Tuesday, 27 November 2012

പ്രസവം കലയോ, കാര്യമോ?


      ബ്ലസിയുടെ കളിമണ്ണ് എന്ന സിനിമയില്‍ നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചത് ചെറുവിവാദങ്ങള്‍ക്കിടയാക്കി. തന്റെ പ്രസവം ജനങ്ങളറിയുന്നതിന്നുവേണ്ടി, എന്താണ് പ്രസവം, എങ്ങനെയാണ് പ്രസവം, പ്രസവത്തിലൂടെ സ്ത്രീ നിര്‍വ്വഹിക്കുന്ന ധര്‍മം എങ്ങനെയെന്ന് അറിയിക്കാനാണീ നടപടിയെന്ന് ശ്വേത പറയുന്നു.
      സ്ത്രീകളുടെ സ്വകാര്യതയും മഹത്വവുമാണ് ശ്വേത കളങ്കപ്പെടുത്തിയതെന്ന് വിമര്‍ശകരും.. സിനിമാ രംഗത്തെ പ്രമുഖരും കക്ഷി ചേരുന്നു. ലിബര്‍ട്ടി ബശീര്‍ ശ്വേതയുടെ നടപടി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സംവിധായകന്‍ ബാബു അതിരൂക്ഷമായി അനുകൂലിച്ചു.
      സിനിമ കാണാതെയാണ് വിമര്‍ശനമെന്നാണ് അനുകൂലികളുടെ ആവലാതി. കളിമണ്ണ് എന്ന സിനിമയില്‍ ഒരു മിനുട്ട് മാത്രമാണത്രെ പ്രസവരംഗം ചിത്രീകരിച്ചത്. അഥായത് ഒരു മിന്നായം പോലെ. ലേബര്‍ മുറിയില്‍ നിന്ന് തന്നെയാണ് ചിത്രീകരണം. ശ്വേത വേദനകൊണ്ട് ഞെരിപിരി കൊള്ളുമ്പോള്‍ കട്ട് പറയാനാവാതെ കേമറാമാന്‍ അനുഭവിച്ച പ്രയാസം ചില്ലറയാവില്ല.

      ''സ്ത്രീത്വം'' ഇവിടെ മാനിക്കപ്പെടുകയാണോ, അപമാനിക്കപ്പെടുകയാണോ? തര്‍ക്കം പിടിക്കാന്‍ വകുപ്പുണ്ടെങ്കിലും ഒഴിവാക്കുന്നതായിരുന്നു ഭംഗി. എന്ത്‌കൊണ്ടെന്നാല്‍ പ്രസവം ഒരു കലയല്ലല്ലോ. ഏതൊരമ്മയും ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ആ കുഞ്ഞ് ഒരമ്മക്കും ജന്മം നല്‍കുന്നുണ്ട്. ഈ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ തന്റെ അമ്മ തനിക്ക് ജന്മം നല്‍കിയത് മൂവികാമറക്ക് മുമ്പിലാണെന്നറിയുന്നത് മുഷിപ്പുണ്ടാക്കുന്ന കാര്യമാണല്ലോ.
      സിനിമ ഒരു കലയാണ്. സംവിധായകന്റെ കല-ഛായഗ്രഹകന്റെയും രംഗസംവിധായകന്റെയും മിടുക്ക് അഭിനേതാവിന്റെ മികവ് ഇതിലെവിടെ പ്രസവം വരുന്നു. പ്രസവം അഭിനയമാണോ? യാഥാര്‍ത്ഥ്യമോ? ഏക ലോചനയാണത്രെ മികച്ച അഭിനയ രൂപം. ഒരേ ഘട്ടം ഒരു കണ്ണില്‍ ശൗര്യവും മറുകണ്ണില്‍ ശ്രങ്കാരവും അഭിനയിക്കുന്ന അത്യപൂര്‍വ്വ മികവ്. സിനിമയുടെ ന്യായന്യായങ്ങള്‍ എന്തൊക്കെയാണെങ്കിലും സത്രീത്വം കാത്തുപോരുന്ന സ്വകാര്യതകള്‍ തുറന്നിടുന്നത് എങ്ങനെ ന്യായീകരിക്കും?
      സിനിമക്കെതിരില്‍ ചില മഹിളാ സംഘടനകള്‍ രംഗത്തുവന്നപ്പോള്‍ ചിലര്‍ അര്‍ത്ഥ ഗര്‍ഭമായ മൗനത്തിലാണ് ഉന്നത സാംസ്‌ക്കാരിക നായകരും പ്രതികരിച്ചിട്ടില്ല. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മുന്‍മന്ത്രി ജി.സുധാകരന്‍ തുടങ്ങിയവരൊക്കെ ശ്വേതയുടെ നടപടി അപക്വമായെന്നും ഒഴിവാക്കേണ്ടതായിരുന്നു എന്നും പറഞ്ഞു കഴിഞ്ഞു. മാറിയ സാഹചര്യത്തില്‍ നവതലമുറയെ ഒന്നുകൂടി വേഗത്തില്‍ വഴിമാറി ചിന്തിപ്പിക്കാന്‍ ഒരു പക്ഷെ ശ്വേതയുടെ നടപടി സഹായകമാവും.
      അമ്മയായാല്‍ മതി അച്ചനാരണെന്നറിയേണ്ടതില്ലെന്ന മട്ടിലാണ് സംഗതികള്‍ പുരോഗമിക്കുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഏറ്റവും ലാഭകരമായ ഏര്‍പ്പാട് പുരുഷ ബീജ വില്‍പനയായി വളര്‍ന്നിരിക്കുന്നു. ഫ്രീസറില്‍ സൂക്ഷിക്കുന്ന ഇത്തരം ബീജങ്ങള്‍ വിലകൊടുത്തു വാങ്ങി ഗര്‍ഭപാത്രത്തിലിട്ട് വളര്‍ത്തിയെടുത്തു പ്രസവിക്കുന്നതിന് വാടകക്ക് ഗര്‍ഭ പാത്രവും ഇന്ത്യയില്‍ വന്‍തോതില്‍ ലഭ്യമാണ്.
      അച്ചനമ്മമാരെന്നറിയാതെ വളരുന്ന അനേകായിരങ്ങള്‍ ഇപ്പോള്‍തന്നെ സ്വദേശത്തും വിദേശത്തും പരന്നു കഴിഞ്ഞു. ഇങ്ങനെ കച്ചവടം നടത്തുന്ന ലാബുകള്‍ നിരവധി. നാം കാത്തു സൂക്ഷിച്ച സാംസ്‌ക്കാരിക ശേഷിപ്പുകള്‍ കൈമോശം വരികയാണ്.
      എല്ലാ ജാതിയിലും വിവാഹം ഒരു സാമൂഹികാംഗീകാര ചടങ്ങാണ്. നാലാള്‍ അറിഞ്ഞു നാട്ടുകാരുടെ അറിവിലും ആശിര്‍വാദത്തിലും സന്തോഷകരമായി നടക്കുന്നതാണ് കല്യാണം. ഗര്‍ഭിണിയായാല്‍ ചില നാട്ടുമാമൂലുകള്‍ ഉണ്ടായിരുന്നു. ജന്മത്തെ മാനിക്കലും ജന്മം നല്‍കിയവരെ ആദരിക്കലും അംഗീകരിക്കലുമൊക്കെയായിരുന്നു ഈ നടപടി. ഇതും ഒരു സാമൂഹികാംഗീകാരം തന്നെ. പിറക്കുന്ന കുഞ്ഞിന് ഒദ്യോഗിക മാതാപിതാക്കളുണ്ടെന്ന പ്രഖ്യാപനം.
      പേറ്റ്കൂട്ട് എന്ന ചടങ്ങുതന്നെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്. ഗര്‍ഭിണികള്‍ക്ക് മധുരപലഹാരം നല്‍കല്‍, സന്ദര്‍ശിക്കല്‍ ഇതൊക്കെ കാരണവന്മാര്‍ രൂപകല്‍പ്പന ചെയ്ത ചടങ്ങുകളായിരുന്നു. ഗര്‍ഭശിശുവിന്റെ മാനസിക-ശാരീരികാരോഗ്യത്തിനും വളര്‍ച്ചക്കും അമ്മയുടെ മാനസിക സന്തോഷവുമായി ബന്ധമുണ്ടെന്നും സന്തോഷവധിയായ അമ്മയുടെ ഉദരത്തിലാണ് കുഞ്ഞു വളരേണ്ടതെന്നും ആധുനിക വൈദ്യശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
      ഗര്‍ഭവും, പ്രസവവും ഏറെ മഹത്വമുള്ള സംഗതി തന്നെ. അതിനെ സമീപിക്കേണ്ടത് ആ അര്‍ത്ഥത്തിലാണ്. ഏതൊരു അമ്മയുടെയും ഉദരംവഴി വരുന്നവരാണല്ലോ. പില്‍കാലത്ത് നേതാക്കളും പണ്ഡിതരും മഹാന്മാരുമൊക്കെയാവേണ്ടത്. അതിങ്ങനെ ഒരു കലാ പ്രകടനമാക്കുന്നതിന്റെ നീതിബോധം മനസിലാക്കാന്‍ പ്രയാസം തോന്നുന്നു.
      സിവിലിയേഷന്‍ ചെയ്ഞ്ച് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ നാഗരീകമാറ്റങ്ങള്‍ പാര്‍പ്പിടം ജീവിതരീതികള്‍, നഗരവല്‍ക്കരണം, വസ്ത്രം തുടങ്ങിയ ഉപരിതലത്തിലൊതുതങ്ങുന്നതാണ് ഇരുപത് നൂറ്റാണ്ടുകളിലും ചരിത്രത്തിന് കാണാനായത്. അടിമുടി ഒരു പറിച്ചുനടല്‍ അതിത്‌വരെ ഉണ്ടായിരുന്നില്ല.
      പ്രസവം സ്വകാര്യതയല്ല. സ്ത്രീത്വം അറിയിക്കലാണ്. അതിനാല്‍ അത് പരസ്യമാക്കുന്നതാണ് മാനവീകത എന്ന വാദക്കാര്‍ താമസിയാതെ ശാരീരിക ബന്ധം സ്വകാര്യ മുറിയിലല്ല നടക്കേണ്ടത് തുറസ്സായ ഇടങ്ങളിലാണ് അതൊരു മനോഹര കലയാണെന്ന് വാദിച്ചാല്‍ അനുകൂലിച്ചും പ്രതികൂലിച്ചും പക്ഷങ്ങളുണ്ടാവും. നാളത്തെ ലോകമെന്താവും?
      മാതാപിതാക്കളുടെയും കാരണവന്മാരുടെയും കരുതലുകള്‍ ഇവിടെ അടയാളപ്പെടുത്തുകയാണ്. കാട്ടുജീവികള്‍ക്കുപോലും ചില അതിരുകളും വ്യവസ്ഥകളും ഉണ്ടെന്നാണല്ലോ അറിഞ്ഞ വിവരം. അവരവര്‍ അവരുടെ അതിരു വിട്ട് പോകാറില്ല. അത് അവരുടെയും ഇതര ജീവികളുടെയും വംശവര്‍ദ്ദനവുമായി ബന്ധപ്പെട്ട പ്രകൃതി വ്യവസ്ഥയാണ്. ഈ ആവാസ വ്യവസ്ഥ നാഗരീക മാറ്റങ്ങളില്‍ കടപുഴകീട്ടില്ല. നായിക്കട്ടിയില്‍ പുലിയിറങ്ങിയത് കാടില്ലാതെ. ഉള്ളകാട്ടില്‍ ആഹാരമില്ലാതെ വശം കെട്ടതാണെന്ന് വേണം മനസിലാക്കാന്‍.
      മാനവരാശിക്ക് വേണ്ടി രൂപപ്പെട്ട വ്യവസ്ഥകള്‍ മാനിക്കാന്‍ ആധുനിക മനുഷ്യരും ബാധ്യസ്ഥരാണ്. പുതിയ ജനറേഷന്‍ എന്ന ഓമനപ്പേരിലത് തിരുത്താന്‍ അനുവദിച്ചുകൂടാത്തതാണ്.
      തലമുറകളായി സൂക്ഷിച്ചുവരുന്ന നാട്ടുമാമൂലുകള്‍, കാരണവന്മാര്‍ രൂപപ്പെടുത്തിയ രീതികള്‍ അതൊക്കെ മനുഷ്യസമൂഹത്തിന്റെ മഹത്വം ഉള്‍ക്കൊള്ളുന്നു. ആഴത്തിലിറങ്ങി പരിശോധിക്കുമ്പോള്‍ ഇതൊക്കെ ഗ്രാഹ്യമാവുന്നതാണ്.
      കലയുടെയും പഠനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ കാണിക്കുന്ന അതിരുകളില്ലാത്ത അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ചെറിയൊരു ന്യൂനപക്ഷം വലിയൊരു സമൂഹത്തെ പരിഹസിക്കുന്ന അവസ്ഥവന്നുകൂടാ. ശ്വേതാ മേനോന്റെ മാതാപിതാക്കള്‍, ഭര്‍ത്താവ്, കുടുംബകാരണവന്മാര്‍ക്കൊക്കെ ഈ നടപടിയില്‍ പങ്കുണ്ട്. പണം കായ്ക്കുന്ന മരമെന്ന നിലക്ക് മകള്‍ കാണിക്കുന്നതെല്ലാം മൗനമായി സമ്മതിക്കുന്ന രക്ഷാകര്‍തൃത്വം രക്ഷകരാവുന്നില്ലല്ലോ.
      ''ചീപ്പ് പബ്ലിസിറ്റി'' എന്നൊരു വശവും ചിലര്‍ പറഞ്ഞു കേള്‍ക്കുന്നു. എങ്കിലതും നിരാകരിക്കപ്പെടണം. നിരന്തരം സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ സിനിമ വിജയിക്കാന്‍ തിയേറ്ററകുളിലേക്ക് യൂവാക്കളുടെ ഇരച്ചുകയറല്‍ ലക്ഷ്യമിട്ടാണ് സംവിധായകന്‍ ഇങ്ങനെയൊരു കടുംകൈക്ക് മുതിര്‍ന്നതെന്ന പക്ഷക്കാരും ഉണ്ട്. അങ്ങനെയെങ്കില്‍ അതൊരു കൊള്ളക്കാരന്റെ മനസിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
      കിഴക്കന്‍ നാടുകളില്‍ സ്ത്രീകളുടെ സൗന്ദര്യവും പണവും കൊള്ളയടിക്കുന്ന പുരുഷാധിപത്യത്തിന്റെ സൗകര്യപ്രദമായ സമീപനമാണ് അന്നാട്ടിലെ സ്ത്രീകള്‍ക്കനുവദിച്ച പരിധിവിട്ട സ്വാതന്ത്ര്യം. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് വന്‍ നഷ്ടമാണത് വരുത്തിവെക്കുന്നതെന്ന് അവരറിയുന്നത് യുവത്വം തീരുന്നതോടെയാണ്. പിന്നെയവര്‍ ഒറ്റപ്പെടുന്നു ''സ്ത്രീത്വം'' മാനിക്കേണ്ടത് പുരുഷനാണ്. അതിന് സ്ത്രീത്വം സ്ത്രീ തന്നെ മാനിക്കുന്നതിന് തയ്യാറാവണം. ആധുനികതയുടെ പേരില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുന്ന മാതാപിതാക്കള്‍ പിന്നീട് അനുഭവിക്കേണ്ടിവരും, മക്കളും.

13 comments:

  1. മാനവരാശിക്ക് വേണ്ടി രൂപപ്പെട്ട വ്യവസ്ഥകള്‍ മാനിക്കാന്‍ ആധുനിക മനുഷ്യരും ബാധ്യസ്ഥരാണ്. പുതിയ ജനറേഷന്‍ എന്ന ഓമനപ്പേരിലത് തിരുത്താന്‍ അനുവദിച്ചുകൂടാത്തതാണ്.

    ReplyDelete
  2. പ്രസക്തമായ ചിന്തകള്‍....!

    ReplyDelete
  3. പിന്നെയവര്‍ ഒറ്റപ്പെടുന്നു ''സ്ത്രീത്വം'' മാനിക്കേണ്ടത് പുരുഷനാണ്. അതിന് സ്ത്രീത്വം സ്ത്രീ തന്നെ മാനിക്കുന്നതിന് തയ്യാറാവണം.

    അതേ

    ReplyDelete
  4. ശ്വേതക്ക് പണം കിട്ടും,ബ്ലസിക്ക് പേരും പണവും കിട്ടും,നിർമ്മാദാവിനു നഷ്ടമൊട്ടില്ല്ലതാനും...പിന്നെ ആർക്കാ ചേതം........അല്ലേ?

    ReplyDelete
  5. ''സ്ത്രീത്വം'' മാനിക്കേണ്ടത് പുരുഷനാണ്. അതിന് സ്ത്രീത്വം സ്ത്രീ തന്നെ മാനിക്കുന്നതിന് തയ്യാറാവണം. ആധുനികതയുടെ പേരില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുന്ന മാതാപിതാക്കള്‍ പിന്നീട് അനുഭവിക്കേണ്ടിവരും, മക്കളും..........വളരെ ശരിയാണ്

    ReplyDelete
  6. പ്രസക്തം തന്നെയാണ് ഈ ലേഖനം
    മാതാവിന്‍റെ മഹത്ത്വത്തെ കളങ്ക പെടുത്തുന്ന ഒന്നാണ് ഈ പ്രസവ കലാപരിപാടി എന്ന് ഏത് കണ്ണ് പൊട്ടനും മനസ്സിലാവുന്ന ഒന്നാണ്

    ReplyDelete
  7. താങ്കളുടെ വരികള്‍ക്ക് ശക്തി കൂടി വരുന്നുണ്ട്. ആദ്യം എഴുതിയ പോസ്റ്റുകളെക്കാള് മലയാള വാചകങ്ങള്‍‍ കേമം. Keep it up.

    താങ്കള്‍ ആദ്യ പരഗ്രഫുകള്‍ക്ക് ശേഷം ചോദിച്ച ഒരു ചോദ്യം പ്രസവം ഒരു കല അല്ലല്ലോ എന്നാണു. വളരെ പ്രശസ്തമായ ചോദ്യം. പക്ഷെ എന്റെ മറുചോദ്യം ഇതാണ്. ശ്വേതയുടെ പ്രസവം ഒരു കല ആക്കിക്കൂടെ? പ്രസവം ഒരു കല ആക്കിയാല്‍ എങ്ങനെ ആണ് സ്ത്രീത്വം അപമാനിക്കപ്പെടുന്നത്? സാധാരണ കലാരൂപങ്ങള്‍ എന്തെങ്കിലും ഒന്നിനെ അപമാനിക്കുന്നവ ആണോ? പ്രസവം കലാരൂപം ആയി കാണുകയും സിനിമ ഒരു കലാരൂപം മാത്രമായി ആസ്വദിക്കുകയും ചെയ്താല്‍ പ്രശനം കഴിഞ്ഞു. കലാരൂപം ആക്കിയ പ്രസവം അപമാനിക്കല്‍ ആണെങ്കില്‍ മറ്റെല്ലാ കലാരൂപങ്ങളും ഒരു തരത്തില്‍ അപമാനിക്കല്‍ ആണ്. സിനിമയില്‍(കലാരൂപം) വരുന്ന പ്രസവം സ്ത്രീത്വത്തെ അപമാനിക്കല്‍ ആണെങ്കില്‍ താഴെ പറയുന്ന ഇക്വേഷന്‍ ശരിയാണെന്ന് സമ്മതിക്കണം

    [a = b ; b = c; so a = c]

    പ്രസവം = കലാരൂപം
    കലാരൂപം = അപമാനിക്കല്‍

    എങ്കില്‍

    പ്രസവം = അപമാനിക്കല്‍

    ReplyDelete
  8. @ഈ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ തന്റെ അമ്മ തനിക്ക് ജന്മം നല്‍കിയത് മൂവികാമറക്ക് മുമ്പിലാണെന്നറിയുന്നത് മുഷിപ്പുണ്ടാക്കുന്ന കാര്യമാണല്ലോ.

    ശ്വേതയുടെ കുഞ്ഞിന്റെ അവസ്ഥ മറ്റുള്ളവരേക്കാള്‍ അതിന്റെ അച്ഛനും അമ്മയ്ക്കും അല്ലെ അറിയാന്‍ കഴിയൂ? ആ കുഞ്ഞിനെ അവര്‍ അല്ലെ വളര്‍ത്തുന്നത്? ഈ കുഞ്ഞിനു മുഴിപ്പ് ഉണ്ടാക്കാത്ത രീതിയില്‍ ആവും അവര്‍ വളര്‍ത്തുക എന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ അതിനു വെവലാതിപ്പെടുന്നവര്‍ ആ കുഞ്ഞിന്റെ നല്ലതിന് വേണ്ടി ആ സിനിമ ഒന്ന് പോയി കാണണം. കാരണം ശ്വേത അഭിനയിക്കുന്നത് ആ കുഞ്ഞിനു വേണ്ടി കൂടി ആവുമല്ലോ? നമ്മള്‍ സിനിമ കാണുമ്പോള്‍ മുടക്കിയ പണത്തിന്റെ ഒരു പങ്കു പാവം ആ കുഞ്ഞിനു ലഭിചോട്ടെ.

    ReplyDelete
  9. പുരാധന കാലം മുതല്‍ മനുഷ്യര്‍ ആചരിച്ചു വരുന്ന ചില അനുഷ്ടാന രീതികള്‍ ഉണ്ട്. അവയെല്ലാം മറ്റുള്ളവര്‍ക്ക്കൂടി പ്രയാസമില്ലാത്ത വിധമാണ് രൂപപ്പെടുത്തിയത്.
    വസ്ത്രം ധരിക്കുന്നത് ഭംഗിക്കും ആരോഗ്യ സംരക്ഷണത്തിനും നാണം(?) മറക്കാനും കൂടിയാണല്ലോ. വിവസ്ത്രയിയാവുന്നത് കലയാണന്ന് വാദിച്ചു മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നത് കൊണ്ടാണ് ലോക സമൂഹം സ്ട്രീകിംഗ് നിരോധിച്ചത്.
    ശ്വേതയുടെ നടപടി ന്യായീകരിക്കാനാവത്തത് മനുഷ്യ ജീവിയുടെ സവിശേഷ നിലവാരം പരിഗണിക്കുമ്പോഴാണ്.

    ReplyDelete
  10. എന്താണ് സ്ട്രീകിംഗ്? വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു പൊതുസ്ഥലത്ത് ശരീരം പ്രദര്സ്ഷിപ്പിക്കുക. അത് റിയല്‍ ആണ് അതുപോലെ ലൈവ് ആണ്. കണ്ടുനില്‍ക്കുന്നവരെ അധിശേപിക്കുന്നതിനു തുല്യമാണ്. പക്ഷെ അതുപോലെ ആണോ സിനിമ? ശ്വേത ഒരു പൊതു വഴിയില്‍ ആളെ കൂട്ടി പ്രസവിക്കുക ആയിരുന്നു എങ്കില്‍ താങ്കള്‍ പറഞ്ഞ സ്ടീകിങ്ങിനോട് ഉപമിച്ചാല്‍ ശരിയായിരുന്നു.

    ഇതേ സ്ട്രീകിംഗ് സിനിമയില്‍ നല്ല രീതിയിലും മോശമായ രീതിയിലും കാണിക്കാം. അത് സംവിധായകന്‍ ആണ് തീരുമാനിക്കുന്നത്. മോശമായി ചിത്രീകരിച്ചാല്‍ സെന്‍സര്‍ ബോര്‍ഡ്‌ അത് എടുത്തു പുറത്തു കളയും. നല്ല രീതിയില്‍ ചിത്രീകരിച്ചാല്‍ ആളുകള്‍ കയ്യടിക്കും. നല്ലതോ ചീത്തയോ എന്ന് സിനിമ കണ്ടതിനു ശേഷം വേണം തീരുമാനിക്കാന്. അല്ലാതെ കാള പെറ്റെന്നു കേട്ട് കയര്‍ എടുക്കാന്‍ ഓടരുത്.‍

    ReplyDelete
  11. ''സംശയം'' പരിധി വിടരുത്

    ശ്വേതമേനോന്റെ നടപടി ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ നിന്ന് വിചാരിക്കുമ്പോള്‍ അസ്വീകാര്യമാവുന്നു. മനുഷ്യരും മറ്റ് ജീവികളും തമ്മില്‍ പറയത്തക്കജീവിത ശീലങ്ങളില്‍ മാറ്റമില്ലാത്ത ഏതെങ്കിലുമൊരു നൂറ്റാണ്ട് വരുമെങ്കില്‍ അന്നാവാം എന്ന് മാത്രം.
    പുരാധന അറബികളില്‍ ''ഹബന്നഖ'' എന്നൊരാള്‍ ഉണ്ടായിരുന്നുവത്രെ. താനാണോ താന്‍ എന്ന് പോലും സംശയിച്ചിരുന്ന മനുഷ്യന്‍.
    മാറിപോകാതിരിക്കാന്‍ പേരെഴുതി കഴുത്തില്‍ തൂക്കി ഹബന്നഖ ഉറങ്ങുമെന്നാണ് കഥ. ഒരു ദിവസം ഹബന്നഖയുടെ കഴുത്തിലെ മാല ഉറക്കിലൊരാള്‍ ഊരിയെടുത്തു കഴുത്തിലണിഞ്ഞു. പുലര്‍ന്നപ്പോള്‍ മാല കാണാതെ ഭയന്ന ''ഹബന്നഖ'' സ്വന്തത്തെ തേടി നടന്നു. കണ്ടെത്തി. കെട്ടിപ്പിടിച്ചു പറഞ്ഞുവത്രെ. നിങ്ങള്‍ ഞാനാണെന്ന് ഉറപ്പ്. പക്ഷെ ഈ ഞാന്‍ ആരാണ്?

    ReplyDelete
  12. അതായത് താങ്കള്‍ പറയുന്നു ശ്വേത മേനോന്‍ ചെയ്തത് മൃഗീയം ആണെന്ന് അല്ലെ? അല്ല, മൃഗങ്ങള്‍ പ്രസവം ക്യാമറയില്‍ ചിത്രീകരിച്ചു എഡിറ്റ്‌ ചെയ്തു സിനിമയില്‍ കാണിക്കാറുണ്ടോ? അങ്ങനെ ചെയ്യാരുണ്ടെങ്കില്‍ ശ്വേതാ മേനോന്‍ കാണിച്ചത് മൃഗീയം തന്നെ.

    കഥ നന്നായിട്ടുണ്ട്. കഥയില്‍ ചോദ്യം ഇല്ല എന്നാണു പറയാറ്. പക്ഷെ അദ്ദേഹം അവസാനം ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ല. സ്വന്തം പേര് മനസിലായാല്‍ പോലും ആ ചോദ്യത്തിനുള്ള ഉത്തരം അദേഹത്തിന് ലഭിക്കില്ല. 'ഞാന്‍ ആര്'എന്ന ചോദ്യം എല്ലാ മനുഷ്യരും സ്വയം ചോദിച്ചു നോക്കേണ്ട ഒന്നാണ്.

    ReplyDelete
  13. ''വാസനകള്‍'' മൃഗീയം, മാനുഷികം എന്ന് അതിരിട്ട് പറയപ്പെടുന്നു. ചിന്ത, ലജ്ജ, നന്മ, തുടങ്ങിയ പല ഘടകങ്ങളുമായി ബന്ധിച്ചാണിങ്ങനെ വര്‍ഗ്ഗീകരിച്ചത്. പട്ടികയായി പറഞ്ഞിട്ടില്ലെങ്കില്‍ പോലും ശ്വേതാമേനേന്റെ നടപടി സാധാരണ മനുശ്യര്‍ക്ക് ഉള്‍കൊള്ളാന്‍ പ്രയാസമുള്ള കാര്യമായതിനാലാണ് മാനുഷികത്തില്‍ പെടാതെ മൃഗീയത്തില്‍ പെട്ടത്.

    ReplyDelete