Monday 8 April 2013

''രാജ ഭരണത്തിന്റെ പുനരവതരണം''


ബ്രട്ടന്‍ ഭാരതം കീഴടക്കുമ്പോള്‍ 500ലേറെ നാടുവാഴികള്‍ ഉണ്ടായിരുന്നു. ചെറുതും വലുതുമായ ഈ ഭരണാധികാരികള്‍ പ്രജകള്‍ക്ക് മേല്‍ രണ്ടുതരം ഭാരം കയറ്റിവെച്ചിരുന്നു.
ഒന്ന്. നികുതി ഭാരം
രണ്ട്. പാരതന്ത്ര്യം
ഉപ്പിന്, കടുകിന്, വയറിലുള്ള കുട്ടിക്ക് പോലും നികുതി ചുമത്തി അധികാരിയേയും, കോല്‍ക്കാരെനെയും ഉപയോഗിച്ച് നികുതി വസൂലാക്കി പ്രജകളെ നിത്യദരിദ്രരാക്കി അടക്കി വാണരുളിയ കാലം.
രാജാവും, പട്ടമഹിഷിയും, കുഞ്ഞുകുട്ടികളും, കൂട്ടക്കാരും സുഖമായി കഴിഞ്ഞു. അവരുടെ താമസ സ്ഥലങ്ങള്‍ ''ഇടങ്ങളായി'' അറിയപ്പെട്ടു അങ്ങനെ ഇടത്തില്‍ ഉണ്ടായി. പള്ളിയുറക്കം കൊട്ടാരങ്ങളിലായി, മുഖം കാണിക്കല്‍ ദര്‍ബാറില്‍. നിര്യാതനാകുന്നതിന് പകരം തീപ്പെടലായി. മിന്നുകെട്ടാന്‍ സ്വയംവരമായി.
കാലിലും, കൈയിലും സ്വര്‍ണത്തളകളും, രത്‌നം പതിച്ച കിരികിടവും സിംഹാസനവും എഴുന്നുള്ളത്തിന് പട്ടാളക്കാരായ നായര്‍ വാല്യാക്കാരും, തളിര്‍ വെറ്റിലയും, ശുദ്ധ പശുവിന്‍ വെണ്ണയും എണ്ണം പറഞ്ഞു ഗന്ധകശാല- ആനക്കൊമ്പര്‍ അരിയുടെ ചോറും, കുറിയരി കഞ്ഞിയും, വേട്ടയാടി കൊണ്ടുവരുന്ന മാന്‍ - കാട്ടുപൊത്ത്, പന്നിയാതി മൃഗങ്ങളുടെ മാംസവും പുലി-നരിത്തോല്‍ വിരിച്ച കിടപ്പുമുറികളും നല്ല ഒന്നാം തരം കരിവീരന്മാര്‍ അകംമ്പടിക്കും-പിന്നെ കതിനാവെഡി, പീരങ്കിവെടി, കുരുത്തോല ചാര്‍ത്തിയ വഴികളില്‍ പതിനേഴ്കാരികള്‍ അണിനിരന്ന താലപ്പൊലി- അങ്ങനെ ഫ്യൂഡലിസത്തിന്റെ ഭീമത്സം. പാട്യാല മഹാ രാജാവിന് അനേകമന്തപുരങ്ങള്‍ അവിടെഅനേകം പട്ടമഹിഷികള്‍. അങ്ങനെ നെറികേടുകള്‍.

വെട്ടംവരും മുമ്പുണര്‍ന്നു പാടത്ത് കാളകള്‍ക്കൊപ്പം ചളിയില്‍ സൂര്യാസ്തമനംവരെ എല്ല് മുറിയെ പണിയെടുത്തുവളര്‍ത്തിയെടുത്ത നെല്ല്. ഓണക്കൊയത്ത്(പൊന്നുചിങ്ങമാസം) കഴിഞ്ഞാല്‍ വിഹിതം അളന്നെടുക്കാന്‍ രാജാവിന്റെ പ്രതിനിധിയെത്തും. കര്‍ഷകനും, കര്‍ഷകത്തൊഴിലാളിക്കും കണ്ണുനീരും, പട്ടിണിയും അവഹേളനവും മാത്രം ബാക്കി.
ബ്രട്ടന്‍, പോര്‍ചുകീസ്, ഫ്രഞ്ച് അധിനിവേശ കാലത്തും ജന്മി ജമ്മിയ്യായി നിലനിര്‍ത്തി. മലബാര്‍ കലാപം ''മാപ്പിള'' കലാപമാക്കി അവതരിപ്പിക്കാന്‍ നല്ല വോളിയത്തില്‍ ഒച്ച വെക്കുന്നവര്‍ കലാപകാരികള്‍(?) എന്ന് പരിചയപ്പെടുത്താനാണ് തിടുക്കം കാട്ടിയത് യഥാര്‍ത്ഥ വിപ്ലവകാരികളായിരുന്നു എന്നത് മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.
ഏതായാലും കാലം മാറി ജനാധിപത്യം വന്നു. മാറ്റമുണ്ടയോ? എന്ന് നിരീക്ഷിക്കുമ്പോള്‍ തെല്ല് ശങ്കകള്‍ ബാക്കിവരുന്നു. 
ഭാരതത്തിന് ഇപ്പോഴും ഒരു മെയിന്‍ രാജാവ് പിന്നെ കുറെ ഉപരാജാക്കന്മാര്‍ സഹായികളായി അഞ്ഞൂറിലധികം മന്ത്രിമാര്‍ ഇവരുടെയല്ലാം ചെലവും, ചിട്ടയും, കാണുമ്പോള്‍ ''ശാസ്ത്രീയ രാജകീയം'' എന്ന് തോന്നിപ്പോവുന്നത് രാജ്യദ്രോഹ ചിന്തയല്ല. ജനാധിപത്യ(?) വിരുദ്ധ വിചാരവുമല്ല. ഒരനുഭവം കുറിക്കട്ടെ- 2013 ഏപ്രില്‍ മാസം 6-ാം തിയ്യതി സംസ്ഥാന മുഖ്യമന്ത്രി ശ്രീ: ഉമ്മന്‍ചാണ്ടി വയനാട് ജില്ലയില്‍ ഒരു മാരത്തോണ്‍യാത്ര (പതിവ് പരിപാടി) അതിനിടെ മതസ്ഥാപനമായ വെങ്ങപള്ളി ശംസുല്‍ ഉലമാ അക്കാഡമിയില്‍ ഒരു ചടങ്ങ് ഉദ്ഘാടനം.
ഒരാഴ്ചക്ക് മുമ്പെ എസ്.പി. മുതല്‍ ഉദ്യോഗസ്ഥരുടെ നീണ്ട നിരീക്ഷണം, റൂട്ട് ക്ലിയറാക്കല്‍, ചര്‍ച്ച, യോഗം, കവലകളിലൊക്കേ പോലീസ് സാന്നിദ്ധ്യം, പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായല്‍, പോലീസ് സ്റ്റേഷനില്‍ പരാധികളുമായി ചെല്ലുന്ന പ്രജകള്‍ക്ക് മുഖം കാണിക്കാന്‍ ഒരു ഏമാനും സമയമില്ല. ഡ്യൂട്ടിയോട് ഡ്യൂട്ടി. ബോംബ് സ്‌കോഡുകാര്‍, വിവിധ ഉപകരണങ്ങല്‍, ബോബുമണക്കുന്ന നായ. മണ്ണുകട്ടക്കടയിലെങ്ങാനും വല്ല ബോബും ഉണ്ടോ എന്ന അരിച്ചുപെറുക്കല്‍ കാല്‍സറായി ധരിച്ച് ഡസന്‍ കണക്കായ ബോംബ് പരിശോഘക വിദഗ്ദര്‍ പരിശോധിക്കുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ലജ്ജയാണ് തോന്നിയത്. ജനാധിപത്യ സംവിധാനത്തില്‍ അധികാരികളെ ഇത്രയധികം ജനങ്ങളില്‍ നിന്ന് അകറ്റിയോ എന്ന ചിന്തയും. ഉമ്മന്‍ചാണ്ടിക്ക് ഒരു ദിനത്തേക്ക് എത്ര ലക്ഷം രൂപ പൊതു കജനാവ് ചെലവാക്കി കാണും. പത്ത് ലക്ഷം പോരന്ന് ഉറപ്പ്. (എല്ലാ ദിവസവും ഈ രീതിയില്‍ തുടരുകയല്ലേ?) കുടിവെള്ളമില്ലാതെ ജനം കുടങ്ങളുമായി ടാങ്കര്‍ വണ്ടിക്ക് തെരുവുകളില്‍ ക്യൂനില്‍ക്കുന്നു. ഒരുദിനം അനുവദിച്ച 3 ബക്കറ്റ് വെള്ളം (30 ലിറ്റര്‍) ഈ ദാഹിക്കുന്നവരും, ശരീരം ശുദ്ധിയാക്കാന്‍ കഴിയാതെ വിയര്‍ത്തു നില്‍ക്കുന്നവര്‍ക്കും ദാഹം മാറ്റാന്‍ നമ്മുടെ കജനാവില്‍ കാശില്ല.
നമ്മെ ഒന്ന് ഭരിച്ചുകിട്ടാന്‍ ജനാധിപത്യ വ്യവസ്ഥയിലും പഴയകാല രാജാക്കന്മാരെക്കളധികം ചെലവും, പത്രാസും, അപരിഷ്‌ക്യത നടപടികളും തുടരുന്നതിലെ ഔചിത്യം.? ഉമ്മന്‍ചാണ്ടി മാന്യനും, വിനിയാന്വിതനുമാണ്. നമ്മുടെ ചട്ടങ്ങളാണ് തിരുത്തേണ്ടത്. മുന്‍ ഇടക്കാല പ്രധാന മന്ത്രി ഗുല്‍സാരിലാല്‍ നന്ദ, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജ് നാടാര്‍ ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി ഇവരൊക്കെ ഈ ചട്ടങ്ങളെക്കാള്‍ ജനകീയതയും, വിശുദ്ധിയും കാത്തുപോന്നവരാണന്നു കൂടി ചേര്‍ത്തു വായിക്കണം.
താലപ്പൊലിക്ക് സംഘടിപ്പിച്ചചേലയും, ബ്ലസും, പിന്നിടാരും ധരിക്കില്ലത്രെ! പെട്രോള്‍ ഡീസല്‍ ക്ഷാമം കൊടുമ്പിരികൊള്ളുന്നു. സര്‍ക്കാര്‍ വാഹനങ്ങളില്‍ കത്തിച്ചുതീര്‍ത്ത ഇന്ധനം എത്രവരും? പകലും രാത്രിയും പവര്‍കട്ട്- പക്ഷെ മുഖ്യമന്ത്രിക്ക് വേണ്ടി കട്ടൊഴിവാക്കി കത്തിച്ചുതീര്‍ത്ത വൈദ്യൂതിയുടെ കണക്ക്. പ്രസരണ നഷ്ടം പോലും നിയന്ത്രിക്കാനാവാത്ത ബോര്‍ഡും, മന്ത്രിയും വാഴുന്ന നാട്ടില്‍ നടക്കേണ്ടതല്ലേ നടക്കു......
ജനങ്ങളെ (പ്രജകള്‍) ഭരണാധികാരികള്‍ ഭയക്കരുത്. ഒറ്റപ്പെടരുത്. ജനങ്ങള്‍ ഭരണാധികാരികളെ വെറുക്കരുത് ഭയക്കരുത്. ഇഷ്ടപ്പെടണം, ആദരിക്കണം വേണോ നമുക്കിത്ര പാഴ് ചെലവുകള്‍. അതിന് മാത്രം സംമ്പന്നമാണോ നമുടെ കജനാവ്. പ്രജകള്‍ക്ക് കഞ്ഞി കൊടുക്കാന്‍പോലും പണമില്ലാതെ വലയുന്ന ഒരു നാട്ടില്‍ അനാവശ്യ രാജ കീയതകളെങ്കിലും വേണ്ടന്ന് വെച്ചുകൂടെ- എന്നൊരു ചിന്ത എനിക്കെന്നല്ല പലര്‍ക്കുമുണ്ട്.

4 comments:

  1. നാട് നീളെ ഓടി നടന്നു പണി എടുക്കുന്നവർ ആണ് യദാര്ഥ രാഷ്ട്രീയക്കാർ. അവരുടെ സുരക്ഷയ്ക്ക് കുറച്ചു പണം ചിലവാക്കുന്നത് മോശം കാര്യം അല്ലെന്ന് മാത്രമല്ല അത് നമ്മുടെ ആവശ്യവും കൂടി ആണ്. പക്ഷെ അനാവശ്യ ചിലവുകൾ ഒഴിവാക്കേണ്ടത് തന്നെയാണ്. മുഖ്യമന്ത്രിയുടെയോ പ്രതിപക്ഷ നേതാവിന്റെയോ ഒരു ദിവസത്തെ ചാര്ട്ട് പരിശോദിച്ച് മനസിലാക്കേണ്ടതാണ് അവർ എത്ര മാത്രം പണിയും എടുക്കേണ്ടിവരുന്നതായും എത്രമാത്രം യാത്ര ചെയ്യേണ്ടി വരുന്നതായും. ഈ തിരക്കിനിടയില ഒരു മണിക്കൂർ പോയാൽ അത് അവരെ മാത്രം അല്ല ബാധിക്കുക എന്നുകൂടി മനസിലാക്കണം. മുഖ്യമന്ത്രി പങ്കെടുക്കേണ്ട ഒരു പൊതുയോഗം സുരക്ഷാ വീഴ്ച കൊണ്ട് ഒരു മണിക്കൂറ താമസിച്ചാൽ എത്ര പേരുടെ സമയം വെയിസ്റ്റ് ആകും? അങ്ങനെ പലരുടെയും സമയം കലയുന്നതിലും നല്ലതല്ലേ കുറച്ചു പണം മുടക്കിയാലും സുരക്ഷ ഉറപ്പാക്കുന്നത്?

    ReplyDelete
  2. ഒന്ന് വിചിന്തനം നടത്തേണ്ടത് തന്നെ

    ReplyDelete
  3. അതെയതെ.
    “കുറച്ച്” പണം മുടക്കിയാലും ഡംഭിന് ഒരു കുറവും വരരുത്

    (ഇങ്ങനെയൊന്നുമല്ലാത്ത ദേശങ്ങള്‍ ധാരാളമുണ്ട്)

    ReplyDelete
  4. ഓടി നടന്ന് പണിയെടുക്കുന്നവര്‍ക്ക് ജനങ്ങളെ ജനങ്ങളെ ഭയക്കേണ്ടിവരുന്നത് ?
    അധികം സഞ്ചരിക്കാന്‍ അധികം പോലീസല്ലല്ലോ വേണ്ടത്. നല്ല സ്പീടുള്ള വാഹനവും കൃത്യമായി കാര്യങ്ങളറിയുന്ന പി എസുമല്ലെ?
    വേണമെങ്കില്‍ ഒരു ഹെലിക്കോപ്റ്ററാവാം. പക്ഷെ വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ ഇതൊക്കെ പാസാക്കാന്‍ 'ജന സമ്പര്‍ക്ക' പരിപാടിയും, പബ്ലിസിറ്റിക്ക് ഭൂമി കയ്യേറ്റ യാത്രയും ആവരുതെന്ന് മാത്രം.

    ReplyDelete