ചെറുസൗകര്യം ഒഴിച്ചാല്‍ മുസ്‌ലിംകളുടെതായി വേറെ അറിവില്ല.
+2 പരീക്ഷകളിലും യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന പി.ജി പരീക്ഷകളിലും, ഗവേഷണ രംഗത്തും വലിയ മുന്നേറ്റം മുസ്‌ലിം കുട്ടികളുടെതായി അടയാളപ്പെടുത്തുന്നുണ്ട്. ഇത്തരം കുട്ടികളെ യെങ്കിലും സിവില്‍സര്‍വ്വീസ് രംഗത്തേക്ക് നയിക്കാന്‍ സംഘടിത ശ്രമം അനിവാര്യമാണ്.
+2 കഴിഞ്ഞു എഞ്ചിനീയറിംഗ്, മെഡിസിന്‍ തെരഞ്ഞെടുക്കാനാണ് അധികപേരും താല്‍പ്പര്യം കാണിക്കുന്നത്. അത് നമ്മുടെ വിദ്യാഭ്യാസ പരിസരവും, തൊഴില്‍ സംസ്‌ക്കാരവും വരുത്തിയ കുടുസ്സായ പ്രതലമാണ് രക്ഷിതാക്കള്‍ക്കും, പഠിതാക്കള്‍ക്കും അവബോധം നല്‍കാന്‍ സംഘടനകള്‍ മുന്നോട്ടുവരണം പ്രതിഭകളെയെങ്കിലും വളരാന്‍ അനുവധിക്കണം, അവസരമൊരുക്കണം.
മെഡിസിന്‍, എഞ്ചിനീയറിംഗ് സീറ്റുകള്‍ക്ക് വിലകൂടുന്നു. ആവശ്യക്കാരും വര്‍ദ്ധിക്കുന്നു. രണ്ടോ മൂന്നോ ലക്ഷം മാസപ്പടിയെന്ന ലക്ഷ്യവും, സമൂഹത്തിലെ വി.ഐ.പി തസ്തികയെന്ന ലക്ഷ്യവുമാവാം കാരണം. എന്നാല്‍ കഠിനാധ്വാനവും, ശ്രമവും, പഠനതപസ്യയും ആവശ്യപ്പെടുന്ന സിവില്‍സര്‍വ്വീസ് രംഗം പലപ്പോഴും ബോധപൂര്‍വ്വം ഒഴിവാക്കുന്നത് തിരുത്തപ്പെടേണ്ടതുണ്ട്. മുസ്‌ലിം നേതാക്കളും രക്ഷിതാക്കളും ഉണരേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment