Sunday 7 October 2012

ചാരക്കേസും പ്രസംഗ കേസും


     ഐ.എസ്.ആര്‍.ഒ.യിലെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്തി നമ്പിനാരായണന്‍ ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് നല്‍കിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേരളം മാത്രമല്ല, ഭാരതം മുഴുവന്‍ വന്‍ അമ്പരപ്പ് സൃഷ്ച്ചിരുന്നു. ഈ വിവാദ ചൂടില്‍ പലതും സംഭവിച്ചു.
     കേരള രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യ സമര സേനാനി കൂടിയായ കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി.
     ശ്രീ. രമണന്‍ ശ്രീവാസ്തവയെ സ്ഥാനത്ത് നിന് മാറ്റണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. തുടര്‍ന്ന് 18 കോണ്‍ഗ്രസ് സമാജികര്‍ കരുണാകരന്റെ രാജിയാവശ്യം ഉന്നയിച്ചു.
തട്ടില്‍ എസ്റ്റൈറ്റ് കേസ്, രാജന്‍ കേസ്, പാമോയില്‍ കേസ്, ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഇത് നാലിലും ഉള്‍പ്പെട്ട കരുണാകരന്‍ ഒരു തറ രാഷ്ട്രീയക്കാരനായി തരം താഴ്ത്തപ്പെട്ടു. കരുണാകര ചാണക്യസൂത്രത്തില്‍ മരിക്കുവോളം ലീഡര്‍ പരിക്കോടെയെങ്കിലും പിടിച്ചുനിന്നു.

     കണ്ണിറുക്കി കാണിച്ചും മഹാകാര്യങ്ങള്‍ പ്രഖ്യാപിച്ചും ഡി.ഐ.സി.ഉണ്ടാക്കിയും കയറ്റിറക്കത്തിന്റെ നാള്‍വഴികള്‍ പിന്നിട്ട ലീഡര്‍ തലസ്ഥാനങ്ങളില്‍ നിന്നേറ്റ കനത്ത അവഗണനകള്‍ സഹിച്ചു കദറിട്ട് സ്പീഡില്‍ കാറോടിച്ചു നടന്നു. ത്രിവര്‍ണ പതാക പുതച്ചു അന്ത്യയാത്രയായി.
     ചാരക്കേസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് സി.ബി.ഐ. കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യുസ്, എസ്.വിജയന്‍, കെ.കെ.ജോഷോ ഒരു പരിക്കുമേല്‍ക്കാതെ കാലാകാലങ്ങളിലെ പ്രൊമോഷന്‍ സഹിതം കൃത്യമായി ശമ്പളം പറ്റിപോന്നു. ശിക്ഷിക്കണമെന്ന് സി.ബി.ഐ. ശിപാര്‍ശ ചെയ്ത ഈ ഉദ്യോഗസ്ഥരെ മാറിമാറിവന്ന സര്‍ക്കാറുകള്‍ രക്ഷിക്കുകയായിരുന്നുവോ?
     വിവാദ രമണന്‍ ശ്രീവാസ്തവ ഡി.ജി.പി.വരെയായി ഉയര്‍ന്നു. നമ്മുടെ നീതിബോധത്തെ ഇതൊക്കെ എങ്ങനെ സ്വാദീനിക്കുന്നു എന്നുകൂടി വായിക്കപ്പെടണം.
     തമ്പിനാരായണന്‍ പാക്ക് ചാരന്‍ എന്ന് സ്‌കൂള്‍കുട്ടികളെ കൊണ്ടുപോലും വിളിപ്പിച്ചതില്‍ പിന്നെ വൈകി വൈകിയൊരു മാപ്പ് പറച്ചിലും പിന്നെ കോമണ്‍ സെഷനും. ചരട്‌വലിച്ച ശക്തികള്‍ക്കെന്ത് ശിക്ഷ കിട്ടി? അവര്‍ സമൂഹത്തില്‍ വലിച്ചിട്ട മാലിന്യ വിചാരങ്ങള്‍ ആര് വൃത്തിയാക്കും.
     ഇന്ത്യയില്‍ നടന്ന പലവ്യാജ ഏറ്റുമുട്ടലുകളുടെയും ചരിത്രവും ഇത് തന്നെ. പലരും തൂക്കിലേറ്റപ്പെട്ടതില്‍ പിന്നെയാണ് നേര് പുറത്ത് വരുന്നത്.

     പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹീം കുഞ്ഞ് ഒരു പാര്‍ട്ടി പ്രവര്‍ത്തക കേമ്പില്‍ ''ഭരണം നമ്മാളണെന്ന ഓര്‍മവേണം, എളിമ വേണം, ചുമതലാബോധം വേണം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പാര്‍ട്ടിക്ക് അഹിതമായതൊന്നും ഇപ്പോള്‍ നടക്കുകയില്ല'' എന്ന് പറഞ്ഞതിലെ മഹത്വം ചര്‍ച്ച ചെയ്യുന്നതിന് പകരം ആ പ്രസംഗത്തിലൊരിടത്തും നെഗറ്റീവിസം അല്ലെങ്കില്‍ ധാര്‍ഷ്ട്യം ഇല്ലാതിരുന്നിട്ടും എങ്ങനെ? എന്തുകൊണ്ട്? ആര്? വിവാദമാക്കി!
     ഇരുപത് ലക്ഷം മലയാളികള്‍ മദ്യത്തിന്റെ അടിമ. 12 വയസുകാരനില്‍പോലും ലഹരിയുടെ തീരത്ത്. കേരളം മയക്കത്തിലേക്ക്, മദ്യനിരോധനം നടപ്പിലാക്കണമെന്ന് സാമാന്യ നീതി ബോധമുള്ള മുസ്‌ലിം ലീഗ് പ്രമേയം പാസാക്കിയപ്പോഴും കള്ളില്‍ സമുദായം കടത്തികൂട്ടി ആക്രമണ രീതി സ്വീകരിക്കുന്നവരെ ഇന്നല്ലെങ്കില്‍ നാളെ ചരിത്രമെങ്കിലും വര്‍ഗീയവാദികള്‍ എന്ന് വിളിക്കാതിരിക്കുമോ?
     എന്‍.എസ്.എസിനോ, എസ്.എന്‍.ഡി.പി.ക്കോ മുസ്‌ലിംലീഗ് അജീര്‍ണത ഉണ്ടാക്കേണ്ട കാര്യമില്ല. സംസ്ഥാന നിയമസഭയില്‍ ജനങ്ങള്‍ വോട്ട് നല്‍കി ജയിപ്പിച്ച 20 അംഗങ്ങളുള്ള പാര്‍ട്ടിയാണത്. യു.ഡി.എഫി.ലെ എല്ലാ വിഭാഗങ്ങളുടെയും ഒരുപക്ഷത്തുമില്ലാത്തവരുടെയും വോട്ട് മുസ്‌ലിം ലീഗിന് കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുകയും ചെയ്യും.
മുസ്‌ലിം ലീഗ് മത്സരിച്ച 25 സീറ്റിലും ബാക്കിയുള്ള 115 സീറ്റിലും മുസ്‌ലിം ലീഗുകാര്‍ വോട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിലെ സാമ്പ്രദായിക നടത്തിപ്പ് രീതിയാണത്. അത്‌കൊണ്ടാണ് യു.ഡി.എഫ്. 72 ഇടത്തും വിജയിച്ചത്.
     മുസ്‌ലിംലീഗ് നായര്‍ക്കും, ഈഴവനും, ക്രിസ്ത്യാനിക്കും, ദളിതനും അങ്ങനെ എല്ലാ ജാതിയിലും പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം മാത്രം നോക്കിയാണ് വോട്ട് ചെയ്തത്. തന്റെ പാര്‍ട്ടി അണികളോട് ഭരണമുണ്ടെന്ന് കരുതി എളിമ വിടരുതെന്നും ചുമതലമറക്കരുതെന്നും പ്രസംഗിച്ചതിന് ഇബ്രാഹീം കുഞ്ഞിനെ ബൊക്ക നല്‍കി വരവേല്‍ക്കുന്നതിന് പകരം നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുകുമാരന്‍ നായര്‍ പറയരുതായിരുന്നു.
     സമുദായത്തിന് പഞ്ചാരചൊരിയലാണ് ലീഗ് മന്ത്രിമാരെന്ന വെള്ളാപിള്ളിയും, ഏതാണ്ടതിന്നടുത്ത പ്രയോഗം ബി.ജെ.പി.യും നടത്തിയത് മാധ്യമങ്ങളില്‍ വന്നു. ''നായരീഴവ ഐക്യം'' അഥവാ ഹിന്ദുസമുദായത്തിന്റെ അവകാശ സംരക്ഷണാര്‍ത്ഥം ഐക്യപ്പെടുന്നത് സ്വാഗതാര്‍ഹം തന്നെ. അത് മറ്റൊരു സമുദായത്തെ അമര്‍ച്ച ചെയ്യാനോ, കാലം കഥ കഴിച്ച് ഫ്യൂഡലിസവും, ജന്മിത്വവും തിരിച്ചുകൊണ്ടുവരാനോ അടിയാന്മാരെ സൃഷ്ടിക്കാനോ ആണെങ്കില്‍ അതാണ് വര്‍ഗീയ ഫാസിസം.
     ഇബ്രാഹീം കുഞ്ഞ് എന്തോ മഹാഅപരാധം ചെയ്തപോലെയാണ് പലമാധ്യമങ്ങളും വാര്‍ത്തകൊടുത്തത്. അദ്ദേഹത്തിന്റെ സരളവും ലളിതവും വിനയന്വിതവുമായ പ്രസംഗം ഞാനും ചാനലില്‍ കണ്ടു. മുഷ്ടിചുരുട്ടി, നെഞ്ച് വിരിച്ച് അട്ടഹസിക്കുകയല്ല അദ്ദേഹം ചെയ്തത്.
നാം(മുസ്‌ലിംലീഗ്) കേരള ഭരണത്തിലെ വലിയ ഷെയറുള്ള ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. ഭരണം കിട്ടിയാല്‍ നെഗളിപ്പും അമിതാവേശവും, നിരുത്തരവാദ സമീപനങ്ങളും പലപാര്‍ട്ടി അണികളിലും പ്രകടമാണ്. എന്നാല്‍, ലീഗ് അണികള്‍ അങ്ങനെയാവരുത്. നമ്മുടെ വലിപ്പം നമ്മുടെ ചെറുപ്പത്തെ ഓര്‍പ്പിക്കുന്നു. നമ്മുടെ ഉയര്‍ച്ച നമ്മുടെ ചുമതലയേയും. ഇങ്ങനെയുള്ള ഏറ്റവും മഹത്തായ സന്ദേശം ഒരു പാര്‍ട്ടിയോഗത്തില്‍ ഒരു പാര്‍ട്ടി നേതാവ് (മന്ത്രി) നല്‍കിയത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് പോലെ ബലൂണീകരിച്ചവര്‍ക്ക് വേറെ അജണ്ടയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് പ്രതികരിച്ചത്.
ചാനല്‍ ചര്‍ച്ചയില്‍ അഡ്വ. സണ്ണിതോമസ് ഇക്കാര്യ മനോഹരമായി വിലയിരുത്തിയപ്പോള്‍ ഇബ്രാഹീം കുഞ്ഞിന്റെ അയല്‍വാസി അഡ്വ. ജയശങ്കര്‍ പതിവ്‌പോലെ ചിരിച്ചുപറഞ്ഞത് ഭരണം പാണക്കാട്ടെന്ന മറ്റാരുടെയോ പല്ലവി.
     പാണക്കാട് കൊടപ്പനക്കല്‍ വീട്ടില്‍ സുധാര്യമല്ലാത്ത ഒന്നും നടക്കാറില്ല. അടച്ചിട്ട മുറിയില്‍ അവിടെ യോഗങ്ങള്‍ നടക്കാറില്ല. ആര് വന്നാലും എപ്പോള്‍ വന്നാലും വരാന്തയിലോ, സ്വീകരണ മുറിയിലോ നാലാള്‍ സാന്നിദ്ധ്യത്തിലാണ് നാട്ടുവര്‍ത്തമാനങ്ങള്‍. മന്ത്രിപ്പടകളോ, രാഷ്ട്രീയ മാരത്തോണ്‍ ചര്‍ച്ചകളോ അല്ല അവിടെ മുഖ്യം. നാട്ടിന്റെ നാനാദിക്കുകളില്‍ നിന്നെത്തുന്നവരുടെ കഥനങ്ങളുടെ കെട്ടാണവിടെ അഴിക്കാറുള്ളത്.
     കുടുംബവഴക്ക്, അതിര്‍ത്തി തര്‍ക്കം, രോഗ ചികിത്സ, ജീവകാരുണ്യ-സേവന ചര്‍ച്ചകള്‍, പാണക്കാട് വരുന്ന ഓരോ നൂറിലും തൊണ്ണൂറും സാധാരണക്കാരും അവിടെ തീര്‍പ്പിക്കുന്ന ഓരോ നൂറിലും തൊണ്ണൂറ്റിഒമ്പതും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളുമാണ്.
     പെരുന്നകളും, അരമനകളും പാണക്കാട്ടുമായി തുലനം ചെയ്യാവതല്ല. അഡ്വ.ജയശങ്കര്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോണിലുക്കോസിന്റെ ശിഹാബ് തങ്ങളുടെ അഭിമുഖമെങ്കിലും വായിക്കേണ്ടതായിരുന്നു. മുസ്‌ലിം സമുദായത്തെ ഒരടികൊടു
ക്കാനല്ല തഴുകിതലോടാനാണ് ജ്യേഷ്ടസോഹദരങ്ങള്‍ ശ്രമിക്കേണ്ടത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി നടുവൊടിഞ്ഞുപോയ മുസ്‌ലിംസമുദായത്തെ ഒരു ചവിട്ടുകൂടി കൊടുത്തു കൂടുതല്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് മിതമായി വിശദീകരിച്ചാല്‍ മൃഗീയമാണ്. കേരളം മതമൈത്രിയുടെ സ്വര്‍ഗഭൂമിയാണ്. ഈ സ്വര്‍ഗം പണിതതില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, മുസ്‌ലിംലാഗ് പാര്‍ട്ടിയും വഹിച്ച പങ്ക് ചെറുതല്ല. മന്നത്ത് പ്തമനാഭനും ശ്രീനാരായണ ഗുരുവും കേരളം ഭ്രാന്താലയമാവരുതെന്ന വിചാരിച്ച മഹാമനീഷികള്‍ തന്നെ. അനുയായികളും അങ്ങനെയാവണം. മുസ്‌ലിംലീഗ് ഒരുഘട്ടത്തിലും വഴിമാറിയിട്ടില്ല, മാറുകയില്ല, മാറേണ്ടതും ഇല്ല.


കള്ള് വ്യവസായം പുനഃപരിശോധനയാവശ്യം

നായരീഴവ ഐക്യം




9 comments:

  1. കാലികമായ പോസ്റ്റ്....

    പിന്നെ ഇവയിലൊക്കെ വിവാദം കാണുന്നവർക്ക് അത് വിവാദമാക്കി നിലനിർത്തുന്നവർക്ക് ചില നിക്ഷിപ്ത താല്പര്യം ഉണ്ടെന്നതിൽ തർക്കമില്ല.. അവരെയൊന്നും "പറഞ്ഞ്" നേരെയാക്കാൻ കഴിയുമെന്നും തോന്നുന്നില്ല ....

    ReplyDelete
  2. @മുസ്‌ലിം ലീഗ് മത്സരിച്ച 25 സീറ്റിലും ബാക്കിയുള്ള 115 സീറ്റിലും മുസ്‌ലിം ലീഗുകാര്‍ വോട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിലെ സാമ്പ്രദായിക നടത്തിപ്പ് രീതിയാണത്. അത്‌കൊണ്ടാണ് യു.ഡി.എഫ്. 72 ഇടത്തും വിജയിച്ചത്.

    ലീഗുകാര്‍ പൊതുവെ ഭാവനാശാലികളാണ്. ആ ഭാവന എത്രമാത്രം ഉണ്ടെന്നു ഈ വരികള്‍ വരച്ചു കാണിക്കുന്നുണ്ട്. മലപ്പുറം മുതല്‍ മലപ്പുറം വരെ വിശാലമായി നീണ്ടു കിടക്കുന്ന മുസ്ലീം ലീഗ് വോട്ട് ചെയ്തതത് കൊണ്ടാണ് UDF ഇന് 72 വോട്ട് കിട്ടിയത് എന്ന്.. ഹോ ഹോ ഹോ...... ഹ ഹ ഹാ... അയ്യോ... ചിരി അടക്കാന്‍ പറ്റുന്നില്ലേ.....

    അടുത്ത തിരഞ്ഞെടുപ്പ് വരെ ഒന്നും കാക്കണ്ട. ഇപ്പോള്‍ ഒരു ഇലക്ഷന്‍ നടത്തിയാല്‍ ലീഗ് എടുക്കാനും വക്കാനും ഇല്ലാത്ത പോലെ പൊടിഞ്ഞു പോകും.

    ഇന്നലെ പന്യന്‍ രവീന്ദ്രന്‍ പറഞ്ഞത് ആണ് ശരി. "കേരളത്തില്‍ മുസ്ലീം വര്‍ഗീയത വര്‍ധിക്കുന്നു അത് ഹിന്ദു വര്‍ഗീയതക്ക് കാരണമാകും."

    ReplyDelete
  3. മുസ്‌ലിം ലീഗിന് മലപ്പുറത്ത് പ്രത്യേകിച്ച് മലബാറിലാണ് അധിക സ്വാദീനമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും മുസ്‌ലിം സാന്നിദ്ധ്യവും മുസ്‌ലിം ലീഗ് പാര്‍ട്ടി സാന്നിദ്ധ്യവും ഉണ്ട്. ഈവിവരമറിയാന്‍ ഭാവനയോ പ്രത്യേക വൈഭവമോ ആവശ്യമില്ല.
    മതന്യൂനപക്ഷങ്ങള്‍ മുഖ്യധാരയില്‍ വളര്‍ന്നുവരുന്നത് വളരെ ചുരുക്കം കാവി മനസ്സുക്കളാണിഷ്ടപ്പെടാത്തത്. പന്ന്യന്‍ രവീന്ദ്രന്‍ ആകുട്ടത്തില്‍പ്പെട്ടതാണെന്ന പക്ഷക്കാരനല്ല ഞാന്‍. സംസാരങ്ങളില്‍ പലപ്പോഴും പലരുടെയും ഉള്ളിന്റെയുള്ളിലെ ജാതി വികാരം തുളുമ്പാറുണ്ട്.
    മുസ്‌ലിം ലീഗ് ജയിച്ച 20 സീറ്റിലും യു.ഡി.എഫിന്റെ വോട്ട് എങ്ങനെ സ്വാദീനിച്ചോ അപ്രകാരം യു.ഡി.എഫ് ജയിച്ചിടങ്ങളിലും സ്വാദീനിച്ചു. അതിനാണ് മുന്നണി സംവിധാനം എന്ന് പറയുക. ഈ നേരിന് നേരെ പരിഹസിക്കുന്നതിലെ നീതിബോധം സംശയാസ്പദമാണ്.

    ReplyDelete
  4. മതത്തിന്റെ പേരില്‍ അടിത്തറ കെട്ടിപ്പൊക്കിയ ഒരു ചീട്ടു കൊട്ടാരം ആണ് UDF. മതം അതിന്റെ ബേസ് ആകുമ്പോള്‍ വീതം വയ്പ്പും അങ്ങനെ തന്നെ. ന്യൂന പക്ഷ സമുദായങ്ങള്‍ കേരള കൊണ്ഗ്രെസ്സ് എന്ന പേരില്‍ ക്രിസ്ത്യാനികളും മുസ്ലീം ലീഗ് എന്ന പേരില്‍ പാക്കിസ്ഥാന്‍ കൊടിക്കാരും സന്ഖടിച്ചു പാര്‍ട്ടി ഉണ്ടാക്കി അധികാരം പിടിച്ചെടുത്തു എന്ന തോന്നല്‍ മാത്രം ആണ് ഭൂരിപക്ഷ സമുദായക്കാരെ ചോടിപ്പിക്കുന്നത്. മതം മാത്രം ഉപയോഗിച്ച് വീതം വപ്പു നടത്തുമ്പോള്‍ തങ്ങളുടെ ഭാഗം കിട്ടി ഇല്ലെന്നു അവര്‍ക്ക് പറയാന്‍ അധികാരം ഉണ്ട്.

    UDF ഇന് ആകെ ഉള്ളത് 72 സീറ്റ് മുസ്ലീം ലീഗിന് 20
    മൊത്തം ഇരുപതു മന്ത്രിമാരും

    അങ്ങനെ നോക്കിയാല്‍ ലീഗിന് വേണ്ട മന്ത്രിമാര്‍ 72/20 = 3.6 റൌണ്ട് ചെയ്താല്‍ നാല്

    ഈ നിലയില്‍ തുടര്‍ന്നിരുന്നെങ്കില്‍ വലിയ പ്രശനം ഇല്ലായിരുന്നു. പക്ഷെ ലീഗ് ചെയ്തത് പണ്ടേ ദുര്‍ബല കൂടാതെ ഗര്‍ഭിണി എന്ന് പറഞ്ഞ് നിന്ന കൊണ്ഗ്രെസ്സിനെ സമ്മര്ധ തന്ത്രം ഉപയോഗിച്ച് ഒരു മന്ത്രിയെ കൂടി നേടി എടുത്തു. പിന്നെ അങ്ങോട്ട്‌ കാണുന്നത് മുഴുവന്‍ മുസ്ലീം പ്രീണനം. എല്ലായിടത്തും ലീഗ് അഴിഞ്ഞാട്ടം ആരംഭിച്ചു. ഇതാണ് ഭൂരിപക്ഷ സമുദായത്തെ ചൊടിപ്പിക്കുന്നത്. ഇത് ഞാന്‍ പറയാതെ തന്നെ എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണല്ലോ.

    മതത്തിന്റെ യാതൊരു പിന്‍ബലം ഇല്ലാതെ സ്വന്തം കഴിവ് കൊണ്ട് നേതാവായി ജയിച്ചു മന്ത്രി ആയാല്‍ ഇരുപതില്‍ ഇരുപതും മുസ്ലീം മന്ത്രിമാര്‍ ആയാലും ഇവിടെ ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല. മന്ത്രിമാരുടെ മതം ഏതെന്നു ആരും അന്വേഷിക്കുകയും ഇല്ല. പക്ഷെ മതം മാത്രം അടിസ്ഥാനമായി ഉപയോഗിച്ച് മന്ത്രിമാര്‍ ആയാല്‍ വീതം വെപ്പില്‍ മാന്യത പാലിക്കണം. ഇല്ലെങ്കില്‍ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.

    ReplyDelete
  5. ഭാരതത്തില്‍ നാനാജാതി-മത വിഭാഗങ്ങള്‍ ഒരുയാഥാര്‍ത്ഥ്യമാണ്. ഭാരതത്തിന്റെ സാംസ്‌കാരിക സൗന്ദര്യം നിലനിര്‍ത്തുന്നതും ഈ വൈജാത്യങ്ങളാണ്.
    ഇന്ത്യയില്‍ വര്‍ഗ്ഗ പരമായും, പ്രാദേശികമായും നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇതൊന്നുമില്ലന്ന് പറയുന്ന പാര്‍ട്ടികളും ഫലത്തില്‍ ഈ വൈജാത്യങ്ങള്‍ അംഗീകരിക്കുന്നു. സി.പി.ഐ.എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സ്ഥാനങ്ങള്‍ വീതം വെക്കുന്നതിലും പറയാതെ പറയുകയും നടപ്പിലാക്കുകയും ചെയ്യുന്ന സമവാക്യങ്ങള്‍ മുസ്‌ലിംലീഗും, കേരള കോണ്‍ഗ്രസും പറഞ്ഞു ചെയ്താലെങ്ങനെ തെറ്റാവും. ഉദാഹരണം തിരുവനന്തപുരത്ത് ഏത് ഘട്ടത്തിലും എല്ലാ പാര്‍ട്ടിയും ഉയര്‍ന്ന (?) ജാതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നു. നെയ്യാറ്റിന്‍കരയില്‍ ഇടത്, വലത് സ്ഥാനാര്‍ത്ഥികളായി എന്ത് കൊണ്ട് തദ്ദേശത്ത് ഭൂരിപക്ഷമില്ലാത്ത സമുദായ അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കിയില്ല.?
    യു.ഡി.എഫിലെ അംഗബലം പരിശോധിച്ചാല്‍ ആനുപാതികമായി ലീഗിന് 6 മന്ത്രിമാരെ ആവശ്യപ്പെടാന്‍ അര്‍ഹത ഉണ്ടെന്ന് ചെന്നിത്തല തന്നെ സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കുക. കെ.എം.മാണിയും, പി.സി.ജോര്‍ജ്ജും ഇതാവര്‍ത്തിച്ചിട്ടുണ്ട്. എതിര്‍ത്തവര്‍ എന്തിനെത്തിര്‍ത്തു, എതിര്‍ക്കുന്നു എന്നതാര്‍ക്കാണിനിയും മനസ്സിലാവാത്തത്.
    രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. ജയിച്ചാല്‍ ഭരിക്കാനും. ഈതലത്തില്‍ വിചാരിക്കുന്നവര്‍ക്കെങ്ങനെ വര്‍ഗ്ഗീയം വരും. മുസ്‌ലിംലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ഒരുകട്മണിതൂക്കം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിലപാടുകള്‍ 1967 മുതല്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. പിന്നാക്ക പ്രദേശങ്ങള്‍ക്കെല്ലാതെ, പിന്നാക്കവിഭാഗങ്ങള്‍ക്കെല്ലാതെ ലീഗ് പരിഗണന നല്‍കീട്ടുമില്ല. ജനറല്‍ സീറ്റില്‍ (കുന്നമംഗലം) യു.സി.രാമനെ സ്ഥാനാര്‍ത്ഥിയാക്കിയ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. കുറ്റപ്പെടുത്തിയേ അടങ്ങു എന്നുള്ളവര്‍ക്കങ്ങനെയാവാം.
    കല്ലെറിഞ്ഞാലേ മനശാന്തികിട്ടു എന്നാന്നങ്കില്‍ അങ്ങനെയും ആവാം. മുസ്‌ലിംലീഗിന് നിര്‍വ്വഹിക്കാനുള്ള ധര്‍മ്മം ഭാരിച്ചതാണ് അതുമായി മുന്നോട്ടുനീങ്ങാന്‍ ആ പ്രസ്ഥാനത്തെ അനുവദിക്കുക. കെ.ആര്‍.ഗൗരിയമ്മക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടതിന്റെ കാരണം 'ചോവത്തി' പ്രശനമാണന്ന് പറഞ്ഞത് മറക്കാനായിട്ടില്ല. പാലോളി മുഹമ്മദ് കുട്ടിക്ക് 'മാപ്പിള' ചാര്‍ത്തപ്പെട്ടത് കാരണമാണത്രെ മുഖ്യമന്ത്രി പദം നഷ്ടമായത്. വി.എസ്.മസില്‍ പവറുപയോഗിച്ചും ഞാനിന്മേല്‍ കളിച്ചാണ് സ്ഥാനാര്‍ത്ഥിത്വം നേടിയതും, മുഖ്യമന്ത്രി പണി തരപ്പെടുത്തിയതെന്നുമാണ് നാട്ടുവര്‍ത്തമാനം.
    മതേതര ഭാരതത്തിന്റെ ഭരണ ചരിത്രത്തിലെല്ലായിടത്തും അടയാളപ്പെട്ടു കിടക്കുന്ന ഒരു സത്യം നിഷേധിച്ചു സമയം പാഴാക്കുന്നത് ശരിയാണോ?

    ReplyDelete
  6. തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍. നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്. ആ 'നമ്മളി'ല്‍ മലപ്പുറത്തെ കുട്ടിയോ കൊങ്ങോര്‍പിള്ളിക്കാരന്‍ കുഞ്ഞോ അതുപോലുള്ള ഇനങ്ങളോ കാണും. പൂന്തുറയില്‍നിന്നും അഴീക്കലില്‍നിന്നും പൊന്നാനിയില്‍നിന്നും കടലിനോട് മല്ലടിക്കാന്‍ പോയി ജീവന്‍ പണയംവച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുണ്ടാകില്ല. കോഴിക്കോട്ടങ്ങാടിയില്‍ ചുമടെടുത്ത് ചോരതുപ്പുന്ന ചുമട്ടുതൊഴിലാളിയോ അറബിനാട്ടിലെ കൊടുംചൂടില്‍ ചോരനീരാക്കുന്ന പാവപ്പെട്ട മുസല്‍മാനോ ഉണ്ടാകില്ല. ലീഗിന്റെ ശരീരശാസ്ത്രം ഒത്ത കുടവയറും ഇരുനൂറ്റമ്പതിനുമുകളില്‍ കൊളസ്ട്രോളുമുള്ളതാണ്. ഒറ്റനോട്ടത്തില്‍ റൌഫിനെപ്പോലിരിക്കും.

    ReplyDelete
  7. പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം? ആ നിലയ്ക്ക് വിവരമില്ലാത്ത ഒരു കുഞ്ഞുമന്ത്രിയുടെ വിടുവായത്തം ഒരു സമുദായത്തിന്റെയാകെ തലയില്‍ കയറ്റിവയ്ക്കാന്‍ ആരും നോക്കേണ്ടതില്ല

    ReplyDelete
  8. അല്ലെങ്കിലും മുസ്ളിങ്ങള്‍ക്കുവേണ്ടിയൊന്നുമല്ല ലീഗ് ഉണ്ടായത്. 1905ല്‍ ധാക്കയില്‍ മുസ്ളിം പ്രമാണിമാരാണ് സര്‍വേന്ത്യാ ലീഗുണ്ടാക്കിയത്. അതുകഴിഞ്ഞ് ജിന്നാ സാഹിബ് ലീഗിന്റെ സര്‍വാധികാരിയായി. പിന്നെയാണ് ഇന്നത്തെ ലീഗ് ജനിച്ചത്. എല്ലാ കാലത്തും പ്രമാണിസേവയായിരുന്നു അജന്‍ഡ. ആശയത്തിന്റെ അടിത്തറ തൊട്ടുതീണ്ടിയിട്ടില്ല. ആമാശയംമാത്രമാണ് അടിത്തറയില്‍. അധികാരത്തിന്റെ മാസ്മരികതയിലേക്കുമാത്രം നോക്കുന്ന നേതൃത്വത്തിന് അത് സാധിച്ചെടുക്കാനുള്ള സാമുദായിക ആള്‍ക്കൂട്ടം വേണം- അതാണ് ലീഗ്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

    അതുതാനല്ലയോ ഇതെന്ന മട്ടിലാണ് എന്‍ഡിഎഫും ലീഗും. മുസ്ളിം ഏകീകരണത്തെക്കുറിച്ച് ലീഗ് പറയുമ്പോള്‍, അത് അഞ്ചു മന്ത്രിമാര്‍ക്ക് കേരളത്തെ അടക്കിപ്പിടിച്ച് നാടും കാടും തോടും വിറ്റ് കാശുമാറാനുള്ള അഭ്യാസമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മതം വേണം. ആ മതത്തെ വളയ്ക്കാനും ഒടിക്കാനും വര്‍ഗീയത വേണം. അതിന് എന്‍ഡിഎഫിനെയല്ല, കാബൂളില്‍ ചെന്ന് താലിബാന്‍കാരന്റെ കാലില്‍വരെ വീഴും. അതുകഴിഞ്ഞ് തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് ആര്‍എസ്എസുകാരന്റെ വോട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്യും. അങ്ങനത്തെ ഒരു പാര്‍ടിയുടെ നേതാവ്, ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയതിന്റെ ആവേശത്തോടെ 'ഞമ്മളാണ്, ഞമ്മളാണ്' എന്ന് പറഞ്ഞതില്‍ ഒരു കുറ്റവുമില്ല. അത് പറയിച്ച കോണ്‍ഗ്രസിനെയാണ് പിടിക്കേണ്ടത്.

    ReplyDelete
  9. ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്. തെരുവില്‍ തുണിയഴിച്ചോടി ശ്രദ്ധ പിടിച്ചുപറ്റുന്ന പണി ലീഗുകാര്‍ എടുക്കുന്നതിനുപിന്നില്‍ മറ്റെന്തോ ഉണ്ടെന്നും സംശയിക്കണം. ഒരാള്‍ക്ക് കള്ളിനെ ഓര്‍മവരുന്നു. മറ്റൊരാള്‍ 'ഞമ്മന്റെ ഭരണം' പറയുന്നു. ഇതെല്ലാം കേട്ട് പ്രകോപിക്കാനുള്ള ടിക്കറ്റെടുത്ത് ചിലര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ എതിര്‍ത്തുപറയും. വിവാദം കത്തും. രണ്ട് ചേരികള്‍ മത്സരിക്കും- അതിന് രാഷ്ട്രീയനിറം വന്നാല്‍ വെള്ളം കലങ്ങി മത്സ്യബന്ധനം സുഗമമാകും. അതുകൊണ്ടാണ് മറ്റൊരു ഭാഗത്ത്, മാര്‍ക്സിസ്റുകാരേ വരൂ നമുക്ക് ഒന്നിക്കാം എന്ന ശംഖനാദം മുഴങ്ങുന്നത്. ഒന്ന് തല ഉയര്‍ത്തി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ ചെന്നിത്തലയ്ക്കും മാണിസാറിനും. ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്, കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. കളിക്കേണ്ട- കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്. ക, മ എന്നിങ്ങനെയുള്ള മറുപടികളൊന്നും കേട്ടില്ല; 'അങ്ങനെത്തന്നെ' എന്നല്ലാതെ. ആര്‍എസ്എസ് പറഞ്ഞത് സിപിഐ എമ്മിനോടാണ്- നമുക്ക് ഒന്നിച്ചുനില്‍ക്കാം എന്ന്. മുഖത്തടിച്ചപോലെ മറുപടി കിട്ടി. അതുംകൊണ്ട് ഇങ്ങോട്ടുവരേണ്ട എന്ന്. അതാണ് വ്യത്യാസം. അത് ആരും കാണാതിരിക്കലാണ് മനോരമയുടെ ആവശ്യം.

    ReplyDelete