Monday 21 April 2014

സ്‌പെഷ്യല്‍ ഗ്ലാസ്

    മാഗ്‌നീഷ്യം, കോപ്പര്‍, ഇട്രിയം മിശ്രിതം ചേര്‍ത്തു യേന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നല്ല ബലമുള്ള ഗ്ലാസ് വികസിപ്പിച്ചെടുത്തതായി വാര്‍ത്ത. സ്റ്റീലിനെക്കാള്‍ ബലമുണ്ടാകുമത്രെ ഇത്തരം ഗ്ലാസ്സുകള്‍ക്ക്. ചില മിശ്രണങ്ങള്‍ പ്രത്യേക അളവില്‍ ചൂടാക്കി നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അവയ്ക്ക് കാഠിന്യം കൂടുന്നത് കണ്ടെത്തി. അങ്ങനെയാണ് ഇങ്ങനെയൊരു  ഗവേഷണത്തിലും പഠനഫലത്തിലും എത്തിച്ചേര്‍ന്നത്. ലോകത്തിലെ മികച്ച 200 യൂനിവേഴ്‌സിറ്റികളില്‍ 75ഉം പ്രവര്‍ത്തിക്കുന്നത് യു.എസിലാണ്. അന്നാട്ടില്‍ നിന്നാണ് അഥവാ വാഷിംഗ്ടണില്‍ നിന്നാണ് ഈ ഗ്ലാസ് വാര്‍ത്തയും പുറത്തുവന്നത്.
   ഇനി തകര്‍ക്കാനാവാത്ത മെഡിക്കല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഈ ഗണത്തില്‍ മാര്‍ക്കറ്റിലെത്തുമെന്ന് കരുതണം. അതോടൊപ്പം, കുതിച്ചുയരാനിടയുള്ള വിലയും (ആശങ്കയോടെ) പ്രതീക്ഷിക്കാം.

    ഗവേഷണവും റിസള്‍ട്ടും എക്കാലവും സ്വാഗതാര്‍ഹം തന്നെ. ഇങ്ങനെ തലപുകഞ്ഞു പണിയെടുത്തതു കാരണമാണ് ഇന്ന് കാണുന്നതും അനുഭവിക്കുന്നതുമായ മിക്ക പുരോഗതികളുമുണ്ടായതെന്നതും ഒരു യാഥാര്‍ത്ഥ്യം. എന്നാല്‍, ഇതിനൊക്കെ ഒരു മറുപുറവുമുണ്ട്. അത് ധനതത്വശാസ്ത്രവുമായി ബന്ധിച്ചുനില്‍ക്കുന്നു. മുതല്‍മുടക്കുന്നതിന്റെ ലാഭവിഹിതം തിരിച്ചുപിടിക്കാന്‍ ചുമത്തുന്ന വില താങ്ങേണ്ടത് സാധാരണ ജനങ്ങളാണ്. പല വഴിക്ക് സര്‍ക്കാരുകള്‍ അത് വസൂലാക്കാതിരിക്കില്ല.
ഇപ്പോള്‍ തന്നെ ഉപരിലോക പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നമ്മുടെ ശാസ്ത്രവിഭാഗം വാരിവിതറി ചെലവാക്കുന്നത് എണ്ണിയാലൊതുങ്ങാത്ത കോടികളാണ്. എന്താണ് അതുകൊണ്ടുള്ള പ്രത്യേക നേട്ടം എന്ന് ചോദിച്ചാല്‍ ഉത്തരങ്ങള്‍ പരിമിതപ്പെടും. 'പ്രതിരോധം' -അതാണു പറയാനുണ്ടാവുക.
ചന്ദ്രനിലും ശുക്രനിലും ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ പറ്റുമോ എന്ന ഗവേഷണപഠനത്തിനു ചെലവിട്ട തുക എത്രയാവും എന്ന് ചിന്തിക്കാന്‍പോലുമാവില്ല. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചിന്തിച്ച് സമയം കളയാന്‍ നാട്ടുകാര്‍ക്ക് താല്‍പര്യവും ഇല്ല.
ദേശീയ ബജറ്റ് പാര്‍ലമെന്റുകളില്‍ വന്നാല്‍ ഹെഡ്‌ലൈനായി മാധ്യമങ്ങള്‍ നല്‍കാറുള്ളത്-പ്രതിരോധത്തിന് ......... കോടി. ഗവേഷണത്തിന് ....... കോടി എന്നിങ്ങനെ. ഇതൊക്കെ അനിവാര്യ കാര്യങ്ങളാണെന്ന നിലയ്ക്ക് പൗരന്മാര്‍ തലകുലുക്കി സമ്മതിച്ചുപോരുന്നു.
ശൂന്യാകാശത്തേക്ക് എത്രതവണ പേടകമയച്ചു, എത്ര പടം കിട്ടി, എന്തൊക്കെയാണവിടുത്തെ വിശേഷങ്ങള്‍, നമുക്കതുകൊണ്ടുള്ള നേട്ട കോട്ടങ്ങള്‍. ഈ മാതിരി വരട്ട് ചോദ്യങ്ങള്‍ക്ക് അധിക വിശദീകരണം നല്‍കാറില്ല. അതിര്‍ത്തി സുരക്ഷയ്ക്ക് ശത്രുവിന്റെ സകല നീക്കവും വിദൂരത്തിരുന്ന് നിരീക്ഷിക്കാന്‍ കഴുകക്കണ്ണ് തീര്‍ക്കുകയാണ് ശാസ്ത്രത്തിന്റെ പണിയെന്ന് പറഞ്ഞുതരും.
ഇറാഖിലെ സദ്ദാം ഹുസൈന്‍ തൊടുത്തുവിട്ട സ്‌കഡ് മിസൈല്‍ കാണാനോ തടുക്കാനോ കഴിയാതെ അന്ധാളിച്ചുനിന്ന നാണക്കേടില്‍നിന്ന് വന്‍രാഷ്ട്രങ്ങള്‍ കരകയറിയിട്ടില്ല. അങ്ങനെയാണ് കൂട്ടത്തോടെ (സഖ്യകക്ഷികള്‍) കര-നാവിക-വ്യാമ മേഖലകളിലൂടെ ആക്രമിച്ച് ഇറാഖ് ഒരു പരിവത്തിലാക്കിയത്.
ക്വാലാലമ്പൂരില്‍നിന്ന് 2014 മാര്‍ച്ച് എട്ടിന് പറന്നുയര്‍ന്ന വിമാനത്തിന്റെ കഥയോര്‍ത്താല്‍ നമ്മുടെ ശാസ്ത്രത്തിന് എന്തോ ഒരു പന്തികേട് അല്ലെങ്കില്‍, ഒരു വികലാംഗത്വ സ്വഭാവമുണ്ടോ എന്ന് സംശയിച്ചുപോകും. ഓഡിറ്റിനുപോലും വിധേയമാക്കേണ്ടതില്ലാത്ത പ്രതിരോധ ചെലവ് സംബന്ധിച്ച് ഉരിയാടിയാല്‍ സംഗതി കുഴയും. അതിനാല്‍ അത് അതിന്റെ വഴിക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നു-എന്തൊക്കെ നടക്കുന്നു എന്ന് പോലും തിട്ടമില്ലാതെ.
ഉറപ്പുള്ള ഗ്ലാസ് നല്ലതു തന്നെ. വീടുകള്‍ക്ക് ഭംഗി വരുത്താന്‍ മാത്രമല്ല വാഹനങ്ങള്‍, കെട്ടിടങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ തുടങ്ങി പലയിടങ്ങളിലും ഈ ഗ്ലാസ്സിനു വന്‍ സാധ്യതയുണ്ട്. കോര്‍പറേറ്റ് മുതലാളിക്ക് സുവര്‍ണകാലം. സമരക്കാരുടെ കല്ലേറും ഭയക്കേണ്ടതില്ല. ഏറു കൊണ്ടാല്‍ പൊട്ടാത്ത ചില്ല്. പകരം കല്ല് പൊട്ടിത്തെറിക്കും. അല്ലെങ്കില്‍ ദൗത്യം നിര്‍വഹിക്കാന്‍ കഴിയാതെ നിരാശയോടെ കല്ല് താഴെ പതിക്കും. ഇതൊക്കെ നല്ല കാര്യം തന്നെ. ചില മിശ്രണങ്ങള്‍ നിശ്ചിത അളവില്‍ ചൂടാക്കി നിശ്ചിത അളവില്‍ തണുപ്പിച്ചാല്‍ കാഠിന്യം അധികരിക്കുമെന്ന പാഠം നല്‍കുന്ന സന്ദേശം ചെറുതല്ല.
ഇത് മനുഷ്യരിലും കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ചും, കാലുമാറ്റക്കാരായ പാര്‍ട്ടി നേതാക്കള്‍ വര്‍ധിത അളവില്‍ ശത്രുവിനെ ആക്രമിക്കുന്നത് കണ്ടുവരുന്നു. കേരളത്തില്‍ തന്നെ സി.പി.ഐ(എം) നേരിടേണ്ടിവന്ന വന്‍ സ്രാവുകളില്‍ എം.വി. ആറും ഗൗരിയമ്മയും കഴിച്ചേ മറ്റുള്ളവര്‍ കാണൂ എന്ന് തോന്നുന്നു. അപ്പോള്‍ ചൂടാക്കി പാകപ്പെടുത്തയെടുത്താല്‍ നല്ല ഉറപ്പുള്ള മറ്റൊന്നായിത്തീരുമെന്നത് ഭംഗിവാക്കല്ല.
പാറക്കല്ല് പോലെ ചൈതന്യമില്ലാത്ത ഒരു വസ്തുവായി രൂപപ്പെടും എന്നാണിപ്പറഞ്ഞതിലെ പൊരുള്‍. അതുകാരണം നാണം, മാനം, മര്യാദ, മനുഷ്യത്വം, സദാചാരം, ധര്‍മനിഷ്ഠ തുടങ്ങിയ ഭാവങ്ങള്‍ ഒന്നും ഉണ്ടാവാനിടയില്ല. ഈ ഗവേഷണ ഫലം വച്ച് നോക്കിയാല്‍ എ.പി ഗ്രൂപ്പുകാരും ഈ ഗണത്തില്‍ വരുമെന്ന് തോന്നുന്നു. ഇപ്പോഴവരുടെ അവസ്ഥ അങ്ങനെയാണല്ലോ. പാറക്കല്ല് പോലെ ഒന്നും അങ്ങോട്ട് സ്വീകരിക്കാനാവാതെ ചലനമറ്റ് മാര്‍ഗതടസ്സമായി കിടക്കുന്നു. നന്മകള്‍ വറ്റിയ, തിന്മകള്‍ മാത്രം നല്‍കാവുന്ന, ഉപകാരമേതുമില്ലാത്ത ഉപദ്രവകാരികള്‍. കണ്ണും കാതും മനസ്സും നഷ്ടപ്പെട്ടവരെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് ചേര്‍ത്തുവായിക്കുക. അല്ലാഹു കാക്കട്ടെ.

2 comments:

  1. ഞാനും യോജിക്കുന്നു. വര്‍ത്തമാനത്തിന്റെ ദുരനുഭവം എന്നാലും പറയുക തന്നെ?

    ReplyDelete