Thursday 23 January 2014

സഹിഷ്ണുത- അഹിംസ

    ഒഞ്ചിയം പോയകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗ്രാമമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോലും വേറെയൊരു പാര്‍ട്ടിയുടെ അനൗണ്‍സ്‌മെന്റ് വാഹനം പ്രവേശിക്കാന്‍ അനുവദിക്കാത്ത ഭദ്രമായ പാര്‍ട്ടിഗ്രാമം.(?)
     എവിടെ നോക്കിയാലും ചെഞ്ചായം മാത്രം. നാടാകെ പരന്നുകിടക്കുന്ന കൊടി തോരണങ്ങള്‍, സ്തൂപങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, പത്രം വരെ ദേശാഭിമാനി മാത്രം. ടി.വി. ചാനലുകള്‍ വ്യാപകമാകുന്നതിന് മുമ്പ് വിവരവകാശം നിഷേധിക്കപ്പെട്ട വെള്ളരിക്കാപട്ടണം. 
     പാടങ്ങളില്‍ പണിയെടുക്കുന്ന കോതമാര്‍ പോലും പാടിയത് പാര്‍ട്ടിപ്പാട്ട് മാത്രം. ഘനംവച്ചു കനപ്പിച്ച വിപ്ലവ കവിതകള്‍, ചെഗുവേരയും ലെനിനും സ്റ്റാലിനും മാവോയും സുപരിചിതര്‍. എന്നാല്‍, ആധുനിക ഭാരതത്തിന്റെ ശില്‍പികളോ രാഷ്ട്ര പിതാവ് തന്നെയോ അന്നാട്ടിലധികം അറിഞ്ഞു തുടങ്ങിയില്ല. അതാവാം 'അസഹിഷ്ണുതയും ഒരു തരം ഹിംസയാണെന്ന മഹാത്മാവിന്റെ മതം അവര്‍ക്കറിയാതെ വന്നത്. 

    തെരഞ്ഞെടുപ്പായാല്‍ മിക്ക ബൂത്തിലും മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്ക് 90 ശതമാനത്തിലധികം വോട്ടുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് കിട്ടുന്ന നക്കാപിച്ച വോട്ടുകള്‍ ചെയ്യുന്നതും പാര്‍ട്ടി സഖാക്കള്‍. ബൂത്തില്‍ വേറെ പാര്‍ട്ടിക്കളുടെ ഏജന്റിനിരിക്കാന്‍ അവകാശമില്ല. അഥവാ ഇരുന്നാല്‍ ഒന്നാം ഘട്ടം കരണം പുകയുന്ന അടി. വഴങ്ങിയില്ലെങ്കില്‍ നായിക്കൊരണമുതല്‍ നാടന്‍ ബോംബുവരെ. 
    കെ.സുധാകരന്‍ കണ്ണൂരായതിനാല്‍ വടകരയുടെ ഉള്‍ഭാഗം അങ്ങനെ സര്‍വാധിപത്യവാഴ്ച സി.പി.ഐ.(എം) തുടര്‍ന്നു. അതിനിടയിലാണ് ഭരണഘടന ഭേദഗതി വരുത്തി രാജീവ് ഗാന്ധി പഞ്ചായത്ത് രാജ്‌നിയമം കൊണ്ടുവന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചില അധികാരങ്ങളും ഫണ്ടും വന്നുചേര്‍ന്നു. അതിന്റെ ഭാഗമായി കിട്ടിയ തുരിശില്‍ നിന്നാണത്രെ ഒഞ്ചിയത്തെ പ്രശ്‌ന തുടക്കം. തുരിശില്‍നിന്ന് തുടക്കം പാര്‍ട്ടിക്ക് കുരിശായെന്ന് ഒടുക്കും. 
    പാര്‍ട്ടി പറഞ്ഞവര്‍ക്കോ പാര്‍ട്ടിതാല്‍പര്യത്തിനോ അനുസരിച്ചല്ല ടി.പി. ചന്ദ്രശേഖരന്‍ എന്ന പ്രാദേശിക പാര്‍ട്ടി നേതാവ് തുരിശ് നല്‍കിയത്. മറിച്ചുവിറ്റെന്നും മറ്റും പ്രചാരണം നടന്നു. നാട്ടുകാര്‍ക്കിടയില്‍ നല്ല പ്രതിച്ഛായയും സ്വാധീനവും നേടിയ നല്ല പെരുമാറ്റ വിദഗ്ധനായ ഈ മികച്ച പാര്‍ട്ടി കേഡര്‍ പലരെയും മറികടക്കുമോ എന്ന ശങ്ക(ഭയാശങ്ക) ചിലര്‍ക്കൊക്കെ ഉണ്ടായി. 
ഭാരവാഹികള്‍ എന്നാണ് സംഘടനാ നേതാക്കളെ പൊതുവില്‍ പറയുന്നതെങ്കിലും ഇക്കാലത്ത് അത് 'പാരവാഹികള്‍'  എന്ന് തിരുത്തി പറയേണ്ടിവരികയാണ്. ഓരോ കസേരകള്‍ക്കും പിറകെ നല്ല ക്യു നിലവില്‍വരുന്നു. മരിച്ചുകിട്ടിയാല്‍ മികച്ച പദ സമ്പത്തിലൊരു  അനുശോചനം. പിന്നെ കസേരയില്‍ കയറിയിരിക്കാനാണ് പലര്‍ക്കും തിടുക്കം. സംഘടനകളില്‍ റിട്ടേര്‍ഡ്‌മെന്റില്ലാത്തതിനാല്‍ പുതുമുഖങ്ങള്‍ പെടുന്നപാട് ചെറുതല്ല. ഒരുതരം അവസരനിഷേധികളാണ് കടല്‍ കിഴവന്‍മാരെന്ന് പുതിയ തലമുറകള്‍(?) വിശ്വസിക്കുന്നു. കഴിവുള്ളവരെ മാത്രമല്ല പ്രായമുള്ളവരെയും സംഘടനാ രംഗത്ത് പലരും ഇഷ്ടപ്പെടുന്നില്ല. അസഹിഷ്ണുതയെന്ന ഹിംസ വളര്‍ന്നുവരികയാണ് ഫലം. മതസംഘടനയില്‍ പോലും ഇത്തരം പാരവാഹികള്‍ കടന്നുകൂടിയത് പിടിക്കപ്പെടാന്‍ വൈകിയതാണ് മുടിക്കച്ചവടക്കാരും പാത്രക്കച്ചവടക്കാരും പിറക്കാനിടയായത്. 
ഏതായാലും ടി.പി. ചന്ദ്രശേഖരന്‍ വളര്‍ന്നുവലുതായി നേതാവായി. പാര്‍ട്ടിയായി കുലം കുത്തിയായി നല്ല കമ്മ്യൂണിസ്റ്റായി. അവസാനം വിമതനായി അങ്ങനെ ആര്‍.എം.പിയായി. വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഫലം മുല്ലപ്പള്ളി പാര്‍ലിമെന്റ് അംഗമായി. ഇതൊന്നും സഹിക്കാനുള്ള സഹനശക്തി സി.പി.എമ്മിനിനല്ലാതെ പോയി. പഴയകാലത്ത് പരിപ്പ് വടയും കട്ടന്‍ചായയും ദഹിക്കാനുള്ള ദഹനശക്തി മതിയായിരുന്നു. ഇപ്പോള്‍ മട്ടന്‍ബിരിയാണിയും ചിക്കന്‍ കബാബും പെപ്പ്‌സിക്കോളയും ദഹിക്കാനുള്ള ദഹനശക്തി സഖാക്കള്‍ക്ക് വേണം. അപ്പോള്‍ സ്വാഭാവികമായും സഹനശക്തിയുടെ ഗ്രാഫ് താഴുകയല്ലാതെ മറ്റെന്തു വഴി. 
തുടര്‍ന്നുണ്ടാവുന്ന പരിണാമ പ്രവര്‍ത്തിയാണ് ഗൂഡാലോചന. ഇതിന് പാരപണിയുക എന്നാണ് സംഘടനാ രംഗത്തെ അടക്കം പറച്ചിലുകള്‍. കഴിവുള്ളവര്‍ വരട്ടെ. വളരട്ടെ എന്ന സദ്‌വിചാരമില്ലായ്മയുടെ ഉല്‍പ്പന്നമാണ് ഇന്ന് കാണുന്ന സംഘടനാ പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഏതെങ്കിലുമൊക്കെ നിറങ്ങള്‍ ചേര്‍ത്തു ഒരു കൊടി തട്ടിപ്പടച്ചുണ്ടാക്കി നാട്ടുകാര്‍ക്ക് മുമ്പില്‍ ഒരാശയം പറഞ്ഞുപരത്തി പാര്‍ട്ടികള്‍ ഉണ്ടാക്കുന്നതിന്റെ പിന്നില്‍ അവസരനിഷേധം വില്ലനാണെന്ന് ഉറപ്പിച്ചുപറയാനാവും. ടി.പി. ചന്ദ്രശേഖരനെ 52 വെട്ടുകള്‍ കൊണ്ടാണില്ലാതാക്കിയതെന്ന കാര്യത്തില്‍ പോലീസിനോ നാട്ടുകാര്‍ക്കോ പാര്‍ട്ടികള്‍ക്കോ കോടതിക്കോ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ഈ മഹാപാതകം ചെയ്തവര്‍ 12 പേര്‍ മാത്രമാണെന്ന് കോടതിവിധിയുടെ ഗുണപാഠം(?) പാരപണിഞ്ഞവര്‍(ഗൂഡാലോചന) മൂന്ന്. ബാക്കി ഒമ്പതുപേര്‍ കൊലയാളികളും സഹായികളും.
നമ്മുടെ നീതി ബോധവും സാമാന്യബോധവും വെല്ലുവിളിക്കപ്പെടുകയാണ്. എഫ്.ഐ.ആര്‍. മുതല്‍ തൊണ്ടി വസ്തുക്കള്‍ ശേഖരണം തുടങ്ങി അന്വേഷണവും വാദവുമക്കെ ഇഴയുമ്പോള്‍ സംഭവിക്കുന്നതാണ് ഈ മാതിരി അബദ്ധങ്ങള്‍. കോടതിയുടെ മുമ്പിലെത്തുന്ന തെളിവുകളുടെ പിന്‍ബലത്തിലല്ലേ വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയൂ. കനത്ത ഫീസ് നല്‍കി വലിയ ശമ്പളവും നല്‍കി പൊതുഖജനാവ് തുറന്നുവച്ച് നടത്തിയ കാടിളക്കിയ ചന്ദ്രശേഖരന്‍ വധ അന്വേഷണവും ഗൂഡാലോചനാ അന്വേഷണവും വഴി സത്യം പൂര്‍ണാര്‍ത്ഥത്തില്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞോ ഇല്ലയോ എന്ന് ഇനി അറിയാന്‍ ഒരുപക്ഷെ മേല്‍കോടതി വിധി വരെ കാക്കേണ്ടിവരും. 
ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു  ബ്രീട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി പ്രഭുവുമായി ഒരു മണിക്കൂറിലേറെ ടെലിഫോണില്‍ സംസാരിച്ചു. ഫോണ്‍ വെക്കാന്‍ നേരത്ത് നെഹ്‌റു ചോദിച്ചു: ''ഞാന്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് മനസ്സിലായല്ലോ.'' അപ്പോള്‍ ആറ്റ്‌ലി പ്രഭുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''കാര്യങ്ങള്‍ മനസ്സിലായി, പക്ഷെ, സംസാരിച്ചത് ആരാണെന്ന് മാത്രം മനസ്സിലായില്ല.'' ഇതാണ് വര്‍ത്തമാനത്തിന്റെ ഒരു ദുരന്തരം. അറിയേണ്ടവര്‍ അറിയേണ്ടത് അറിയേണ്ട വിധം അറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞതായി നടിക്കുന്നില്ല. സഹിഷ്ണുത അതാണ് പൈതൃക സ്വത്തായി സംരക്ഷിക്കേണ്ടത് ''നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റേതും(വി.ഖുര്‍ആന്‍)

No comments:

Post a Comment