Wednesday 3 October 2012

വിജ്ഞാന ഗോപുരം


   
 പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ പരിസരങ്ങളില്‍ വായിച്ചറിഞ്ഞ മഹാപണ്ഡിതരുടെ സാന്നിദ്ധ്യമേറ്റുവാങ്ങിയ അനുഗൃഹീത കേരളം.
മഖ്ദൂമീ പണ്ഡിതരുടെ വിജ്ഞാന വിപ്ലവത്തിന് സാക്ഷിയായ മലയാള മണ്ണ്. 
നിറഞ്ഞൊഴുകിയ ഇല്‍മിന്റെ അലകള്‍ തീര്‍ത്ത കേരം നിറഞ്ഞ കേരള നാട്...

1926-ല്‍ പുതിയങ്ങാടിയിലെ വരക്കല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
എട്ടര പതിറ്റാണ്ട്. എത്രയോ മഹാപണ്ഡിതര്‍. സമസ്തയുടെ സുപ്രധാന വ്യവഹാരം ഇല്‍മീ വ്യാപനം തന്നെ.
മലപ്പുറം ജില്ലയിലെ കാളമ്പാടിയെന്ന മലമടക്കില്‍ 1934ല്‍ അരിക്കത്ത് മുഹമ്മദ് എന്ന ഒരാണ്‍കുട്ടിയുടെ ജനനം. ആ കുഞ്ഞ് വിജ്ഞാനത്തിന്റെ മഹാഗോപുരമായി വളര്‍ന്നത് ഗ്രാമീണര്‍ മാത്രമല്ല മലയാളി മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചറിയുകയായിരുന്നു. അല്‍പം മുന്നോട്ടാഞ്ഞ് ശാന്തമായി നടന്നുനീങ്ങുന്ന സാത്വികനായ പണ്ഡിതന്‍. ഒരു ഉറുമ്പിനെപ്പോലും നോവിക്കാനിഷ്ടപ്പെടാത്ത, സകല സുന്നത്തുകളും എണ്ണമറ്റ ഔറാദുകളും ശീലമാക്കിയ സൂഫിയായ പണ്ഡിതന്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മഹാനായ പ്രസിഡണ്ട്. 51 വര്‍ഷം നീണ്ട അധ്യാപനജീവിതത്തിലൂടെ അനേകായിരം പണ്ഡിതരെ വാര്‍ത്തെടുത്ത മഹാമനീഷി.
ഇത്രയധികം ശിഷ്യസമ്പത്തുള്ള ഉലമാക്കള്‍ അധികമുണ്ടാവില്ല. ഉഖ്‌റവിയ്യായ ഉലമാഇന്റെ സ്വതസിദ്ധമായ വാക്കും പ്രവൃത്തിയും വൈരുദ്ധ്യമില്ലാതിരിക്കുകയെന്ന മഹത്തായ സ്വഭാവ വിശേഷത്തിന്റെ ഉടമ.
കേരളത്തിലെ ഏറ്റവും വലിയ സംഘടനയുടെ തലപ്പത്തിരുന്ന ഈ കര്‍മയോഗി അവസാനം വരെ വിജ്ഞാനവ്യാപനത്തില്‍ മുഴുകി, ഇഹലോകവുമായി അകന്നുകഴിഞ്ഞ കാളമ്പാടി ഉസ്താദ് പരലോകത്തേക്ക് വലിയ പാഥേയം ശേഖരിക്കുകയായിരുന്നു. കാളമ്പാടിയിലെ പാടവക്കത്തൊരു കൊച്ചുകൂരയില്‍ അധികമൊന്നും സൗകര്യങ്ങളൊരുക്കാത്ത വീട്ടില്‍ അധികായനായ ഈ പണ്ഡിത ജ്യോതിസ് കാലം അടയാളപ്പെടുത്തിയ ഉന്നതനായ നായകനായി ജീവിച്ചു.
എണ്ണമറ്റ മാതൃകകള്‍ കാളമ്പാടി ഉസ്താദിലൂടെ നാം അറിയുന്നു. ഐഹികതകളോട് ഒട്ടും താല്‍പര്യം കാണിക്കാതെ ആരാധനകളിലും വിജ്ഞാനവ്യാപനത്തിലും നീക്കിവച്ച ഒരു പുരുഷായുസ്.

കാളമ്പാടി ഉസ്താദിനെ ഉലമാക്കള്‍ 'റഈസുല്‍ ഉലമാ' എന്നു വിളിച്ചു. അക്ഷരാര്‍ത്ഥത്തില്‍ പണ്ഡിതരുടെ തലവനായിരുന്നു അദ്ദേഹം. വിജ്ഞാന സമുദ്രത്തില്‍ ആഴങ്ങളിറങ്ങി ആവോളം സംമ്പാദിച്ച അദ്ധ്വാനിയായ പണ്ഡിതന്‍.
തന്റെ ശിഷ്യഗണങ്ങളോടും സഹപ്രവര്‍ത്തകരോടും അങ്ങേയറ്റം സ്‌നേഹമസൃണമായി പെരുമാറിയ എളിമയും തെളിമയും മേളിച്ച അത്യപൂര്‍വ വ്യക്തിത്വം. 
ഉസ്താദിന്റെ മാര്‍ഗദര്‍ശികള്‍ സാത്വികരായിരുന്നു. ഉസ്താദും അങ്ങനെയായി. ഉസ്താദിന്റെ വ്യവഹാരമേഖല സംശുദ്ധമായിരുന്നു. ഉസ്താദും വിശുദ്ധനായി. അധികം പറയാതെ അധികം പറഞ്ഞ അധികം ആരവങ്ങളില്ലാതെ കേരളം നിറഞ്ഞുനിന്ന അത്യപൂര്‍വം ചിലരിലൊരാള്‍.
കാളമ്പാടി ഉസ്താദ് സമസ്തയുടെ പ്രവര്‍ത്തകനായിരുന്നു; സ്‌നേഹിയായിരുന്നു; നേതാവായിരുന്നു; സേവകനായിരുന്നു, മലയും കുന്നും കാല്‍നടയായി കടന്നെത്തി സംഘടനയെ ശക്തിപ്പെടുത്തിയ സംഘബോധവും സംഘനീതിയും സമ്മേളിച്ച സര്‍ഗപ്രതിഭയായിരുന്നു. അവസാന കാലമായപ്പോള്‍ ഉസ്താദിന്റെ കാലിനു വന്ന ചെറു ബലക്ഷയം പോലും പ്രസ്ഥാനത്തിനു വേണ്ടി അധികം നടന്നു സമ്പാദിച്ചതാണെന്നു വേണം കണക്കാക്കാന്‍. ഞങ്ങള്‍ കടുത്ത ദുഃഖത്തിലാണ്; കഠിന മനോവേദനയിലും. അല്ലാഹുവേ! ഉസ്താദിന്റെ പരലോക ജീവിതം നീ പരിപൂര്‍ണ ശോഭയിലാക്കേണമേ. ഞങ്ങളെയും നീ മഹാനവര്‍കള്‍ക്കും മണ്‍മറഞ്ഞ അനേകായിരം പണ്ഡിത മഹത്തുക്കള്‍ക്കുമൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടേണമേ - ആമീന്‍.

No comments:

Post a Comment