Tuesday, 22 October 2013

ദേശീയപാത

     കേരളത്തിലെ റോഡുകളിലിപ്പോള്‍ 77.5 ലക്ഷം വാഹനങ്ങളോടുന്നു. പത്തു വര്‍ഷം മുമ്പ് ഇത് 24 ലക്ഷം
മാത്രമായിരുന്നു. നമ്മുടെ നിരത്തുകളില്‍ ഹെല്‍മറ്റ് വേട്ടക്കിറങ്ങിയ ഋഷി രാജ്‌സിംഗ് സൂപ്പര്‍സ്റ്റാറാണെന്ന് ആനക്കൊമ്പ് വിദഗ്ധനും അറിയപ്പെട്ട സിനിമാ സ്റ്റാറുമായ മോഹന്‍ലാല്‍ പറഞ്ഞുകഴിഞ്ഞു. 
     റോഡിലെ കുരുതിക്ക് കാരണം ഓവര്‍സ്പീഡും, മദ്യവും ഹെല്‍മറ്റ് ധരിക്കാത്തതുമാണെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണെന്നും കാരണമായി പരഞ്ഞുവരാറുണ്ട്.
പൂക്കിപറമ്പില്‍ ബസ് കത്തി ദുരന്തരം ഉണ്ടായപ്പോള്‍ കാരണം പഠിക്കാന്‍ കമ്മിറ്റിവന്നു. പഠിച്ചു പറഞ്ഞതെന്തന്നാല്‍ എമര്‍ജന്‍സി ഡോര്‍ ഇല്ലായിരുന്നു എന്നായിരുന്നുവല്ലോ. സാധാരണ കോടതി ഭാഷയില്‍ കാണുന്ന ഒരു രീതി ഉണ്ട്. ആദ്യനടപടി, അനന്തര നടപടി. 

     അങ്ങനെ വരുമ്പോള്‍ പൂക്കിപറമ്പിലെ ബസപകടത്തിന്റെ ആദ്യനടപടിയെക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. കത്തി തുടങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ വാതിലില്ലാതെ വന്നതാണ് മരണ നിരക്ക് കൂടാന്‍ കാരണം എന്നത് ശരി. എന്നാല്‍ കത്താതിരിക്കാനുള്ള നടപടിയും മരണപ്പാച്ചില്‍ നിയന്ത്രിക്കാനുള്ള നടപടിയും അഥവാ ആദ്യനടപടികള്‍ ഇപ്പോഴും അനിശ്ചിതമായി നിലനില്‍ക്കുന്നു.
     ദേശീയപാത 30 മീറ്ററില്‍നിന്ന് 45 മീറ്ററാക്കണമെന്ന് ഉദ്യോഗസ്ഥ യോഗം തീരുമാനത്തിലെത്തിയത്രെ. കേരളത്തിലെ നഗരവല്‍ക്കരിക്കപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. 
     ഹൈവേ അതോറിറിറ്റി 60 മീറ്റര്‍ ആക്കാനാണ് വാദിച്ചത്. എന്നാല്‍ ഇരുഭാഗത്തുനിന്നും ഏഴര മീറ്റര്‍ വതം എടുത്ത് മുപ്പതിനോട് പതിനഞ്ച് കൂട്ടിച്ചേര്‍ത്ത് നാല്‍പ്പത്തിയഞ്ചാക്കാനാണ് തീരുമാനം. നിരത്തുവക്കില്‍ തുണ്ടു ഭൂമിയില്‍ പാര്‍ക്കുന്ന താമസക്കാരുടെ സ്ഥലത്തേക്ക് ഇനി 24 അടി കൂടി റോഡുവന്നു വാഹനങ്ങള്‍ മൂളിപ്പായും. 
      പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഗഡ്ഗില്‍, കസ്തുരൂഗംഗന്‍ റിപ്പോര്‍ട്ടും വന്നു. ഇതനുസരിച്ച് ലോലമായ പരിസ്ഥിതി പ്രദേശം, അതിലോല പരിസ്ഥിതി പ്രദേശം എന്നിങ്ങനെ കണക്കാക്കി നിശ്ചയിച്ച് നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചത് കാരണം മലയോര മേഖലകളില്‍ പാര്‍ക്കുന്നവര്‍ വഴിയാധാരമാവും. ഇടുക്കി, വയനാട് ഉള്‍പ്പടെയുള്ള ജില്ലകളിലാണ് ഇത് സാരമായി ബാധിക്കുന്നത്. 
      കാട്ടില്‍ മതിയായ ആഹാരമോ, വെള്ളമോ ലഭിക്കാതെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി തുടങ്ങി. കേരളത്തിലെ മലയോരങ്ങളുമായി അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളില്‍ ആന, പന്നി, കടുവ, ചെന്നായ ശല്യങ്ങള്‍ കാരണം കര്‍ഷകര്‍ ദുരിതക്കയത്തിലാണ്. വാനരപ്പടയില്‍പെടാത്ത ഒരങ്ങാടിയും ഇത്തരം പ്രദേശങ്ങളില്‍ ഇല്ല. ഇവിടങ്ങളില്‍ ജനവാസം ദുഷ്‌ക്കരമായി തുടരുന്നു. 
പ്രകൃതിയെ സംരക്ഷിക്കാന്‍ അധികാരം നല്‍കപ്പെട്ട മനുഷ്യരെ സംരക്ഷിക്കാന്‍ വകുപ്പില്ലാതെ വട്ടം കറക്കുകയാണിപ്പോള്‍. ബസ് സ്റ്റോപ്പുകളില്‍ പെട്ടികട നടത്തി അന്നം ഒപ്പിക്കാമെന്ന് വച്ചാലോ അതും പറ്റില്ലെന്നാണ് പുതിയ വര്‍ത്തമാനം. ദേശീയപാത 70 മീറ്ററാക്കാമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്റെ ആവശ്യം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്താക്കിയപോലെ കേരളീയരെ ഒറ്റയടിക്ക് കട്ടപ്പുറത്ത് വയ്ക്കാനാണ് മന്ത്രിയുടെ പൂതി. 
     പാരീസ് നഗരം നാന്നൂറ് കൊല്ലം മുമ്പ് രൂപകല്‍പ്പന ചെയ്തതാണെന്ന ചരിത്ര ബോധവും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്. ദേശീയപാതയില്‍ വാഹനക്കുരുക്ക് കാരണം സമയനഷ്ടം, ഇന്ധന നഷ്ടം ഇതൊക്കെ ശരി തന്നെ. എന്നാല്‍ കേരളീയരെ മാറ്റി പാര്‍പ്പിക്കാന്‍ സ്ഥലം കാണാതെ മതിയായ നഷ്ടപരിഹാരമില്ലാതെ 77.5 ലക്ഷം വാഹനങ്ങളുടെ സൗകര്യം മാത്രം കാണുന്നത് കഷ്ടം തന്നെ. 
       പശ്ചിമഘട്ടത്തില്‍ പാര്‍ക്കാന്‍ പറ്റില്ല. അവിടെ അതീവ ലോല പരിസ്ഥിതി പ്രദേശമാണ്. അവിടെ ടൗണ്‍ഷിപ്പ് പറ്റില്ല. 20000 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിടം പറ്റില്ല. പട്ടയം കിട്ടില്ല. കൈമാറ്റം സാധിക്കില്ല. വ്യവസായം അനുവദിക്കില്ല. പുകപാടില്ല. നഗരവാസികള്‍ക്കാവശ്യമായ ശുദ്ധവായു നിര്‍മാണം നടത്തുന്ന വൃക്ഷങ്ങളും സസ്യവൈവിദ്യങ്ങളും ജൈവസാന്നിധ്യങ്ങളും സംരക്ഷിച്ചുനിര്‍ത്തണം. ആഹാരത്തിന് പകരം അവിടുത്തുകാര്‍ ശുദ്ധവായു ശ്വസിക്കട്ടെ.
കാട്ടാറുകളില്‍ നിന്നൊഴുകുന്ന ശുദ്ധജലവും പാനം ചെയ്യട്ടെ. സിന്ധിപ്പശുക്കളെ  പോലും വളര്‍ത്തി പരിസരം മലിനമാക്കരുത്. മഹാനഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് പ്രയാസം ഉണ്ടാക്കും. അമേരിക്ക ഉള്‍പ്പടെയുള്ളവര്‍ ഗവേഷണം നടത്തി. പഠനം നടത്തി പറയുന്നത് ഏറ്റുപറഞ്ഞു. വിദേശ ഏജന്‍സികള്‍ നല്‍കുന്ന കൈമടക്ക് മേടിച്ച് മേനി പറയുന്ന എന്‍.ജി.ഒ സംഘവും അധികാര ദല്ലാള്‍മാരും ഇനി എന്തൊക്കെ കാണിക്കില്ലെന്നാരറിഞ്ഞു. 
     ആര്യാടന്‍ എന്നും എപ്പോഴും എന്തിലും ഒരടി മുന്നിലാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമം ഏവര്‍ക്കും അറിയാം. നിലമ്പൂര്‍ നഗരസഭയില്‍ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ സ്ത്രീധനരഹിത വിവാഹ കൗണ്ടര്‍ ശബ്ദകോലാഹലങ്ങളോടെ വന്‍ വാര്‍ത്തയാക്കി തുടങ്ങിയതാണ്. കുറച്ച് കാലം നോക്കുകുത്തി പോലെ അതവിടെ ഉണ്ടായിരുന്നു. ഒരു വിവാഹവും നടന്നില്ല. ആറു മാസത്തിനുശേഷം പൂട്ടി. പക്ഷെ, അത് വാര്‍ത്തയാക്കിയതുമില്ല. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗം ചേര്‍ന്ന് 45 മീറ്റര്‍ മതിയെന്ന് തീരുമാനിച്ച് മിനിസ്റ്റില്‍ ഒപ്പ് വച്ച് പിന്നീട് ഡല്‍ഹിയില്‍ പോയി ഗതാഗത മന്ത്രി 70 മീറ്റര്‍ വേണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞത് ബഡായി മാത്രമല്ല. ഞാനവര്‍കളാവാനുള്ള ഞാണീന്മേല്‍ കളി കൂടിയാണ്. 
      ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ വഴിയാധാരമാകുന്നവരുടെ കണക്കെടുത്താല്‍ ആര്യാടന്‍ ഞെട്ടില്ല. കാരണം അത്രമേല്‍ ഭദ്രമാക്കി വച്ചതാണല്ലോ ആര്യാടന്‍ ഫാമിലിയുടെ ആസ്തിയും മറ്റും. കാറിനും കാട്ടുമൃഗങ്ങള്‍ക്കും സംരക്ഷകരും സഹായികളുമുണ്ട്. പാവം നാട്ടുമനുഷ്യരെ സംരക്ഷിക്കാനാളില്ല. അവരെ മലയില്‍ നിന്നിറക്കാന്‍ കസ്തൂരിഗംഗന്‍. റോഡില്‍ നിന്നോടിക്കാന്‍ ആര്യാടന്‍. കുരുത്തക്കേടിന് കാന്തപുരത്തിന്റെ കൂട്ടും. പ്രവര്‍ത്തിയും പ്രസ്താവനകളും മുഖംകെടുന്നവിധത്തിലെന്ന് ചുരുക്കം.

9 comments:

  1. കാട്ടുമൃഗങ്ങള്‍ക്കും സംരക്ഷകരും സഹായികളുമുണ്ട്. പാവം നാട്ടുമനുഷ്യരെ സംരക്ഷിക്കാനാളില്ല

    വളരെ ശരിയായി പറഞ്ഞു

    ReplyDelete
  2. @ദേശീയപാതയില്‍ വാഹനക്കുരുക്ക് കാരണം സമയനഷ്ടം, ഇന്ധന നഷ്ടം ഇതൊക്കെ ശരി തന്നെ. എന്നാല്‍ കേരളീയരെ മാറ്റി പാര്‍പ്പിക്കാന്‍ സ്ഥലം കാണാതെ മതിയായ നഷ്ടപരിഹാരമില്ലാതെ 77.5 ലക്ഷം വാഹനങ്ങളുടെ സൗകര്യം മാത്രം കാണുന്നത് കഷ്ടം തന്നെ.

    ഒരു നാടിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് റോഡുകൾ. റോഡു വരുമ്പോൾ വീട് നഷ്ടപ്പെടുന്നവര്ക്ക് തക്ക പ്രതിഭലം കൊടുക്കുക തന്നെ വേണം. പക്ഷെ വീടുകൾ ഉണ്ടെന്ന കാരണത്താൽ റോഡു വികസനം നടക്കാതിരിക്കരുത്. നല്ല റോഡുകൾ വന്നാൽ അത് എല്ലാ നാട്ടുകാർക്കും പ്രയോജനപ്പെടും. വീടുകൾ പോകും എന്ന കാരണമാണ് റോഡു വികസനത്തിന് പ്രശനം എന്ന കാരണത്താൽ റോഡുകൾ വികസിപ്പിക്കാതിരുന്നാൽ അതിന്റെ പ്രയോജനം ആ വീട്ടുകാര്ക്ക് മാത്രമല്ലേ ലഭിക്കൂ?

    ഇവിടെ 77.5 ലക്ഷം വാഹനങ്ങളുടെ സൗകര്യം മാത്രമാണോ നോക്കുന്നത്? എന്തിനാണ് വണ്ടികൾ? സഞ്ചാരത്തിനും ചരക്ക് ഗതാഗതത്തിനും. നമുക്ക് വേണ്ട ഉപ്പുതൊട്ട് കര്പ്പൂരം വരെയുള്ള സാധനങ്ങൾ നമ്മുടെ കൈകളില എത്തുന്നത് ഇതേ റോഡുകളിൽ കൂടിയാണ്. അസുഖം വന്നവരെ ആശുപത്രിയിൽ കൊടുപോകുന്നതും എല്ലാവരും പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും ഇതേ റോഡു വഴി തന്നെയാണ്. ഒരാഴ്ച ദേശീയ പാത അടച്ചിട്ടു നോക്ക് അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്.

    അപ്പോൾ റോഡു നന്നായാൽ 77.5 ലക്ഷം വാഹനങ്ങള്ക്ക് മാത്രമാണോ പ്രയോജനം? വീട് നഷ്ടപ്പെടുന്നവർ ഉൾപ്പെടെ എല്ലാ ആളുകള്ക്കും അതിന്റെ പ്രയോജനം ലഭിക്കും.

    വേണ്ടത് വീട് നഷ്ടപ്പെടുന്നവര്ക്ക് തക്ക പ്രതിഭലം കൊടുത്ത് ആരെയും വഴിയാധാരം ആക്കാതെ റോഡ്‌ വികസിപ്പിക്കുകയാണ്. റോഡുകൾക്ക് എത്ര വീതി ഉണ്ടോ അത്രയും നല്ലത്. വൈകും തോറും റോഡു വികസനം കൂടുതൽ ചിലവേറിയതും അസാധ്യവും ആയി മാറും. അതിനാല വീതി കൂട്ടുമ്പോൾ എത്രയും വീതി കൂട്ടാമോ അത്രയും കൂട്ടുക.

    ReplyDelete
  3. ശരിയെന്ന് കരുതുന്ന ചില വിശ്വാസങ്ങൾ ഉപേക്ഷിച്ചാലേ ഒരു നാടിന്റെ തലയിലെഴുത്ത് മാറ്റിയെഴുതാൻ കഴിയൂ. വിശ്വാസങ്ങളുടെയും മുൻവിധികളുടെയും ചട്ടക്കൂട് ഉപേക്ഷിച്ച് നിർഭാഗ്യത്തിന്റെ ജാതകം തിരുത്തിയെഴുതിയ അയർലൻഡ്, സിംഗപ്പൂർ, ഇസ്രയേൽ, ക്യൂബ, വെനസ്വേല എന്നീ അഞ്ച് രാജ്യങ്ങളുടെ വിജയഗാഥ കൂടി നാം മനസിലാക്കണം. നല്ലതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. അത് പാരിസായാലും പിണങ്ങോട് ആയാലും. ആര്യാടാൻ ആയാലും മുസ്ലീം ലീഗിന്റെ കുഞ്ഞുങ്ങൾ ആയാലും അങ്ങനെ തന്നെ.

    എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് കാപട്യങ്ങൾക്ക് ഇടം ലഭിക്കുന്നത്. ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ. നാടിന് ആവശ്യം വേണ്ടത് റോഡ്‌ ആണ്. റോഡിനരികിലെ വീടുകൾ അല്ല.

    ReplyDelete
  4. റോഡും, നാടും, നാട്ടുകാരും വികസിക്കണം. നാട്ടുകാരെ നാട് കടത്തി മലേഷ്യയിലെയോ, ഗള്‍ഫിലെയോ പോലെ 100 മുതല്‍ 150 വരെ അടി വീതിയുള്ള രാജവിഥീകള്‍ മാത്രമുണ്ടായാല്‍ ആര്‍ക്ക് വേണ്ടി വണ്ടികളോടണം.
    കേരളത്തിന്റെ ഭൂമി ശാസ്ത്രപരവും, ജനസാന്ദ്രതയും, ആവാസ വ്യവസ്ഥകളും പരിഗണിച്ചു മികച്ച റോഡ് മെക്കാനിസം ഉപയോഗപ്പെടുത്തി റോഡുകള്‍ ഉണ്ടാവട്ടെ- മെട്രോ ട്രൈന്‍ ഉദാഹരണം.
    ആവശ്യമായ സ്ഥലങ്ങളില്‍ ബ്രഡുജുകളും, ബൈപ്പാസുകളും ഉണ്ടാക്കിയും, തീരദേശ റോഡുകള്‍ക്ക് സാധ്യത നേടിയും ജല ഗതാഗതം, വായു ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ദിപ്പിച്ചും പ്രശ്‌നപരിഹാരമുണ്ടാക്കണം.
    വെനിസൂല, ക്യൂബ, ഇസ്രാഈല്‍, സിങ്കപ്പൂര്‍ യാത്ര ചെയ്യാന്‍ തടസ്സമുള്ള സ്ഥലമല്ലല്ലോ. ഉത്തരവാദപ്പെട്ടവര്‍ പോയി നോക്കട്ടെ- പഠിക്കട്ടെ! പ്രായോഹികമായത് പകര്‍ത്തട്ടെ- അല്ലാതെ ലക്ഷങ്ങളെ ഭവന രഹിതരാക്കി വാഹനങ്ങള്‍ക്ക് സഞ്ചാര പഥമൊരുക്കുന്ന വികസനം എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.

    ReplyDelete
  5. റോഡും, നാടും, നാട്ടുകാരും വികസിക്കണം. നാട്ടുകാരെ നാട് കടത്തി മലേഷ്യയിലെയോ, ഗള്‍ഫിലെയോ പോലെ 100 മുതല്‍ 150 വരെ അടി വീതിയുള്ള രാജവിഥീകള്‍ മാത്രമുണ്ടായാല്‍ ആര്‍ക്ക് വേണ്ടി വണ്ടികളോടണം.

    മലേഷ്യയിലും ഗൾഫിലും നാട്ടുകാരെ നാട് കടത്തി ആണോ റോഡു വികസിപ്പിക്കുന്നത് എന്ന് ചിന്തിച്ചു നോക്ക്. ഗൾഫിൽ ഇത്ര അധികം റോഡുകൾ പണിതിട്ടും അവര്ക്ക് തികയുന്നില്ല. അതിലും ജനങ്ങൾ ഉള്ള കേരളത്തിലെ കാര്യം പിന്നെ പറയണോ? നമുക്ക് ആവശ്യമുള്ള റോഡുകൾ പണിയുക തന്നെ വേണം. വീണ്ടും വീണ്ടും പുതിയ റോഡുകൾ പണിയുന്നു. ഉള്ളവ വീണ്ടും വീതി കൂട്ടുന്നു.അവിടെയും ഉണ്ട് ഇവിടുത്തെ പോലെ പ്രതിബന്ധങ്ങൾ. പക്ഷെ പ്രതിബന്ധങ്ങളെ എങ്ങനെ തരണം ചെയ്യണം എന്ന് അവര്ക്ക് നന്നായി അറിയാം. പിന്നെ റോഡിനെ കുറിച്ചു പഠിക്കാൻ വിദേശത്ത്‌ ഒന്നും പോകണമെന്നില്ല. ഗുജറാത്തിൽ പോയാലും മതി.

    http://articles.timesofindia.indiatimes.com/2011-08-11/ahmedabad/29875862_1_km-of-state-highways-main-roads-annual-plan



    ReplyDelete
  6. കേരളത്തിന്റെ ഭൂമി ശാസ്ത്രപരവും, ജനസാന്ദ്രതയും, ആവാസ വ്യവസ്ഥകളും പരിഗണിച്ചു മികച്ച റോഡ് മെക്കാനിസം ഉപയോഗപ്പെടുത്തി റോഡുകള്‍ ഉണ്ടാവട്ടെ- മെട്രോ ട്രൈന്‍ ഉദാഹരണം.
    ആവശ്യമായ സ്ഥലങ്ങളില്‍ ബ്രഡുജുകളും, ബൈപ്പാസുകളും ഉണ്ടാക്കിയും, തീരദേശ റോഡുകള്‍ക്ക് സാധ്യത നേടിയും ജല ഗതാഗതം, വായു ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ദിപ്പിച്ചും പ്രശ്‌നപരിഹാരമുണ്ടാക്കണം.


    ഇതിനോടെല്ലാം ഞാൻ യോജിക്കുന്നു. അതിന്റെ കൂടെ അത്യാവശ്യം വേണ്ട റോഡുകൾ ആവശ്യത്തിന് വീതി കൂട്ടുകയും വേണം.

    ReplyDelete
  7. വെനിസൂല, ക്യൂബ, ഇസ്രാഈല്‍, സിങ്കപ്പൂര്‍ യാത്ര ചെയ്യാന്‍ തടസ്സമുള്ള സ്ഥലമല്ലല്ലോ. ഉത്തരവാദപ്പെട്ടവര്‍ പോയി നോക്കട്ടെ- പഠിക്കട്ടെ! പ്രായോഹികമായത് പകര്‍ത്തട്ടെ- അല്ലാതെ ലക്ഷങ്ങളെ ഭവന രഹിതരാക്കി വാഹനങ്ങള്‍ക്ക് സഞ്ചാര പഥമൊരുക്കുന്ന വികസനം എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.

    ഓ, അതിനു അവിടെ മന്ത്രിമാരും പരിവാരങ്ങളും സുഖിക്കാൻ പോയി നോക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ കുറെ കണ്ടതാ. നാട്ടുകാരുടെ കുറെ കാശ് പൊടിച്ചത് മിച്ചം. അവിടെ ഉള്ളതിലും നല്ല യെമണ്ടൻ എൻജിനീയർമാര് കോണ്ട്രാക്ടർമാരും പണിക്കാരും ഇവിടെ ഉണ്ട്. അഴിമതി കാണിക്കാതെ എല്ലാവരും കൂടി മനസ് വക്കണം എന്ന് മാത്രം.

    അതുപോലെ ഈ പറഞ്ഞ പോലെ 'ലക്ഷങ്ങൾ' ഭവന രഹിതർ ആകുകയോന്നും ഇല്ല. അടുത്ത വര്ഷം ആകുമ്പോൾ കേരളത്തിൽ വീടുകലേക്കാൾ വാഹനങ്ങള ആകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരാശരി ഒരു വീട്ടില് ഒരു വാഹനം എന്ന നിലയിലും ഉയരും. ഈ വാഹനങ്ങൾ എല്ലാം കൂടെ എവിടെയിട്ടു ഓടിക്കും? അത്യാവശ്യത്തിനു റോഡുകൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മലയാളികൾ അറിയാൻ ഇരിക്കുന്നതെ ഉള്ളൂ.

    നല്ല റോഡുകൾ ആവശ്യമാണ്‌, ഫുട്ട് പാത്തുകൾ ആവശ്യമാണ്‌, അത്യാധുനിക ട്രാഫിക്‌ സിഗ്നലുകൾ ആവശ്യമാണ്‌ ഇതൊന്നും അത്യാവശ്യത്തിനു പോലും ഇല്ലാത്തത് കൊണ്ടാണ് വാഹനാപകടങ്ങളിൽ ഓരോ ദിവസവും പലരും കൊല്ലപ്പെടുന്നത്.



    ReplyDelete
  8. ഗുജ്‌റാത്തിലെ നഗരങ്ങള്‍ നോക്കി ഗ്രാമങ്ങളെ മറക്കുന്നതും വ്യവസായികളെ വിലയിരുത്തി ദരിദ്രരെ കാണാതിരിക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അവകാശവാദമായി നിലനില്‍ക്കുന്നുണ്ട്.
    ഗള്‍ഫില്‍ നാട് കടത്തി എന്ന് ഞാന്‍ പറഞ്ഞതിലില്ല. റോഡ് വീതികൂട്ടുന്നത് നാട് കടത്തിയാവരുത് എന്നേ പറഞ്ഞിട്ടുള്ളു. നരേന്ദ്രമോഡിയില്‍ നിന്ന് നന്മകള്‍ ഒന്നും പകര്‍ത്താനില്ലന്നാണ് ഞാന്‍ അറിഞ്ഞതെല്ലാം. പ്രധാനമായി അദ്ദേഹം ഭാരതീയരെ പലതായി കാണുന്നു. രാജനീതി അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. പ്രാചീന ഭാരതീയ ഗുരുക്കന്മാരും, ആചാര്യന്മാരും കാണിച്ച വഴികളില്ല മോഡിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഡോ യു.അനന്തമൂര്‍ത്തിയുടെ പ്രസ്താവന അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.

    ReplyDelete
  9. പ്രധാനമായി അദ്ദേഹം ഭാരതീയരെ പലതായി കാണുന്നു. രാജനീതി അദ്ദേഹത്തില്‍ നിന്നുണ്ടായില്ല.

    കേരളത്തിൽ മുസ്ലീം ലീഗ് എങ്ങനെ ജനത്തെ മുസ്ലീം എന്നും മറ്റു മതസ്ഥർ എന്നും രണ്ടായി കാണുന്നുവോ അതെ രീതിയിൽ മോഡിയും കാണുന്നു അല്ലെ? മുസ്ലീം ലീഗ് മുസ്ലീങ്ങളെ വര്ഗീയതയിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്ന പോലെ മോഡി ഹിന്ദുക്കളെ പഠിപ്പിക്കുന്നു. പുറത്തു നിന്നും നിഷ്പക്ഷനായി നോക്കുന്നവൻ കാണുന്നത് എല്ലാം ഒന്ന് തന്നെ. വര്ഗീയത.

    ReplyDelete