Friday 12 October 2012

സൈബര്‍ ചുവര്‍


      പലരും പലതും മറച്ചുവെച്ചാണ് പറയാനുള്ളത് പറയുന്നത്.
      ചിലര്‍ പേര് പോലും പറയാന്‍ മടിക്കുന്നു.
      വീക്ഷണ വൈജാത്യങ്ങള്‍ പങ്ക് വെക്കാന്‍
      ഇത്രയധികം സൗകര്യമുള്ള മറ്റൊരിടം ഇല്ല
      ചിലര്‍ക്ക് അന്ധമായ വിരോധമാണന്ന് തോന്നുന്നു. 
      കടുത്ത നിരാശയും. 
      എന്തിനാണത്.
      ഈ ലോകം എത്രവിശാലം
      എല്ലാവര്‍ക്കും നിരവധി വ്യവഹാരങ്ങള്‍ ചെയ്യാനില്ലെ?
      സുകൃതം ലക്ഷ്യമാക്കി കര്‍മ്മത്തിലേര്‍പ്പട്ടാല്‍ ലഭിക്കുന്ന ആനന്ദമല്ലെ യഥാര്‍ത്ഥ ജീവിതം
       ഞാന്‍ പലരുടെയും കുറിപ്പ് വായിച്ചു നോക്കി. ചിലര്‍ക്ക് ചിലമരണങ്ങള്‍ പോലും സംമ്പൂര്‍ണ്ണ നഷ്ടംപോലെ അനുഭവപ്പെടുന്നു. പറയുന്നവരും മരണ വാതിലില്‍ കൂടി കടന്നു പോകേണ്ടതല്ലെ. ബാക്കിയുള്ളവര്‍ക്ക് ടിക്കറ്റ് തരപ്പെടാതെ കടക്കാനാവില്ലല്ലോ.

       പെറ്റ മാതാവ് ഇട്ടേച്ചു പോയ വേദനകള്‍, ജന്മം നല്‍കിയ പിതാവിന്റെ പരലോക യാത്ര, കൂട പിറപ്പുകളുടെ, പ്രിയ സന്താനങ്ങളുടെ, അര്‍ദ്ധ പാതിയുടെ, അടുത്ത സുഹൃത്തുക്കളുടെ, സ്‌നേഹിതരുടെ സ്‌നേഹിതകളുടെ വിട്ടുപോവലുകള്‍ പ്രകൃതി പ്രതിഭാസത്തിലെണ്ണെണം.
       അവര്‍ക്കും നമുക്കും ഈ ഭൂമി മറ്റുള്ളവര്‍ക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കാതെ വയ്യല്ലോ. ഭൂ വിസ്തൃതി കൂട്ടാനോ, ഉള്ളവര്‍ക്കിവിടെ സ്ഥിര താമസമാക്കനോ കഴിയില്ല.
       എല്ലാ ശരീരവും മരിച്ചുകൊണ്ടിരിക്കുന്നു ''ദാഇഖത്തുല്‍ മൗത്ത്'' ഇതാണ് ഖുര്‍ആന്‍ ഉണര്‍ത്തിയ പരമമായ സത്യം.
       മരണഭയം നന്മകള്‍ പ്രവര്‍ത്തിക്കാനുള്ള കര്‍മ്മശേഷിയാണ് നിര്‍മ്മിക്കേണ്ടത്. നിരാശ ക്ഷണിച്ചുവരുത്തി ശിഷ്ടകാലം പാഴാക്കനല്ല.
       എല്ലാ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട വേണ്ടപ്പെട്ട പലരും നഷ്ടമായിട്ടുണ്ടാവാം. എല്ലാ ഓരോരുത്തരും ഈ ഭൂമിക്കാവശ്യമുള്ളവരാണന്നറിയുമ്പോള്‍ ജീവിതം ജീവിതമാവുന്നു. ചിലര്‍ അവരറിഞ്ഞതേ ശരിയെന്ന വാശിയിലാണ്. അത് സ്ഥാപിക്കാനുപയോഗിക്കുന്ന ഭാഷ പോലും കടുത്തതായി വരുന്നത് അവരറിയുന്നുണ്ടോ? എന്തോ?.
       ആരോഗ്യകരമായ അഭിപ്രായങ്ങളാവാന്‍ എന്നാശിക്കാറുണ്ട്. പക്ഷെ അന്ധമായ ഭിന്നസ്വരങ്ങളാണ് പലര്‍ക്കുമിഷ്ടം.
       നന്മകള്‍ ലോകത്ത് പടര്‍ന്നത് ആശയവിനിമയം വഴിയാണ്. അനേക കോടി മനുഷ്യര്‍ക്കനുഗ്രമായ നല്ല ശീലങ്ങള്‍ കൈമാറിയവരെ അനുസരിക്കുന്നത് അത് പകര്‍ന്നു കൊണ്ടായാല്‍ കൂടുതല്‍ ഭംഗിയായി.
       മിക്ക ദര്‍ശനവും, വിശ്വാസവും, രാഷിട്രീയവും പലര്‍ക്കും പലവീക്ഷണമാണ്. അതെങ്ങനെയാവണമെന്നാണ് പ്രകൃതി നിയമം. ഒരു പാര്‍ട്ടി മാത്രമായാല്‍ ഉരുത്തിരിയുന്ന കനത്ത ഏകാധിപത്യം സൃഷ്ടിക്കുക വിചാര ശൂന്യതകളാണല്ലോ.
       ജീവിതത്തില്‍ എത്രയെത്ര നല്ലവര്‍ നാം കേട്ടറിയുന്നു. കണ്ടറിയുന്നു. ധനാഡ്യനായിട്ടും തന്റെ സ്വന്തം കിഡ്‌നിയിലൊന്ന് സ്വന്തം ചെലവില്‍ ഒരു പാവപ്പെട്ട രോഗിക്ക് ദാനം ചെയ്ത ജോസ് ചിറ്റിലപള്ളിയെന്ന വ്യവസായി കേരളത്തില്‍ ഇപ്പോഴും ജീവിക്കുന്നു. മാതാവിന്റെ ശുശ്രൂഷക്ക് വേണ്ടി മാത്രം വിവാഹവും, പൊതുജീവിതവും പതിറ്റാണ്ടുകള്‍ നിര്‍ത്തിവെച്ച പീരുമേട്ടിലെ സുലൈമാന്‍ റാവുത്തറെന്ന മുന്‍ എം.എല്‍.എ കേരളത്തിന്റെ ധീരപുത്രനായി കാണുന്നതിലെന്താ പന്തികേട്.
        കുടുംബ ജീവിതവും, പൊതു ജീവിതവും മനോഹരമാക്കി കാണിച്ചുതന്ന ശിഹാബ് തങ്ങളും, വിശുദ്ധിയുടെ വിശുദ്ധി ജീവിതത്തില്‍ പുലര്‍ത്തിയ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും നമ്മിലുണര്‍ത്തേണ്ടത് വിമര്‍ശന ബുദ്ധിയല്ലല്ലോ.
ന്യൂഡല്‍ഹിയില്‍ തിരക്കുള്ള ഗല്ലിയില്‍ ഹോട്ടല്‍ കച്ചവടം നടത്തുന്ന ഒരു യൂ.പിക്കാരന്റെ പടവും കഥയും പത്രങ്ങളില്‍ വന്നിരുന്നു. അവിടെവരുന്ന എല്ലാ പാവങ്ങള്‍ക്കും എല്ലാദിവസവും മികച്ച ആഹാരം സൗജന്യമായി നല്‍കുന്ന സാത്വികനായ ഒരു മനുഷ്യന്‍. ദാനം നല്‍കുന്നതും വില്‍പ്പന നടത്തുന്നതും ഒരേ ഭക്ഷണം. വിതരണം നടത്തുന്നത് എന്നും ഉടമ തന്നെ പതിറ്റാണ്ടുകളായി ആവര്‍ത്തിക സുമനസ്സിന്റെ സുകൃതം.
       നമ്മുടെ ഗ്രന്ഥ പുരകളില്‍ അനേകായിരം രചനകള്‍ നമുക്ക് ഉപകാരപ്പെടുന്നു. അതിന്റെ രചയിതാക്കളോടുള്ള കടപ്പാട് ചെറുതായി കണകാക്കാമോ? 
       നാം ഉപയോഗിക്കുന്ന മൊബൈല്‍ മുതല്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പോലും സജ്ജമാക്കിയവരോട് നമുക്ക് കൃതജ്ഞത പ്രകടിപ്പിക്കാനാവണം. വിമര്‍ശനം ചിലപ്പോഴൊക്കെയാവാം. അതിലും വേണം സദുദ്ദേശ്യം എന്ന് മാത്രം!.

6 comments:

  1. ഒരു കവിതപോലെയാക്കാമായിരുന്നു;)

    ReplyDelete
  2. @സുകൃതം ലക്ഷ്യമാക്കി കര്‍മ്മത്തിലേര്‍പ്പട്ടാല്‍ ലഭിക്കുന്ന ആനന്ദമല്ലെ യഥാര്‍ത്ഥ ജീവിതം.

    അല്ല. സുകൃതം ലക്ഷ്യംമാക്കി നാം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം എപ്പോഴും ആനന്ദം ആകണമെന്നില്ല. ലക്ഷ്യം നേടിയാല്‍ നമുക്ക് സന്തോഷവും ഇല്ലെങ്കില്‍ കടുത്ത നിരാശയും ഉണ്ടാവും. അതും ജീവിതം ആണ്.

    കര്‍മ്മം ചെയ്യുമ്പോള്‍ ലക്‌ഷ്യം പാടില്ല. നമ്മുടെ കര്‍മ്മത്തിന്റെ ഫലം എന്തും ആകട്ടെ. നിഷ്കാമ കര്‍മ്മം ആണ് വേണ്ടത്. സുകൃതമോ ദുഷ്ക്രുതമോ ലക്ഷ്യം വയ്ക്കാന്‍ പാടില്ല. അങ്ങനെ എങ്കില്‍ ഫലം എന്തായാലും സന്തോഷവും ഇല്ല സങ്കടവും ഇല്ല. അപ്പോള്‍ താങ്കളുടെ വാക്കുകള്‍ ഇങ്ങനെ തിരുത്തണ്ടേ? ഫലം ഇച്ച്ചിക്കാതെ ചെയ്യുന്ന കര്‍മ്മം ആണ് ജീവിതം.

    @മരണഭയം നന്മകള്‍ പ്രവര്‍ത്തിക്കാനുള്ള കര്‍മ്മശേഷിയാണ് നിര്‍മ്മിക്കേണ്ടത്.

    നന്മകള്‍ പ്രവര്‍ത്തിക്കണം. അത് ശരിയാണ്. പക്ഷെ എന്താണ് മരണ ഭയം? മരണത്തെ എന്തിനാണ് ഭയപ്പെടുന്നത്? നമ്മുടെ ജീവന്‍ നാം ഉണ്ടാക്കിയത് അല്ലല്ലോ? ജീവന്‍ എന്നത് നമ്മുടേത്‌ അല്ല. അതുപോലെ നാം ഇവിടെ നിന്നും സമ്പാദിച്ച പലതും, ഇന്ന് നമുക്ക് ഉണ്ടെന്നു അവകാശപ്പെടുന്ന പലതും പണ്ട് മറ്റാരുടെയോ ആയിരുന്നു. നാളെ വേറെ ആരുടെയോ ആയി മാറും. നാം ജനിച്ചപ്പോള്‍ ഒന്നും കൊണ്ടുവന്നില്ല, പോകുമ്പോഴും അങ്ങനെ തന്നെ. പിന്നെ നമുക്ക് അവകാശമില്ലാത്ത അല്ലെങ്കില്‍ നമ്മുടെ സ്വന്തം അല്ലാത്ത 'ജീവന്‍' നഷ്ടപ്പെടുമ്പോള്‍ നാം എന്തിനു ഭയക്കണം?

    @വിമര്‍ശനം ചിലപ്പോഴൊക്കെയാവാം. അതിലും വേണം സദുദ്ദേശ്യം എന്ന് മാത്രം!.

    ശ്രീനാരായണ ഗുരുവിന്റെ ഒരു വാചകം കടം കൊള്ളട്ടെ. "വാദിക്കാനും ജയിക്കാനും അല്ല! അറിയാനും അറിയിക്കാനും ആണ്"

    ReplyDelete
  3. ഞാന്‍ സംസാരിക്കുന്നത് ഒരുവിശ്വാസിയുടെ തലത്തില്‍ നിന്നാണ്.
    നന്മപ്രതീക്ഷിച്ചു കര്‍മ്മത്തിലേര്‍പ്പെടണമെന്നാണ് മതശാസന.
    മരണ ഭയമെന്നാല്‍ മരണത്തില്‍ നിന്ന് ഒളിച്ചോടലല്ല. മരണത്തിന് മുമ്പ് പരലോക പാഥേയ ശേഖരം ഉറപ്പാക്കലാണ്.
    അസ്തമിക്കുന്നതിന്റെ മുമ്പ് കൂടണയുന്ന കിളിയുടെ ശ്രദ്ധ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമെന്ന ഗുരുദര്‍ശനം ഗുണകാംക്ഷിയുടെ ശബ്ദം തന്നെ.

    ReplyDelete
  4. @ഞാന്‍ സംസാരിക്കുന്നത് ഒരുവിശ്വാസിയുടെ തലത്തില്‍ നിന്നാണ്.
    നന്മപ്രതീക്ഷിച്ചു കര്‍മ്മത്തിലേര്‍പ്പെടണമെന്നാണ് മതശാസന.
    മരണ ഭയമെന്നാല്‍ മരണത്തില്‍ നിന്ന് ഒളിച്ചോടലല്ല. മരണത്തിന് മുമ്പ് പരലോക പാഥേയ ശേഖരം ഉറപ്പാക്കലാണ്.

    ഇതൊക്കെ അടങ്ങി ഒതുങ്ങി ജീവിക്കാന്‍ ഒരു വിശ്വാസിയെ സഹായിക്കും. നല്ലത് തന്നെ. പക്ഷെ വളരെ നേര്‍ത്ത ചിന്താഗതി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

    ReplyDelete
  5. അടങ്ങി ഒതുങ്ങി ജീവിക്കാന്‍ ശ്രമിക്കുന്നതെങ്ങനെയാണ് നേര്‍ത്തതാവുക- നല്ല മനക്കരുത്തും വിട്ടുവീഴ്ച്ചാ മനസ്ഥിതിയും സഹനവും വേണ്ടിവരില്ലെ ? കാലവുമായി കലഹങ്ങള്‍ ഉണ്ടാക്കാതെ- എന്നാല്‍ കാലത്തിനൊപ്പം നടക്കാതെ കാലത്തെ തനിക്കൊപ്പം നടത്താന്‍ ശ്രമിക്കുന്നതാണ് വിശ്വസിയുടെ ശീലം

    ReplyDelete
  6. അടങ്ങി ഒതുങ്ങി ജീവിക്കുന്നതിനെ അല്ല ഞാന്‍ നേര്‍ത്ത ചിന്താഗതി എന്ന് വിളിച്ചത്. നന്മ പ്രതീക്ഷിച്ചു കര്‍മ്മത്തില്‍ ഏര്‍പ്പെടണം എന്ന് പറയുന്നതും. മരണത്തിന് മുമ്പ് പരലോക പാഥേയ ശേഖരം ഉറപ്പാക്കണം എന്നൊക്കെ പറയുന്നതിനെ ആണ്. അങ്ങനെ ഒക്കെ പറഞ്ഞാല്‍ ഒരുപക്ഷെ അടങ്ങി ഒതുങ്ങി ജീവിക്കാന്‍ സഹായിക്കും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

    ReplyDelete