Friday 5 October 2012

തീവ്രവാദികളെ ഉല്‍പാദിപ്പിക്കുന്നവര്‍


     മുസ്‌ലിംകളെ മൊത്തമായി തീവ്രവാദികളാക്കിയെടുക്കാന്‍ ചിലര്‍ വൃതം എടുത്തതായി തോന്നുന്നു. മുസ്‌ലിംകളെ നുള്ളിനോവിക്കാനവര്‍ക്ക് എന്തെന്നില്ലാത്ത ആനന്ദ വിനോദമാവുകയാണ്. ഇന്ത്യയും, ദേശീയതയും സഹിഷ്ണുതയും ചിലര്‍കുത്തകയാക്കാനാണ് ശ്രമിച്ചുകാണുന്നത്.
ഇയ്യിടെ എനിക്കുണ്ടായ ഒരനുഭവം ബയോമെട്രിക് കാര്‍ഡിന് ഫോട്ടോ എടുക്കുന്നതിന് അറിയിപ്പ് കിട്ടിയതനുസരിച്ച് ഞാന്‍ ഹാജരായി. മതിയായ എല്ലാ രേഖയും നല്‍കി ''സന്ദീപ്'' എന്ന ചെറുപ്പക്കാരന്റെ കനത്ത ശാസന. തൊപ്പി ഊരണം.
     പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ സകല രേഖയിലും തൊപ്പിവെച്ചിട്ടുണ്ടെന്നും തൊപ്പി ധരിച്ച് ഫോട്ടോ എടുക്കണമെന്നുമുള്ള എന്റെ ആവശ്യം സന്ദീപിന് സഹിക്കാനാവുന്നില്ല. ഇത് ഞങ്ങളുടെ നിയമമാണെന്നായി സന്ദീപ്. എങ്കില്‍ എഴുതി തരണമെന്നും തൊപ്പി ഊരി ഫോട്ടോ എടുത്ത് കാര്‍ഡുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നുമായി ഞാന്‍. അല്‍പസ്വല്‍പം സംസാരമായപ്പോള്‍ കൂടെയുള്ള ചെറുപ്പക്കാര്‍ വന്നു എന്നാന്‍ തൊപ്പിധരിച്ചു ഫോട്ടോ എടുക്കാനുത്തരവായി.

     ഇസ്‌ലാമിക വീക്ഷണങ്ങളോടും രീതികളോടും ചിലര്‍ അന്ധമായ വിരോധം വെച്ചു പുലര്‍ത്തുകയാണ്. എന്റെ തലക്കകത്തുള്ളതെന്തെന്നാണ് സ്‌കാന്‍ ചെയ്യുകയാണെങ്കില്‍പോലും തൊപ്പി തടസ്സമല്ല. എന്നാല്‍ തൊപ്പിയും താടിയും കാണുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുന്നു. ഇത്തരം വര്‍ഗീയ ഭ്രാന്തന്മാര്‍ ആര്‍ക്കോ വേണ്ടി നമ്മുടെ രാഷ്ട്രത്തിന്റെ പൈതൃകവും പാരമ്പര്യവും കളങ്കപ്പെടുത്തുകയാണ്.
     കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മുസ്‌ലിംകളോട് ശത്രുതാപരമായി പെരുമാറുകയാണ്. അക്ഷയപോലുള്ള സംഘടനകളിലും ഉഗ്രവിഷമുള്ള വര്‍ഗീയവാദികള്‍ കടന്നുകൂടിയിട്ടുണ്ട്.
     സിക്കൂകാര്‍ക്ക് അവരുടെ അവകാശത്തിന്റെ ഭാഗമായ തലപ്പാവും കൃപാണവും നാം ബഹുമാനപൂര്‍വ്വം അംഗീകരിക്കുന്നു. ഹൈന്ദവ സഹോദരങ്ങള്‍ അവരുടെ സാംസ്‌കാരികാടയാളമായ തിലകം നാം ആദരിക്കുന്നു.
     തിലകമണിഞ്ഞു ഓഫീസില്‍ വരാന്‍ പാടില്ലെന്നോ, ഫോട്ടോ എടുക്കില്ലെന്നോ ഒരുവാദം ഇന്നോളം ഉയര്‍ന്നിട്ടില്ല. ഓഫീസുകളിലെ ആയുധപൂജ, താലപ്പൊലി ഇതൊക്കെ ഭംഗിയായി നടന്നുവരുന്നു.
     മുസ്‌ലിമിന്റെ താടിയും തലപ്പാവും അഴിപ്പിക്കലാണ് മതേതരത്വമെന്ന് ചിലര്‍ വിചാരിക്കുന്നുണ്ടോ? ഇസ്‌ലാമിക വേഷം ധരിച്ചെത്തുന്നവന് അന്തിയുറങ്ങാന്‍ ഹോട്ടല്‍ മുറികള്‍പോലും നിഷേധിക്കുന്നിടത്തേക്ക് ഹൈന്ദവ തീവ്രവാദവും വര്‍ഗീയതയും വളര്‍ന്നത് അധികാരികള്‍ കാണാതെപോകരുത്.
     എന്നോട് തൊപ്പി ഊരാന്‍ നിര്‍ബന്ധിച്ച് എന്നെ അപമാനിച്ച സന്ദീപ് തിലകവും രക്ഷാബന്ധും അണിഞ്ഞിരുന്നു. ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്ക് ഞാന്‍ പരാതിയും നല്‍കിയിരുന്നു. പക്ഷെ, സന്ദീപ് വിശുദ്ധനായി വാഴ്ത്തപ്പെടുന്ന അവസ്ഥ തുടരുകയാണുണ്ടായത് എന്നാണ് മനസ്സിലായത്. വിശുദ്ധ ഇസ്‌ലാം വര്‍ഗീയതക്ക് നൂറ് ശതമാനം എതിരാണ്. ഒരു സത്യവിശ്വാസിക്ക് ഒരു ഘട്ടത്തിലും വര്‍ഗീയവാദിയോ, തീവ്രവാദിയോ ആവാനാവില്ല.
     അമേരിക്കന്‍ തമ്പുരാക്കള്‍ക്ക് വേണ്ടി മുസ്‌ലിമിനെ വേട്ടയാടി പിടിച്ച് കൊടുക്കുന്ന വര്‍ഗീയ-തീവ്രവാദികളായ ശക്തികളെയാണ് നിയന്ത്രിക്കേണ്ടത്.
     ഐ.എസ്.ആര്‍.ഒ.യില്‍ കടന്നത് ഒരു പാത്തുമ്മയാണെങ്കില്‍ ഭ്രാന്തിയാണെങ്കില്‍ പോലും തീവ്രവാദിയായി അവതരിപ്പിക്കുമായിരുന്നു. രണ്ട് നീത, രണ്ട് സമീപനം അംഗീകരിക്കാനാവില്ല. മുസ്‌ലിം അഞ്ചാം മന്ത്രിയായപ്പോള്‍ ജാതി സന്തുലിതാവസ്ഥയില്‍ വേവലാതി ഉണ്ടായ മുരളീധരന്‍, പ്രതാപന്‍ ഉള്‍പ്പെടെയുള്ളവര്‍ നായരും, ഈഴവരും പത്താം മന്ത്രിയായലും നിശബ്ദരാവുന്നതിലെ നീതി ബോധം കാപട്യമാണ്.
     സ്വരാജ്യ സ്‌നേഹം ഒരു സത്യവിശ്വാസിയുടെ ഐഛിക ബാധ്യതയാണെന്നാണ് ഇസ്‌ലാമിക ദര്‍ശനം. മനുഷ്യരെ മത-ജാതി-വര്‍ഗ-ദേശവ്യത്യാസമില്ലാതെ തുല്യരായി കാണണമെന്നാണ് പ്രവാചക ദര്‍ശനം. തീവ്രവാദികളെ പഠിപ്പിച്ചെടുക്കുന്ന കുറെ ആചാര്യന്മാര്‍ക്ക് അമേരിക്കയുള്‍പ്പെടെയുള്ള ശക്തികള്‍ നല്‍കുന്ന തിട്ടൂരം പറ്റുന്നവരില്‍ നിന്നാണ് നമ്മുടെ രാഷ്ട്രവും സംസ്‌കൃതിയും രക്ഷപ്പെടേണ്ടത്. മഹാഭൂരിപക്ഷം ഹിന്ദുക്കളും, ക്രസ്ത്യാനികളും മതേതര വിശ്വാസികളും നല്ലവന്മാരാണ് എന്നാല്‍ ചിലരുടെ കാവിമനസ് കാണാതെ പോകുന്നതാണ് അപകടം.

4 comments:

  1. ബയോമെട്രിക് കാര്‍ഡ്‌ എന്താണെന്ന് താങ്കള്‍ക്കു മനസിലാകാത്തത് ആണ് താങ്കളെ ഇതില്‍ വര്‍ഗീയത കണ്ടെത്താന്‍ പ്രേരിപ്പിച്ചത്. താങ്കളുടെ ഹെയര്‍ കളര്‍, താങ്കളുടെ ഉയരം, ഫിന്ഗര്‍ പ്രിന്റ്‌, താങ്കളുടെ മുഴുവന്‍ മുഖത്തിന്റെ ഫോട്ടോയും അതില്‍ വ്യക്തമായി തെളിവ് സഹിതം എന്റര്‍ ചെയ്യണം. സന്ദീപ്‌ എന്ന വ്യക്തി തന്റെ ജോലി ഭംഗിയായി ചെയ്യാന്‍ ശ്രമിച്ചു. അത് എങ്ങനെ വര്‍ഗീയം ആകും? എന്നാല്‍ താങ്കള്‍ അതിനെ എതിര്‍ത്തു. അതിനെ മുസ്ലീമിന്റെ പേരില്‍ എതിര്‍ത്തത് താങ്കളുടെ കുഴപ്പം ആണ്. ഇതിനെ ആണ് വര്‍ഗീയം എന്ന് പറയുന്നത്. ഏതെങ്കിലും ഹിന്ദു തൊപ്പിയും വച്ച് വന്നാലും അത് അഴിപ്പിക്കും. അത് അവരുടെ ഡ്യൂട്ടി ആണ്. അങ്ങനെ അവര്‍ ചെയ്യുന്നില്ലെങ്കില്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്.

    ReplyDelete
  2. ഹെയര്‍കളര്‍, ഉയരം എന്നിവ വ്യക്തമാവുന്നതിന് തൊപ്പി തടസ്സമല്ല. തലയുടെ മുകള്‍ഭാഗം ഉള്‍പ്പെടെ 45-55 ശതമാനമാണ് തൊപ്പി കൊണ്ട് മറക്കുന്നത്. മുടിയുടെ നിറം തൊപ്പി ധരിച്ചാലും വ്യക്തമാവും. ഉയരം ഒരു നൂല്‍വണ്ണമാണ് തൊപ്പി. ക്യത്യമായി ടേപ്പ് വെച്ച് അളവെടുത്താലും ഉയരം അറിയാന്‍ തൊപ്പി തടസ്സമല്ല. തൊപ്പി ധരിക്കുന്നത് കൊണ്ട് മുഖം മറക്കുന്നില്ല. ഈ ബ്ലോഗില്‍ തന്നെ എന്റെ തൊപ്പിവെച്ച പടം ഉണ്ടല്ലോ. പരിശോധിക്കാവുന്നതാണ്.
    മുഖത്തിന്റെ (നെറ്റിയില്‍ ചാര്‍ത്തിയ) തിലകം മായിക്കാന്‍ സന്ദീപുമാര്‍ പറയുന്നില്ലല്ലോ. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാനങ്ങള്‍ക്ക് വ്യതമനുഷ്ടിക്കുന്നവര്‍ക്കും, ചില മുസ്‌ലിംകളും താടിവെക്കുന്നു. മുഖം വ്യക്തമാവാന്‍ താടി വടിക്കണമെന്ന് വാശിപിടിക്കാമോ?
    ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് നിയമത്തെ ബഹുമാനിച്ചാണ് ഞാന്‍ ഫോട്ടോ എടുക്കാന്‍ ചെന്നത്. ഇങ്ങനെ പല ഫോട്ടോ എടുക്കലും, പലപല ഏജന്‍സികള്‍ മുഖേനെ പലപ്പോഴായി നടന്നിട്ടുണ്ട്. ആധാരങ്ങളെല്ലാം ഫോട്ടോ കോപ്പിയെടുപ്പിച്ചതും, മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പിന് 25 രൂപ സ്റ്റാമ്പ് പേപ്പര്‍ വാങ്ങിപ്പിച്ചതും ചേര്‍ത്തുവായിക്കുക. എന്നിട്ടെന്തുണ്ടായി. പണംകിട്ടേണ്ടവര്‍ക്ക് കിട്ടി, പോകേണ്ടവര്‍ക്ക് പോയി.?
    മതം മനുഷ്യനെ മതില്‍കെട്ടി വേര്‍തിരിക്കരുതെന്ന് വിശ്വാസം കൊണ്ടവ്യക്തിയാണ് ഞാന്‍എന്റെ സിവിലിയന്‍ രീതികള്‍, (വേഷം, പാര്‍പ്പിടം, ഭക്ഷണം, വൈവാഹികം) ഇക്കാര്യത്തിലെല്ലാം എന്റെ മതം എനിക്കനുവദിച്ചുതന്ന രീതികള്‍ക്ക് ഭാരതത്തിന്റെ മഹത്തായ ഭരണഘടനയുടെ സമ്പൂര്‍ണ്ണ പരിരക്ഷയുണ്ട്. അതിന്റെ ലംഘനങ്ങള്‍ ബയോമെട്രിക് കാര്‍ഡ് വ്യവസ്ഥകളില്‍ ഉണ്ടങ്കില്‍ തിരുത്തേണ്ടത് വ്യവസ്ഥ ഉണ്ടാക്കിയവരാണല്ലോ, അവരുടെ അറിവില്ലായ്മയും, അവിവേകവുമാണ് ഇങ്ങനെയുള്ള വിഷയങ്ങള്‍ വരുത്തിവെക്കുന്നത്. എന്റെ തൊപ്പി ഊരാന്‍ വാശിപിടിച്ച സന്ദീപിന് തിലകവും രക്ഷാ ബന്ധവും ഉണ്ടായിരുന്നു. ഞാനത് ആദരിക്കുന്നു.ആസംസ്‌കാരത്തെ അംഗീകരിക്കുന്നു. തിരിച്ച് എന്റെ സംസ്‌കാരത്തെ ഇകഴ്ത്താതിരിക്കാനുള്ള നീതിബോധമാണ് ഞാനാവശ്യപ്പെട്ടത്.

    ReplyDelete
  3. തൊപ്പി വച്ചാല്‍ എത്ര ശതമാനം മുടി മായും എന്നതില്‍ ഇവിടെ പ്രസക്തി ഇല്ല. സന്ദീപ്‌ എന്ന വ്യക്തിക്ക് അത് നോക്കേണ്ട ആവശ്യവും ഇല്ല. അദ്ദേഹത്തെ ഏല്‍പ്പിച്ച ജോലി ചെയ്യുന്നു അത്ര മാത്രം.

    @മുഖത്തിന്റെ (നെറ്റിയില്‍ ചാര്‍ത്തിയ) തിലകം മായിക്കാന്‍ സന്ദീപുമാര്‍ പറയുന്നില്ലല്ലോ. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാനങ്ങള്‍ക്ക് വ്യതമനുഷ്ടിക്കുന്നവര്‍ക്കും, ചില മുസ്‌ലിംകളും താടിവെക്കുന്നു. മുഖം വ്യക്തമാവാന്‍ താടി വടിക്കണമെന്ന് വാശിപിടിക്കാമോ?

    എല്ലാവരുടെയും താടി ഇല്ലാത്ത അല്ലെങ്കില്‍ തിലകം ഇല്ലാത്ത ഫോട്ടോ വേണം എന്ന നിയമം ഉണ്ടായാല്‍ വാശി പിടിക്കേണ്ടി വരും.

    അതിനു ശേഷം താങ്കള്‍ പറഞ്ഞ പല കാര്യങ്ങളും സന്ദീപ് എന്ന വ്യക്തിയും ആയി യാതൊരു ബന്ധവും ഇല്ലല്ലോ? അദ്ദേഹം അല്ല നിയമം ഉണ്ടാക്കുന്നതും നിര്ധേശിക്കുന്നതും അയാള്‍ വെറും ഒരു ജോലിക്കാരന്‍. അദ്ദേഹം തന്റെ ജോലി ഭംഗിയായി ചെയ്യാന്‍ ശ്രമിച്ചു, താങ്കള്‍ക്കു അത് ഇഷ്ടപ്പെട്ടില്ല അത്ര അല്ലെ ഉള്ളു? അതിനു ഇത്ര മാത്രം മതത്തിനെ കൂട്ട് പിടിക്കുന്നത്‌ എന്തിനാണ്? തൊപ്പി ഇല്ലാത്ത ഫോട്ടോ എടുത്താല്‍ എന്താണ് കുഴപ്പം? തൊപ്പി ഊരി രാജ്യത്തിന്‌ വേണ്ടി ഒരു ഫോട്ടോ എടുത്താല്‍ എന്ത് സംസ്കാരം ഇല്ലാതെ ആകും എന്നാണു താങ്കള്‍ ഉദേശിക്കുന്നത്?
    അതോ തൊപ്പി ഇല്ലാത്ത ഫോട്ടോ സന്ദീപ്‌ വേറെ വല്ല കാര്യത്തിനും ഉപയോഗിക്കും എന്ന് ഭയന്ന് ആണോ? അതോ താങ്കള്‍ക്കു താങ്കളുടെ മുടി മുഴുവന്‍ കാണുന്നത് ഭയം ആണോ? അനാവശ്യമായി ഇത്തരം കാര്യങ്ങള്‍ വര്‍ഗീയ വത്കരിക്കരുത് എന്ന് മാത്രമേ എനിക്ക് അപേക്ഷിക്കാനുള്ളൂ...

    ReplyDelete
  4. ബയോമെട്രിക് കാര്‍ഡ് സംബന്ധിച്ച് നിയമവ്യവസ്ഥയില്‍ തൊപ്പിധരിച്ചു കൂടുന്നുണ്ടങ്കില്‍ അത് എഴുതി തന്നാല്‍ ഞാന്‍ ഫോട്ടോ എടുക്കാതെ പോയിക്കോളാം എന്ന് പറഞ്ഞപ്പോള്‍ എഴുതി തരാതെ ഫോട്ടോ എടുത്തതിലൂടെ അത്തരം നിയമം ഇല്ലന്നല്ലേ ബോധ്യമാവുക. ഇല്ലാത്ത കാര്യങ്ങളള്‍ക്ക് വാശിപിടിച്ചു വര്‍ഗ്ഗീയത വളര്‍ത്തുന്ന സന്ദീപ്മാരുടെ മന:മാലിന്യത്തെ കഴുകാനാണ് ഞാനാഗ്രഹിച്ചത്.
    മത നിയമം പാലിക്കാതെ ജീവിക്കേണ്ടി വരുന്ന ഒരുഘട്ടം വന്നാലോ എന്ന ചിന്തക്കിപ്പോള്‍ പ്രസക്തിയില്ല. ഇന്ത്യ ഹിന്ദു രാജ്യമാക്കാന്‍ ചിലര്‍ നടത്തിയ ശ്രമം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള മതേതര വിശ്വാസികളാണന്ന് തടഞ്ഞത്.

    ReplyDelete