Friday, 30 May 2014

മനുഷ്യക്കടത്ത്

ആറ് പതിറ്റാണ്ടു ഭാരതം വാണവര്‍ മറന്നുവെച്ച കുറെ പാവങ്ങളുണ്ട്. വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ പുഴുക്കളെപോലെ ഒട്ടിയവയറും, ഉന്തിയ എല്ലുമായി കഴിയുന്ന നിരക്ഷരരായ അനേകലക്ഷം ബാല്യങ്ങള്‍.
ഉന്തുവണ്ടി വലിക്കുന്ന പിതാക്കള്‍ക്കും മൈലുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കുന്ന മാതാക്കള്‍ക്കും ഈ ബാല്യങ്ങള്‍ ഭാരമാവുന്നു.
അമ്മിഞ്ഞപാല്‌പോലും നല്‍കാനില്ലാത്ത ചാവാളിപ്പശുക്കളെക്കാള്‍ ഞെരുങ്ങുന്ന അനേകായിരങ്ങള്‍. അവരില്‍ ചിലരെ തേടി പിടിച്ചുകൊണ്ടുവന്നു ഭക്ഷണവും, വസ്ത്രവും, വിദ്യയും നല്‍കി ഉത്തമ പൗരന്മാരാക്കുന്നതിലെവിടെയാണ് മനുഷ്യക്കടത്ത്. ?
യൂറോപ്യലെ ''മതാമ്മമാരുടെ അടിവസ്ത്രങ്ങളലക്കാനും, ഉടയാടുകള്‍ ഉണക്കാനും, അടുക്കളപ്പണിക്കും വിലപറഞ്ഞു കൊണ്ടുപോകുന്ന അടിമകളെ കുറിച്ച് കേട്ടിട്ടുണ്ട്. അത് അടിമത്വമാണ്. മനുഷ്യക്കടത്താണ്.
എരിയുന്ന പൊരിയുന്ന വയറിലേക്കൊരിറ്റ് അരിയാഹാരത്തിന്റെ നീര് നല്‍കുന്നത് അങ്ങനെയാണോ? ഏത് യതീംഖാനക്കാണ് ''മനുഷ്യക്കടത്തിന്റെ പട്ടം ചാര്‍ത്തുക. സേവനം, സ്‌നേഹം മാത്രം ലക്ഷ്യമാക്കി സൗജന്യമായി എല്ലാം നല്‍കുന്ന സ്ഥാപനങ്ങളെ പ്രകീര്‍ത്തിക്കണ്ട. അതിന് മാന്യത വേണം. അപകീര്‍ത്തിപ്പെടുത്താതിരുന്നു കൂടേ-?

Thursday, 29 May 2014

നരേന്ദ്രമോദിയുടെ ടീം ഭാരതത്തിന്റെ ഭരണത്തിലെത്തി


കൈകളില്‍ ന്യൂനപക്ഷത്തിന്റെ ചോരപ്പാട് കഴുകിയല്ല മോദി പ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസ് ഒരുക്കിയ രാജപാഥയിലൂടെ കാവിപ്പട അനായാസം കയറിവന്നതാണ്. 31 ശതമാനം (17.85 കോടി വോട്ടര്‍മാര്‍) ബി.ജെ.പിയെ പിന്തുണച്ചു.
ഭരണഘടന വരുതിയില്‍ നിന്ന് മോദി ഭരിക്കുമെന്ന് മുന്‍കാല അനുഭവം വെച്ച് ഉറപ്പിച്ചുപറയാനാവില്ല. എന്തൊക്കെ ആരൊക്കെ എത്രയൊക്കെ തേനില്‍ ചാലിച്ച് പ്രകീര്‍ത്തിച്ചാലും മുസ്‌ലിം ന്യൂനപക്ഷത്തിന് വിശ്വസിക്കാന്‍ മാത്രം മുന്‍കാല ചരിത്രം ഉണ്ടാക്കിയ ആളല്ല മോദിയും പാര്‍ട്ടിയും.
ഇന്ത്യയില്‍ പലപ്പോഴായി നിരോധിക്കപ്പെട്ട ഭീകരപ്രസ്ഥാനമായ ആര്‍.എസ്.എസിനെ 'ബഹ്‌റിന്‍ മുസ്വല്ല വിരിച്ചു നിസ്‌കരിച്ചാലും വിശ്വസിക്കാനാവുമോ?'
മോദി ന്മയിലേക്ക് നടന്നുനീങ്ങാന്‍ മനസ് കാണിച്ചാല്‍ നന്ന്. കാവിമനസില്‍ നിന്ന് കരുണ വിടരുമോ എന്ന് കാലം പറയേണ്ടകാര്യങ്ങളാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയെ കളങ്കപ്പെടുത്താതെ ഭരിക്കാന്‍ മോദിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

Sunday, 11 May 2014

പ്രവചനം

     2014 മെയ് 16ന് എന്ത് സംഭവിക്കും?
540 അംഗപാര്‍ലിമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടും?
കൊടി, വടി, ഘടന, ഭരണഘടന ഇതൊക്കെ വ്യത്യസ്ഥമെങ്കിലും ഫലത്തില്‍ എല്ലാം ഒന്ന് തന്നെ-? ആറ് പതിറ്റാണ്ടിന്നിടയില്‍ നാമെന്ത് നേടി? തിരിച്ചറിവ് പോലും നേടിയോ? എങ്കില്‍ ഫാസിസം, വര്‍ഗ്ഗീയം, പ്രാദേശികം ഇതൊക്കെ ഇന്ന് കാണുന്ന വിധം വളരുമായിരുന്നോ?
2020 ഓടെ മലേഷ്യ സംമ്പന്ന രാഷ്ട്രമാകുമെന്ന് നിരീക്ഷകര്‍ കാര്യകാരണ സഹിതം തറപ്പിച്ചു പറയുന്നു. നമുക്ക് സ്വന്തമായി ഉള്ളത് സ്വന്തമായി ഒന്നുമില്ലന്നതാണന്ന് വന്നതെന്ത് കൊണ്ട്?
ഇന്തയ്ന്‍ രാഷ്ട്രീയം മടുപ്പിക്കുന്നതായിമാറിയിരിക്കുന്നു. 60ല്‍ നിന്ന് 1600 പാര്‍ട്ടികള്‍ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്‍.പി. സ്‌കൂളിന്റെ വരാന്തപോലും കാണാത്ത 110 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു എന്നത് നമുക്ക് കാര്യമാക്കേണ്ട- ആയിരക്കണക്കായ ക്രിമിനലുകളും തെറ്റായ വഴിയില്‍ ധനം ഉണ്ടാക്കിയ കോടീശ്വരന്മാരും മത്സരിച്ചതും മത്സരിപ്പിച്ചതും പൊറുക്കാനാവുമോ?
ഇന്ത്യന്‍ പാര്‍ലിമെന്റ് കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാവുന്നത് എങ്ങനെയാണ് ജനാധിപത്യമായത്-?
''ഭാരതം'' കാത്തുസൂക്ഷിച്ച പൈത്യകമായ സഹിഷ്ണത നിരാകരിക്കപ്പെടുന്നു. മലയാളി, തമിഴന്‍, തെലുങ്കന്‍, കന്നഡിയന്‍, ഒഡീഷ്യന്‍, ഹിന്ദി എന്നിങ്ങനെ ഭാഷാമതിലുകള്‍, സവര്‍ണ്ണ, അവര്‍ണ വിഭാഗം, ഒട്ടും ന്യായീകരണമില്ലത്ത സംവരണ വ്യവസ്ഥകള്‍.
രാഷ്ട്രീയ മുതലാളിമാരുടെ വിപണന ഉപകരണമാക്കി ഈമാതിരി വൈജാത്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്രനാള്‍ നമുക്ക് നമ്മുടെ നട്ടെല്ല് നിലനിര്‍ത്താനാവും. ?