Tuesday, 29 October 2013

കല്ലേറ് സര്‍വകലാശാല


       പോക്കറ്റടി പഠിപ്പിക്കുന്ന സ്ഥാപനം ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. വിദഗ്ധമായി എങ്ങനെ മറ്റുള്ളവരുടെ പോക്കറ്റില്‍ നിന്നും, ബാഗില്‍നിന്നും അവരറിയാതെ പണമടിച്ചെടുക്കാമെന്ന പഠനം (തട്ടിപ്പ് മെക്കാനിസം) ആണത്രെ പാഠ്യവിഷയം.
    സാധാരണ ബസ്‌സ്റ്റോപ്പുകള്‍ മുതല്‍ വിമാനത്താവള പരിസരം വരെ കല്ല്യാണ സദസ്സ് മുതല്‍ സമ്മേളനങ്ങള്‍ വരെ. ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നുവേണ്ട മരണ വീടുകള്‍, കല്ല്യാണ വീടുകള്‍ ഇവിടെയെല്ലാം എങ്ങനെ എപ്പോള്‍ ഇടപെട്ടു പോക്കറ്റടിക്കാന്‍ കഴിയണമെന്നും എപ്രകാരം വന്‍ വിജയമാക്കണമെന്നുമാണ് മികച്ച അധ്യാപകരാല്‍ പഠിപ്പിക്കപ്പെടുന്നത്. 

      ഇന്ത്യയില്‍ മോഷണം തൊഴിലായി സ്വീകരിച്ചവര്‍ എത്രവരും എന്നൊരു കണക്ക് ഇതുവരെ പുറത്തുവന്നതായി അറിവില്ല. എങ്കിലും മോശമാവാന്‍ സാധ്യതയില്ല. വ്യാജന്‍മാരുടെ വിലസല്‍ തുടരുകയാണല്ലോ. ഇടക്കിടെ വ്യാജ ഡോക്ടര്‍മാര്‍ പിടിക്കപ്പെടുന്നു. വ്യാജ പിരിവുകാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.
        വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിതന്നെ കൈയടക്കിയിരിക്കുന്നു. സാധാരണ രണ്ടാംതരം ആന്ധ്ര ജയ അരി റെഡ് ഓകസയിഡ് പുരട്ടി പാലക്കാടന്‍ മട്ടയാക്കി വില്‍ക്കുന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. ഇങ്ങനെ സിമന്റ് ചേര്‍ത്തുണ്ടാക്കിയ അരി വേവിച്ച് കഴിച്ചു അനേകലക്ഷം മനുഷ്യരുടെ വയറും ശരീരവും തകര്‍ത്തുരോഗിയാക്കിയ സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് കേള്‍വി. ഇന്റര്‍മീഡിയറ്റ് മാത്രമുള്ള പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി അംഗം സുമൈറ മാലിക്കിനെ പാക്ക് സുപ്രീം കോടതി അയോഗ്യതകല്‍പ്പിച്ച വാര്‍ത്ത വന്നതും ഈ കഴിഞ്ഞ വാരം. പര്‍വേശ് മുഷ്‌റഫ് പ്രസിഡന്റായപ്പള്‍ പാസാക്കിയ നിയമങ്ങളനുസരിച്ച് സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് മാത്രമേ പാക് ദേശീയ അസംബ്ലിയിലേക്ക് മത്സരിക്കാന്‍ കഴിയൂ. പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കിയാണ് സുമൈറ മത്സരിച്ചത്. അല്‍ അസ്ഹറില്‍ സെമിനാര്‍ ക്ലാസില്‍ പങ്കെടുത്തു 'അസ്ഹരി'കളായി വിലസുന്നവര്‍ കേരളത്തിലുണ്ട്. വടക്കെ ഇന്ത്യയില്‍നിന്ന് കിട്ടിയതാണെന്നവകാശപ്പെടുന്ന ഡോക്ടറേറ്റുകാരുമുണ്ട്. അടി'മുടി' വ്യാജന്മാരുടെ നാട്ടില്‍ ഇതൊന്നും അധികം ശ്രദ്ധിക്കപ്പെടുന്നില്ലെന്നുമാത്രം. 
       വി.എസിന്റെ ഏഴാംതരം വിദ്യാഭ്യാസത്തെ കുറിച്ച് ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണം പത്രങ്ങളൊക്കെ നല്ല വാര്‍ത്തയാക്കി. എഴുപത് വര്‍ഷത്തെ ജനകീയബന്ധത്തില്‍നിന്നാണ് അനുഭവ അറിവെന്ന വി.എസിന്റെ മറുപടിയും പത്രങ്ങളില്‍ വന്നു. വി.എസിന്റെ വ്യാജ ഇടപെടല്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, ഇതിനുവേണ്ടി വരുന്ന വന്‍തുകയുടെ ഉറവിടം ആരും അന്വേഷിച്ചുകാണുന്നില്ല. കോടതികള്‍ പ്രകോപിതരാവുന്നത് ഭൂഷണമല്ല. ആര്‍ക്കുമൊന്നും പറയാന്‍ പാടില്ലാത്ത പ്രതിബിംബമായി നീതിന്യായപീഡങ്ങള്‍ നിലനിര്‍ത്തുന്നത് ഒട്ടും പരിഷ്‌കൃതവുമല്ല. തിരുത്താന്‍ ചിലപ്പോള്‍ തിരുത്തലുകള്‍ വേണ്ടിവരും. ജനാധിപത്യത്തില്‍ ജയപരാജയങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ ചിലര്‍ ജയിക്കുമ്പോള്‍ ചിലര്‍ തോല്‍ക്കുന്നത്. മനോഭാവം മാറണം. അതിരുകടക്കരുത്. അതോടൊപ്പം വ്യാജം കടന്നുകൂടുകയുമരുത്. 
      പറഞ്ഞുവരുന്നത് കല്ലേറ് സര്‍വകലാശാലയെക്കുറിച്ചാണ്. പോലീസ് വ്യൂഹത്തിനും വാഹനവ്യൂഹത്തിനും ആള്‍ക്കൂട്ടത്തിനുമിടയില്‍നിന്ന് കൃത്യമായി ലക്ഷ്യംതെറ്റാതെ കാറിലെ പിന്‍സീറ്റിലിരിക്കുന്ന മുഖ്യമന്ത്രിയുടെ നെറ്റിത്തടം ലക്ഷ്യമാക്കി എറിഞ്ഞുകൊള്ളിക്കാനുള്ള മികവും മിടുക്കും പരിശോധിക്കുമ്പോഴാണ് ഒരു കല്ലേറ് സര്‍വ്വകലാശാലയുടെ കാലിക പ്രസക്തിയെക്കുറിച്ച് ചിന്തിച്ചുപോയത്. ഉമ്മന്‍ചാണ്ടിക്ക് നന്നായി ഭരിക്കാനറിയുമോ ഭരിക്കാന്‍ കഴിഞ്ഞോ, അനുവദിച്ചോ, ഗ്രൂപ്പ് കളിയില്‍ വിദഗ്ധനാണോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാലം പറയട്ടെ. ഒരുകാര്യം ഉറപ്പിച്ചുപറയാനാവും. അരക്കാശ് മുടക്കി ഒരു കാശിന്റെ ചൊര്‍ക്ക്(ഭംഗി) വരുത്തുന്നതില്‍ കേമനാണ് ഉമ്മന്‍ചാണ്ടി എന്ന്. അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടി പഴയകാല രാജരീതിയാണെന്ന ആക്ഷേപം ഉണ്ട്. ഇപ്പോള്‍ കണ്ണന്താനം പറയുന്നത് ഇത് തന്റെ ആശയമാണെന്നാണ്. ആശയമാരുടെതാലും  പലര്‍ക്കും ചില്ലറക്കാശും സഹായവും കിട്ടുന്ന പരിപാടിയാണിത്. നാലോ അഞ്ചോ കോടി മുടക്കി വേണമായിരുന്നോ ഈ സേവനം. വില്ലേജ് ഓഫീസര്‍മാര്‍ക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ എന്ന ചോദ്യം നിലവിലുണ്ടെങ്കിലും ഒരു ജനകീയത എന്തായാലും സംഭവിക്കാനുണ്ടല്ലോ. 
       ജനങ്ങളില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്താനുള്ള ഏറായിരുന്നോ കണ്ണൂരില്‍ സംഭവിച്ചതെന്നാരറിഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണാന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിവരും. മെറ്റല്‍ ഡിറ്റക്റ്റര്‍ പരിശോധനകള്‍ ഉള്‍പ്പടെ നടത്തിവേണം മുഖ്യമന്ത്രിയുടെ ചാരത്തെത്താന്‍. ജനങ്ങള്‍ക്കിടയില്‍ കടലാസുകെട്ടുമായി ഉമ്മന്‍ചാണ്ടിയെ ഇനി കാണാന്‍ കഴിഞ്ഞെന്നുവരില്ല. ജയലളിതക്കും നരേന്ദ്രമോഡിക്കും സമാനമാവും ഇനി നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞ്. അങ്ങനെ ചിന്തിച്ചാല്‍ ജനങ്ങളില്‍നിന്ന് അകറ്റാനുള്ള ഏറ് ആസൂത്രണം ചെയ്തുവരുടെ ഭാവനാവിലാസം 'ഹമ്പബോ അപാരം എന്നല്ലാതെന്തുപറയാന്‍. 
      ഇനി ആരാണീ കരിങ്കല്ല് ഓപ്പറേഷന്റെ പിന്നിലെന്ന് അന്വേഷിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണെന്ന് സി.പി.എം. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ശൈലിയാണെന്ന് കോണ്‍ഗ്രസ്. ചോരക്ക് ചോരകൊണ്ടു പ്രതികാരമെന്ന് സുധാകരന്‍. പ്രതികളെ കാണാന്‍ മതില്‍ ചാടിക്കടന്ന് ആക്രോശിക്കുന്ന ജയരാജന്‍ന്മാര്‍. ഇതൊക്കെ വച്ചുനോക്കിയാല്‍ കല്ലേറ് സര്‍വകലാശാലക്ക് മികച്ച സാധ്യത കേരളത്തിലുണ്ടെന്ന് ആരെങ്കിലും വിചാരിച്ചുപോയാല്‍ കുറ്റപ്പെടുത്തനാവില്ല. 
       ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം വികൃതമാക്കിയിട്ട് പതിറ്റാണ്ടുകളായി. ഏതാണ്ട് ആഭ്യന്തര അടിയന്തിരാവസ്ഥയോടെ അത് പൂര്‍ണമായി. ഭരണഘടനയും വ്യവസ്ഥകളും അട്ടിമറിക്കപ്പെട്ടു. ജനകീയാഭിപ്രായങ്ങള്‍ക്ക് പുല്ലുവില. പലപ്പോഴും ജയിലറ. തീവ്രവാദകുറ്റമാരോപിച്ച് അനേകായിരം മുസ്‌ലിം ചെറുപ്പക്കാര്‍ ഇപ്പോഴും ഇന്ത്യന്‍ ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്നു. അധികാരം എല്ലാ സുഖാനന്ദങ്ങളുടെയും കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും 'കല്ലും, കളവും' ആയുധമാകുന്നു. 'നിങ്ങളെല്ലാം ഭരണാധികാരികള്‍. നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും' ഈ പ്രവാചക വചനം അധിക വായനക്ക് അവസരമൊരുക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ. 

3 comments:

  1. വി.എസിന്റെ വ്യാജ ഇടപെടല്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, ഇതിനുവേണ്ടി വരുന്ന വന്‍തുകയുടെ ഉറവിടം ആരും അന്വേഷിച്ചുകാണുന്നില്ല.

    അതെന്തിനാനാവോ? സലിം രാജിനെ രക്ഷപെടുത്താൻ ആണോ? നിരുൽസാഹപ്പെടുത്തുന്നത്? ലീഗിന്റെ ഒരാളെ പോലും ആ ഏരിയയിലേക്ക് കാണുന്നില്ലല്ലോ? ഭൂമി തട്ടിപ്പിന് ഇരയായവർ പറയുന്നത് കണക്കിലെടുക്കണം. അവർക്ക് വീ എസ്സിനെ ആവശ്യമുണ്ട്. വീ എസ്സിന് അഴിമതിക്കെതിരെ പോരാടാൻ പണം ആവശ്യമുണ്ടെങ്കിൽ ഞാൻ കൊടുക്കാൻ തയ്യാർ.

    ReplyDelete
  2. ഉമ്മന്‍ചാണ്ടിക്ക് നന്നായി ഭരിക്കാനറിയുമോ ഭരിക്കാന്‍ കഴിഞ്ഞോ, അനുവദിച്ചോ, ഗ്രൂപ്പ് കളിയില്‍ വിദഗ്ധനാണോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാലം പറയട്ടെ.

    എന്തായാലും ഭയങ്കര അത്ഭുത സിദ്ധി ഉള്ള ആളാണെന്നു കേട്ടിട്ടുണ്ട്. ജനസമ്പർക്കം നടത്തി വെറും പതിനഞ്ചു മണിക്കൂറ കൊണ്ട് പതിനയ്യായിരം പരാതികൾ പരിഹരിച്ചു എന്നാണ് 'മ' പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. അതായത് ഒരു പരാതി പരിഹരിക്കാൻ വേണ്ടത് വെറും 3.6 സെക്കണ്ട്. അത്ഭുതം തന്നെ.

    ReplyDelete
  3. ഉമ്മന്‍ ചാണ്ടി വിശുദ്ധനാണ്. നോ കമന്റ്സ്

    ReplyDelete