Tuesday 27 August 2013

മാണിക്ക് വഴിയൊരുക്കുന്നവര്‍

    മാര്‍ച്ചിലെ അധിക ചെലവ് താങ്ങാന്‍ ട്രഷറിക്ക് കഴിയില്ലെന്ന് ഡോക്ടര്‍ തോമസ് ഐസക്ക് . ട്രഷറി പൂട്ടേണ്ടി വരുമെന്നും ഡോക്ടര്‍.
     സാമ്പത്തിക സ്ഥിതി മെച്ചമാണെന്ന വാദം (മാണിയുടെ) ബഡായിയാണെന്ന് ആര്യാടന്‍.
ആര്യാടന്റെ ബസ്സും, കരണ്ടും പണം കവരുകയാണെന്ന് (കെടുകാര്യസ്ഥത) മാണി.
     മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ന്നിട്ട് എം.എല്‍.എ.മാര്‍ അഭിപ്രായം പറയാമെന്ന് മുരളി.
11 തവണ ബജറ്റവതരിപ്പിച്ച മാണി സാര്‍ കൊള്ളാം സാറെന്ന് കഴിഞ്ഞനാള്‍വരെ പറഞ്ഞ പന്ന്യനും, സംഘവും മൗനത്തില്‍. ചാക്കിട്ട് മന്ത്രി സഭ ഉണ്ടാക്കാനില്ലെന്ന ഇടതു നിലപാടെന്ന പഴയ നിലപാട് മാറിക്കൂടായ്കയില്ലെന്ന് സൂചന.
     ഉമ്മന്‍ ചാണ്ടിയോട് ഇഷ്ടം കുറഞ്ഞെന്ന് ജോര്‍ജ്. ഏറ് തുടര്‍ന്നാല്‍ കൂറ് മാറുമെന്ന ധ്വനി.
തിരുവഞ്ചൂര്‍ വഞ്ചിച്ചെന്നും, പോലീസിനെ കയറൂരി വിട്ടെന്നും പ്രസ്താവന.
എല്ലാം കൂടി ചേര്‍ത്ത് വായിച്ചാല്‍ മാണി സാറിന്ന് ആര്യാടന്‍ പുറത്തേക്കുള്ള വഴി തുറന്നിടുകയാണല്ലോ?
   തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ബിജു ജനതാ ദള്‍, അണ്ണാ ഡി.എം.കെ. എന്നീ പ്രാദേശിക കക്ഷികള്‍ ചേര്‍ന്നു 2014 ല്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുമെന്ന് ശരദ് പവാര്‍. അങ്ങനെ വരുമ്പോള്‍ ജോസ് കെ. മാണിക്കൊരു ബര്‍ത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആശ്രയിക്കേണ്ടി വരില്ലെന്ന് മാണി സാര്‍ ചിന്തിച്ചാല്‍ അതൊരു പൊളിറ്റിക്കല്‍ മെക്കാനിസം മാത്രം.

Thursday 22 August 2013

പി.സി. ജോര്‍ജ്

    പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ് വില്ലനോ, ചീഫ് വിപ്പോ എന്ന തര്‍ക്കത്തിനൊന്നും ഞാനില്ല.  യു.ഡി.എഫ്. എം.എല്‍.എ.മാരെ ഒന്നിച്ചുകൊണ്ടുപോകാന്‍ കേബിനറ്റ് റാങ്കും, മുന്തിയ ഓഫീസും, സ്റ്റാഫും, വേദനാതി ആനുകൂല്യങ്ങളും, സ്റ്റാര്‍ വാല്യുവും ഒക്കെ അനുഭവിച്ചും ആസ്വദിച്ചും നടക്കേണ്ടിയിരുന്ന ജോര്‍ജ് പൊതുജനങ്ങളോട് മാത്രമായി ചിലതൊക്കെ പറയുന്നത് കാരണം ഇപ്പോള്‍ ചീമുട്ട ഏറില്‍ എത്തിനില്‍ക്കുന്നു.

     കോലം കത്തിക്കലെന്ന ഒരു ഏര്‍പ്പാട് നിലവിലുണ്ട്. ഈ ഏര്‍പ്പാട് പരിഷ്‌കൃതമാണെന്ന് പറയാനാവില്ല. കരിങ്കോടി കാട്ടല്‍, കാര്‍ തടയല്‍, ചില്ല് പൊട്ടിക്കല്‍, ഷര്‍ട്ട് വലിച്ചൂരി കീറല്‍, ഉടുതുണി അഴിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടയല്‍ (ഉപരോധം), പിന്നെ ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ സമരമുറകളാണ് നിലവിലുള്ളത്.

Tuesday 13 August 2013

സമരം: തോറ്റത് ജനം

കുറ്റാരോപിതനായ മുഖ്യമന്ത്രിരാജി വെക്കാതെ ചര്‍ച്ചപോലുമില്ലന്ന പിണറായിയുടെ പ്രസ്താവന വന്നു 24 മണിക്കൂറിനകം ഉമ്മന്‍ചാണ്ടി രാജിവെക്കാതെ സമരം രാജിയായി.
പോലീസ് അന്വേഷണം കഴിയട്ടെ സമരം ശക്തിയായി നേരിടുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ശക്തിയായി ജുഡീഷ്യല്‍ അന്വേഷണത്തിന് വഴങ്ങി.

നഗരവാസികള്‍ വീര്‍പ്പുമുട്ടി, പോലീസ് ശ്വാസം മുട്ടി, മാധ്യമങ്ങള്‍ തുടികൊട്ടി- നാട്ടുകാര്‍ നാണം കെട്ടു. ഈജിപ്തില്‍, തുനീഷ്യയില്‍, ലിബിയയില്‍, സിറിയയില്‍ രൂപം കൊണ്ട സമര രീതി തിരുവനന്തപുരത്ത് അവതരിപ്പിച്ചു ഇടതുപക്ഷം മണ്ണൊലിപ്പ് മണത്തറിഞ്ഞു (അണികള്‍ ചോരുന്നത്) അരിവിലയും, ഉള്ളി വിലയും പലവ്യജ്ഞനവിലയും ഉയരുന്നതില്‍ വലത്-ഇടത് പക്ഷത്തിന് വേവലാതിയില്ല. ജനം അനുഭവിക്കട്ടെ എന്ന മട്ടാണ്. റോഡില്‍ നിറയെ കുണ്ടുകള്‍, മാണിച്ചതിക്കുഴികള്‍, ജോര്‍ജിയന്‍ ഉഗ്രബോബുകള്‍, പിണറായിയുടെ മിന്നല്‍ പിണറുകള്‍, വി.എസിന്റെ പരിഹാസ്യങ്ങള്‍, പന്ന്യന്റെ സുഖസുന്ദര സ്വപ്നങ്ങള്‍ (മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രി) തിരുവഞ്ചൂരിന്റെ ജാതി സമവാക്യങ്ങള്‍. ആകെപ്പാടെ കേരള രാഷ്ട്രീയം കേവലനാടകം.
സമരം നടത്താന്‍ സി.പി.ഐ.എംന് 10-15 കോടി ചെലവ്. സമരം തകര്‍ക്കാന്‍ പൊതു കജനാവ്.... കോടി. നാട് സ്ഥംമ്പിപ്പിച്ച വക........ കോടി. വ്യാപാര വ്യവസായം നഷ്ടം........... കോടി. ജനം തോറ്റു. മലബാര്‍ സംസ്ഥാനം വേണമെന്നല്ല ഇനിവാദിക്കേണ്ടത് ഇങ്ങനെയാണങ്കില്‍ നമുക്ക് കേരള സംസ്ഥാനം തന്നെ വേണ്ടന്നാണ്.

Saturday 3 August 2013

സാധ്യതയുടെ കലകള്‍

നാണം വരാത്തവരുണ്ടങ്കില്‍ അവര്‍ക്കുകൂടി നാണിക്കാനൊരു അവസരം കോണ്‍ഗ്രസ് പാര്‍ട്ടി സൃഷ്ടിക്കുകയാണ്. രമേശ് മന്ത്രിയാകണോ? അത് തീരുമാനിക്കാനെന്തിന് ഇത്രയധികം ചര്‍ച്ചകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയൊരു പാര്‍ട്ടിയാണങ്കില്‍ പാര്‍ട്ടികൂടി തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് വഴങ്ങാതിരിക്കാനാവുമോ? വഴങ്ങുന്നില്ലങ്കില്‍ വഴക്കാന്‍ മെയ്‌വഴക്കമുള്ള പാര്‍ട്ടിയായി മാവേണ്ടതല്ലേ- ഏതൊരു പാര്‍ട്ടിയും.
പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി അദ്യക്ഷനെ നാട്ടിലൊട്ടാകെ നാണം കെടുത്തിയ നാടകവും, തിരക്കഥയും ആരുടെതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും ആത്മഹത്യക്കൊരുങ്ങുകയാണോ? മലബാറില്‍ ലീഗില്ലങ്കില്‍ ജാമ്യസംഖ്യകിട്ടാനുള്ള വോട്ടില്ല. തിരുവിതാംകൂറില്‍ കുഞ്ഞുമാണിയില്ലങ്കില്‍ ഒരിടത്തും കഞ്ഞിവെക്കാന്‍ പാര്‍ട്ടിക്കിന്ധനമില്ല. എന്നാല്‍ പിന്നെ അഹന്തക്ക് കുറവുണ്ടോ? ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ്. ഭരിക്കുന്ന പാര്‍ട്ടിയാണ്. ബഡായി പറഞ്ഞു പറഞ്ഞു കേവലം ബഡായി പാര്‍ട്ടിയായി കോണ്‍ഗ്രസ് പാര്‍ട്ടി മാറിയോ?
ലോക സഭാതെരഞ്ഞെടുപ്പ് അടുപ്പിച്ച് പാര്‍ട്ടി ശക്തിപ്പെടുത്തി നാല് വോട്ട് കിട്ടാനുള്ള പ്രതിഛായ നന്നാക്കാന്‍ മിനക്കടാതെ ഗ്രൂപ്പ് തിരിഞ്ഞു അങ്കം വെട്ടുകയാണ് നേതാക്കള്‍.
എത്രഗ്രൂപ്പുകളും, ഉപഗ്രൂപ്പുകളും ഉണ്ടന്ന് പറയാന്‍ വയ്യാത്തവിധം പെരുത്തിരിക്കുന്നു. മുരളിക്കൊരു ഉപഗ്രൂപ്പ്, ആര്യാടനും, വയലാര്‍ രവിക്കും, സുധാകരനും ഉപഗൃഹ ഗ്രൂപ്പുകള്‍. മുസ്തഫക്കൊരു ഒറ്റപ്പെട്ട ഗ്രൂപ്പ്, വിശ്വനാഥനും, വിശ്വസ്തരുടെ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി-രമേശ് ഒരു വഴിക്കല്ല- പലവഴിക്ക്.