Wednesday, 6 March 2013

'അബ്ദുല്‍ ഖാദിര്‍ ജീലാനി' കാലിക വായന


     ഹിജ്‌റ 470, എ.ഡി.1077 ജീലാന്‍ (കാസ്പിയന്‍ കടലിന് തെക്ക്) അബൂസ്വാലിഹ് മൂസയുടെ മകനായി അബ്ദുല്‍ഖാദിര്‍ ഭൂജാതനായി.
     പിതൃപരമ്പര ഇമാം ഹസനിലും മാതൃപരമ്പര ഇമാം ഹുസൈനിലും ചെന്നചേരുന്നു. ബാല്യത്തില്‍ പിതാവ് മരണപ്പെട്ടു. മാതൃസംരക്ഷണയില്‍ വളര്‍ന്നു. മാതാവ് പ്രമുഖ സൂഫി പണ്ഡിതന്‍ അബൂ അബ്ദുല്ലഹിസ്സ്വമയുടെ പുത്രി ഫാത്തിമ. അവരും പണ്ഡിതയും സൂക്ഷ്മശാലിയുമായിരുന്നു.
     18 വയസ്സായപ്പോള്‍ ബഗ്ദാദിലേക്ക് ഉപരിപഠനാര്‍ത്ഥം പോയി. മാതാവിന് 60 വയസ്സുള്ളപ്പോഴാണ് അബ്ദുല്‍ ഖാദിര്‍ ജനിക്കുന്നത്. ഉപരിപഠനത്തിന് പോകുന്ന മകനെ വൃദ്ധയായ (78 വയസ്) മാതാവ് 40 ദിനാര്‍ നല്‍കി ഇങ്ങനെ ഉപദേശിച്ചു: എനിക്ക് പിന്തുടര്‍ച്ചാവകാശമായി ലഭിച്ച 80 ദിനാറില്‍ നിന്ന് 40 ദിനാര്‍ നിനക്ക് നല്‍കിയതിനു  ''നീ അല്ലാഹുവിന്റെ ദീനിന് സേവനം ചെയ്യാന്‍ കഴിവുള്ള പണ്ഡിതനായി തിരിച്ചുവരണം.''

     അബൂസകരിയ്യുത്തിബ്‌രീസി, അബുല്‍വഫാ ഇബ്‌നു അഖീല്‍, അബ്ദുല്‍ ആദില്‍ മുബാറകുല്‍ മുഖദ്ദമി തുടങ്ങിയ മഹാപണ്ഡിതരില്‍ നിന്ന് ഭാഷയും വ്യാകരണവും സാഹിത്യവും മറ്റനേകം വിജ്ഞാന ശാഖകളും സ്വായത്തമാക്കി. മഹാനവര്‍കളുടെ രചനകളില്‍ പ്രകടമായി കാണുന്ന ഭാഷാസൗന്ദര്യം ഗുരുനാഥന്മാരുടെ മികവിനെ സൂചിപ്പിക്കുന്നു.
     ഹമ്പലീ മദ്ഹബുകാരനായിരുന്നു അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), ഹമ്മദുബ്‌നു റുബ്ബാസ്, മുഹമ്മദുബ്‌നു സൈനുല്‍ ബാഖില്ലാനി, അബൂബക്കര്‍ അഹമ്മദ് ബനമുളഫര്‍ തുടങ്ങിയ മഹാന്മാരുടെ ശിശ്യത്വവും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിക്ക് ലഭ്യമായിരുന്നു.
      പഠനത്തോടൊപ്പം സ്വായത്തമാക്കിയ ചിന്തയും ആത്മീയ ദാഹവും മഹാനവര്‍കളെ ഉന്നതങ്ങളിലെത്തിച്ചു. മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് ജനം പ്രഭാഷണ സദസ്സിലേക്കെത്തിതുടങ്ങി. ഇത് ചില ഘട്ടങ്ങളില്‍ എഴുപതിനായിരത്തോളമെത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു.
       ബഗ്ദാദിലെ ബാബുല്‍ അസദില്‍ ശൈഖ് ജീലാനിയുടെ ഗുരു അബൂ സഈദില്‍ മുഖര്‍രിമി സ്ഥാപിച്ച പാഠശാല ശിഷ്യന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിക്ക് ഏല്‍പ്പിച്ചുകൊടുത്തു. ഹിജ്‌റ 528 എ.ഡി. 1134 ഈ സ്ഥാപനം വിപുലീകരിച്ചു മഹാനവര്‍കള്‍ സ്ഥാപനത്തിലെ പ്രധാന ഗുരുവായി സേനവമേറ്റെടുത്തു.
      ദീന്‍ ജീവിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം വരുന്ന മുഹിയിദ്ദീന്‍ എന്ന സ്ഥാനപ്പേരില്‍ മഹാന്‍ വിശ്രുതനായി. 
      തഫ്‌സീര്‍, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, നഹ്‌വ് എന്നീ നാലു വിഷയങ്ങളില്‍ മഹാനവര്‍കള്‍ അദ്ധ്യാപനം നടത്തിയിരുന്നു. ശാഫി, ഹമ്പലി, മദ്ഹബുകള്‍ പ്രകാരം ഫത്‌വകള്‍ നല്‍കിയിരുന്നു.
ജീലാനി 73 വര്‍ഷം ബഗ്ദാദില്‍ ജീവിച്ചു. മുസ്തള്ഹിര്‍ ബി അംരില്ലാ, മുസ്തര്‍ശിദ്, റാശിദ്, മുഖ്തഫീ ലി അംരില്ലാ, മുസ്തന്‍ജിദ് ബില്ലാ എന്നീ അഞ്ച് അബ്ബാസീ ഖലീഫമാരുടെ വാഴ്ചക്കാലത്തായിരുന്നു മഹാന്റെ ജീവിതം. അബ്ബാസീ ഖലീഫമാരും സല്‍ജുഖീസുല്‍ത്വാന്‍മാരും തമ്മില്‍ സൈന്യവും സുല്‍ത്വാന്റെ സൈന്യവും തമ്മില്‍ പലപ്പോഴും സംഘട്ടത്തിലേര്‍പ്പെടുമായിരുന്നു.  പരസ്പരം ചോര ചിന്തുന്ന അത്തരം സംഭവങ്ങള്‍ മഹാനെ വേദനിപ്പിച്ചു. സമുദായത്തില്‍ കടന്നുക്കൂടിയ അന്തഛിദ്രവും ഭൗതിക പ്രേമവും അധികാര മാല്‍സര്യവും ഭരണാധികാരികളെ പ്രീതിപ്പെടുത്താന്‍ ജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും മഹാനെ വ്യാകുലനാക്കി. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് സമുദായത്തെ പിന്തിരിപ്പിക്കാന്‍ മഹാന്‍ പ്രഭാഷണങ്ങളിലൂടെ പരിശ്രമിച്ചു. ഭൗതിക വിഭവങ്ങളോടുള്ള അമിതമായ പ്രതിപത്തിയും അവ ആര്‍ജിക്കാന്‍ വേണ്ടി ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്ന പ്രവണതകളും തൗഹീദിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നദ്ദേഹം ഉണര്‍ത്തി 
       വിനയവും ലാളിത്യവും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരണാധികാരികളുടെ അതിക്രമങ്ങളെ അദ്ദേഹം എതിര്‍ത്തുപോന്നു. തന്‍മൂലം അവര്‍ അദ്ദേഹത്തെ ഭയപ്പെട്ടു. തനിക്ക് കിട്ടുന്ന പണവും പാരിതോഷികങ്ങളും അദ്ദേഹം ദരിദ്രര്‍ക്കും ശിഷ്യന്‍മാര്‍ക്കുമിടയില്‍ വീതിച്ചു. ഇഹലോകത്തെ സമ്പത്ത് മുഴുവന്‍ എനിക്ക് ലഭിച്ചിരുന്നെങ്കില്‍ അതത്രയും അഗതിസംരക്ഷണത്തിനായി ഞാന്‍ വിനിയോഗിച്ചേനേ എന്നദ്ദേഹം പറയുമായിരുന്നു. ദരിദ്രന്മാരുടെ വസ്ത്രങ്ങള്‍പോലും അദ്ദേഹം കഴുകിക്കൊടുക്കാറുണ്ടായിരുന്നു. വിശാല മനസ്‌കത, ദാനശീലം, ലാളിത്യം, വിനയം, ആതിഥ്യമര്യാദ, ധീരത തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷമായ സദ്ഗുണങ്ങള്‍.
       ജീലാനിയുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് അല്‍ഫത്ഹുര്‍റബ്ബാനി, ഫുതൂഹുല്‍ ഗൈബ് എന്നീ ഗ്രന്ഥങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഗുന്‍യതുത്ത്വാലിബീന്‍ അദ്ദേഹത്തിന്റെ മൗലിക ചിന്തകള്‍ പ്രതിഫലിപ്പിക്കുന്നു. അല്‍ഫുയൂദാതുര്‍റബ്ബാനിയ, ബശാഇറുല്‍ ഖൈറാത്, തുഹ്ഫതുല്‍ മുത്തഖീന്‍, ഹിസ്ബുര്‍റജാ വരല്‍ഇന്‍തിഹാ, അര്‍രിസാലതുല്‍ ഗൗഥിയ്യ:, അല്‍കിബ്‌രീതുല്‍ അഹ്മര്‍ തുടങ്ങിയവയാണ് മറ്റു പ്രമുഖ രചനകള്‍.
       561 റബീഉല്‍ ആഖിര്‍ 10/1166 ഏപ്രില്‍ 11ന് 91-ാമത്തെ വയസ്സില്‍ ശൈഖ് ജീലാനി വഫാത്തായി. ബഗ്ദാദില്‍ ഖബ്‌റടക്കി. ഹദീസ് പണ്ഡിതന്‍മാരായ അബൂ സഈദിസ്സംആനി, ഉമറുബ്‌നു അലിയ്യില്‍ ഖുറൈശി, ഹാഫിള് അബ്ദുല്‍ഗനി, യഹ്‌യബ്‌നു സഅ്ദില്ലാ എന്നിവര്‍ക്കു പുറമേ, പുത്രന്മാരായ അബ്ദുര്‍റസ്സാഖിബ്‌നു അബ്ദുദില്‍ ഖാദിര്‍, മൂസബ്‌നു അബ്ദില്‍ ഖാദിര്‍ തുടങ്ങിയവരും ജീലാനിയുടെ പ്രമുഖരായ ശിഷ്യന്‍മാരില്‍ പെടുന്നു.
       മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന പേരിലാണ് മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന പദ്യരചനകള്‍ പ്രചാരത്തിലുണ്ട്. 'മുഹ്‌യിദ്ദീന്‍ മാല' എന്ന കീര്‍ത്തനം പ്രസിദ്ധമാണ്. കോഴിക്കോട് സ്വദേശിയായ ശൈഖ് ഖാദി മുഹമ്മദ്  എന്ന മഹാന്‍ കൊല്ലവര്‍ഷം 782-ല്‍ രചിച്ച പ്രസ്തുത കീര്‍ത്തനം മലയാളത്തിലെ ആദ്യത്തെ മാപ്പിളപ്പാട്ടു കൃതികളിലൊന്നാണ്. ആത്മീയ ലോകത്ത് ഉന്നതസ്ഥാനത്തെത്തിയ മഹാനവര്‍കള്‍ 'ഗൗസുല്‍ അഅ്‌ളം' എന്ന സ്ഥാനപ്പേരിലാണറിയപ്പെടുന്നത്.

No comments:

Post a Comment