Monday 24 December 2012

നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം


      ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെല്ലാം കൂടി 118 പാര്‍ലിമെന്റ് സീറ്റാണുള്ളത്. ഇതില്‍ ഇത്തിഹാദുല്‍ മജ്‌ലിസുല്‍ മുസ്‌ലിമീന്‍ പ്രതിനിധീകരിച്ച് ഹൈദറാബാദില്‍നിന്നുള്ള അസദുദ്ദീന്‍ ഉവൈസി മാത്രമാണ് മുസ്ലിം എം.പി.യെന്ന പാഠത്തില്‍നിന്ന് പഠിക്കാനുള്ളത് രണ്ട് കാര്യമാണ്.
      ഒന്ന്-മുഖ്യധാരാരാഷ്ട്രീയത്തില്‍നിന്നുള്ള മുസ്‌ലിം ഒളിച്ചോട്ടം അല്ലെങ്കില്‍ അകറ്റിനിര്‍ത്തപ്പെടല്‍
രണ്ട്- മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ എക്കാലത്തെയും സഹജസ്വഭാവമായ ജാതി  മേല്‍ക്കോയ്മയാ രാഷ്ട്രീയം
      ഇന്ത്യയിലെ പാര്‍ലിമെന്റിലെ 540 ല്‍ 350 പേരും കോടീശ്വരന്മാരാണ്. അവരില്‍ പലരും വിലകൊടുത്തു വാങ്ങിയതാണ് എം.പി.സ്ഥാനം. അവര്‍ക്ക് അതിവിപുല വ്യാപാര വ്യവസായ സാമ്രാജ്യങ്ങല്‍. സംരക്ഷിക്കപ്പെടാന്‍ ഏറ്റവും നല്ല താവളമെന്നനിലക്ക് നമ്മുടെ നിയമനിര്‍മ്മാണ സഭകളെ ഉപയോഗപ്പെടുത്തകയാണ്.

      പാര്‍ലിമെന്റില്‍ എന്തിന് ജാതി-മത പ്രാതിനിധ്യം എന്നൊരു ചോദ്യം പ്രസക്തമാണ്. എന്നാല്‍ പട്ടിക ജാതിക്കാര്‍ക്കും താഴെ നില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് ഭരണഘടനാ ഉറപ്പുനല്‍കിയ അവകാശാധികാരങ്ങള്‍ ചോദിച്ചുവാങ്ങാന്‍ താല്‍പര്യവും പ്രതിബദ്ധതയും ഉള്ളവരുടെ സാന്നിധ്യം നിഷേധിക്കപ്പെടുന്ന രാഷ്ട്രീയം ആശാസ്യമല്ല.
      ഭാരതത്തിന്റെ പാര്‍ലിമെന്റ് അടിസ്ഥാന നിയമനിര്‍മ്മാണ രംഗത്ത് മികച്ചുനിന്നിരുന്ന ഒരു ഇന്നലകള്‍ ഒര്‍ക്കാനുണ്ട്. പ്രവിപ്പേഴ്‌സ് നിര്‍ത്തലാക്കിയത്, ബാങ്ക് ദേശസാല്‍ക്കരണം, 74,75 ഭരണഘടനാ ഭേദഗതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പഞ്ചായത്തിരാജ് ഭേദഗതി ഇങ്ങനെ കുറെ നല്ല ഓര്‍മ്മകള്‍.
      ഇപ്പോള്‍ ഇന്ത്യന്‍ വിപണി തുറന്ന് കൊടുക്കല്‍, ലോക വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് സൗകര്യം ചെയ്യല്‍, ഗാട്ട് കരാര്‍, ആണവ വ്യാപന ഉടമ്പടി അങ്ങനെ നീളുന്നു. ബില്ലുകള്‍ പോലും പൈലറ്റ് ചെയ്യുന്നതിന് വിദേശ ചരടുകള്‍ പലപ്പോഴും സംശയിക്കപ്പെടുന്നു.
      ഭാരതത്തിന്റെ ഭരണഘടനയുടെ സംരക്ഷണമാണ് ലെജിസ്ലേറ്ററുകളുടെ സുപ്രധാന ധര്‍മ്മം. ശരീഅത്ത് ബില്ല് വഴി ജി.എം.ബനാത്ത് വാല ഒരേ സന്ദര്‍ഭം ഭാരതത്തിന്റെ ഭരണഘടനയുടെ മഹത്വം അഥവാ അതിന്റെ പ്രവിശാല വീക്ഷണം ഉയര്‍ത്തുകയും അതോടൊപ്പം മുസ്‌ലിം ജനസമൂഹത്തിന് ന്യായമായൊരു അവകാശം പുനഃസ്ഥാപിക്കുകയുമായിരുന്നു. ഇത് കൊണ്ടാണ് ഈ ബില്ല് ട്രഷറി ഏറ്റെടുത്ത് പാര്‍ലിമെന്റ് പാസാക്കിയത്.
      നമ്മുടെ രാഷ്ട്രത്തിന്റെ ഭരണ നിര്‍വ്വഹകണം സിവില്‍സര്‍വീസാണോ, പാര്‍ലിമെന്റാണോ നിര്‍വ്വഹിക്കേണ്ടതെന്ന് ഭരണഘടന ശക്തിയായി നിര്‍വ്വചിച്ചിട്ടില്ല. ഫലത്തില്‍ ഭാരതം ഭരിക്കുന്നത് സിവില്‍ സര്‍വ്വീസാണ്. ഉദ്യോഗസ്ഥരില്‍ 80 ശതമാനവും ജോലിയെടുക്കിന്നില്ലെന്നും ഖജനാവിന്റെ ഘനം കുറക്കുന്നത് മാത്രമാണിവരുടെ ധര്‍മ്മമെന്നും വിലപിക്കുന്നത് നാട്ടുനടപ്പായി.
      പ്ലാന്‍ ഫണ്ടിന്റെ 80 ശതമാനവും പാഴാവുന്നതാണ് ഭാരതം നേരിടുന്ന മഹാവിപത്തെന്ന് പാര്‍ലിമെന്റില്‍ പറഞ്ഞത് പ്രധാന മന്ത്രിയായിരുന്ന ശ്രീ.രാജീവ് ഗാന്ധി. ഭരണാധികാരികളെ സഹായിക്കുന്നതിന് തീരുമാനങ്ങള്‍ എടുക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുക. ഇതാണ് ഉദ്യോഗസ്ഥ ധര്‍മ്മം. പക്ഷെ പലപ്പോഴുമത് സംഭവിക്കുന്നില്ല.
      ചില ജാതിവിഭാഗത്തിന് നിലവിലുള്ള പ്രമോഷന്‍ വ്യവസ്ഥകള്‍ക്ക് പ്രത്യേക പരിഗണനല്‍കുന്ന ബില്ലിന് പാര്‍ലിമെന്റില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്. ശ്രീ. മുലായം സിംഗ് യാദവ് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അതിദയനീയ അവസ്ഥ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു സീറ്റധികമുള്ള മായാവതിക്ക് വയങ്ങാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി തിടുക്കം കാണിച്ചത്. ഇന്ത്യയിലെ അഴിമതി രാജാക്കളില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്ന മായാവതി ദളിതര്‍ക്കൊപ്പം നിലകൊള്ളുന്നു എന്നാരും കരുതുന്നില്ല. വരാനിരിക്കുന്ന പാര്‍ലിമെന്റില്‍ വിലപേശാനുള്ള അംഗമൊപ്പിക്കാന്‍ മുതല്‍ മുടക്കുന്നതാണ് അവരുടെ സമത്ഥ സമീപനങ്ങള്‍.
      അസദുദ്ദീന്‍ ഉവൈസി ഉയര്‍ത്തിയ ചിന്ത ഉറക്കെയാണ് വായിക്കേണ്ടത്. 10-15 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് 10-20 പേരെങ്കിലും മുസ്‌ലിം ന്യൂനപക്ഷത്തിന് അര്‍ഹതയുണ്ടായിരുന്നു. എന്ത് കൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നു ?
       കുറെ അടിമകള്‍ ഉണ്ടാവുമ്പോഴാണ് യജമാനന്‍ ഉണ്ടാവുക. നാം വലിച്ചെറിഞ്ഞ ഫ്യൂഡലിസവും, ജമീന്‍ദാരിസവും വാളയാര്‍ ചുരത്തിനപ്പുറത്ത് ഇപ്പോഴും നിലനില്‍ക്കുന്നു. അവിടെ അക്രമികള്‍ക്കാണ് അംഗീകാരം. അടിച്ചമര്‍ത്തുന്നതാണ് രാഷ്ട്രീയം. റെഢിമാരും ഗൗഡമാരും തീര്‍ക്കുന്ന ഘനനലോകത്ത് രാഷ്ട്രീയ സദാചാരങ്ങള്‍ക്ക് യാതൊരു പങ്കും വഹിക്കാനില്ല. നീതി നിഷേധിക്കപ്പെടുന്നവര്‍ വര്‍ദ്ദിക്കുന്നത് അത്‌കൊണ്ടാണ്. 
      മുസ്‌ലിം സമുദായത്തിന്റെ സമുദ്ധാരണത്തിന് രാജ്യത്ത് മികച്ച മാതൃക അവതരിപ്പിച്ചത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗാണെന്നും ഇന്ത്യയിലത് ശക്തപ്പെടുത്തേണ്ടതാണെന്നും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്.
      പാര്‍ലിമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് അത് ശക്തപ്പെടുത്തണമെങ്കില്‍ അധസ്ഥിത പിന്നാക്ക ന്യൂനപക്ഷത്തിന്റെ സുരക്ഷയും അവകാശസംരക്ഷണവും ഉറപ്പുവരുത്തണം. പോട്ട, ഗുണ്ട പോലുള്ള വകുപ്പുകള്‍ ചുമത്തി മഹാരാഷ്ട്ര ജയിലിലടച്ച പലരും നിരപരാധികളാണ്. അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ അവര്‍ മുസ്‌ലിം ആയിപ്പൊയ കാരണത്താല്‍ ഇരുമ്പ് മറക്കുള്ളില്‍ കഴിയുന്നു.
      വാദിക്കാന്‍ വക്കീലന്മാരെ വെക്കാന്‍ അവരുടെയും കുടുംബത്തിന്റെയും കയ്യില്‍ പണമില്ല. അവര്‍ക്കുവേണ്ടി സംസാരിക്കാനാളുമില്ല. അവരുടെ മേല്‍ ചുമത്തപ്പെട്ട കുറ്റമെന്താണെന്ന് പോലും അവരറിയുന്നില്ല. ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, കുടുംബങ്ങള്‍ കുറ്റവാളികളെ പോലെ സമൂഹം അകറ്റുന്നു അവഗണിക്കുന്നു.
      കേരളത്തില്‍ പുഷ്പിച്ച മതേതരത്വവും മനുഷ്യാവകാശങ്ങളും നല്‍കുന്ന പാഠം ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് കൂടി അവസരം ലഭിച്ചു എന്നത് തന്നെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ തണല്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ഭരണഘടനക്കും, നമ്മുടെ വ്യവസ്ഥകള്‍ക്കും ലഭ്യമാവുന്നു എന്നാണ് അടയാളപ്പെടുത്തുന്നത്.
      ഒരുന്ത്യക്കാരനില്ലാത്ത എന്ത് പ്രശ്‌നമാണ് മുസല്‍മാന് എന്ന് ചോദിക്കാന്‍ പ്രയാസമില്ല. മുസ്‌ലിം വ്യക്തിപരമായി മതവുമായി ബന്ധിച്ചു കഴിയുന്നു. ബഹുസ്വര സമൂഹത്തില്‍ മതേതര രാഷ്ട്രത്തില്‍ അവന്റെ സിവില്‍ നിയമങ്ങള്‍കൂടി കാത്തു സംരക്ഷിക്കേണ്ടതുണ്ട്. ഈ പൗരാവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമനിര്‍മ്മാണങ്ങള്‍ നടക്കുമ്പോള്‍ ഈ പ്രത്യേകാവകാശങ്ങള്‍ നിരാകരിക്കപ്പെടുന്ന വിധത്തിലൊ, മറികടക്കുന്ന വിധത്തിലോ ആവാതെ സൂക്ഷിക്കാനുള്ള കാവല്‍ക്കാര്‍ യഥാസ്ഥാനങ്ങളില്‍ ഇല്ലാതെ പോവരുത്.
      ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും, അമീറെ മില്ലത്ത് ഗുലാം മഹ്മൂദ് ബനാത്ത് വാലയും അത് പോലുള്ള പാര്‍ലിമെന്റേറിയന്മാര്‍ നമ്മുടെ ഭരണഘടനായുടെ കാവലാളായത് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശാധികാരങ്ങള്‍ ലംഘിക്കപ്പെടാതെ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്കകത്ത് നടത്തിയ പ്രായോഗിക ഇടപെടലുകളാണ്. മുസ്‌ലിം പ്രാതിനിദ്ധ്യം സഭകളില്‍ കുറയുന്നത് ശുപസൂചകമല്ല. മുഖ്യധാരാ രാഷ്ട്രീ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ സവിശേഷ ഉത്തരവാദിത്വം തന്നെ ഉണ്ട്.

10 comments:

  1. മതത്തിന്റെ മാത്രം കണ്ണ് കൊണ്ട് നോക്കരുതേ. അങ്ങനെ നോക്കിയാല്‍ കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ തഴയപ്പെട്ടു എന്ന് വേണ്ടേ കരുതാന്‍? അര്‍ഹതപ്പെട്ട അധികാരങ്ങള്‍ അവര്‍ നേടിയിട്ടുണ്ടോ? പിന്നെ മുസ്ലീം ലീഗിന്റെ കാര്യം, കേരള നിയമ സഭയില്‍ കോടീശ്വര പ്രവാഹം ഉണ്ടാകുന്നത് എവിടെ നിന്നാണെന്നു താങ്കള്‍ മറന്നു പോയോ? അങ്ങാടിയില്‍ പണി എടുത്തു ചോര തുപ്പുന്ന മുസല്‍മാന് ലീഗില്‍ എന്ത് കാര്യം അല്ലെ?

    ReplyDelete
  2. നമ്മൾ ജനാധിപത്യ സംവിധാനത്തിൽ മുന്നേറട്ടെ

    ReplyDelete
  3. രസകരമായിരിക്കുന്നു!
    മുസ്ലിംലീഗിന്റെ എം.എല്‍.എ. മാരും മന്ത്രിമാരും (മീശപിരിച്ചു നേടിയ അഞ്ചാം മന്ത്രിയും) ഭാരവാഹികളും എന്ത് സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയാണു സാര്‍ അനുഭവിക്കുന്നത്?
    "പട്ടികജാതിക്കാര്‍ക്കും പിന്നില്‍നില്‍ക്കുന്ന മുസ്ലിംകള്‍" എന്ന പ്രയോഗത്തിന് എന്റെ വക നിലയ്ക്കാത്ത കയ്യടികള്‍!!! ആരെ രോമാഞ്ചംകൊള്ളിക്കാനാണാവോ ഈ പട്ടിയെ ആടാക്കല്‍..?!

    ReplyDelete
  4. പണാധിപത്യം

    ReplyDelete
  5. ശത്രുത എത്രത്തോളമാവാം എന്നൊരു വിചാരമെങ്കിലും കാലികമല്ലെ? മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള കഠിനശ്രമങ്ങള്‍ നടത്തി കുറെയൊക്കെ പരിഹരിക്കാന്‍ കാരണക്കാരായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ പരിധിവിട്ടാക്രമിക്കുന്നതിലെ നീതി ശാസ്ത്രം-?
    കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിവരക്കണക്കും കേരളത്തിലെ മുന്നേറ്റ ഗ്രാഫും ജസ്റ്റീസ് സചീന്ദ്രസിംഗ് സചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍കാണാം. ഈ ഉദ്ദാനത്തിന്റെ അവകാശികള്‍ മുസ്‌ലിം ലീഗാണന്ന് ആര്‍ക്കാന്നറിയാത്തത്.
    ഇടതുപക്ഷമാണന്ന ചിലരുടെ വീക്ഷണം സത്യസന്ധമല്ല. എങ്കില്‍ 30 ആണ്ട് കമ്മ്യൂണിസം വാണ വെസ്റ്റ് ബംഗാളിലെ ന്യൂനപക്ഷം എന്ത് കൊണ്ട് നൂറാം സ്ഥാനത്ത് തന്നെ ആധഃസ്ഥിതരായി കഴിയുന്നു.
    നമ്മുടെ കണ്ണും, കാതും, മനസ്സും, മസ്തിഷ്‌ക്കവും മുസ്‌ലിംലീഗ് വിരോധത്തില്‍ തന്നെ തളച്ചിടപ്പെടുന്നുവെങ്കില്‍ നമുക്ക് എന്ത് ചെയ്യാനാവും? അല്ലേ-

    ReplyDelete
    Replies
    1. ഉള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അത് മുസ്ലീം ലീഗ് വിരോധം എന്ന് പറയുന്നത് ശരിയല്ല. സമൂഹത്തിന്റെ താഴത്തെ തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന അല്ലെങ്കില്‍ ഉയര്‍ത്തി കൊണ്ടുവന്ന എത്ര നേതാക്കന്മാര്‍ ഉണ്ട് മുസ്ലീം ലീഗിന്? കോടീശ്വരന്മാര്‍ അല്ലാത്ത എത്ര നേതാക്കള്‍ ഉണ്ട് ലീഗിന്? ഭൂമിദാനം നിയമന തട്ടിപ്പുകള്‍, പണപ്പിരിവുകള്‍ പോലുള്ള അഴിമതികള്‍ നടത്തുന്നത് മുസ്ലീമിന് വേണ്ടിയോ അതോ സുല്‍ത്താന്‍മാരെ പോലെ വിലസുന്ന നേതാക്കന്മാര്‍ക്കും ശിങ്കിടികള്‍ക്കും വേണ്ടിയോ?

      Delete
  6. മുസ്ലിം ലീഗ് നേതാക്കളുട ഗ്രേഡ് സംബന്ധിച്ച തര്‍ക്കത്തിന് ഞാനില്ല. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നയം, ലക്ഷ്യം, ലക്ഷ്യ പ്രാപ്തി എന്നിവയൊക്കെയാണ് ഞാന്‍ സംസാരിച്ചത്. മുസ്ലിം ലീഗിന്റെ നിലവിലുള്ള ജനറല്‍ സെക്രട്ടറി മുതല്‍ ഞാനറിയുന്ന പലരും മേലെതട്ടില്‍ നിന്ന് ഓടിളക്കിവന്നവരല്ല. സ.പിണറായി വിജയനെപോലെ സാധാരണക്കാരായ ധാരാളം നേതാക്കള്‍ ലീഗിലും ഉണ്ട്. വികെ സി, മേത്തര്‍, കുരുവിള അങ്ങിനെയെത്ര കോടീശ്വരന്മാര്‍ വിവിധ രാഷ്ട്രീയ സംഘടനാ തലപ്പത്തുണ്ട്.
    എന്നാല്‍ പൊതുവെ രാഷ്ട്രീയം കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ടതിനാല്‍ കാലിക മൂല്യച്യുതി ലീഗിനെ ബാധിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ല. നന്മകള്‍ക്ക് വേണ്ടി ഇനിയും എല്ലാവരും ശബ്ദിക്കണമെന്നാണെന്റെ പക്ഷം. നമ്മുടെ ചര്‍ച്ച മതത്തിന്റെയോ, ജാതിയുടെയോ പേരില്‍ പരിഗണന വേണമെന്നല്ല. അപ്പേരില്‍ നിലനില്‍ക്കുന്ന അവഗണനയും അവഹേളനയും അവസാനിപ്പിക്കണമെന്നാണ്.
    അഭിമാനാര്‍ഹമായ അസ്ഥിത്വം അതാണ് ഓരോ പൗരന്റെയും ആവശ്യം. ഇതനുവദിച്ചുകിട്ടാനുള്ള പോരാട്ട ചരിത്രത്തില്‍ മുസ്ലിം ലീഗിന് ചരിത്രം നല്‍കിയ മാര്‍ക്കും, ഗ്രേഡും, പങ്കാളിത്തവും നിഷേധിച്ചാല്‍ ഇല്ലാതാവുമോ?

    ReplyDelete
  7. @നന്മകള്‍ക്ക് വേണ്ടി ഇനിയും എല്ലാവരും ശബ്ദിക്കണമെന്നാണെന്റെ പക്ഷം. നമ്മുടെ ചര്‍ച്ച മതത്തിന്റെയോ, ജാതിയുടെയോ പേരില്‍ പരിഗണന വേണമെന്നല്ല.അപ്പേരില്‍ നിലനില്‍ക്കുന്ന അവഗണനയും അവഹേളനയും അവസാനിപ്പിക്കണമെന്നാണ്.
    അഭിമാനാര്‍ഹമായ അസ്ഥിത്വം അതാണ് ഓരോ പൗരന്റെയും ആവശ്യം.


    നന്മകള്‍ക്ക് വേണ്ടി ആണെങ്കില്‍ അവിടെ ജാതിയും മതവും പറയാന്‍ പാടില്ല. ഒരു മുസ്ലീമിനെയും മുസ്ലീം ആണെന്ന പേരില്‍ ആരും മാറ്റി നിര്‍ത്തില്ല. അബ്ദുല്‍ കലാമിനെ എല്ലാവരും ബഹുമാനിക്കുന്നത്‌ മുസ്ലീം ആയതു കൊണ്ട് അല്ല. അദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടു ആണ്. അങ്ങനെ ഒരാളെ ബഹുമാനിക്കുന്ന സമൂഹം ഒരിക്കലും അവരെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തില്ല. ഇന്ത്യക്കാര്‍ ഭൂരിഭാഗവും ഈ മനസ് ഉള്ളവര്‍ ആണ്. അതുകൊണ്ട് ആണ് മതെതരതം ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. പക്ഷെ ജാതിയും മതവും പറഞ്ഞു ഒരുവന്‍ അധികാരത്തില്‍ വന്നാല്‍ ജാതിയും മതവും പറഞ്ഞു തന്നെ അവനെ താഴെ ഇറക്കും. അപ്പോള്‍ അവിടെ നന്മ നശിക്കുകയാണ്. കഴിവുള്ളവരെ ഒരു ജാതിക്കും മതത്തിനും മാറ്റി നിര്‍ത്താന്‍ കഴിയുകയില്ല. പക്ഷെ ഒരു കഴിവും ഇല്ലാത്തവരെ ജാതിയും മതവും ചേര്‍ന്ന് ഉന്നതങ്ങളില്‍ എത്തിക്കാന്‍ സാധിക്കും അപ്പോള്‍ കഴിവുള്ളവര്‍ തഴയപ്പെടും. അപ്പോഴും നഷ്ടം ജനങ്ങള്‍ക്ക്‌ തന്നെ.

    ReplyDelete

  8. ''കഴിവന്മാര്‍'' എന്നൊരു വരേണ്ണ്യവര്‍ഗ്ഗത്തിന് അവകാശപ്പെട്ടതല്ലല്ലോ ഭാരതം. കഴിവ് ആപേക്ഷികമാണ്. ഡോ.എ.പി.ജെ.അബ്ദുല്‍കലാം നിഷ്‌കളങ്കനാണ്. വിദ്യാഭ്യാസം ഉണ്ട്, ശാസ്ത്രജ്ഞനാണ്. ഇത് കൊണ്ടാണോ അദ്ദേഹത്തെ പ്രസിഡന്റാക്കിയത്. ഈ കഴിവ് കൊണ്ട് മാത്രം ഭാരതത്തിന്റെ സാധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമോ?
    രാഷ്ട്രീയ ലാഭ നഷ്ടക്കണക്കടുപ്പില്‍ വീണ നറുക്കെടുപ്പിലാണ് കലാം രാഷ്ട്രപതിയായത്. കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായില്ലേ? ബാക്കി അധഃസ്ഥിതര്‍ ആകഴിവുള്ള ഒരുാളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതാണോ പരിഷ്‌കൃതം.
    അവസരം ലഭിക്കാതെ കഴിവ് തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല. മത്സരക്കളത്തിലേക്ക് പ്രവേശം നിഷേധിക്കുന്ന നിലപാടുകളാണ് നിലനില്‍ക്കുന്നത്.
    മതം വര്‍ഗ്ഗീയതയെ പ്രതിഫലിപ്പിക്കുന്നില്ല. ജാതി വിഭാഗീയതയുടെ മതിലുകളും ഉയര്‍ത്തുന്നില്ല. എന്നാല്‍ വരേണ്ണ്യവര്‍ഗ്ഗം (?) ഇതൊക്കെ ഉപയേഗിക്കേണ്ടയിടങ്ങളില്‍ ഉപയോഗിക്കുന്നു. ഉപേക്ഷിക്കേണ്ടയിടങ്ങളില്‍ ഉപേക്ഷിക്കുന്നു. പലപ്പോഴും സത്യം നഗ്നമായി കൊല ചെയ്യപ്പെടുന്നു.

    ReplyDelete
    Replies
    1. ഞാന്‍ അബ്ദുല്‍ കലാം എന്ന് ഉദാഹരണം പറഞ്ഞത് അദ്ദേഹത്തെ മാത്രം കാണുവാന്‍ അല്ല. അദ്ദേഹത്തെ പോലുള്ള എത്രയോ മുസ്ലീങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഉന്നതങ്ങളില്‍ ഇരിപ്പുണ്ട്? ആരെങ്കിലും അവരെ മതത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നുണ്ടോ? ഇനി ഉണ്ടെങ്കില്‍ തന്നെ ആ ആക്ഷേപങ്ങള്‍ക്ക് അന്യ മതസ്ഥര്‍ വില കല്പ്പിക്കുന്നുണ്ടോ? ഏതാനും ചില ഹിന്ദുക്കള്‍ അന്യ മതസ്ഥരെ ആക്ഷേപിച്ചു സംസാരിക്കുമ്പോള്‍ അവരെ ആരാണ് നിലക്ക് നിര്‍ത്തുന്നത്? മുസ്ലീങ്ങലോ ക്രിസ്ത്യാനികളോ ആണോ? അല്ലല്ലോ? ഹിന്ദുക്കള്‍ തന്നെ അല്ലെ? പിന്നെ അവസരം ലഭിക്കാതെ പലരും ഉണ്ടെന്നു താങ്കള്‍ പറഞ്ഞല്ലോ? ഉണ്ട് ഒരുപാട് ഉണ്ട്, പക്ഷെ അത് മുസ്ലീങ്ങള്‍ മാത്രം ആണെന്ന് പറയരുത്. കഴിവുള്ള എത്രയോ ആളുകള്‍ അവസരം ലഭിക്കാതെ മാറി നില്‍ക്കേണ്ടി വരുന്നുണ്ട് അതിനു പ്രധാന കാരണം ജാതിയും മതവും തന്നെ.

      Delete