Thursday 7 November 2013

അന്‍സാരിക്കളി

ഗുജറാത്ത് കലാപത്തിലെ പ്രധാന ചര്‍ച്ചാബിന്ദുവായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരിയെ വെച്ച് വര്‍ഗ്ഗീയ ചേരിതിരിവും, അകല്‍ച്ചയും ഉണ്ടാക്കാന്‍ നടത്തുന്ന നീക്കം ശരിയല്ല.
ഗുജറാത്ത് കലാത്തിന്റെ ഉത്തരവാദി ഹിന്ദുക്കളല്ല. നരേന്ദ്രമോഡി ഉള്‍പ്പെടെ ഏതാനും ചിലര്‍ മാത്രമാണ്. ഇന്ത്യയിലെ ഹിന്ദുക്കളും, മുസ്‌ലിംകളും യാതൊരുവിധ പകയും, അകല്‍ച്ചയും നിലവിലില്ല. ഉണ്ടാവാനും പാടില്ല.
ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്‌ലിംകള്‍ക്ക് കലാപ നാളുകളിലും തുടര്‍ന്നും ഏറെ സഹായങ്ങള്‍ ചെയ്തത് ഹിന്ദുക്കളാണ്. ഉന്നത ഉദ്യോഗസ്ഥര്‍പോലും മുസ്‌ലിംകള്‍ക്ക് അഥവാ നീതിക്ക് ഒപ്പം നിലകൊണ്ടതിനാല്‍ പീഢനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുമതു തുടരുന്നു.

ഖുതുബുദ്ദീന്‍ അന്‍സാരി ഒരു ഘട്ടത്തിലും ഹിന്ദുവിരുദ്ധ മുഖമാവരുത്, ആക്കരുത്. ഭാരതം ഒരു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഘട്ടത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാവേണ്ടത് പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ കാര്യങ്ങളാണ്.
ഭാരതം മനുഷ്യ വിഭവശേഷിയില്‍ മികവും, വിഭവശേഷിയില്‍ അപര്യാപ്ത്തവും ഉള്ള രാഷ്ട്രം എന്ന നിലക്ക് വികസനങ്ങളെ സംബന്ധിച്ച് ഉയര്‍ന്ന പഠനങ്ങളും ചര്‍ച്ചകളും നടക്കണം. അഴിമതി വിരുദ്ധ നിലപാടുകളും ഉയരേണ്ടതുണ്ട്. എന്നാല്‍ ഒരു ഭാഗത്ത് നരേന്ദ്ര മോഡിയെ പ്രതിഷ്ടിച്ച് മറുഭാഗത്ത് ഖുതുബുദ്ദീന്‍ അന്‍സാരിയെ പോലുള്ള പ്രതിബിംബങ്ങള്‍ അവതരിപ്പിച്ച് പൗരന്മാര്‍ക്കിടയില്‍ വീണ്ടും വര്‍ഗ്ഗീയ ചിന്തകള്‍ വളര്‍ത്താന്‍ നടത്തുന്ന നീക്കം ഒഴിവാക്കേണ്ടതാണ്.
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെന്ന പോലെ നിരവധി ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ബ്രാഹ്മണരെപോലെ സവര്‍ണര്‍ക്കും വലിയ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ മതാടിസ്ഥാനത്തിലോ, ജാതി അടിസ്ഥാനത്തിലോ അല്ല കാണേണ്ടത്. പ്രശ്‌നം മാനുഷികമായി വേണം കാണാന്‍.
ഏത് വിഭാഗമാണോ പിന്നാക്കമായത് ഏത് കാര്യത്തിലാണോ പിന്നാക്കം അക്കാര്യത്തിലുള്ള നടപടികളാണ് മുഖ്യം. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, സുരക്ഷ, ആരോഗ്യം ഈ കാര്യങ്ങളില്‍ ഭാരതത്തിന് അനുയോജ്യമായ നിലപാടുകള്‍ സ്വീകരിക്കപ്പെടണം. ജസ്റ്റീസ് സചീന്ദ്ര സിംഗ് സചാര്‍ കമ്മീഷന്‍ കണ്ടെത്തിയ പ്രശ്‌നങ്ങളും, പരിഹാരങ്ങളും ന്യൂനപക്ഷങ്ങളില്‍ നടത്തട്ടെ! മുന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും കമ്മിഷന്‍ ഉണ്ടാവട്ടെ! പരിഹാരവും ഉണ്ടാവണം.
ഖുതുബുദ്ദീന്‍ അന്‍സാരിയെ അനവസരത്തില്‍ ഇനിയും ഉയര്‍ത്തിക്കാണിക്കുന്നവരുടെ ഉദ്യേശ്യ ശുദ്ധിയില്‍ സംശയിക്കുന്നില്ല. എന്നാല്‍ അതു കൊണ്ടുള്ള പ്രയോജനം മനസ്സിലാവുന്നില്ല. ഗുജറാത്ത് സുഖമുള്ള ഓര്‍മ്മയായി ഹൈന്ദവ വര്‍ഗ്ഗീയ വാദികളും നൊമ്പരമായി മത ന്യൂനപക്ഷങ്ങളും കൊണ്ടു നടത്തിക്കുന്നവരുടെ ലക്ഷ്യം പവിത്രമല്ല.

No comments:

Post a Comment