Wednesday 12 February 2014

അശ്ലീലം

    അധികമൊന്നും വിചാരിക്കാതെ വിശ്രമിക്കേണ്ട കാലമാണിത്. വെറുതെ എന്തിന് ഒരു തലവ്യായാമം നടത്തി സമയം കളയണം. എന്തൊക്കെ കാടുകയറി കഥകളും പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് ദിനേനെ വന്നുചേരുന്നത്. സി.ബി.ഐ തന്നെ നിലനില്‍ക്കില്ലെന്ന് നമ്മുടെ ബഹുമാനപ്പെട്ട കോടതി നിയമം പഠിച്ചു വ്യാഖ്യാനിച്ചു പറഞ്ഞപ്പോള്‍ ഞെട്ടുകയല്ല, അന്ധാളിക്കുകയായിരുന്നു നാം. ഇപ്പോഴിതാ ബഹുമാനപ്പെട്ട സുപ്രീം കോടതി അശ്ലീലമെന്താണെന്നും എന്തല്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. 
     ലോകപ്രശസ്ത ടെന്നീസ് താരം ബോറീസ് ബെക്കര്‍ തന്റെ കറുത്ത വര്‍ഗക്കാരിയും സിനിമാനടിയുമായ ബാര്‍ബറ ഹെല്‍റ്റസിനോട് ചേര്‍ന്നു പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന പടം ജര്‍മ്മന്‍ മാസികയായ സ്റ്റേണില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ബോറിസ് ബെക്കര്‍ കൈവച്ചത് കാമുകിയുടെ സ്തനത്തിലാണ്. ഇതൊന്നും അശ്ലീലമായി കാണാന്‍ പറ്റില്ലെന്നും അശ്ലീലമെന്നാല്‍ 'സന്ദേശ'മാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.

    ചിത്രം വല്ല അശ്ലീല സന്ദേശവും നല്‍കുന്നുണ്ടോ, അഥായത് വസ്ത്രമുരിഞ്ഞു ഒരു പെണ്ണിനരികില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ സ്തനത്തില്‍ കൈവെക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ, എന്നൊക്കെ നോക്കിവേണം കാര്യങ്ങള്‍ വിലയിരുത്താനെന്നാണ് പറഞ്ഞതിലെ ചുരുക്കം. ഈ പടം ധാര്‍മികത ചവിട്ടിമെതിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന വാദവുമായി ഒരു വക്കീല്‍ കൊല്‍ക്കത്ത മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഇത്തരം പടങ്ങള്‍ ലൈംഗിക ഉത്തേജനത്തിന് പ്രേരിപ്പിക്കുമെന്നും വക്കീല്‍ വാദിച്ചു. ഇതുപോലുള്ള പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കപ്പെടണമെന്നും പത്രാധിപന്മാരെ ശിക്ഷിക്കണമെന്നും കാമുക-കാമുകിമാര്‍ക്കെതിരേ കേസെടുക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. 
     കൊല്‍ക്കത്ത മജിസ്‌ട്രേറ്റ് കോടതി വാദം അംഗീകരിച്ചു. കേസെടുക്കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവച്ചു. ഈ വിധിയാണ് സുപ്രീം കോടതി തള്ളിയത്. അവിടെയാണ് 'സന്ദേശം' എന്ന അജ്ഞാതന്‍ കടന്നുവരുന്നതും. നിയമ പുസ്തകത്തില്‍ എന്തെഴുതിവച്ചാലും എങ്ങനെ വ്യാഖ്യാനിച്ചാലും സാധാരണ ജനങ്ങള്‍ക്ക് ബോധ്യമാവുന്ന ചില സംഗതികള്‍ ഉണ്ട്. അതിലൊന്ന് ഇതാണ്. ഒരു പുരുഷനോ സ്ത്രീയോ നഗ്‌നയായി എങ്ങനെ പ്രത്യക്ഷപ്പെട്ടാലും അശ്ലീലമാണ്. രണ്ടാമത്തെ കാര്യം, കാമുകിയോ ഭാര്യയോ ആരുമാവട്ടെ അവരുടെ സ്തനത്തില്‍ കൈവച്ച് പടം പിടിച്ച്  പ്രിസദ്ധീകരിക്കുന്നത് മഹാ അശ്ലീലമാണ്. അവിടെ വെളുത്ത പുരുഷനും കറുത്ത സ്ത്രീയും മറിച്ചായാലും പരസ്പരം പ്രണയിച്ചാലും അതിന്റെ അളവ് എത്ര കൂടിയാലും സംഗതി വഷളന്‍ ഏര്‍പ്പാട് തന്നെയാണ്. പ്രത്യേകിച്ച്, ഇത്തരം പടങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി അനേകലക്ഷം ന്യൂ ജനറേഷന്‍കാരെ വഴിപിഴപ്പിക്കുമെന്ന സത്യം നിലനില്‍ക്കുമ്പോള്‍. 
    ജുഡീഷ്യറിയെ കുറിച്ച് പൗരന്‍മാര്‍ അതിരുവിട്ട് വര്‍ത്തമാനം പറയരുത് എന്ന നല്ലൊരു കീഴ്‌വഴക്കം നിലവിലുണ്ട്. അതൊക്കെ ലംഘിക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കുകയാവും ഈമാതിരി നിരീക്ഷണങ്ങള്‍ എന്നു പറയേണ്ടിവരികയാണ്. 
     മുംബൈയിലെ മേഘ്‌ന പട്ടേല്‍ എന്ന ഒരു മോഡി ഭക്തന്‍ തന്റെ നഗ്ന ചിത്രത്തില്‍ സ്വകാര്യ സ്ഥലത്ത് മോഡിയുടെ പടം വച്ച് വോട്ട് ചോദിക്കുന്ന പോസ്റ്റര്‍ ഇറക്കി. താമരപ്പൂക്കളില്‍ നഗ്‌നയായി കിടക്കുന്ന പടവും പുറത്തിറക്കി. രണ്ടിലും മോഡിക്ക് വോട്ട് ചോദിക്കുന്ന അഭ്യര്‍ത്ഥനയും നല്‍കി. മുംബൈയിലെ മേഘ്‌ന പട്ടേല്‍ കാണിച്ചത് അശ്ലീലമെന്നു് പറയാനാവില്ലേ? വോട്ട് ചോദിക്കാനെന്തിന് വസ്ത്രമുരിയണം എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത കാലത്തോളം സംഗതി അശ്ലീലം തന്നെ. 
     അതിനിടെ, മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ അടിച്ചുതളിച്ചു വൃത്തിയാക്കിയിരുന്ന അവിവാഹിതയായ നാല്‍പത്തിയൊമ്പതുകാരി രാധയുടെ കൊല അശ്ലീല പട്ടികയില്‍ വരികയാണ്. കൊലയാളി പട്ടികയില്‍ ഇപ്പോള്‍ രണ്ടുപേരാണ് കാണുന്നത്. ഒന്നാമന്‍ ബിജു, സഹായി ശംസുദ്ദീന്‍ എന്നിവര്‍. രാധയെ കൊല്ലുക മാത്രമല്ല മാനഭംഗപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ടെന്നാണത്രെ സൂചന. 
      നിലമ്പൂരില്‍ മാത്രമല്ല ലോക്‌സഭയില്‍ പോലും വിഷയം കത്തിക്കാളി. മന്ത്രി ആര്യാടന്‍ മുഹമ്മദും മകന്‍ ഷൗക്കത്തിലിയും ഉത്തരം പറയണമെന്ന ആവശ്യമുയര്‍ന്നു. ഈ രണ്ട് നേതാക്കളും ഇടക്കിടെ പെണ്ണുങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരാണ്. സ്ത്രീധന രഹിത വിവാഹം രജിസ്‌ട്രേഷന്‍ കൗണ്ടര്‍  മുനിസിപ്പല്‍ ഓഫീസില്‍ തുറന്നയാളാണ് ഷൗക്കത്ത്. കുറച്ചുകാലം മൂന്നു ജീവനക്കാര്‍ കൗണ്ടറിലിരുന്നു. ഒരാളും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ പൂട്ടി. സ്വന്തം പാര്‍ട്ടി ഓഫീസില്‍ തൂത്തുവാരുന്ന പെണ്ണിനെ ഈ കോലത്തില്‍ കൊന്നുതള്ളാന്‍ മാത്രം കാട്ടാളമനസ്സുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിട്ടാണ് പിതാവും പുത്രനും പതിവായി പലരെയും പരിഹസിച്ചും പലതിനെയും നുള്ളിനോവിച്ചും തിമര്‍ത്താടിയിരുന്നത്. വരട്ടെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ബിജു ചില്ലറക്കാരനല്ല, മന്ത്രിയുടെ ഓഫീസിലെ പ്രധാന സ്റ്റാഫ് കൂടിയാണ്. 
സ്ത്രീകളുടെ വകയായി കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നുകണ്ടില്ല. ബിന്ദു കൃഷ്ണ അല്‍പം കനപ്പിച്ചു പറഞ്ഞത് മറക്കുന്നുമില്ല. വൃന്ദ കാരാട്ട് മുതല്‍ ശൈലജ ടീച്ചര്‍ വരെ കാര്യമായി ഒന്നും പറഞ്ഞുകാണുന്നില്ല. തമാശ അതല്ല ആകാശത്തിന് ചുവട്ടിലുള്ള സകല വിഷയങ്ങളിലും അഭിപ്രായം പറയാറുള്ള വെള്ളാപ്പള്ളി നടേശനും പാത്രക്കച്ചവടക്കാരനായ മുസ്‌ലിയാരും ഒന്നും പറഞ്ഞുകാണുന്നില്ല. മുസ്‌ലിയാരുടെ പിന്നിലും മുന്നിലും നിന്ന് വഴിവിട്ട് സഹായിക്കുന്ന ആര്യാടന് അബദ്ധമൊന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയിലാവും മുസ്‌ലിയാര്‍. വരും, വഴിയെ സകല വിധികളും, ഇ.അ.
    പിന്‍കുറി: മന്ത്രി ആര്യാടന്റെ ഓഫീസില്‍ ഔദ്യോഗികാവശ്യത്തിനു വന്ന വനിതാ നേതാവിനോട് മന്ത്രി അസുഖകരമായ രീതിയില്‍ പെരുമാറിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് ആ പാത പിന്തുടര്‍ന്നതാണെന്ന് നാട്ടുവര്‍ത്തമാനം. ഗുരുവിനെ അനുകരിച്ച ശിഷ്യന്‍?!

3 comments:

  1. വല്ലാത്ത സംഭവങ്ങള്‍. തികഞ്ഞ അരാജകത്വം നടമാടുന്നു

    ReplyDelete
  2. ലോകപ്രശസ്ത ടെന്നീസ് താരം ബോറീസ് ബെക്കര്‍ തന്റെ കറുത്ത വര്‍ഗക്കാരിയും സിനിമാനടിയുമായ ബാര്‍ബറ ഹെല്‍റ്റസിനോട് ചേര്‍ന്നു പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന പടം ജര്‍മ്മന്‍ മാസികയായ സ്റ്റേണില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു.

    ജര്‍മന്‍ മാസിക മേടിക്കാതെ ഇരുന്നാ പോരെ..?

    ReplyDelete
  3. ആരും വായിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാ സ്‌റ്റേണ്‍ പ്രസിദ്ദീകരിക്കുന്നത്.?
    ഇങ്ങനെ നഗ്നന്‍മാരും, നഗ്നകളും അകത്താളുകളിലുണ്ടോ എന്ന് നേക്കി മാസിക വാങ്ങാന്‍ പറ്റുമോ?
    നല്ലത് അശ്ലീലം ഒഴിവാക്കല്‍ തന്നെയാണ്.

    ReplyDelete