Friday 3 January 2014

ലാത്തി

   പോലിസുകാരുടെ ഐഡന്റിറ്റി എന്താണെന്നു ചോദ്യമുയര്‍ന്നാല്‍, ആദ്യം വരുന്ന മറുപടി ലാത്തി എന്നായിരിക്കും..!
    പോലിസിന്റെ കൈയിലുള്ള വടി പുല്ലാങ്കുഴലല്ലെന്ന പ്രസിദ്ധമായ ഒരു കമന്റുണ്ട്.  എന്നുവച്ചാല്‍, വായിക്കാനല്ല, ഒന്നാംതരം അടി കൊടുക്കാനുള്ളതാണെന്ന് സാരം.
    ലാത്തിച്ചാര്‍ജ് എന്നു കേള്‍ക്കാത്ത പഴയ നാളുകള്‍ കുറവായിരുന്നു.  ഇപ്പോള്‍, പോലിസടി കുറവാണ്.  സമരം കുറഞ്ഞു. പിക്കറ്റിങ് കുറഞ്ഞു. ധര്‍ണയും കുറവായി. ഇപ്പോള്‍ സര്‍വസാധാരണ കല്ലേറാണ്- സമരക്കാര്‍ പോലിസിനു നേരെ, പോലിസ് സമരക്കാര്‍ക്കു നേരെ.
    ഭരണത്തില്‍ ആഭ്യന്തരം തലവേദന തീര്‍ക്കുന്ന പോലെ, ആഭ്യന്തരം ഉപയോഗിച്ചാണു ഭരണം നിലനിര്‍ത്തുന്നതും പലരെയും നിലക്കു നിര്‍ത്തുന്നതും.  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന യു.ഡി.എഫിലെ പ്രധാന പ്രശ്‌നം പോലിസായിരുന്നു.
    തിരുവഞ്ചൂര്‍ എതു ഗണത്തില്‍ പെടും എന്നറിയില്ലെങ്കിലും എന്‍.എസ്. എസ്സിനു സ്വീകാര്യനായിരുന്നു.  ദണ്ഡപാണിയെ വച്ച് വ്യാജ മുടി വ്യാജമല്ലെന്ന ധ്വനി വരുന്ന സത്യവാങ്മൂലം കൊടുപ്പിച്ച വിരുതനുമായിരുന്നു.  ഏതായാലും, ആഭ്യന്തരം കൈകാര്യം ചെയ്ത രാധാകൃഷ്ണനു പാര്‍ട്ടിയുടെ ലാത്തിക്കു മുമ്പില്‍ കീഴടങ്ങേണ്ടിവന്നു.

    ഹൈക്കമാന്റിന്റെ ഹൈ കമന്റ് അല്‍പം നേരത്തേ വന്നിരുന്നെങ്കില്‍ പി.സി. ജോര്‍ജിന്റെ കമന്റുകള്‍ ലോ കമന്റുകളാക്കാന്‍ കഴിഞ്ഞേനെ എന്നൊരു സത്‌വിചാരം പലര്‍ക്കുമുണ്ട്.
യു.പി.എ അധ്യക്ഷ സോണിയാജി, എ.ഐ.സി.സി പ്രസിഡന്റ് സോണിയാജി, വൈസ് പ്രസിഡന്റ് രാഹുല്‍ജി. ഇങ്ങനെയുള്ള വിശേഷണങ്ങളാണു ഹൈക്കമാന്റിന്റെ അന്തസ്സത്ത.  അല്‍പം നേരത്തേ ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരും ചേര്‍ന്നു കാര്യങ്ങള്‍ ഒതുക്കിത്തീര്‍ത്തിരുന്നുവെങ്കില്‍ പോലിസിന്റെ ലാത്തി രാധാകൃഷ്ണന്റെ മുതുകത്ത് പതിക്കില്ലായിരുന്നു.
    സത്യം കണ്ണടച്ച് അവഗണിച്ച് കോഴിക്കോട്ടങ്ങാടിയിലെ ഒരു വ്യാജ കേന്ദ്രത്തിന്റെ സംരക്ഷകനായി അവതരിച്ചപ്പോള്‍തന്നെ കേരളം ഗുരുത്തക്കേട് മണത്തതാണ്.  കളി സമസ്തയോടായാല്‍ കാര്യം കുഴയും. മാറ്റിക്കൊടുത്തോളാമെന്ന് ഉറപ്പു പറഞ്ഞിട്ടും മാസങ്ങള്‍ ഉന്തിത്തള്ളി ഉരുട്ടി കൊണ്ടുപോയി, അവസാനം നില്‍ക്കക്കള്ളിയില്ലാതെയാണ് കോടതിയില്‍ തിരുത്തല്‍ കൊടുത്തത്. പാഠം പഠിച്ചാല്‍ മതിയോ, പുസ്തകം തന്നെ പഠിക്കെണ്ടേ..?
2014 ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് ചങ്കിടിപ്പു വര്‍ധിപ്പിക്കുന്ന വര്‍ഷമാണ്.  നരേന്ദ്രമോഡി വരുമെന്ന വിചാരത്തിലല്ല ചങ്കിടിപ്പ്.  അതിനേതായാലും സാധ്യത നന്നേ കുറവാണ്.  ബി.ജെ.പി ഒരുപക്ഷേ മോഡിയുടെ അക്കൗണ്ടില്‍ പിടിച്ചുനിന്നേക്കാം.  വിഷയം അതല്ല, സാധാരണക്കാരന്‍ (ആം ആദ്മി) ഒരാവേശമാകുമോ എന്നാണു ഭയം. അങ്ങനെ വന്നാല്‍ ഏറ്റവും വലിയ പരിക്കുപറ്റുക കോണ്‍ഗ്രസിനാണ്.  കാരണം, സകല പാര്‍ട്ടികളിലേക്കും റിക്രൂട്ടിങ് നടക്കുന്നത് കോണ്‍ഗ്രസില്‍ നിന്നാണല്ലോ.
    മറ്റു  പാര്‍ട്ടികള്‍ക്ക് ചെറുമട്ടത്തില്‍ പരിക്കു പറ്റുമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയും.  കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഒലിച്ചുപോയതു പോലെ സാധാരണക്കാരുടെ മുന്നേറ്റത്തില്‍ ഒലിച്ചുപോകുമോ എന്നാണ് ആശങ്ക.  അങ്ങനെ സംഭവിച്ചാല്‍ മതേതര ഭാരതത്തിന് അങ്ങനെ വന്നാല്‍ നഷ്ടമാണെന്നുറപ്പ്.
    ഒരു മത പാക്ഷികത്തിന് ഈമാതിരി ദുര്‍ചിന്ത എന്തിനാണെന്നു ചിലരെങ്കിലും പറയാതിരിക്കില്ല.  നല്ല ഒരു രാഷ്ട്രം. മികച്ച ഒരു ഭരണഘടന. എണ്ണിയാല്‍ തീരാത്ത വിഭവം. സ്വാതന്ത്ര്യം കിട്ടി ഏതാണ്ട് 67 വര്‍ഷം കഴിഞ്ഞു.  മുസ്‌ലിങ്ങളാതി മത ന്യൂനപക്ഷങ്ങളും ദളിതരും ഇപ്പോഴും അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ക്ക് ഉത്തരവാദികളില്‍ ഒന്നാമത് കോണ്‍ഗ്രസ് തന്നെയല്ലേ..?
    പള്ളി പൊളിച്ചത് കല്ല്യാണ്‍സിങ് (ബി.ജെ.പി).  അന്നേരത്ത് ഹനുമാന്‍ പൂജക്ക് സ്വകാര്യ മുറിയില്‍ കയറി കതകടച്ചിരുന്ന നരസിംഹ റാവു പ്രധാനമന്ത്രിയും ഹൈക്കമാന്റും ഒക്കെയായിരുന്നുവല്ലോ.  മാറ്റിയെടുക്കാന്‍ ശ്രമിക്കാമായിരുന്നു.  അതുണ്ടായില്ല. ഒറ്റയടിക്കു മാറ്റാനാവില്ലെങ്കിലും ശ്രമിക്കാമായിരുന്നു.
    ഭാരതത്തിലെ 80 കോടി ജനങ്ങളുടെ ശരാശരി പ്രതിദിന വരുമാനം 20 രൂപയാണെന്നറിയണം.  അതായത്, നാം അതിവേഗം ബഹുദൂരം പിറകിലാണെന്നു സാരം.
മുസാഫര്‍ നഗറില്‍ അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആണെന്നു പത്രം.  അവിടെ കമ്പിളി പുതപ്പ് പോയിട്ട് കാലിച്ചാക്ക് പോലും കൊടുക്കാതെ തണുത്തു വിറങ്ങലിച്ചു മരിച്ച പിഞ്ചു കുഞ്ഞുങ്ങളെ ഓര്‍ത്തു വേവലാതിപ്പെടാന്‍ അഭിഷേക് യാദവിനു പാകമായ പക്വത വന്നിട്ടില്ലായിരിക്കാം.  എന്നാല്‍, ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസിനെങ്കിലും അല്‍പം ദയ തോന്നി കുറച്ചു കമ്പിളി പുതപ്പ് സംഘടിപ്പിച്ചു കൊടുക്കാമായിരുന്നു.
    വീട്ടുവേലക്കാരിയോട് നിയമവുരുദ്ധമായി പെരുമാറിയതിനാല്‍ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിക്കെതിരെ കേസ്സെടുത്തു.  ഇന്ത്യ കുലുങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ.  വേണം നമുക്ക് ഈ മാതിരി ആത്മാഭിമാനവും പൗരസ്‌നേഹവും അന്തസും.  ഡല്‍ഹിയിലെ യു.എസ് എംബസിയിലെ സംരക്ഷണ സൗകര്യം (ബാരിക്കേഡ്) നീക്കി നാം കാണിച്ച പ്രതികരണ സ്വഭാവം മാധ്യമങ്ങള്‍ പോലും രണ്ടുനാള്‍ ആഘോഷിച്ചു.  ഒരു മതത്തില്‍ വിശ്വസിച്ച ഏക കാരണം കൊണ്ട് മുസാഫര്‍ നഗറില്‍ മൃഗീയമായി വേട്ടയാടപ്പെട്ടവരോട് നാം സ്വീകരിച്ച സമീപനം പഠിക്കുമ്പോള്‍ മുലായംസിങ് യാദവിന്റെ പാര്‍ട്ടിയോടും മകനോടും മാത്രമല്ല കേന്ദ്ര ഭരണകൂടത്തോടും നമുക്ക് മതിപ്പു കുറയുന്നുണ്ട്.
    തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസിദ്ധമായ ഒരു ചൊല്ല് ഓര്‍ക്കുന്നുണ്ടാവും-പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന്. സമസ്തയെ അവഹേളിച്ചതിനു കിട്ടിയ സമ്മാനമായി വേണം ഈ അവഹേളനം കണക്കാക്കാന്‍. നന്നാവാന്‍ ഇനിയും സമയമുണ്ട്. ശ്രമം തുടരുക. അതാണല്ലോ സാധ്യതയുടെ കലയായ രാഷ്ട്രീയത്തിന്റെ മുഖ്യം.

1 comment:

  1. മതിപ്പ് തോന്നുന്നതൊന്നും ഭരണപക്ഷത്തുനിന്ന് ഉണ്ടാകുന്നില്ല. ഉണ്ടായിട്ടുമില്ല

    ReplyDelete