Wednesday 12 December 2012

ദേശീയ പാര്‍ട്ടികള്‍


ദേശീയ പാര്‍ട്ടികള്‍ തകരുകയാണന്ന് കുല്‍ദീപ് തെയ്യാര്‍ നടത്തിയ നിരീക്ഷണം സവിശേഷ ചിന്തകള്‍ക്കിടം നല്‍കണം. പ്രത്യേകിച്ച് ബോധ്യപ്പെടാത്തതൊന്നും ഇന്നോളമെഴുതീട്ടില്ലന്ന് പറഞ്ഞ മാന്യനായ ഈ മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്റെ വീക്ഷണം കാര്യ കാരണ ബന്ധിതമാവുമല്ലോ.
സമാനമായ വിലയിരുത്തലുകള്‍ പല പ്രമുഖരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസാണ് ഒന്നാം സ്ഥാനത്തുള്ള ദേശിയ പാര്‍ട്ടി. പണ്ട് ഇന്ത്യയില്‍ എല്ലായിടത്തും ഈ പാര്‍ട്ടി ഉണ്ടായിരുന്നു. 'പൂട്ടിയ കാള' യറിയാത്തവര്‍ ഉണ്ടായിരുന്നില്ല. മികച്ച നേതാക്കളും, നയങ്ങളും, പ്രതിബന്ധതയും ഉള്ള പാര്‍ട്ടി. ആ-പാര്‍ട്ടിയില്‍ നിന്ന് തന്നെ അപസ്വരങ്ങളുയര്‍ന്നു ഇന്റിക്കറ്റും, സിന്റിക്കറ്റും ഉണ്ടായി. നിജലിംഗ അപ്പയും നീലം സജീവ റെഡിയും ഉണ്ടായി. ഇപ്പോഴത്തെ ലോക സഭാ സ്പീക്കര്‍ മീരാകുമാരിയുടെ പിതാവ് ജഗ്ജീവന്റാം കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി (ഇ.എ.ഉ)ഉണ്ടാക്കി. കാമരാജിന്റെ ആരുമ ശിഷ്യന്‍ തമിഴ്മാനില കോണ്‍ഗ്രസുണ്ടാക്കി. കരുണാകരന്‍ ഡിക്കുണ്ടാക്കി. പവാര്‍ എന്‍,സി.പി.യിലെത്തി പല കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ പലരേയും കൂട്ടി ഒത്തൊപ്പിക്കലായി ഭരണം. മായാവതിയും, മുലായംസിംഗ് യാദവും നിവ്യത്തികേട് കൊണ്ട് (അഥായത് ഭരണം പൊളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് വരും അത് ഭയക്കുന്നതിനാല്‍ ചില്ലറവ്യാപാര വാതില്‍ കുത്തകള്‍ക്ക് തുറന്നു കൊടുക്കാനുള്ള ആത്മഹത്യാപരമായ ആനന്ദ് ശര്‍മ്മയുടെ ബില്ലിന് ഇറങ്ങിപ്പോയി പാസാക്കാന്‍ സഹായം ചെയ്തു.


സ്വതന്ത്ര പാര്‍ട്ടി, ജനതാപാര്‍ട്ടി പിന്നെ ഭാരതീയ ജനതാ പാര്‍ട്ടി കൂട്ടത്തില്‍ കുറെ സോഷലിസ്റ്റ് പാര്‍ട്ടികളും. അധികാരമല്‍പിടുത്തത്തില്‍ അവരും തകര്‍ന്നു. മധുലിമായെ, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, വി.പി.സിംഗ്, ഐ.കെ.ഗുജ്‌റാള്‍, ദേവഗൗഡ, ചൗധരി ചരണ്‍ സിംഗ് അങ്ങനെ പലതായി ചിന്നിച്ചിതറി ഭാഗ്യാന്വേഷകരുടെ പട്ടികയിലെത്തി. ജനസംഘം പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയായി ബാബരി പള്ളി പൊളിച്ച കുറച്ച കാലം ഹിന്ദുത്വ വികാരത്തില്‍ നിലനിന്നു. ഇപ്പോള്‍ അവരും അവശ രാഷ്ട്രീയ പാര്‍ട്ടിയിലാണിടം നേടിയത്. 'യദ്യൂരപ്പ' ഉയര്‍ത്തിയ കര്‍ണാടക ഭാരതീയ ജനതാ പാര്‍ട്ടിയും, ഗുജറാത്തിലെ കേശുഭായി പട്ടേലിന്റെ പാര്‍ട്ടിയും അടയാളപ്പെടുത്തുന്നത് വികാരമെന്തായാലും ലക്ഷ്യം അപ്പക്കഷ്ണമെന്ന ആത്യന്തിക സത്യം തന്നെ.
ദേശീയ വീക്ഷണമില്ലാത്ത പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ വന്നാല്‍ വലിയ പരിക്ക് പറ്റുക കേളത്തിനാണ്. 540ല്‍ 20 ഒന്നുമല്ലല്ലോ, കാലങ്ങളായി എല്ലാ രംഗത്തും കേരളത്തിന് വലിയ അവഗണനയാണുണ്ടാവുക. തെക്ക് നിന്ന് വരുന്ന മദ്രാസികള്‍ക്ക് നല്ല വോയ്‌സ് കിട്ടാറില്ല.
ദേശീയ മുടക്കുകളുടെ ചെറു വിഹിതമാണ് കേരളത്തിലെത്തുക. പ്രതിരോധം, റയില്‍വെ, വ്യവസായം പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ഇതിലെല്ലാം കേരളം അവകണിക്കപ്പെടലല്ല-ഓര്‍ക്കപ്പെടല്‍ തന്നെ ഉണ്ടാവാറില്ല. യു.പി.യിലെ സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദിക്കും, മഹാരാഷ്ട്രയിലെ എന്‍.സി.പിക്കും വെസ്റ്റ് ബംഗാളിലെ കോണ്‍ഗ്രസിനും, ബിഹാറിലെ ലാലുവിനും, കാശ്മീരിലെ ഫാറൂഖിനും, തമിഴ്കത്തെ ഡി.എം.കെ.ക്കും അവരവര്‍ ചോദിച്ചത് കൊടുത്ത് ബാക്കി ഉണ്ടങ്കില്‍ കോണ്‍ഗ്രസിന്റെ കയ്യിലുള്ള ആന്ദ്രക്കും, ദിഗ്‌വിജയ് സിംഗിനുമൊക്കെ കൊടുക്കണം.
ഭാരതത്തിന്റെ വികസന സമതുലിതാവസ്ഥ തെറ്റീട്ട് പതിറ്റാണ്ടുകളായി. ഇരുപതംഗ സംസ്ഥാന മന്ത്രിസഭയിലെ സമതുലീതാവസ്ഥ തെറ്റിയപ്പോള്‍ ഉള്ള് പൊള്ളി കരഞ്ഞിറങ്ങിയ സദീശന്‍, മുരളി, പ്രതാപന്‍, ആര്യാടന്‍ തുടങ്ങിയ നേതാക്കള്‍ക്ക് ഹൈക്കമാറ്റില്‍ പിടിവള്ളിയില്ലന്നത് നേര്. എന്നാല്‍ ചെന്നിത്തലയും, ചാണ്ടിക്കും ചെറുമട്ടത്തില്‍ സോണിയഗാന്ധിയെ കാണാന്‍ അപൂര്‍വ്വാവസരം ലഭ്യമാവലുണ്ടല്ലോ.
പ്രാദേശിക പാര്‍ട്ടികളുടെ പിടിയില്‍ ഭാരതം പുര്‍ണ്ണമായി അമരുന്നത് നല്ല പ്രവണതയല്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ദേശിയ പാര്‍ട്ടിയായി ഖിയാമം വരെ വളരാന്‍ സാധ്യതയും ഇല്ല. നൂറ്റാണ്ട് ഒന്ന് തികയുന്നതിന് മുമ്പ് മൂലധനം വ്യാഖ്യാനിച്ച് 18 ഗ്രൂപ്പായി ആ-പ്രസ്ഥാനം ജന്മവൈകല്യം
ബോധ്യപ്പെടുത്തിട്ടുമുണ്ട്.
ദേശീയ ഐക്യം, അഖണ്ടത എന്നൊക്കെ പറയുന്നതോടൊപ്പം എല്ലാ ഭാരതീയരും കരകയറണമെന്ന വിചാരവും, തതനുസരിച്ചുള്ള നിയമനിര്‍മ്മാണവും പങ്ക് വെപ്പുകളും വേണം. മതേതര വീക്ഷണമുള്ള ദേശീയ പാര്‍ട്ടികളുടെ തകര്‍ച്ച ഭയാശങ്ക ഉണ്ടാക്കുന്നതാണ്. ഈ തകര്‍ച്ചക്ക് ആതത് പാര്‍ട്ടികള്‍ തന്നെയാണത്തരവാദി. ജനങ്ങളുടെ ബോധ്യം കുറച്ചത് പാര്‍ട്ടിയുടെതായ നയ ദാരിദ്ര്യവും നീതി രഹിത നിലപാടുകളും നേതൃമൂല്യ ശോഷണവും തന്നെയെന്ന് ഉറപ്പ്.

No comments:

Post a Comment