Saturday, 21 December 2013

53ല്‍ 52

     2014  ഡിസംബര്‍ 11നു ശക്തിവേന്‍കുമാരവേലു എന്ന ഇന്ത്യക്കാരന്‍ സിങ്കപ്പൂരിലെ ലിറ്റില്‍ ഇന്ത്യാ ജില്ലയില്‍ ബസ്സിടിച്ചു മരണപ്പെട്ടു. തുടര്‍ന്ന് വന്‍കലാപം പൊട്ടിപ്പുറപ്പെട്ടു. ന്യൂ ജനറേഷന്‍ സിങ്കപ്പൂരുകാര്‍ക്ക് കലാപം സുപരിചിതമല്ല. കഴിഞ്ഞ 42 വര്‍ഷമായി അന്നാട്ടില്‍ വന്‍കലാപങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 
      കേരളത്തിലാണെങ്കില്‍ ഒന്നിടവിട്ട ദിവസമെന്നോണം ഹര്‍ത്താലുകളാണ്. കോടതികള്‍ കുറച്ചൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഹര്‍ത്താല്‍ തന്നെ രണ്ടു മൂന്ന് തരം ഉണ്ട്. ഒന്ന്: ചുമ്മാ ഹര്‍ത്താല്‍. അത് നേതാക്കള്‍ പ്രഖ്യാപിച്ച് വീട്ടിലിരിക്കും. പ്രജകളും അന്നേ ദിവസം വീട്ടില്‍ വിശ്രമിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ നിശ്ചലം.  പിറ്റേ ദിവസം കണക്ക് വരും- സര്‍ക്കാറിന് ....... കോടി നഷ്ടം.
പൊതുമേഖലയ്ക്ക് .........കോടി നഷ്ടം. സാധാരണ ജനത്തിന് നഷ്ടകണക്ക് പറയാനില്ല. കാരണം, അവന് എന്നെങ്കിലും ലാഭക്കണക്ക് പറയാനുണ്ടായിരുന്നില്ലല്ലോ?!     
രണ്ടാമതു ഹര്‍ത്താല്‍ ചെറുമട്ടത്തില്‍ വീര്യം ഉള്ളതാണ്. അത് ജില്ല തിരിച്ചാണ് അധികവും സംഭവിക്കുക. ഫലത്തില്‍ അയല്‍പക്ക ജില്ലകളെയും ബാധിക്കും. ദേശീയപാദകള്‍ കടന്നുപോകുന്നത് പല ജില്ലകളിലൂടെയാണല്ലോ. അപ്പോള്‍ ഹര്‍ത്താല്‍ ജില്ലയില്‍നിന്ന് വാഹനങ്ങള്‍ക്ക് പുറപ്പെടാനോ കടന്നുപോകാനോ കഴിയില്ല. ഫലത്തില്‍, വാഹന ഹര്‍ത്താല്‍ ഭാഗിഗമല്ല, പൂര്‍ണം. പിറ്റേ ദിവസം അവലോകനം വരും. ജനം വലഞ്ഞു; ഹര്‍ത്താല്‍ പൂര്‍ണം; ബസ്സുകള്‍ ഓടിയില്ല; ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറങ്ങി. (സ്വയം ഇറങ്ങിയതല്ല, ഇറക്കിയതാണെന്നു വായനക്കാര്‍  തിരുത്തി വായിക്കുകയോ ഗ്രഹിക്കുകയോ വേണം)
മൂന്നാം കാറ്റഗറിയില്‍ പെട്ട ഹര്‍ത്താല്‍ അതീവ ഗുരുതരമാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരില്‍ നടത്തിയമാതിരി. കണ്ണില്‍ കണ്ട വാഹനങ്ങളൊക്കെ കത്തിക്കും. റോഡില്‍ മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിക്കും. കഴിയുമെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ വലിച്ചുകൂട്ടി തീയിടും. കടകള്‍ പൂട്ടിക്കും. കല്ലെറിഞ്ഞ് കണ്ണ് പൊട്ടിക്കും. വടിയെടുത്തടിച്ച് കാലും കൈയും ഒടിക്കും. ആകാശത്തേക്ക് വെടിവയ്ക്കും. അങ്ങനെ നീളും ഹര്‍ത്താല്‍ വിശേഷങ്ങള്‍.
പിറ്റേ ദിവസം വാര്‍ത്ത വരും. ഹര്‍ത്താല്‍ പൂര്‍ണം
(വിജയം) പരക്കെ സംഘട്ടനം, ...... പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി ...... പേര്‍ കൊല്ലപ്പെട്ടു. ..... ആശുപത്രിയിലായി ...... പേരുടെ പരുക്ക് ഗുരുതരം. നേതാക്കളുടെ പ്രതികരണവും കാണും. ജുഡീഷ്യല്‍ അന്വേഷണം വേണം. അതു തന്നെ സിറ്റിംഗ് ജഡ്ജി തന്നെ വേണം. സി.ബി.ഐ അന്വേഷണം വേണം. 'പാക്കലാം' എന്ന കാമരാജ് നാടാരുടെ പ്രസിദ്ധ കമന്റുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഹര്‍ത്താല്‍ നടത്താന്‍ ചെലവ് അഞ്ചു കോടി. നടത്തിയ വക സര്‍ക്കാറിനു ചെലവ് (നഷ്ടം) 100 കോടി. പൊതുജനങ്ങള്‍ക്ക് 1000 കോടി രൂപ. ഇതോടെ ചൂടുപിടിച്ച ഹര്‍ത്താല്‍ നഷ്ട-ലാഭക്കണക്കും തര്‍ക്കവും ചര്‍ച്ചയും മതിയാക്കി മാധ്യമങ്ങള്‍ കാമറ സരിതയിലേക്കോ കവിതയിലോക്ക പി.സി. ജോര്‍ജിലേക്കോ തിരിച്ചുവയ്ക്കും.  
നാം പൗരക്കുട്ടികള്‍ സകല ശ്രദ്ധയും പുതിയ വിഷയത്തിലൂന്നും. അപ്പോള്‍ പഴയ വാര്‍ത്തകള്‍ കീറച്ചാക്ക് കണക്കെ വേലിപ്പുറത്ത് വിശ്രമിക്കും. ഇതാണ് നമ്മുടെ ഒരു രീതി. സമരം തരക്കേടില്ലെന്നാണ് ഒരു പക്ഷം. സമരം ചെയ്യാതെ എന്നെന്തെങ്കിലും നേടിയിട്ടുണ്ടോ? സ്വാതന്ത്ര്യസമരം കൊണ്ടല്ലേ സ്വാതന്ത്ര്യം കിട്ടിയത്? ഇങ്ങനെ പോകുന്ന ന്യായവാദങ്ങള്‍. 'തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല' ഇങ്ങനെ മുദ്രാവാക്യം ഉയരും. എന്നാല്‍, സമരരീതി മാറണമെന്ന വാദക്കാരും നിലവിലുണ്ട്. രീതി മാറണമെന്നല്ലാതെ രീതി മാത്രം പറയുന്നില്ല. 
റോഡ് ഉപരോധം, പ്രകടനം, പണിമുടക്കം, പഠിപ്പ് മുടക്കം തുടങ്ങി നെഗറ്റിവിസമാണ് സമരത്തിന്റെ കാതല്‍. ഇനി പോസിറ്റീവായ സമരം പരീക്ഷിക്കാം. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് വന്‍ ഒത്താശ, റോഡുകളിലെ തടസ്സങ്ങള്‍ നീക്കല്‍, സര്‍ക്കാര്‍ ഓഫീസില്‍ കൃത്യസമയത്ത് വന്ന് ഒപ്പു വച്ച് ജോലിയില്‍ വ്യാപൃതരാവല്‍- ഈ മാതിരി മാറ്റം സ്വാഗതാര്‍ഹമാണ്. ആണ്ടിലെല്ലാ ദിനവും ഇത്തരം സമരങ്ങള്‍ ജനം സ്വാഗതം ചെയ്യും. സിങ്കപ്പൂരില്‍ സമരത്തിലേര്‍പ്പെട്ട 28 പേര്‍ക്കെതിരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി. 53 വിദേശികളെ നാടുകടത്താന്‍ സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചു. 53ല്‍ ഒരു ബംഗ്ലാദേശുകാരനും ബാക്കി 52ഉം ഇന്ത്യക്കാരുമാണ്. നമ്മുടെ സമരവീര്യവും പ്രാതിനിധ്യവും ഓര്‍ക്കാനവസരമായി. 
ബൂര്‍ഷ്വാ സര്‍ക്കാര്‍, ഫാഷിസ്റ്റ് നടപടി, ഭീകര നിയമം എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ, അന്നാട്ടില്‍ പാര്‍ക്കുന്ന മഹാഭൂരിപക്ഷം പൗരന്മാരുടെ സുഖവും സന്തോഷവും സമാധാനവും ഒരു നല്ല സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നു വിചാരിക്കാനാണു ശ്രമിക്കേണ്ടത്. പെട്ടെന്ന് പ്രകോപിതരായി തെരുവിലിറങ്ങി കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ച് പൗരബോധം കാണിക്കുന്ന രീതി മാറണം. 
ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഒരു താല്‍ക്കാലിക പ്രതിഭാസമാവാം. ഇന്ത്യന്‍ ജനാധിപത്യ ഭൂമികയില്‍ സ്ഥായി ആയ ഒരിടം കെജ്‌രിവാളിന്റെ ചൂലിന് ഉണ്ടാവാനിടയില്ല. എങ്കിലും, ജനമനസ്സ് വല്ലാതെ നൊന്തിരിക്കുന്നു. ക്ഷമകെട്ടിരിക്കുന്നു. പ്രതികരണമെല്ല പ്രതിഷേധമാണു സംഭവിച്ചത്. 
റോഡില്‍ തടസ്സം സൃഷ്ടിക്കുന്ന വസ്തു നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണു നബിവചനം. അഥവാ, സഞ്ചാര സ്വാതന്ത്ര്യം മാത്രമല്ല സൗകര്യമൊരുക്കലും പൗരബാധ്യതയാകുന്നു. ഇയ്യിടെ കോഴിക്കോട്ടങ്ങാടി മുഴുവന്‍ കറങ്ങേണ്ടിവന്ന അനുഭവം എനിക്കുണ്ടായി. സകല റോഡും പോലീസ് തടഞ്ഞു. എങ്ങനെ ചുറ്റിക്കറങ്ങി വന്നാലും പോലീസ് ബാരിക്കേഡ്. കലക്ടറേറ്റില്‍ ഉമ്മന്‍ചാണ്ടി ഉള്ളതാണു കാരണം. പോലീസും പാര്‍ട്ടിക്കാരും നടത്തുന്ന നീതിനിഷേധങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ തിരുത്തുണ്ടാക്കേണ്ടിവരും. എപ്പോഴും കലഹം തീര്‍ക്കുന്ന നൂറാം ക്ലാസ് സുന്നികളുടെ ഗ്രാഫ് പൊതുസമൂഹത്തില്‍ താഴുന്നത് വെറുതെയല്ല. അല്ലാഹു കാക്കട്ടെ.    

2 comments:

  1. രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂര്‍ നഗരത്തിലായിരുന്നു എന്റെ ജീവിതം. സിംഗപ്പൂരിന്റെ എല്ലാ പ്രദേശങ്ങളിലും റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെങ്കിലും ലിറ്റില്‍ ഇന്‍ഡ്യ എന്നറിയപ്പെടുന്ന സെറാംഗൂണ്‍ പ്രദേശത്ത് നമ്മുടെ നാട്ടിലെ റോഡുകളിലെപ്പോലെയായിരുന്നു അന്ന് എവിടെ വേണമെങ്കിലും ക്രോസ് ചെയ്യും. ഫുട് പാത്തിലൂടെ അല്ലാതെ നടക്കും. അങ്ങനെ പലതും.

    ReplyDelete
  2. സിംഗപ്പൂരിൽ തൊഴിലില്ലാഇമ റേറ്റ് 1.6 % ആണ്. കേരളത്തിൽ അത് 10 % വും. അതായത് കേരളത്തിൽ നാല് കോടി ജനം ഉണ്ടെങ്കിൽ നാല്പ്പത് ലക്ഷം പേര് യാതൊരു പണിയും ഇല്ലാത്തവർ ആണെന്ന്. ഇവര്ക്കൊക്കെ എന്തങ്കിലും പണി വേണ്ടേ? പണി ഉള്ളവര ഹര്ത്താലിനു ഇറങ്ങുന്നില്ല എന്നല്ല. എങ്കിലും എല്ലാവര്ക്കും ജോലിയും കൂലിയും ഉണ്ടെങ്കിൽ കൊടിയും പിടിച്ചു നടക്കാൻ അധികം ആളെ കിട്ടണം എന്നില്ല. ഹര്ത്താലും സമരവും ഒക്കെ ഒരു പരിധി വരെ ഒഴിവാക്കാൻ പറ്റിയ ഒരു മാര്ഗം എല്ലാവര്ക്കും തൊഴില കൊടുക്കുക എന്നതാണ്.


    @ഇയ്യിടെ കോഴിക്കോട്ടങ്ങാടി മുഴുവന്‍ കറങ്ങേണ്ടിവന്ന അനുഭവം എനിക്കുണ്ടായി. സകല റോഡും പോലീസ് തടഞ്ഞു. എങ്ങനെ ചുറ്റിക്കറങ്ങി വന്നാലും പോലീസ് ബാരിക്കേഡ്. കലക്ടറേറ്റില്‍ ഉമ്മന്‍ചാണ്ടി ഉള്ളതാണു കാരണം. പോലീസും പാര്‍ട്ടിക്കാരും നടത്തുന്ന നീതിനിഷേധങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ തിരുത്തുണ്ടാക്കേണ്ടിവരും.

    ശരിയാ ഈ ഉമ്മൻ ചാണ്ടി ഒരുത്തനാണ് ഇപ്പോൾ കേരളം മുഴുവൻ ബ്ലോക്ക്‌ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ചെല്ലുന്നിടത്തെല്ലാം ഭയങ്കര ബ്ലോക്ക്‌.

    ReplyDelete