Thursday, 28 February 2013

പിള്ളവാദം


      രോഗങ്ങളുടെ പേരുകള്‍ ഇപ്പോള്‍ പഴയതല്ല. കംമ്പവാദം, പിള്ളവാദം, തളര്‍വാദം, മഹോദരം, അങ്ങനെയൊക്കെയായിരുന്നു പോയ കാലങ്ങളിലെ രോഗ നാമങ്ങള്‍(ത്രിദോഷം) പറിമരുന്നും പച്ചമരുന്നും തറിമരുന്നും ശരിയായി തിളപ്പിച്ച് ആറ്റിക്കുറുക്കി കഴിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനവും കിട്ടിയിരുന്നു. ഇപ്പോള്‍ 'കട്ടിംഗ്' രീതിയായി. 
    കാലം മാറി കഥമാറി പെയ്ന്റിന്റെ നിറവും കോലവും മാറിയതുപോലെ പേരടക്കം മാറി. എന്നാല്‍ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രതിഭാസം ഉണ്ടിവിടെ. അത് രാഷ്ട്രീയ രീതികളാണ്. 
ധനമന്ത്രി കെ.എം. മാണി പറയുന്നത് മുന്നണിബന്ധം ശാശ്വതമല്ലന്നാണ്. എന്നുവച്ചാല്‍ ഏത് സമയത്തും പക്ഷം മാറാം എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നീ രണ്ട് പക്ഷം തന്നെ വേണ്ടതുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ജയിച്ചവരെല്ലാം ചേര്‍ന്നുഭരിക്കുന്നതല്ലേ(?) ശരി. 
        ആര്‍. ബാലകൃഷ്ണപിള്ളയില്‍നിന്ന് 'പിള്ളവാദം' പിടികൂടിയതാണ് യു.ഡി.എഫിന് എന്നൊരു തോന്നല്‍ പരന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പിളര്‍ന്നില്ലായിരുന്നെങ്കില്‍ സമാജ്‌വാദ് പാര്‍ട്ടിയെ പോലെ, ഡി.എം.കെയെ പോലെ മികച്ച സംസ്ഥാന പാര്‍ട്ടിയാകുമായിരുന്നു എന്നാണ് പിള്ള ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് കൊണ്ട് നടക്കുന്ന സാക്ഷാല്‍ ആര്‍. ബാലകൃഷ്ണപിള്ള തന്നെ പറയുന്നത്!? 

Sunday, 24 February 2013

കാലത്തിന്റെ കാലക്കേട്‌


പള്ളിയിലെ ബാങ്കും 
അമ്പലത്തിലെ പാട്ടും
അയപ്പന്‍ വിളക്കിലെ 
ശരണം വിളിയും

കേള്‍ക്കാന്‍ പുതിയായീ-
"ഇടി-മിന്നല്‍" നിന്നപോലെ
തിരുവാതിര പോയപോലെ
വൈദ്യുതിയും പോയതാണോ?

ആര്യാടന്റെ ഭവനത്തിലൊളിപ്പിച്ചതാണോ?
അത്രയ്ക്കല്ലെ അവിടുത്തെയുപയോഗം
നാട്ടുകാര്‍ക്ക് നല്‍കാനില്ലാതെ
നാടുവഴികള്‍ കത്തിച്ചുതീര്‍ക്കുകയോ?

പരസ്യപ്പലകയും,
ആഡംബര മാലകളും
പുലരുവോളം കത്തുന്നു-
തെരുവ് വിളക്കും കെടാറില്ല
കാലത്തിന്റെ കാലക്കേടെ
ന്നെല്ലാതെന്ത് പറയാന്‍-

Thursday, 21 February 2013

ചപ്പാത്തി


     ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ അമൃതസറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കവെ സമൂഹ പാചകശാലയില്‍ ചപ്പാത്തി ചുടുന്നപടം ചില മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചുറ്റുവട്ടത്തും മുഖ്യമന്ത്രി പ്രകാശ് സിംഗ് ബദല്‍ അടക്കം കൗതുകത്തോടെ ചിരിയന്മാരായി നോക്കി നില്‍ക്കുന്ന സര്‍ദാറിജികളുടെ പടവും കാണാം. ചപ്പാത്തിചുടല്‍ പെണ്ണുങ്ങളുടെ കുത്തകയല്ലെന്ന് ഇനിയെങ്കിലും ലോക സ്ത്രീപക്ഷ വാദികള്‍ സമ്മതിക്കണം. 
      അതിനിടെ ഹറം ശരീഫില്‍ പെണ്‍പ്രസംഗപ്പടയെ നിയമിക്കാന്‍ തീരുമാനമായ വാര്‍ത്തയും സാമാന്യം വലിയ അക്ഷരത്തില്‍ മലയാള പത്രങ്ങള്‍ നല്‍കി. എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണത്രെ ഈ പ്രഘോഷണായ വിഭാഗം നിലവില്‍വരുന്നത്. എണ്ണൂറാണ്ടിന്റെ നഷ്ടം എന്ന് എന്തുകൊണ്ടോ പറഞ്ഞുകണ്ടില്ല. റിയാദില്‍ ശുറാകൗണ്‍സിലെ പെണ്ണുങ്ങള്‍ അബ്ദുല്ല രാജാവിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത വാര്‍ത്തയും വന്നത് ഇതേ ദിവസം. പ്രത്യേക ഇരിപ്പിടം, പ്രാര്‍ത്ഥനാ ഹാള്‍ ഒരുക്കിയെന്നും പത്രം പറഞ്ഞിട്ടുണ്ട്. പാചക ഹാള്‍ മാത്രം പറഞ്ഞിട്ടില്ല. 

Wednesday, 20 February 2013

സമരാഭാസം


2013 ഫെബ്രുവരി 20, 21 ഇന്ത്യയുടെ മറ്റൊരു കറുത്തനാള്‍. കരമൊടുക്കി നടുവൊടിഞ്ഞവന്റെ നെഞ്ചില്‍ കൂടി വണ്ടി ഓട്ടുന്ന ഒരുപറ്റം സമരാഭാസക്കാര്‍ തീര്‍ത്ത കറുത്ത ദിനങ്ങള്‍. യാത്രമുടക്കി. മരുന്നുകട പോലും അടപ്പിച്ചു. നാട്ടുക്കാരെ മുഴുവനും വിഢികളാക്കി ഒരുകൂട്ടര്‍ മുഷ്ടിചുരുട്ടി പൊതുനിരത്തില്‍ നീട്ടിവിളിച്ചു തോറ്റിട്ടില്ല തോറ്റിട്ടില്ല. ശരിയാണ് തോറ്റത് ജനങ്ങള്‍ മാത്രം. 
ലോകത്തിലെ പല രാഷ്ട്രങ്ങളും മിന്നല്‍ വേഗത്തിലാണ് വളരുന്നത്. വികസനം സംഭവിക്കുന്നത് വിശാല സമീപനങ്ങളില്‍ നിന്നാണല്ലോ.
കേരള സംസ്ഥാനത്തെ റവന്യു വരുമാനത്തിന്റെ 60-70 ശതമാനം ജീവനക്കാരെ തീറ്റിപോറ്റാന്‍ നീക്കിവെക്കുന്നു. കൈനിറയെ മാസപ്പടി കൊടുക്കാന്‍ സാധാരണക്കാരുടെ മടിശ്ശീലദയാരഹിതമായി കൊള്ളയടിക്കുന്നു.
സാധരണ പൗരന്മാര്‍ പട്ടിണി കിടന്നുണ്ടാക്കുന്ന കാശില്‍ നിന്ന് കരമടച്ചു വീര്‍പ്പിക്കുന്ന പൊതുഖജനാവില്‍ നിന്നാണ് ശബ്ദം നല്‍കുന്നത്. സാധുമനുഷ്യരെ ഇത്രവലുതായി ദ്രോഹിക്കുന്നതിലെ ലോജിക്ക് എങ്ങിനെ മനസ്സിലാവും?.
രോഗികള്‍ ആശുപത്രിയിലെത്താന്‍ കഴിയാതെ പൊതുവഴിയില്‍. ഇന്ത്യകാണാന്‍ വന്നുപെട്ട വിവിധ നാട്ടുക്കാര്‍ നാടിന്റെ പലഭാഗങ്ങളില്‍ അന്നവും, വെള്ളവും കിട്ടാതെ നട്ടംതിരിഞ്ഞു.

Wednesday, 13 February 2013

കണ്ണടി


കഥക്ക് കൊള്ളുന്ന കഥയില്ല.
കവിതക്ക് വേണ്ട ഭാവനയും ഇല്ല
ശണ്ഠകൂടിയും, തര്‍ക്കം പിടിച്ചും
തമ്മില്‍ തമ്മില്‍ പഴി പറഞ്ഞും,
പഴിചാരിയും ജീവിച്ചു തീര്‍ക്കുന്ന ജന്മങ്ങള്‍-
തെറ്റുകള്‍, ചീത്തകര്‍, മാത്രം അധികം
വിചാരിച്ചും, പറഞ്ഞും നടക്കുന്നവരില്‍
ചീത്ത ഹോര്‍മോണുകള്‍ ഉല്‍പാതി
പ്പിക്കപ്പെടുമെന്ന് വായിച്ചതോര്‍ക്കുന്നു.
രാഷ്ട്രീയം സേവനമായിരുന്നു-, മതവും.
ഇപ്പോഴത് എവിടെ എത്തി
നില്‍ക്കുന്നു. ഒരുനാള്‍ പറഞ്ഞത്
പിറ്റേനാള്‍ തിരുത്തുന്നു. ഒരുനാള്‍
കൂട്ടുകാരന്‍ പിറ്റേനാള്‍ ശത്രു
ഒന്നിച്ചുണ്ടവര്‍, ഉറങ്ങിയവര്‍, പ്രവര്‍ത്തിച്ചവര്‍
മരിക്കാതെ മരിക്കുന്നു. മറക്കുന്നു.
പലതും മറയ്ക്കാന്‍ ചിലതൊക്കേ
മറയാക്കുന്നു- കര്‍മ്മത്തിന് ശേഷം
നായീകരണം കണ്ടെത്തുന്നു. ശ്രീനാരായണഗുരു കര്‍മ്മ ശുദ്ധി വഴി ദൈവമായെന്ന് വെള്ളാപ്പള്ളി നടേശന്‍ നിരീക്ഷിച്ചത് ഇയ്യിടെയാണ്.
ഇന്നലെ എവിടെയോ കണ്ടുമറന്നപോലെ അപരിചിതത്വം തടിക്കുന്ന ഗ്രൂപ്പ് നേതാക്കള്‍-
മാറ്റിപ്പറയാന്‍ മനസാക്ഷിക്കുത്തനുഭവപ്പെടാത്ത മനസ്സ്. ഒരു രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വൈകീട്ട് 5 മണിക്ക് വയനാട്ടിലെ ലക്കിടിയില്‍ പ്രസംഗിക്കുന്നു. ജീവിത പ്രയാസങ്ങള്‍, സാധനങ്ങളുടെ വിലക്കയറ്റത്തില്‍ രോഷം കൊള്ളുന്നു. കൂട്ടത്തില്‍ തേങ്ങ ഉല്‍പാതനം ഇല്ലാത്ത ലക്കിടിയില്‍ ഒരു ചോദ്യം ഇങ്ങനെ? തേങ്ങക്കെന്താവില-? തേങ്ങയരക്കാത്ത കറികള്‍ കഴിക്കേണ്ടിവരില്ലേ-? രണ്ടാമതുമീറ്റിംഗ് ചുരത്തിന് താഴെ അടിവാരത്ത് അവിടെ നാളികേര കര്‍ഷകര്‍ പാര്‍ക്കുന്നു. ഭാഷ മയപ്പെടുത്തി മെരുക്കി മറ്റൊരുതരത്തിലാണ് പ്രസംഗം- തേങ്ങക്കുണ്ടോ? വില. കര്‍ഷകര്‍ എന്തു ചെയ്യും. തേങ്ങക്കെന്താവിലയും, തേങ്ങക്കുണ്ടോ വിലയും ഹൃദയത്തില്‍നിന്നുള്ള വാക്കുകളായിരുന്നില്ല. പരമാവധി പലതും പറഞ്ഞു താല്‍ക്കാലികം വോട്ട് കിട്ടണം. പിന്നെ തേങ്ങയുടെ പാട് തേങ്ങക്ക് അപ്പോളൊരു ചോദ്യം ഇതുമൊരു വിമര്‍ശന ക്കുറിപ്പല്ലേ-? ചീത്ത ഹോര്‍മോണുകള്‍ക്കിതും കാരണമാവില്ലേ- ശരിയാവാം മറ്റൊരു വഴികാണാനില്ല-ശരികള്‍ - നന്മകള്‍ മാത്രം പറയാം എന്ന് വെച്ചാല്‍ അതധികം പറയുനുണ്ടാവില്ല. സദുദ്ദേശ പൂര്‍വ്വം തിരുത്തുകള്‍ പറയുന്നത് ആത്യന്തികമായി നന്മയില്‍പെടുമെന്ന് കരുതുക തന്നെ-അചേതന വസ്തുക്കള്‍ക്കും ചില എനര്‍ജികള്‍ വേണമത്രെ ശാസ്ത്ര മാഗസിനിലാണിത് ഞാന്‍ വായിച്ചത്.അതാരുണ്ടാക്കും മനുഷ്യന്‍ ഉച്ചരിക്കുന്ന നല്ല വാക്കുകള്‍ നല്ല എനര്‍ജികള്‍ നിര്‍മ്മിച്ചു പ്രാപഞ്ചിക നിനില്‍പിനെ സഹായിക്കുന്നു എന്ന് ഇരുപത് വര്‍ഷത്തെ ഗവേഷണ പഠനം വഴി ജര്‍മന്‍ ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചെന്നാണ് പറയപ്പെടുന്നത്.

Sunday, 10 February 2013

''പെണ്ണേ'' എന്ന് വിളിച്ചാല്‍ കേസെടുക്കുമോ?


     എല്ലാം നടക്കുന്നത് നിയമത്തിന്റെ പുറത്തല്ലെങ്കിലും നിയമം ഒരു നൈതികാടയാളമാണ്. നമ്മുടെ രാജ്യത്ത് നിയമങ്ങള്‍ക്ക് പഞ്ഞമില്ല. ഭാരതത്തിന്റെ ഭരണഘടന നിയമപണ്ഡിതരുടെ പറുദീസയെന്ന് പറഞ്ഞവര്‍ ചില്ലറക്കാരല്ല. നിയമനിര്‍മാണ രംഗത്തും നാം മോശം പ്രകടനം നടത്തിയിട്ടില്ല.
     ആദിവാസി നിയമം കൊണ്ടെന്തുണ്ടായി? വയനാട്ടിലെ ''പണിയന്‍'' (കേസെടുക്കരുത്, വിഷയം പറയാന്‍ ജാതി വിളിച്ചതാണ്) വംശനാശ ഭീഷണിയിലാണ് ആര്‍ക്കുമൊന്നുമിടപെടാന്‍ പാടില്ല. മോഷ്ടിച്ചാല്‍ പോലും രാജകീയമായി സ്വീകരിക്കണം. പോലീസ് സേറ്റേഷനില്‍ ചായ വാങ്ങികൊടുക്കണം. മദ്യപിച്ച് ബഹളമുണ്ടാക്കിയാലോ, തുണിയുരിഞ്ഞു അസഭ്യം പറഞ്ഞാലോ ''കമ'' എന്ന് മറുത്തു പറയാന്‍ പറ്റില്ല.