Friday 27 December 2013

ലോക രാജ്യങ്ങളിലെ നബിദിനാഘോഷം: നാള്‍വഴി

    ഏഷ്യയില്‍, യൂറോപ്പില്‍, ആഫ്രിക്കയില്‍, ആസ്‌ത്രേലിയയില്‍ അങ്ങനെ സമസ്ത ഭൂഖണ്ഡങ്ങളിലും യുഗാന്തരങ്ങളായി നിലകൊള്ളുന്നതാണ് പ്രവാചക പ്രകീര്‍ത്തനങ്ങള്‍.
ഹസ്രത്ത് ആദം(അ)മിന്റെ കാലം മുതല്‍ അത് വ്യാപകമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച പ്രകീര്‍ത്തനങ്ങള്‍, അതിന്റെ നിയമ സാധുതകള്‍, പുണ്യങ്ങള്‍ ഉള്‍കൊണ്ട വിശ്വാസിലേകം അതേറ്റ് പിടിച്ചു പ്രാവര്‍ത്തകമാക്കി.
    വിശ്വാസിയുടെ ക്രിയശേഷി സാംശീകരിക്കുന്നതും ആത്മീയ ആരേഗ്യ പോഷണം ശക്തിപ്പെടുത്തുന്നതും പരലോകത്തേക്കൊരു പാഥേയമെന്ന നിലക്കും പുണ്യ പ്രവാചകന്റെ അപദാനങ്ങള്‍ പറയപ്പെടുന്നു. കാരുണ്യത്തിന്റെ പ്രവാചകനെ ആര്‍ക്ക് വിസ്മരിക്കാനാവും?
വിശുദ്ധ മക്കയും, മദീനയും മുസ്‌ലിം ഉമ്മത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുന്നതും, ലോക ഭൂപടത്തില്‍ ഇടം നേടിയതും അത് പ്രവാചകന്റെ നാടും നഗരവും, കര്‍മ്മ മണ്ഡലവും ആയതുകൊണ്ടുകൂടിയാണ്. ഇപ്പോഴും അങ്ങോട്ടുള്ള ഒഴുക്ക് ഒരു പ്രവാഹമായി തുടരുന്നു.

    നബിദിനാഘോഷം, അനുബന്ധ ചടങ്ങുകളും ലോകത്തെല്ലായിടങ്ങളിലും സമാനങ്ങളാണ്. മൗലീദ് പാരായണം, പ്രകീര്‍ത്തന പ്രസംഗം, ഗാനം, ഘോഷയാത്രകള്‍, സ്വലാത്ത് മജ്‌ലിസുകള്‍, ഭക്ഷണ വിതരണം, സൗഹൃദ സംഘമങ്ങള്‍, സന്തോഷം പങ്ക് വെക്കല്‍ ദാന ധര്‍മ്മങ്ങള്‍ ദഅവത്ത്, നസ്വീഹത്ത്, തസ്‌കിയത്ത് തുടങ്ങിയവയാണവ. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ അനേക രാജ്യങ്ങളില്‍ റബീഉല്‍ അവ്വല്‍ 12 പൊതു അവധിയാണ്. 1986 വരെ സഊദിയിലും പൊതു അവധിയായിരുന്നു. പ്രവാചക സ്‌നേഹം വിശ്വാസികളുടെ അടയാളമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍.''താങ്കളുടെ കീര്‍ത്തിയെ താങ്കള്‍ക്ക് നാം ഉയര്‍ത്തി തരികയുണ്ടായി'' (വി.ഖു. 94:4)
    മുഹമ്മദ് നബി(സ)യുടെ കീര്‍ത്തി അല്ലാഹു ഉയര്‍ത്തിയതിനാല്‍ നാള്‍ക്കുനാള്‍ അത് വികസിക്കുകയാണ്. പലരുമത് അംഗീകരിക്കുന്നില്ലെങ്കിലും അതാണ് സംഭവിക്കുന്നത്. പുണ്യനബിയുടെ കീര്‍ത്തി ഭൂമിയില്‍ മാത്രമല്ല ഉപരിലോകത്തും അല്ലാഹു കീര്‍ത്തി ഉയര്‍ത്തിയിരിക്കുന്നു.
മുളഫര്‍
    ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം (ഹി. 362-567) മൗലിദുന്നബി ആഘോഷിച്ചിരുന്നു. ആദ്യമായി നബിദിനാഘോഷം നടത്തിയത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണകാലത്ത് ''ഇര്‍ബില്‍'' നാട് ഭരിച്ചിരുന്ന മുളഫര്‍ അബൂ സഈദ് കുകുബുരിയായിരുന്നു. ഈ പക്ഷക്കാരാണ് പ്രാമാണിക ചരിത്ര പണ്ഡിതന്മാര്‍.
    മുളഫര്‍ രാജാവിന്റെ വിപുലമായ നബിദിനാഘോഷങ്ങളുടെ അത്രപകിട്ട് ഫാത്വിമികളുടേതിന് ഉണ്ടായിരുന്നില്ല. ഫാത്വിമീ ഖലീഫമാരുടെ സ്ഥാനാരോഹണം, ജന്മദിനാഘോഷം എന്നിവക്കുള്ള പ്രാധാന്യം അവര്‍ മൗലിദുന്നബിക്ക് നല്‍കിയിരുന്നില്ല. ചരിത്രകാരന്മാര്‍ ഫാത്വിമികളുടെ മൗലിദാഘോഷം പ്രാധാന്യപൂര്‍വം രേഖപ്പെടുത്താതിരിക്കാന്‍ ഇതാവാം കാരണം.

പുതുമയുടെ തുടക്കം

     ആദ്യമായി മൗലിദാഘോഷം നടത്തിയ ഇര്‍ബല്‍ രാജാവ് മുളഫര്‍ അബൂസഈദ് കുകുബുരി വിപുലമായ ആഘോഷങ്ങളായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന് മുമ്പ് ഇറാഖിലെ മൗസിലില്‍ ഒരു മഹാന്‍ മൗലിദാഘോഷം നടത്തിയിരുന്നതായി ചില ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറുദ്ദീന്‍ മഹ്മൂദ് സന്‍കിയുടെ വളരെ അടുത്ത സ്‌നേഹിതനായ ശൈഖ് ഉമര്‍ മല്ലാഅ് ആയിരുന്നു ആ മഹാന്‍. ഇദ്ദേഹം തഖ്‌വയുള്ളയാളും ഔലിയാക്കളെ സേവിച്ചയാളുമായിരുന്നു.
    മുളഫര്‍ രാജാ3വിന്റെ മൗലിദാഘോഷം വര്‍ണിച്ചുകൊണ്ട് ഇബ്‌നു ഖല്ലിഖാന്‍ ഇങ്ങനെ പറയുന്നു: ''മുന്‍ മാതൃകയില്ലാത്ത പല സല്‍കര്‍മങ്ങളും കാഴ്ച വെച്ച അദ്ദേഹം (മുളഫര്‍ രാജാവ്) ദാനശീലനും ദയാലുവുമായിരുന്നു. ദിനംപ്രതി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവങ്ങള്‍ക്ക് ഭക്ഷണവിതരണം നടത്തുക അദ്ദേഹത്തിന്റെ ചര്യയായിരുന്നു. തന്റെ യാത്രകള്‍ അവസാനിപ്പിച്ച് വീട്ടില്‍ വന്ന് കയറുമ്പോഴേക്കും അദ്ദേഹത്തെ കാണാനായി നൂറുകണക്കിനാളുകള്‍ വീടിനു ചുറ്റും അണി നിരന്നിട്ടുണ്ടാവും. അവരെയെല്ലാം അദ്ദേഹം താല്‍പര്യപൂര്‍വ്വം സ്വീകരിക്കുകയും അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്യുമായിരുന്നു. ആവശ്യക്കാര്‍ക്കായി ചൂടുകാലത്തും തണുപ്പുകാലത്തുമുപയോഗിക്കാന്‍ പ്രത്യേക വസ്ത്രങ്ങള്‍ അദ്ദേഹം വിതരണം ചെയ്തിരുന്നു. ചെറിയൊരു പണക്കിഴിയും നല്‍കിയിരുന്നു നാലോളം സൂഫി പര്‍ണശാലകളും തളര്‍വാത ബാധിതര്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായി ആലയങ്ങളും പണികഴിപ്പിക്കുകയും അതില്‍ അവരെ താമസിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഇവയൊക്കെ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു മഹാന്‍. ഓരോരുത്തരുമായും ആവശ്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. അവരോടൊത്ത് സല്ലപിച്ചും തമാശ പറഞ്ഞും അവരുടെ പ്രയാസങ്ങള്‍ അകറ്റുമായിരുന്നു. വീണുകിട്ടുന്ന ശിശുക്കളെ മുലയൂട്ടി വളര്‍ത്താന്‍ പ്രത്യേകം സ്ത്രീകളെ അദ്ദേഹം ഏര്‍പ്പാട് ചെയ്തിരുന്നു.

സേവനം

ആതുരാലയങ്ങളില്‍ പതിവു സന്ദര്‍ശനം നടത്തിയുരന്ന അദ്ദേഹം ഓരോ രോഗികളുമായും സംവദിച്ചിരുന്നു. അതിഥി മന്ദിരങ്ങള്‍ നിര്‍മിക്കുകയും ദരിദ്ര-ധനിക പരിഗണനക്കതീതമായി ഏവര്‍ക്കും പ്രവേശനം നല്‍കുകയും ചെയ്തിരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ധനസഹായവും നല്‍കി വന്നു.
മദ്‌റസകള്‍ നിര്‍മിച്ച അദ്ദേഹം ശാഫിഈ, ഹനഫി പണ്ഡിതന്മാരെ ഉസ്താദുമാരായി പ്രത്യേകം നിയമിച്ചിരുന്നു. കാവ്യസദസ്സുകളും ദിക്‌റ് മജ്‌ലിസുകളും പ്രവാചക പ്രകീര്‍ത്തന വേദികളും അദ്ദേഹം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം സംരംഭങ്ങളോട് മുഖം തിരിഞ്ഞുനിര്‍ക്കുന്നവരെ അദ്ദേഹം വെറുത്തിരുന്നു. ആഘോഷദിനങ്ങളില്‍ പര്‍ണശാലകള്‍ നിറഞ്ഞ് കവിയുകയും വിവിധ ദേശക്കാരായ ജനങ്ങള്‍ക്ക് പരസ്പരം സംവദിക്കാന്‍ അവസരം ഒരുങ്ങുകയും ചെയ്തു. അവിടെ വന്നുപോകുന്നവര്‍ക്ക് യാത്രാചിലവും അദ്ദേഹം നല്‍കിയിരുന്നു.

മോചനം

        വിദൂരരാജ്യങ്ങളിലേക്ക് നിവേദക സംഘങ്ങളെ നിയോഗിച്ചിരുന്ന അദ്ദേഹം അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ബന്ദികളാക്കപ്പെട്ട മുസ്‌ലിം തടവുകാരെ മോചനദ്രവ്യം നല്‍കി സ്വതന്ത്രരാക്കുമായിരുന്നു. മോചിപ്പിക്കാന്‍ ഭരണകൂടം തയ്യാറാവാത്ത പക്ഷം രാജാവ് നല്‍കിയ സംഖ്യയും സാധനങ്ങളും തടവുകാരെ ഏല്‍പിച്ച് അവര്‍ മടങ്ങാറായിരുന്നു പതിവ്.

ഹജ്ജ് യാത്ര

    ഓരോ വര്‍ഷവും ഹജ്ജ് യാത്ര സംഘടിപ്പിക്കുകയും പ്രത്യേക ഫണ്ട് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഹാജിമാരുടെ സുരക്ഷക്കായി നിരീക്ഷകരെ വെക്കുകയും ഹറമുകളില്‍ വിതരണം ചെയ്യാനായി പണവും സാധനങ്ങളും ദൂതര്‍ വഴി കൊടുത്തയക്കുകയും ചെയ്തിരുന്നു. മക്കയില്‍ അദ്ദേഹം നിര്‍മിച്ച പലകെട്ടിടങ്ങളുടെയും ശേഷിപ്പുകള്‍ ഇന്നും കാണാം. അറഫാ സംഗമത്തിനെത്തുന്നവര്‍ക്കായി ജലം സസംഭരിക്കുകയും അതുവഴി ജലക്ഷാമം പരിഹരിക്കുകയും ചെയ്തു''
    മുളഫര്‍ രാജാവിന്റെ നബിദിനാഘോഷം പൂര്‍ണമായി വിവരിക്കുക പ്രസാസകരമാണ്. അത്രയും വിപുലമായിരുന്നു അത്. ബഗ്ദാദ്, മൊസൂള്‍, ജസീറ, സന്‍ജാര്‍, നസ്വീബീന്‍ അനറബി നാടുകള്‍ തുടങ്ങി വിദൂര ദേശങ്ങളില്‍ വസിക്കുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ഈ ആശോഷത്തില്‍ പങ്ക് ചേര്‍ന്നിരുന്നു. കര്‍മശാസ്ത്ര പണ്ഡിതര്‍, മതപ്രഭാഷകര്‍, ഖുര്‍ആന്‍ പണ്ഡിതര്‍, കവികള്‍ തുടങ്ങി നീണ്ട നിര തന്നെ അദ്ദേഹത്തിന്റെ സദസ്സിലുണ്ടായിരുന്നു.

സവിശേഷ സമ്മേളനം

      മരത്തടി കൊണ്ട് നിര്‍മിക്കപ്പെട്ട 20 ഖുബ്ബകള്‍ ഒരു വലിയ മൈതാനിയില്‍ സജ്ജീകരിക്കപ്പെടും. ഓരോ ഖുബ്ബക്കും നാലും അഞ്ചും തട്ടുകളുണ്ടായിരിക്കും. ഈ ഖുബ്ബകളിലൊന്ന് രാജാവിന്നും ബാക്കിയുള്ളവ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമുള്ളതാണ്. ഓരോ ഖുബ്ബയും കൊടിത്തോരണങ്ങളാലും വിവിധവര്‍ണങ്ങളാലും അലങ്കരിക്കപ്പെടും. തുടര്‍ന്ന് ഓരോ ഖുബ്ബയിലും ഗായകര്‍, ചിന്തകന്മാര്‍, വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ അണിനിരക്കും. ഇക്കാലയളവില്‍ ജനങ്ങളോട് തങ്ങളുടെ തൊഴില്‍ പൂര്‍ണമായി ഒഴിവാക്കി നബിദിനാഘോഷത്തില്‍ പങ്ക് കൊള്ളാന്‍ രാജാവ് കല്‍പിക്കുകയും ചെയ്തിരുന്നു.
രാജാവിന്റെ കോട്ടയില്‍ നിന്നും മൈതാനത്തോട് ചേര്‍ന്ന് നില്‍കുന്ന പര്‍ണശാലവരെയാണ് ഈ ഖുബ്ബകള്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. ദിനംപ്രതി അസ്ര്‍ നിസ്‌കാരാനന്തരം ഓരോ ഖുബ്ബയും അദ്ദേഹം സന്ദര്‍ശിക്കും. ഖുബ്ബകളില്‍ അരങ്ങേറുന്ന പാട്ടുകളും സാരോപദേശങ്ങളും വിചാരപ്പെടലുകളും പൊതുജനത്തോടൊപ്പം അദ്ദേഹം ശ്രവിക്കും. ഒരു പര്‍ണശാല തിരഞ്ഞെടുത്ത് അവിടെ അദ്ദേഹത്തിന് പ്രത്യേകമായി മദ്ഹുന്നബി മജ്‌ലിസും സംഘടിപ്പിക്കപ്പെടും. എല്ലാദിവസവും സുബ്ഹ് നിസ്‌കാരാനന്തരം രാജാവ് വേട്ടക്കിറങ്ങുകയും ളുഹ്‌റിന്ന് മുമ്പായി കോട്ടയില്‍ തിരിച്ചെത്തുകയും ചെയ്യും. റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ ഈ രീതി തുടരും. നബി(സ) ജനിച്ച ദിവസമേതെന്ന് പണ്ഡിതര്‍ക്ക് അഭിപ്രായാന്തരമുള്ളതിനാല്‍ ഒരു വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിനും അടുത്ത വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനും എന്ന ക്രമത്തിലാണ് അദ്ദേഹം മൗലിദാഘോഷം നടത്തിയിരുന്നത്.

ഭക്ഷണം

      മീലാദിന് രണ്ട് ദിവസം മുമ്പായി അറുക്കാനുള്ള ആട് മാട് ഒട്ടകങ്ങളെ വാദ്യഘോഷത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ വലിയൊരു മൈതാനിയിലേക്ക് കൊണ്ട് വരും. അവയെ അറുത്ത് വ്യത്യസ്ത രൂപങ്ങളിലും രുചികളിലുമുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കുകയും ചെയ്യും.
മീലാദിന്റെ തലേദിവസം മഗ്‌രിബ് നമസ്‌കാരാനന്തരം പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിക്കപ്പെടും. ശേഷം രാജാവും സംഘവും കോട്ടയില്‍ നിന്ന് പര്‍ണശാലയിലേക്ക് നീങ്ങിത്തുടങ്ങുകയായി. കൂറ്റന്‍ മെഴുകുതിരികള്‍ ഉപയോഗിച്ചുള്ള ഈ എഴുന്നള്ളത്ത് നയന മനോഹര കാഴ്ച തന്നെ.

ഘോഷയാത്ര - സൈനിക പരേഡ്

    നബിദിനത്തിന്റെ സുബ്ഹിക്ക് കോട്ടയില്‍ നിന്ന് സൂഫികളുടെ സ്ഥാനവസ്ത്രങ്ങളും സമ്മാനങ്ങളും പര്‍ണശാലകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പതിനായിരങ്ങള്‍ അവിടെ സന്നിഹിതരായിരിക്കും. രാഷ്ട്ര തന്ത്രജ്ഝര്‍, നിയമജ്ഞാനികള്‍, മതപണ്ഡിതര്‍, രാഷ്ട്ര മേലധികാരികള്‍, പൊതുജനങ്ങള്‍..... തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നി#്‌നനുള്ളവരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കും. രാജാവിനും മതപ്രഭാഷകര്‍ക്കും പ്രത്യേകപീഠങ്ങള്‍ സ്ഥാപിക്കപ്പെട്ടുണ്ടാകും. പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പ്രവിശാലമായിരിക്കിടക്കുന്ന ആ മൈതാനിയില്‍ ഒരു വശത്ത് സൈനിക പരേഡും സംഘടിപ്പിക്കപ്പെടും. തന്റെ വിശിഷ്ട പീഠത്തില്‍ ആസനസ്ഥനായ രാജാവ് പ്രഭാഷകരെയും സൈനികരെയും ജനങ്ങളെയും വീക്ഷിച്ചുകൊണ്ടിരിക്കും.

ആഘോഷത്തിന്റെ സമാപനം

     സൈനിക പരേഡ് അവസാനിച്ചാല്‍ ഭക്ഷണ വിതരണമാണ്. പതിനായിരക്കണക്കിന് അഹ്‌ലുസ്സുന്നയുടെ അനുയായികള്‍ പ്രവിശാലമായ ആ മൈതാനിയില്‍ ഒന്നിച്ചിരുന്ന് റൊട്ടിയും മധുരപലഹാരങ്ങളും ഭക്ഷിക്കുന്ന കാഴ്ച നയനാന്ദകരമാണ്. അസ്ര്‍ നിസ്‌കാര സമയം വരെ വിവിധ പരിപാടികളും ആഘോഷങ്ങളുമായി ജനങ്ങള്‍ ആ ദിവസം താല്‍പര്യപൂര്‍വ്വം കൊണ്ടാടും.
അദ്ദേഹം അന്ന് രാത്രി ആ മൈതാനിയില്‍ അന്തിയുറങ്ങും. പിറ്റേദിവസം സുബ്ഹിവരെ ആഘോഷങ്ങള്‍ നീണ്ട് നില്‍ക്കാറുണ്ട്. ശേഷം സമ്മാനങ്ങളും പാരിതോഷികങ്ങളുമായി അവര്‍ മടങ്ങും. (നബിദിനാഘോഷം ലോകരാജ്യങ്ങളില്‍  - ശൈഖ് മുഹമ്മദ് ഖാലിദ് സാബിത്ത്, എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പുറം: 25-29)
ഒരു നബിദിനാഘോഷ അനുഭവം
    ഡാനിഷ് എഴുത്തുകാരന്‍ ഹാന്‍ക്രിസ്റ്റ്യന്‍ അന്‍ഡേഴ്‌സണ്‍ നബിദിനാഘോഷത്തിന്റെ തന്റെ അനുഭവം ഇങ്ങിനെ വിശദീകരിച്ചു. അബ്ദുത്തവ്വാബ് യൂസുഫ് നബിദിനാഘോഷം ഒരു ഡാനിഷ് അനുഭവം എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''അന്‍ഡേഴ്‌സന്‍'' തുര്‍ക്കിയില്‍ അതിഥിയായി എത്തിയത് നബിദിനാഘോഷം നടക്കുന്ന സമയത്തായിരുന്നു. ആഘോഷത്തി ന്നിടയില്‍ കയ്യില്‍ വിളക്കുപിടിച്ചു അദ്ദേഹവും അതില്‍ അണിചേര്‍ന്നു. താന്‍ കാണാനിടയായ നയനമനോഹരകാഴ്ചകള്‍ അദ്ദേ ഹം കുറിച്ചുവെച്ചു. ആ വിവരണം വായിച്ചാല്‍ പ്രസ്തുത ആഘോഷത്തില്‍ പങ്കെടുത്ത അനുഭൂതിയാണുണ്ടാവുക. ചാന്‍സ്‌ലര്‍ പ്രസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സമാഹരകൃതിയിലാണ് ഈ അനുഭവം അദ്ദേഹം വിവരിച്ചത്. ഒ.ണ.ഉഡഘഇഗഋച അതിന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്.
ഹിജ്‌റ 696 (ക്രി. 195 ഉത്തമനൂറ്റാണ്ട്)ല്‍ മുറാദ് മൂന്നാമന്റെ കാലത്താണ് ഒട്ടോമന്‍ സാമ്രാജ്യത്തില്‍ ഔദ്യോഗികമായി നബിദിനാഘോഷം നടത്തപ്പെടുന്നത്. നബിദിനാഘോഷം ഉള്‍പ്പെടെയുള്ള ദീനീ ആഘോഷവേളകളില്‍ മസ്ജിദുകളുടെ മിനാരങ്ങള്‍ ദീപാലങ്കൃതമാക്കാന്‍ തുടക്കം കുറിച്ചതും ഇക്കാലത്താണ്.
     വീടുകളില്‍ കുടുംബക്കാര്‍ ഒരുമിച്ചുകൂടി നബിദിനമാഘോഷിക്കുന്നു. എല്ലാ സദസ്സുകളിലും പ്രശസ്ത കവി സുലൈമാന്‍ ജലബി രചിച്ച നബി(സ)യെ സ്മരിക്കുന്ന മൗലിദില്‍ നിന്നും കുറച്ചു ഭാഗങ്ങള്‍ ആലപിക്കപ്പെടും. ഇപ്പോഴും മസ്ജിദുകളിലും വീടുകളിലും ഇതു തുടരുന്നുണ്ട്. ചില കവിതാശകലങ്ങള്‍ ഇങ്ങനെ വായിക്കാം.
''മര്‍ഹബന്‍ മര്‍ഹബാന്‍ യാ റസൂലല്ലാഹ്
മര്‍ഹബന്‍ മര്‍ഹബന്‍ യാ ബുല്‍ബുലല്‍ ജിനാന്‍
നബ്ദഉദ്ദിക്‌റ അവ്വലന്‍ ബിസ്മില്ലാഹ്
ഫഹുവ വാജിബുന്‍ അലാ കുല്ലി അബ്ദിന്‍
പരിഭാഷ
സ്വാഗതം, സ്വാഗതം യാ റസൂലല്ലാഹ്
സ്വര്‍ഗലോകത്തെ ബുല്‍ബുല്‍ കിളിയേ സ്വാഗതം
ബിസ്മി കൊണ്ട് അനുസ്മരണം ഞങ്ങള്‍ തുടങ്ങുന്നു
അത് സകല അടിമകള്‍ക്കും നിര്‍ബന്ധമാണ്.''
സോഷ്യല്‍ മീഡിയകള്‍
2/5/2004ന് www.islamonline.net  ചില കുറിപ്പുകള്‍ ശ്രദ്ധിക്കുക: നബിദിനാഘോഷത്താല്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലും ഏഷ്യാഭൂഖണ്ഡത്തിലും പരുന്നുകിടക്കുന്ന തുര്‍ക്കിയിലെ എല്ലാ നിസ്‌കാരപള്ളികളും ജുമാമസ്ജിദുകളും പ്രകാശമാനമായി. 1-5-2004 ശനി വൈകുന്നേരം പതിനായിരക്കണക്കിന് തുര്‍ക്കികള്‍ മഗ്‌രിബ്, ഇശാ നമസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും ഇസ്‌ലാമിക് ഗാനങ്ങള്‍ കേള്‍ക്കുന്നതിനുമായി പള്ളികളില്‍ ഒത്തുകൂടി തുര്‍ക്കിയിലെ പതിവു പോലെ കേക്കുകള്‍ വാങ്ങി മുസ്‌ലിം കുടുംബങ്ങള്‍ പരസ്പരം കൈമാറി ആഘോഷങ്ങള്‍ തുടങ്ങി. ഇസ്തംബൂളിലെ അബൂഅയ്യൂബല്‍ അന്‍സാരി(റ)യുടെ നാമധേയത്തിലറിയപ്പെടുന്ന ജുമാമസ്ജിദില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മൗലിദാഘോഷം നടന്നു. പ്രശസ്ത ഖുര്‍റാഉകളുടെയും ഹാഫിളുകളുടെയും ഖുര്‍ആന്‍ പാരായണവും ആമിര്‍ ആത്വിശിന്റെ മൗലിദ് ഗ്രൂപ്പിന്റെ വസീലതുന്നജാത്ത് എന്നറിയപ്പെടുന്ന മൗലിദ് പാരായണവും നടന്നു. മസ്ജിദിലെ ഇമാം നാടിനും നാട്ടുകാര്‍ക്കും പൊതുമുസ്‌ലിംകള്‍ക്കും വേണ്ട പ്രത്യേകം ദുആ നടത്തി.

ചെച്‌നിയ

    നഖ്ശബന്ദി, ഖാദിരി ത്വരീഖത്തിലെ സൂഫിവര്യരായിരുന്നു ചെച്‌നിയക്കാര്‍. മന്‍സൂര്‍ നഖ്ശബന്ദി, ശാമില്‍ നഖ്ശബന്ദി, ശൈഖ് ഹാജി അല്‍ ഖാദിരിയെപ്പോലുള്ള ത്വരീഖത്തിന്റെ മശാഇഖുമാരുടെ നാട്. ഇരുന്നൂറ് വര്‍ഷത്തിലധികം കാലം ദീനിന്‌വേണ്ടി തീവ്ര യുദ്ധത്തിലേര്‍പ്പെട്ടവരാണ് ചെച്‌നിയക്കാര്‍.
    ലോക ഗുരു മുഹമ്മദ് നബി(സ)യുടെ തിരുജന്മ ആഘോഷത്തില്‍ വ്യാപൃതരായിരിക്കെ 2003 മെയ് 14ലെ സ്‌ഫോടനത്തില്‍ 30 ചെച്‌നിയക്കാര്‍ ശഹീദായി. ഈ സദസ്സില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഒരു വനിതാ മനുഷ്യബോംബ് പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്. മൗലീദ് സദസ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത് മരണസംഖ്യ കൂടാനായിരുന്നു.

യു.എ.ഇ

    യു.എ.ഇ.യില്‍ നബി(സ)യുടെ ജന്മദിന സ്മരണ നല്ലനിലക്ക് നടത്തിവരുന്നു. കുടുംബക്കാര്‍ പരസ്പരം സന്ദര്‍ശിച്ചും അഭിവാദ്യങ്ങള്‍പ്പിച്ചുമാണ് ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. സംഘടനകള്‍ മീലാദ് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തിന് അകത്തും പുറത്തുമുള്ള സാധുകള്‍ക്ക് ദാനധര്‍മങ്ങള്‍ നല്‍കിയും ജീവകാരുണ്യ സേവനങ്ങളും നടത്തും. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം സദ്യകള്‍ ഒരുക്കും.
      സര്‍ക്കാര്‍ തലത്തില്‍ ഔഖാഫ്, ദീനീ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് മൗലിദ് ആഘോഷത്തെ പ്രബലപ്പെടുത്തുന്ന പ്രഭാഷണങ്ങളും ക്ലാസുകളും നടത്തും. ഇരു ഹറമുകളുടെയും പണ്ഡിതവര്യരായ ശൈഖ് മുഹമ്മദ് അലവി മാലിക്കി, ശൈഖ് മുഹമ്മദ് റമളാന്‍ അല്‍ ബുത്വി, പ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനായ ഹബീബ് അലി അല്‍ ജിഫ്‌രി തുടങ്ങിയവരെ സംഘടിപ്പിച്ച്  ഉന്നത പണ്ഡിത സദസ്സും യു.എ.ഇ. നടത്തിയതായി അറബ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (2007 മാര്‍ച്ച് 31) യു.എ.ഇ. നബിദിനാഘോഷ സമ്മേളനത്തില്‍ ബുര്‍ദ പാരായണ മല്‍സരവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. മന്ത്രിമാരും ശൈഖുമാരും അറേബ്യയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള അഥിതികളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന. ഔഖാഫ് പുറത്തിറക്കിയ മുഹമ്മദ് റസൂലുല്ലാഹ് എന്ന ലഘുകൃതി മലയാളത്തിലേക്ക് ഈ വിനീതന്‍ മൊഴിമാറ്റം ചെയ്തു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാഡമി വിദ്യാര്‍ത്ഥി സംഘടന പുറത്തിറക്കിയിട്ടുണ്ട് (2012). യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും മൗലീദ് സദസ്സുകള്‍ മലയാളികളും സംഘടിപ്പിക്കാറുണ്ട്. പലവര്‍ഷങ്ങളില്‍ വിവിധ പരിപാടികളില്‍ ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അറബ് പ്രമുഖരും മന്ത്രിമാരും സംബന്ധിക്കാറുണ്ട്.

പാകിസ്ഥാന്‍

    പൊതുജനങ്ങള്‍ക്കിടയിലും ഔദ്യോഗിക തലത്തിലും ഒരു പോലെ അതിവിപുലമായി കൊണ്ടാടുന്ന  ആഘോഷമാണ് പാക്കിസ്താനിലെ നബിദിനാഘോഷം. സ്വകാര്യ-ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കു മീതെ കൊടികള്‍ കെട്ടി അവര്‍ അന്തരീക്ഷത്തെ ഭംഗിയാക്കും. പ്രഭാത സമയത്ത് അഭിവാദ്യമായി തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദില്‍ 31 പീരങ്കി വെടികളും പ്രധാന നഗരികളില്‍ 21 പീരങ്കി വെടി ഉതിര്‍ത്തു മൗലിദുന്നബി വരവേല്‍ക്കും.

സുഡാന്‍

    സുഡാനില്‍ നബിദിനാഘോഷങ്ങള്‍ സര്‍ക്കാര്‍ തലത്തിലും പൊതുതലത്തിലും ഗംഭീരമായി നടക്കുന്നു. അവിടെ പൊതുജനങ്ങളും ത്വരീഖത്തിന്റെ ശൈഖുമാരും അനുയായികളും ഇറങ്ങിപ്പുറപ്പെടുന്നു. സൈനിക ട്രൂപ്പുകള്‍ വാദ്യാഘോഷങ്ങള്‍ നടത്തുന്നു. സുഡാനിലെ ചാനലുകളിലും മാധ്യമങ്ങളിലും പ്രവാചക കീര്‍ത്തനങ്ങള്‍ ഉണ്ടാവും.

യമന്‍

    യമനികള്‍ പരിശുദ്ധ റസൂലിന്റെ ജന്മദിനമാഘോഷിക്കുന്നു. നബി(സ) ജന്മദിനസ്മരണകളോട് ആദരവ് പ്രകടിപ്പിച്ച് ഔഖാഫ് സംഘടിപ്പിക്കുന്ന ഗദ്യ പദ്യ ആഘോഷ സംഗമങ്ങള്‍ക്ക് യമനിലെ മസ്ജിദുകള്‍ സാക്ഷ്യം വഹിക്കുന്നു. പ്രസ്തുത സംഗമങ്ങളില്‍, നബിദിന സ്മരണകളയവിറക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പണ്ഡിതര്‍ ഉദ്‌ബോധനം നടത്തുകയും ചെയ്യുന്നു,
    മാസത്തിന്റെ പ്രാരംഭം നബി(സ)യുടെ ജീവിതശൈലിയും സ്വഭാവ ഗുണങ്ങളും അയവിറക്കപ്പെടും. മസ്ജിദുകളിലും വീടുകളിലും നാടിന്റെ മുക്ക് മൂലകളിലും  മൗലിദുകള്‍ പാരായണം ചെയ്യപ്പെടും.

ടുണീഷ്യ

     ടുണീഷ്യയിലെ നബിദിനാഘോഷത്തെക്കുറിച്ച് മുഹമ്മദുല്‍ ഖൗജയുടെ സ്വഫഹാതുന്‍ മിന്‍ താരീഖി തുനുസില്‍ വിവരണങ്ങള്‍ ഉണ്ട്. അന്നാട്ടില്‍ വലിയ ആദരവോടെ നബിദിനം ആഘോഷിച്ചു വരുന്നു. എട്ടാം നൂറ്റാണ്ടിലെ ഹഫ്‌സ്വീ ഭരണകൂടത്തിന്റെ കാലത്തായിരുന്നു ടുനീഷ്യയില്‍ നബിദിനാഘോഷത്തിന് തുടക്കം. മൊറോക്കോയിലെ ബനുമരീന്‍ രാജാക്കന്മാരുടെ രീതിയാണ് ഇവര്‍ പിന്‍പറ്റിയത്. പ്രത്യേകിച്ചും അബൂഅനാന്‍ രാജാവിന്റെ ആഘോഷരീതിയാണ് ഹഫ്‌സ്വീ രാജാവായ ഫാരിസ് അബ്ദുല്‍ അസീസ് പിന്തുടര്‍ന്നത്.

മൊറൊക്കോ

    മൊറോക്കോയിലെ നബിദിനാഘോഷങ്ങള്‍ക്ക് പ്രത്യേക സൗന്ദര്യമുണ്ട്. മൊറോക്കന്‍ കലാഭാവങ്ങളും വൈവിധ്യമാര്‍ന്ന ജീവിത രീതികളും സമ്മേളിക്കുന്ന വര്‍ണാഭവും ചേതോഹരവുമായ ചടങ്ങുകളാണവ. എന്നാല്‍ ഇവയൊന്നും മത ചിട്ടകള്‍ ലംഘിക്കുന്നതാവില്ല. മൊറോക്കോക്കാരില്‍ അധികവും  മാലികി മദ്ഹബുകാരാണ്.

പാലസ്തീന്‍

     സൂഫിവര്യനും പ്രമുഖ പണ്ഡിതനുമായ യൂസുഫുന്നബ്ഹാനി(റ) തെളിയിച്ച വഴിയിലാണ് ഫലസ്തീനികള്‍. ജീവിതകാലം മുഴുവന്‍ പ്രവാചക പ്രകീര്‍ത്തനം കൊണ്ട് ആഘോഷമാക്കിയ നബ്ഹാനി(റ) അന്നള്മുല്‍ ബദീഉ ഫീമൗലിദി ശ്ശഫീഅ് എന്ന മൗലിദടക്കം അദ്ദേഹത്തിന്റെ ഭൂരിഭാഗം രചനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.

ജോര്‍ദ്ദാന്‍

    ജോര്‍ദാനിലും അതിവിപുലമായി മൗലിദ് ആഘോഷിക്കപ്പെടുന്നു. ജോര്‍ദാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മൗലിദുന്നബിയോടനുബന്ധിച്ച് വലിയ ഇസ്‌ലാമിക ആഘോഷച്ചടങ്ങ് എല്ലാവര്‍ഷവും നടത്തപ്പെടാറുണ്ട്.

ലിബിയ

     പുതുവസ്ത്രമണിഞ്ഞ് വിളക്ക് കയ്യിലേന്തി സന്തോഷ പുളകിതരായി കുട്ടികളുടെ സന്ദര്‍ശനങ്ങളാണ് ലിബിയന്‍ നബിദിനാഘോഷത്തിന്റെ പ്രത്യേകത. ദിക്‌റ് സദസ്സുകള്‍ നടത്തുന്നു. ദഫ് മുട്ടി ഭവനങ്ങളില്‍ കയറി ഇറങ്ങുന്ന (ഹദ്‌റത്ത്) പരിപാടിയും അന്നാട്ടിലുണ്ട്.

സിറിയ

    തലമുറകളായി നബിദിനാഘോഷം നടത്തിവരുന്നവരാണ് ശാമിലെ ജനത. ഉന്നത രാഷ്ട്രീയ നേതൃത്വം മുതല്‍ പൊതുജനങ്ങള്‍ വരെ, സമൂഹത്തിന്റെ സര്‍വ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ സജീവമായി പങ്കെടുക്കാറുമുണ്ട്. തലസ്ഥാനമായ ഡമസ്‌കസിലെ വിശാലമായ പള്ളികളിലൊന്നില്‍ നടക്കുന്ന ഔദ്യോഗിക നബിദിനാഘോഷ പരിപാടിയില്‍ സിറിയന്‍ പ്രസിഡണ്ടുള്‍പ്പെടെ ഗവണ്‍മെന്റ് അധികൃതര്‍, മന്ത്രിമാര്‍, പണ്ഡിതന്മാര്‍ തുടങ്ങി ബഹുജനങ്ങളടക്കം പങ്കെടുക്കല്‍ പതിവാണ്.

ബാള്‍ക്കന്‍

     ബാള്‍ക്കന്‍ മുസ്‌ലിംകള്‍ തങ്ങളുടെ മക്കള്‍ക്ക് 'മൗലിദ്' എന്ന പേരിടുന്നു. അല്‍ബേനിയയില്‍ അധികവും പാരായണം ചെയ്യപ്പെടുന്നത് സുലൈമാന്‍ ജലബി എഴുതിയ മൗലിദാണ്.

റഷ്യ

    റഷ്യയിലെയും അയല്‍രാജ്യങ്ങളിലെയും പ്രസിദ്ധ മുഫ്തിമാരും പ്രമുഖ വ്യക്തിത്വങ്ങളും അണിനിരന്ന പ്രൗഡമായ കലാസാഹിത്യ മേളയോടെയാണ് മൗലിദ് പരിപാടികള്‍ സമാപിക്കുക.. ഇതര പുണ്യദിനങ്ങളില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത് പോലെ റഷ്യക്കാര്‍ നബിദിനത്തിലും ഗംഭീര പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

നൈജീരിയ

     നബിദിനാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ 'ജംഇയ്യത്തുസ്വലാത്തി അലന്നബിയ്യ്' എന്ന സംഘടനയാണ് നൈജീരിയയിലെ ഏറ്റവും വലിയ സാമൂഹിക മതകീയ സംഘടന. സംഘടനാംഗങ്ങള്‍ ഏക വേഷമണിഞ്ഞ് പ്രത്യേകതരം ചുവടുവെപ്പോടെ 'യാറബ്ബി സ്വല്ലി അലാ മുഹമ്മദ് ...' എന്ന സ്വലാത്ത് ആലപിച്ച് പഥയാത്ര നടത്തും. നമ്മുടെ നാടുകളില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള വളണ്ടിയര്‍ മാര്‍ച്ചുകള്‍ക്ക് സമാനമാണിത്. മുതിര്‍ന്നവരാണ് അന്നാടുകളില്‍ ഇങ്ങനെ മാര്‍ച്ച് നടത്തുന്നത്.
ഔദ്യോഗിക തലത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് നൈജീരിയയില്‍ പൊതുഅവധിയാണ്. ഈ ദിനത്തില്‍ രാഷ്ട്രനേതാക്കളും ഭരണകര്‍ത്താക്കളും പ്രത്യേക സല്‍ക്കാരങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നതും വാര്‍ത്താമാധ്യമങ്ങള്‍ വിവിധ മസ്ജിദുകളില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷപരിപാടികളുടെ ചിത്രങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതും പതിവാണ്.

മാലദ്വീപ്

     നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷം മാലിദീപില്‍ 'സുദിനം' എന്നര്‍ത്ഥം വരുന്ന 'ദൂന്‍ബ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ആ ദിവസം ജനങ്ങള്‍ പ്രവാചക പ്രകീര്‍ത്തനത്തില്‍ മുഴുകുകയും സന്തോഷ പ്രകടനത്തിന്റെ ഭാഗമായി ഒരുമിച്ച് കൂടി വമ്പിച്ചൊരാഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ താമസിക്കുന്നിടങ്ങളിലെല്ലാം മൗലിദ് ദിനാഘോഷം ഭംഗിയായി നടത്തപ്പെടുന്നു.

കെനിയ

      കെനിയയിലെ മുസ്‌ലിംകള്‍ വിശുദ്ധ റസൂല്‍ (സ) തങ്ങളുടെ പേരിലുള്ള മൗലിദ് പാരായണം നടത്തുന്നു. വര്‍ഷം മുഴുവനും ഓരോ ആഴ്ചയിലും തിങ്കളാഴ്ച രാവില്‍ മൗലിദ് പാരായണം ചെയ്യാനും പണ്ഡിതന്മാരില്‍ നിന്ന് പ്രവാചക ചര്യകളും ചരിതരങ്ങളും കേള്‍ക്കാനും പ്രവാചക പ്രകീര്‍ത്തന ഗാനങ്ങള്‍ ആസ്വദിക്കാനും അവര്‍ സമ്മേളിക്കും. ഹമ്പശീ മൗലിദും ബര്‍സന്‍ജി മൗലൂദുമൊക്കെ ഇവിടെ പാരായണം ചെയ്യപ്പെടാറുണ്ട്. നബി(സ)യുടെ പ്രകീര്‍ത്തനങ്ങള്‍ സ്ഥിരമായി കെനിയക്കാര്‍ നടത്തിവരുന്നു.

സ്പയിന്‍

     സ്‌പെയിനില്‍ റസൂല്‍(സ) തങ്ങളുടെ ജന്മദിനാഘോഷം അവിടത്തെ പ്രധാന ദിനങ്ങളിലൊന്നാണ്. ഈജിപ്ത്, വടക്കന്‍ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടതാണ് അവിടത്തെ ആഘോഷങ്ങള്‍. പതിനാലാം നൂറ്റാണ്ടില്‍ ഗ്രാനഡയില്‍ നടന്ന മൗലിദാഘോഷം രാത്രിയിലുടനീളം നീണ്ട് നിന്നു മഗ്‌രിബ് നിസ്‌കാരാനന്തരം ആരംഭിച്ച ആഘോഷ പരിപാടികള്‍ സമാപിച്ചത് സുബ്ഹി നിസ്‌കാരാനന്തരമാണ്. ഈ ഇടവേളയില്‍ പ്രത്യേകം സജ്ജീകരിക്കപ്പെട്ട വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. സ്‌പെയിനിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കൊണ്ട് വന്ന പഴങ്ങളും പനനീര്‍ വെള്ളവും സദ്യയെ ഗംഭീരമാക്കി. ചില സൂഫി ത്വരീഖത്തുകളില്‍ കാണപ്പെടുന്ന സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രിയുടനീളം ആഘോഷങ്ങള്‍ നീണ്ടു നിന്നത്. പ്രവാചക പ്രകീര്‍ത്തന സദസ്സുകളില്‍ അധികമായി താല്‍പര്യം കാണിക്കാറുള്ളത് സൂഫിയാക്കളാണ്.

യൂറോപ്പ്

      യൂറോപ്പിലെ ഏറ്റവും ആവേശജനകമായ ആഘോഷങ്ങളിലൊന്നാണ് ഉക്രൈനിലെ പ്രവാചക ജന്മദിനാഘോഷം ആഘോഷത്തോടനുബന്ധിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ കാര്‍മികത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ വലിയ ഓഡിറ്റോറിയങ്ങളിലാണ് നടക്കുക.

ഹോളണ്ട്

      ഹോളണ്ടില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മൗലിദാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. വലിയ ഓഡിറ്റോറിയങ്ങളില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികളില്‍ ഹോളണ്ടുകാര്‍ക്ക് പുറമെ തുര്‍ക്കികളും അറബികളും പാശ്ചാത്യരും അടങ്ങുന്ന വിവിധ നാട്ടുകാരായ മുസ്‌ലിംകള്‍ പങ്കെടുക്കുന്നു. ശ്രോതാക്കള്‍ക്ക് മുമ്പില്‍ പ്രവാചക ചരിതം വായിക്കപ്പെടുന്നതും വഴികളില്‍ പനനീര്‍ വിതരണം നടത്തപ്പെടുന്നതും അതിന്റെ കൂടെ വിശുദ്ധ റസൂല്‍ (സ)യുടെ ഹദീസുകള്‍ ഉല്ലേഘനം ചെയ്യപ്പെട്ട ലഘുലേഖകള്‍ നല്‍കപ്പെടുന്നതും ഈ ആഘോഷത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്. ഭക്ഷണം വിതരണം ചെയ്യാനും സാധുജനങ്ങള്‍ക്ക് സഹായ ധര്‍മങ്ങള്‍ നല്‍കാനും പ്രത്യേക സജ്ജീകരണങ്ങള്‍ അവിടെയുണ്ട്.

ചൈന

      ചൈനയിലെ മുസ്‌ലിംകള്‍ പ്രവാചക ജന്മദിനത്തെ പ്രധാന ഇസ്‌ലാമിക ആഘോഷമായി കൊണ്ടാടുന്നു. റബീഉല്‍ അവ്വല്‍ മാസത്തിലെ ഏത് ദിവസത്തിലും അവര്‍ മൗലിദാഘോഷം നടത്തും. അതിനോടനുബന്ധിച്ച് ആടുകളെയും പശുക്കളെയും അറുത്ത് അയല്‍വാസികള്‍ക്കും കുടുംബക്കാര്‍ക്കും മാംസ വിതരണം നടത്തപ്പെടുകയും ചെയ്യും. പരിപാടികളില്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ പങ്കെടുക്കാറുണ്ട്.

ഇന്ത്യ, ബംഗ്ലാദേശ്

     ഇന്ത്യയിലെ നബിദിനാഘോഷ ചരിത്രം പരിശോധിച്ചാല്‍ പ്രമുഖ നവോത്ഥാന നായകനായ അഹ്മദ് റസാഖാന്‍ ബറേല്‍വിയെ വിസ്മരിക്കാന്‍ കഴിയില്ല. മനുഷ്യത്വത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)യെ അദ്ദേഹം അങ്ങേയറ്റം ആദരിക്കകുയം ബഹുമാനിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ പ്രവിശ്യകളിലെ മുസ്‌ലിം നിവാസികള്‍ക്കിടയില്‍ നബിദിനത്തോടനുബന്ധിച്ച് നിലവിലുള്ളത് ബറേല്‍വിയുടെ പ്രവര്‍ത്തന ഫലമാണ്.

ബ്രിട്ടന്‍

      യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ മിക്ക ഭാഗങ്ങളിലും മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. പുണ്യമായ ഈ ദിനരാത്രങ്ങളില്‍ മിക്ക യൂറോപ്യന്‍ നാടുകളിലും സ്വലാത്ത് ചൊല്ലാനും ആഘോഷിക്കാനുമായി മുസ്‌ലിംകള്‍ പ്രത്യേകം സമ്മേളിക്കാറുണ്ട്. ബ്രിട്ടനില്‍ വിവിധ സംസ്ഥാനങ്ങള്‍ നബിദിനാഘോഷ സമ്മേളനങ്ങളും പ്രകീര്‍ത്തന സദസ്സുകളും സംഘടിപ്പിക്കാറുണ്ട്. മധുരപലഹാര വിതരണവും നടത്തും.

സ്വീഡന്‍

    നബിദിനം, പെരുന്നാള്‍, റമളാന്‍ തുടങ്ങി മതകീയാഘോഷങ്ങള്‍ കൊണ്ടാടാന്‍ സ്വീഡനിലെ മുസ്‌ലിംകള്‍ അതീവ തല്‍പരരാണ്. തങ്ങളുടെ കുട്ടികളെ ഇസ്‌ലാമിക വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായകമാവുമെന്നാണ് സ്വീഡനിലെ മുസ്‌ലിംകള്‍ മനസ്സിലാക്കുന്നു. ഇസ്‌ലാമിക സംസ്‌ക്കാരം തൊട്ടറിയാനും ശീലിക്കാനും ഉപകരിക്കുന്ന പരിപാടിയായി അവര്‍ മൗലിദ് ദിനം കാണുന്നു.
     സ്വീഡനിലെ പള്ളികളില്‍ ഖത്തീബുമാര്‍ ജുമുഅ ദിവസം പ്രവാചക പിറവിയുടെ തിരുസ്മരണകള്‍ നടത്താറുണ്ട്. തിരുപിറവിയിലെ അന്തസത്ത പിഞ്ചുമനസുകളില്‍ രൂഢമൂലമാക്കാന്‍ പിതാക്കന്‍മാരെ പ്രേരിപ്പിക്കുകയും ബോധവാന്മാരാക്കുകയും ചെയ്യുന്നു.
അറബിക് കോളെജുകളും, ഇസ്‌ലാമിക സ്ഥാപനങ്ങളും (പ്രത്യേകിച്ച് ഖുര്‍ആന്‍ ഹിഫ്‌ളിനും അറബി ഭാഷ പഠനത്തിനും പ്രേരിപ്പിക്കുന്ന) പ്രവാചക ജന്മദിനാഘോഷം കൊണ്ട് മുസ്‌ലിം സമൂഹത്തെ ഉല്‍ബോധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഫ്രാന്‍സ്

     ഫ്രാന്‍സില്‍ മൗലിദ് സദസ്സുകള്‍ വിപുലമായി സംഘടിപ്പിച്ച് പോരുന്നുണ്ട്. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫ്രാന്‍സിന്റെ എല്ലാഭാഗങ്ങളിലും പ്രവാചകപ്പിറവിയുടെ അനുസ്മരണ സദസ്സുകള്‍ സംഘടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
പാരീസിലെ ഗ്രാന്റ് മസ്ജിദില്‍ വ്യത്യസ്തപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അന്നാട്ടിലെ ഒരു നോട്ടീസ് ശ്രദ്ധിക്കുക.
    പ്രവാചകപ്പിറവിയുടെ സുദിനമായി റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനോടനുബന്ധിച്ച് പാരീസിലെ ഗ്രാന്റ് മസ്ജിദില്‍ ഭക്തിനിര്‍ഭരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 1428 റബീഉല്‍ അവ്വല്‍ 12 (2007 മാര്‍ച്ച് 31) ശനിയാഴ്ച ദിവസം ളുഹ്‌റ് മുതല്‍ അസര്‍ നിസ്‌കാരം വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു.

ഡെന്‍മാര്‍ക്ക്

      2008 മാര്‍ച്ച് 20-ാം തിയ്യതി ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മിന്‍ഹാജുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനത്തില്‍ നബി(സ)യുടെ ജന്മദിനം അതി വിപുലമായി ആഘോഷിച്ചു. ആ സ്ഥാപനത്തിലെ പള്ളിയുടെ അകത്തളങ്ങളില്‍ നബി(സ)യുടെ മദ്ഹ് ഗീതങ്ങളും വിശുദ്ധ ഖുര്‍ആന്റെ ശ്രാവ്യസുന്ദരമായ സൂക്തങ്ങളും പാരായണം ചെയ്യപ്പെട്ടു. ഡെന്‍മാര്‍ക്കില്‍ കാലങ്ങളോളം വിവാദം സൃഷ്ടിച്ച നബി(സ)യെ അപകീര്‍ത്തിപ്പെടുത്തിയ കാര്‍ട്ടൂണ്‍ പ്രശ്‌നത്തിനെതിരെ പണ്ഡിതന്മാര്‍ സംസാരിക്കുകയും വിശുദ്ധ ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന സത്യം വിളംബരം ചെയ്യുകയും ചെയ്തു. സമകാലിക ലോകത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ജിഹാദിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രവാചകനെയും പ്രവാചകാധ്യാപനങ്ങളെയുമറിയല്‍ കൊണ്ടാണ് ആത്മീകവും ഭൗതികവുമായ പ്രകാശം കരഗതമാവുകയെന്നും വ്യക്തമാക്കി. ജിഹാദ് കടന്നുകയറ്റമല്ലെന്നും ശാരീരിക ക്ഷമത കൈവരിക്കുന്ന ആത്മനിയന്ത്രണമാണെന്നും അവര്‍ പ്രഖ്യാപിച്ചു.

സ്വിറ്റ്‌സര്‍ലാന്റ്

    ജംഇയ്യത്തുല്‍ മശാരീഇന്റെ ആഭിമുഖ്യത്തില്‍, സ്വറ്റ്‌സര്‍ലാന്റിലെ 'ലോസന്ന' സിറ്റിയിലെ വലിയ ഓഡിറ്റോറിയത്തില്‍ മഹാസമ്മേളനം നടത്തുകയുണ്ടായി. ഇതിന്റെ ചില ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. അവതാരകന്റെ ഈ വാക്കുകള്‍ കൊണ്ടാണ് പരിപാടിക്ക് തിരശ്ശീല ഉയര്‍ന്നത്. ''സര്‍വസ്തുതിയും അല്ലാഹുവിന്, നമ്മെ വിശുദ്ധ ദീനുല്‍ ഇസ്‌ലാം കൊണ്ട് അവന്‍ അനുഗ്രഹിച്ചു, സൃഷ്ടികളില്‍ അത്യുത്തമനും നമ്മുടെ നായകനും കണ്‍കുളിര്‍മയുമായ മുഹമ്മദ് നബി(സ) തങ്ങളെകൊണ്ട് ഇസ്‌ലാമിനെ പ്രതാപ പൂര്‍ണമാക്കി. മുസ്‌ലിംകള്‍ നാമമാത്രമായ രാഷ്ട്രങ്ങളിലാണിതൊക്കെ എന്നുകൂടി ചേര്‍ത്തുവായിക്കണം.

ഇറ്റലി

    ഭംഗിയായി അലങ്കരിക്കപ്പെട്ട ഒരു മൈതാനിയില്‍ ഇറ്റലിയിലെ മിന്‍ഹാജുല്‍ ഖുര്‍ആന്‍ ഇന്റര്‍നാഷണല്‍ ഒരു മൗലിദാഘോഷം സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീ പുരുഷന്മാര്‍ക്ക് പുറമെ സജീവ സാന്നിധ്യമറിയിച്ച് ധാരാളം കുട്ടികളും ഇതില്‍ പങ്കെടുത്തിരുന്നു.
ഖുര്‍ആന്‍ പാരായണം പ്രവാചക പ്രകീര്‍ത്തനങ്ങള്‍, മദ്ഹ് ഗീതങ്ങള്‍, പിഞ്ചുകുട്ടികളുടെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാണിച്ച മാത്സര്യ ബോധം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഓസ്‌ട്രേലിയ
    മസ്ജിദുകളിലും വലിയ ഓഡിറ്റോറിയങ്ങളിലുമാണ് ആസ്‌ത്രേലിയയിലെ ജനങ്ങള്‍ നബി(സ)യുടെ ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ നബിദിനാഘോഷങ്ങളില്‍ ആയിരക്കണക്കിന് ആസ്‌ത്രേലിയന്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നു. പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ ഖുര്‍ആന്‍ പാരായണവും വ്യത്യസ്ത ഇസ്‌ലാമിക സംഘടനകള്‍ അവതരിപ്പിക്കുന്ന  മറ്റ് പരിപാടികളും ഉള്‍ക്കൊള്ളുന്നു.

ഗ്രീസ്

    ഗ്രീസിലെ നബിദിനാഘോഷങ്ങള്‍ക്ക് ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. ഇസ്‌ലാമിക ഗാനങ്ങള്‍ ആലപിച്ചു കൊണ്ടും തിരുന്നബി(സ) അപദാനങ്ങള്‍ പാടിയും അവര്‍ തലസ്ഥാനമായ ഏഥന്‍സിലെ സെന്റ് ഗാമ മൈതാനിയിലേക്ക് പുറപ്പെടുന്നു. അവിടെ സമ്മേളനിച്ചിരുന്നു.
അവിടെ വച്ച് അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ജമാഅത്തായി നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നു.

ഇന്തോനേഷ്യ

    ലോകജനസംഖ്യാനുപാദത്തില്‍ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ജനസംഖ്യയുടെ 80 ശതമാനവും മുസ്‌ലിംകളാണ്.
പ്രവാചക പ്രകീര്‍ത്തന സംഗമങ്ങള്‍ക്കും സദസ്സുകള്‍ക്കും ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് മുന്തിയ പരിഗണനയും പ്രാധാന്യവും നല്‍കി വരുന്നു. അന്നേദിവസം രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും പൊതുഅവധിയായിരിക്കും. മുസ്‌ലികള്‍ മീലാദിന്റെ സുദിനത്തില്‍ ഉല്‍സാഹത്തോടെയും ആവേശഭരിതരായും നബിദിനാഘോഷങ്ങളില്‍ പങ്കു കൊള്ളുന്നു. ഇന്തോനേഷ്യയിലെ നബിദിന പരിപാടികളില്‍ ലക്ഷകണക്കായ വിശ്വാസികള്‍ സംബന്ധിച്ച മൗലീദ് പാരായണം നടത്തുന്നത് ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. ''തലഅല്‍ ബദറു അലൈന............... എന്നു തുടങ്ങുന്ന വരികളും, മര്‍ഹബാ യാ നൂറഅൈനി................ എന്ന് തുടങ്ങുന്നവയും ഗദ് ഗദ് കണ്ഠരായി അവര്‍ ആലപിക്കുന്നു.

മലേഷ്യ

    അയല്‍രാഷ്ട്രമായ മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും മൗലിദ് ദിനാഘോഷം നടന്നുവരുന്നു. മലേഷ്യയില്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(ഖ.സി.)യുടെ സന്താനപരമ്പരയിലെ ശൈഖ് അഫിഫുദ്ദീന്‍ ജീലാനിയെ കൊലാലമ്പൂരില്‍ താമസിപ്പിച്ചു ആത്മീയ സദസ്സുകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. എല്ലാവര്‍ഷവും പ്രവാചക പ്രകീര്‍ത്തനസദസ് നടത്തുന്നു. മലേഷ്യയില്‍ മൗലിദ് പരിപാടികള്‍ക്ക് പോയാല്‍ ഭക്ഷണത്തോടൊപ്പം കൈമടക്കം ലഭിക്കും. എനിക്ക് ഒരു വീട്ടില്‍ നിന്ന് ഒരു മൗലിദ് പരിപാടിക്ക് ലഭിച്ചത് (2010ല്‍) 1000റിങ്കിറ്റ്(വെള്ളി) ഇന്ത്യയുടെ 16000രൂപയാണ്. ജോഹര്‍ ബാറു എന്നസ്ഥലത്തെ പൗരപ്രധാനിയുടെ വീട്.

സിംഗപ്പൂര്‍

    സിംഗപ്പൂരിലെ സദസ്സില്‍ സംബന്ധിക്കാനിടയായി. ധാരാളമാളുകള്‍ സംബന്ധിച്ചിരുന്ന അവിടെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുമുണ്ട്. കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുലൈല്ലി തങ്ങളും, സി.പി.ഇഖ്ബാലും സംബന്ധിച്ച സിങ്കപ്പൂരിലെ ബ്ലൂമോസ്‌ക്കില്‍ പ്രവാചക പ്രകീര്‍ത്തന പ്രസംഗം ഉണ്ടായിരുന്നു. പള്ളിയില്‍ രണ്ടു ഹുദവികളാണ് സേവനത്തിലുള്ളത്.

ഒമാന്‍

    2009ല്‍ ഒമാനിലെ സലാലയില്‍ അയ്യൂബ് നബി(അ)മിന്റെ മഖ്ബറയില്‍ സംഘടിപ്പിച്ച മൗലിദില്‍ സംബന്ധിക്കാനിടയായി. അറബി പ്രമുഖരും, ഗോത്രനേതാക്കളും പണ്ഡിതരും വിദേശ അതിഥികളും സംബന്ധിച്ച പരിപാടിയില്‍ ഒട്ടകത്തിന്റെ പാല്‍ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും നല്‍കിയിരുന്നു. വട്ടത്തിലുള്ള ഒരുപാത്രത്തില്‍ നിന്ന് ഒരാള്‍ക്ക് ശേഷം മറ്റൊരാള്‍ എന്ന ക്രമത്തിലാണ് കുടിക്കുന്നത്. മൗലീദ് പാരായണം കഴിഞ്ഞാണ് ഈ ചടങ്ങ്. ഭക്ഷണവും, മധുരപലഹാരവും, പിസ്തയും, ബദാമും, പഴങ്ങളും, കാവയും നല്‍കുന്നുണ്ട്. മസ്‌ക്കത്ത്, റൂവി, സീബ് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മൗലീദ് സദസ്സില്‍ ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്.

ഫ്‌ളോറിഡ

     2009ല്‍ ഫ്‌ളോറിഡയടക്കം നിരവധി അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന മൗലിദാഘോഷങ്ങളുടെ ധാരാളം വീഡിയോ ചിത്രങ്ങള്‍ യൂട്യൂബ് പോലോത്ത സൈറ്റുകളിലൂടെ ലോക ജനതക്ക് മുന്നില്‍ ദൃശ്യമാണ്. മസ്ജിദുന്നബവിയുടെയും കഅ്ബയുടെയും മറ്റു ഖുബ്ബകളുടെയും മാതൃകയില്‍ സജ്ജീകരിക്കപ്പെട്ട സ്റ്റേജുകളില്‍ പലവിധ വര്‍ണങ്ങളില്‍ അണിഞ്ഞൊരുങ്ങുന്ന കുട്ടികള്‍ മധുര ശബ്ദത്തില്‍ പുണ്യ നബിയെക്കുറിച്ച് 'മുഹമ്മദ് നബീനാ'എന്ന് തുടങ്ങുന്ന ഗാനമാലപിക്കുന്നു. അവിടുത്തെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ലോകത്തെല്ലായിടങ്ങളിലും മൗലിദ് പരിപാടികള്‍ നിലവിലുണ്ട്. സോഷ്യല്‍ മീഡിയകളിലും, മറ്റ് മാധ്യമങ്ങളില്‍ പരിപാടികള്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രവാചക കീര്‍ത്തനം സംബന്ധിച്ച് അനേകായിരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ലോക ക്ലാസിക് ഗ്രന്ഥമായി അറിയപ്പെടുന്ന ''മുഹമ്മദ് റസൂലുല്ലാഹ്'' ഒരു ഉദാഹരണം. മലയാള ഭാഷയിലും അനേക ഗ്രന്ഥങ്ങള്‍ വിരചിതമായിരിക്കുന്നു. ലോകത്ത് അധികം പറയപ്പെടുന്ന മനുഷ്യനാമം മുഹമ്മദ് നബി(സ)യുടെതാണ്. ലോകത്തിലെ അനേക ലക്ഷം പള്ളികളില്‍ നിന്ന് ഓരോ ദിവസവും അഞ്ച് നേരങ്ങളിലായി 10 തവണ മുഹമ്മദ് (സ) എന്നു ഉറക്കെ വിളിച്ചുപറയുന്നു. മൗലീദ് പരിപാടികളും, പ്രവാചക പ്രകീര്‍ത്തനങ്ങളും ലോകത്ത് എല്ലായിടങ്ങളിലും നടന്നുവരുന്നു. ലോക പ്രശസ്ത പ്രവാചക കീര്‍ത്തന കാവ്യഗ്രന്ഥം ഇമാംബൂസൂരിയുടെതാണ് (ഈജിപ്ത് ബുറുഉദാഅ്) ഇസ്‌ലാമിലെ പൂങ്കുയില്‍ എന്നറിയപ്പെടുന്ന ഹസന്ബ്‌നു സാബിത്ത് (റ) സഹാബിയും മദീനക്കാരനുമാണ്. പല വിദേശ രാജ്യങ്ങളിലും ചൊല്ലുന്നത് ബര്‍സന്‍ജീ മൗലീദാണ്.

സഊദി അറേബ്യ

    വിശുദ്ധമക്കയില്‍ ശൈഖ് മുഹമ്മദ് അലവി മാലിക് (ന:മ)ന്റെ മൗലീദ് മജ്‌ലിസില്‍ 2000ത്തില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. മണിക്കൂറുകള്‍ നീളുന്നതാണ് അവിടത്തെ മൗലീദ്. ''യാ നബി സലാം അലൈക്കും'' എന്നുതുടങ്ങുന്ന ഭാഗം കേരളീയരെ പോലെ എഴുന്നേറ്റ് നിന്നാണവര്‍ ആലപിക്കുന്നത്. ഇടക്കിടെ പനിനീര്‍ തളിക്കും. ഭക്തിപുരസ്സരം വലിയശബ്ദത്തില്‍ നിരവധി അറബികളും, വിദേശികളും സംബന്ധിച്ച് മൗലീദ് പരിപാടി അര്‍ദ്ദ രാത്രിയാണ് സമാപിച്ചത്. മധുരപലഹാരം, ഖഹ്‌വ, ഒട്ടകമാംസം ചേര്‍ത്തുണ്ടാക്കിയ ഖബ്‌സ (ഒരുതരം ബിരിയാണി) നല്‍കിയിരുന്നു. മൗലീദിന്റെ ഒരു ഏട് എല്ലാവര്‍ക്കും നല്‍കിയിരുന്നു. ഇടക്കിടെ ദുആയും, തവസ്സുലും ഉണ്ടായിരുന്നു. യു.എ.യിലെ അലിയ്യുല്‍ഹാശിമിയുടെ ബര്‍സന്‍ ജിമൗലീദ് സദസ്സ് ഏറെ പ്രസിദ്ധവും, വന്‍ജനാവലി സംബന്ധിക്കുന്നതുമാണ്. ഭൂമിയിലും, ഉപരിലോകത്തും പ്രകീര്‍ത്തിക്കപ്പെടുന്ന അത്വുല്‍കൃഷ്ട വ്യക്തിത്വമാണ് മുഹമ്മദ് നബി (സ).

ഇറാഖ്

    ഇറാഖിലുടനീളം നബിദിന പരിപാടികള്‍ നടന്നു വരുന്നുണ്ട്. ''സലീഖിലെ ഖലീല്‍പാഷ ഇമാം അബൂഹനീഫത്തുല്‍ കൂഫി(റ)വിന്റെ നാമധേയത്തിലുള്ള പള്ളിയില്‍ മൗലീദ് പരിപാടികളില്‍ ഭക്ഷണം വിതരണം നടത്തുന്നാവശ്യമായ വസ്തുവഹകള്‍ വഖഫ് ചെയ്തു വെച്ചിട്ടുണ്ട്. മൗലീദ് പരിപാടികളുടെ ആവശ്യത്തിന്നാണ് ഖലീല്‍ പാഷ വിശാലമായ സ്ഥലം വഖഫ് ചെയ്തത്.

എത്യോപ്യ

    40 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന എത്യോപ്യയില്‍ 80 മില്ല്യനിലധികമാണ് ജനസംഖ്യ 32 മില്ല്യന്‍. (1.60 കോടി മുസ്‌ലിംകള്‍)
റബീഉല്‍അവ്വല്‍ പിറക്കുന്നിന് മുമ്പ് എത്യോപ്യക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങും ബലിമൃഗങ്ങള്‍ അറുത്ത് ധാനം ചെയ്യുക സലാത്ത് പരിപാടികള്‍. മൗലീദ് പാരായണ സദസ്സുകള്‍ ഇതൊക്കെ നാടിന്റെ എല്ലാ ഭാഗങ്ങളിലും നടക്കും. പുതുവസ്ത്രങ്ങളിഞ്ഞ് പെരുന്നാള്‍ സുദിനം പോലെ കറുത്ത എത്യോപ്യക്കാര്‍ നബിദിനമാഘോഷിക്കുന്നത് അയല്‍വാസികളെയും, ക്രിസ്തീയരായ നാട്ടുകാരേയും വിളിച്ചു വരുത്തി സദ്യ നല്‍കുന്ന പതിവും ഉണ്ടവിടെ.

ജര്‍മനി

    ജര്‍മനിയിലെ ദാറുസ്സലാം പള്ളിയിലാണ് നബിദിനാഘോഷ പരിപാടികള്‍ നടത്തുന്നത്. ഈ പള്ളി പഴയകാലത്ത് ഒരു ക്രിസ്ത്യന്‍ ചര്‍ച്ചയായിരുന്നു. പിന്നീട് മുസ്‌ലിംകള്‍ വിലക്ക് വാങ്ങി പള്ളിയാക്കിയതാണ് ജര്‍മനിയില്‍ മുസ്‌ലിംകള്‍ ഏഴരലക്ഷത്തിലധികംവരും ഇവരില്‍ നല്ലൊരു വിഭാഗംബര്‍ലിനിലാണ് താമസം 2.50 ലക്ഷം.

ബഹ്‌റൈന്‍

     1979-1993 വര്‍ഷങ്ങള്‍ ഞാന്‍ ബഹ്‌റൈനിയില്‍ ഡിഫന്‍സ്‌ഫോഴ്‌സില്‍ ജോലിയിലായിരുന്നു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ വലിയ പള്ളി (മസ്ജിദുല്‍ഫാദില്‍) സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നബിദിന പരിപാടിനടക്കും. ശൈഖ് അബ്ദുല്ല അശീര്‍, ശൈഖ് അബ്ദുല്ല ഹസീം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പണ്ഡിതരും സംബന്ധിക്കും. 2010ല്‍ വെസ്റ്റ് റിഫയില്‍ നടന്ന വമ്പിച്ച നബിദിന സമ്മേളനത്തില്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. ബഹ്‌റൈന്‍ പ്രതിരോധ വകുപ്പ്മന്ത്രി മുഖ്യാഥിതിയായി സംബന്ധിച്ചു പ്രസംഗിച്ചു. ഗള്‍ഫുനാടുകളിലെ സുന്നികളുടെ കൂട്ടായ്മയായ സുന്നി സെന്റര്‍, ഇസ്‌ലാമിക് സെന്റര്‍, സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ്, സുന്നി ജമാഅത്ത് തുടങ്ങിയ വേദികളും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ലക്ഷദ്വീപുകള്‍, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളിലും നബിദിന പരിപാടികള്‍ ഉജ്ജ്വലമായി ആഘോഷിച്ചു വരുന്നു.
    (അധികവായനക്ക്: ത്വരീഖുല്‍ ഇഹ്തിഫാല്‍ ബിമൗലീദിന്നബിയ്യി വമളാഹിറുഹു ഫില്‍ ആലം - ശൈഖ് മുഹമ്മദ് ഖാലിദ് സാബിത്ത് ഈജിപ്ത് എഡിറ്റര്‍ - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അസാസ് ബുക്ക് സെല്‍)

സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വസല്ലം

2 comments:

  1. ആഘോഷ ദിവസങ്ങളിൽ കലാ പരിപാടികളും അല്ലാത്ത ദിവസങ്ങളിൽ കലാപ പരിപാടികളും. കഴിഞ്ഞ കുറെ ദിവസങ്ങളായി രാവിലെ കാറിൽ ന്യൂസ്‌ വച്ചു കൊണ്ട് ആണ് ഓഫീസിൽ പോകുന്നത്. അറേബ്യൻ നാടുകളിൽ എവിടെ എങ്കിലും കലാപത്തിൽ ആളുകള് കൊല്ലപ്പെടാത്ത ഏതെങ്കിലും ദിവസം ഉണ്ടോ എന്ന് സംശയമാണ്. പലതും മതത്തിനെ പേരിൽ. സമാധാനം എന്ന സാധനം മുസ്ലീമിൽ കാണാനില്ല.

    ReplyDelete
  2. കലാപത്തിനും, കലഹത്തിനും ''മതം'' ഇല്ല-
    തമ്മാടികള്‍ എല്ലാ സമുഹത്തിലും, കാലങ്ങളിലും ഉണ്ടായിരുന്നു. നന്മകള്‍ തടയലാണവരുടെ ലക്ഷ്യം. ലോക രാഷ്ട്രങ്ങളില്‍ പലയിടങ്ങളിലും കലാപങ്ങള്‍ നടക്കുന്നു. മ്യാന്‍മാര്‍, ശ്രീലങ്ക, ചില ആഫ്രിക്കന്‍ നാടുകള്‍ ചില അറബ് രാഷ്ട്രങ്ങള്‍. ഇതിലധികവും വംശീയമാണ്.
    മിഡില്‍ ഈസ്റ്റില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വംശീയവും, ദേശീയവുമായ വര്‍ഗ്ഗീയ ചിന്ത, ഗ്രോത്രങ്ങള്‍ തമ്മിലുള്ള പിണക്കം ഇതൊക്കെ അമര്‍ച്ച ചെയ്യാന്‍ മതം ശ്രമങ്ങള്‍ നടത്തുന്നു. ചെറിയ പുരോഗതികള്‍ നേടീടുമുണ്ട്.
    അറേബ്യന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍, ബ്രൂണെ, മലേഷ്യ, ഇന്ത്യോനേഷ്യ തുടങ്ങിയ അനേകം മുസ്‌ലിം രാഷ്ട്രങ്ങള്‍ താരതമ്യേനെ ശാന്തമാണ്.
    നമ്മുടെ മാറ്റര്‍ ഇതാണ്.
    1. മുഹമ്മദ് നബി(സ) വ്യക്തിത്വം, സ്വാധീനം.
    2. ദര്‍ശനം, പ്രായോഗികം, പ്രതിഫലനം.

    ReplyDelete