Thursday, 28 February 2013

പിള്ളവാദം


      രോഗങ്ങളുടെ പേരുകള്‍ ഇപ്പോള്‍ പഴയതല്ല. കംമ്പവാദം, പിള്ളവാദം, തളര്‍വാദം, മഹോദരം, അങ്ങനെയൊക്കെയായിരുന്നു പോയ കാലങ്ങളിലെ രോഗ നാമങ്ങള്‍(ത്രിദോഷം) പറിമരുന്നും പച്ചമരുന്നും തറിമരുന്നും ശരിയായി തിളപ്പിച്ച് ആറ്റിക്കുറുക്കി കഴിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനവും കിട്ടിയിരുന്നു. ഇപ്പോള്‍ 'കട്ടിംഗ്' രീതിയായി. 
    കാലം മാറി കഥമാറി പെയ്ന്റിന്റെ നിറവും കോലവും മാറിയതുപോലെ പേരടക്കം മാറി. എന്നാല്‍ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രതിഭാസം ഉണ്ടിവിടെ. അത് രാഷ്ട്രീയ രീതികളാണ്. 
ധനമന്ത്രി കെ.എം. മാണി പറയുന്നത് മുന്നണിബന്ധം ശാശ്വതമല്ലന്നാണ്. എന്നുവച്ചാല്‍ ഏത് സമയത്തും പക്ഷം മാറാം എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നീ രണ്ട് പക്ഷം തന്നെ വേണ്ടതുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ജയിച്ചവരെല്ലാം ചേര്‍ന്നുഭരിക്കുന്നതല്ലേ(?) ശരി. 
        ആര്‍. ബാലകൃഷ്ണപിള്ളയില്‍നിന്ന് 'പിള്ളവാദം' പിടികൂടിയതാണ് യു.ഡി.എഫിന് എന്നൊരു തോന്നല്‍ പരന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പിളര്‍ന്നില്ലായിരുന്നെങ്കില്‍ സമാജ്‌വാദ് പാര്‍ട്ടിയെ പോലെ, ഡി.എം.കെയെ പോലെ മികച്ച സംസ്ഥാന പാര്‍ട്ടിയാകുമായിരുന്നു എന്നാണ് പിള്ള ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് കൊണ്ട് നടക്കുന്ന സാക്ഷാല്‍ ആര്‍. ബാലകൃഷ്ണപിള്ള തന്നെ പറയുന്നത്!? 

           ഉള്ളതൊക്കെ വിറ്റുപൊറുക്കിയാണ് താനീ രാഷ്ട്രീയം കൊണ്ടുനടക്കുന്നതെന്നും ഒരൊറ്റ രൂപ  ഇക്കാലത്തിനിടയില്‍ പിരിച്ചിട്ടില്ലെന്നുമാണ് പിള്ള പറയുന്നതത്. പിന്നെന്തിനാണാവോ ഒരു  പിള്ളഗ്രൂപ്പ് കേരള കോണ്‍ഗ്രസ്? ഉത്തരം ഇങ്ങനെയാവാനാണ് സാധ്യത. അച്ചനോ, മകനോ  മന്ത്രിയാകാന്‍! കഷ്ടകാലത്ത് കൊട്ടാരക്കരക്കാര്‍ പാലം വലിച്ചു. പത്തനാപുരത്തുകാര്‍ ഗണേഷിനെ ജയിപ്പിച്ചു. പുത്രന്‍ ദര്‍ബാറിലേക്കും പിതാവ് പൂജപ്പുരയിലേക്കും പോകേണ്ടിവന്നു. 

ഇതിനിടെ പലമാതിരി പ്രസ്താവനകള്‍ വന്നു. ഇതാണ് രാഷ്ട്രീയമെങ്കില്‍ -അഥായത് നയമോ, നിലപാടുകളോ, ആദര്‍ശങ്ങളോ ഒന്നുമില്ലാത്ത ഏതവസരത്തിലും എങ്ങോട്ടും ചാടാം, മറിയാം, പറയാം, പറഞ്ഞത് മാറ്റിപ്പറയാം, പിന്‍വലിക്കാം. ഇതൊക്കെയാണ് രാഷ്ട്രീയമെങ്കില്‍ അരാഷ്ട്രീയം ചിന്തിക്കുന്ന ന്യൂജനറേഷന്‍ തന്നെ കേമന്മാര്‍.
        യു.ഡി.എഫ് ഐസിയുവിലാണെന്ന് കോടിയേരി. മാണി പോരട്ടെയെന്ന് വി.എസ്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റണ്ണം കൂട്ടാനുള്ള രാഷ്ട്രീയ അഭ്യാസമാണ് മാണിയുടെ മുന്നണിമാറ്റ സൂചന പ്രസ്താവനക്ക്  പിന്നിലെന്ന് നിരീക്ഷകര്‍. അങ്ങനെ കലങ്ങിമറിയുന്നതിനിടയില്‍ പവര്‍കട്ടോ, അരിവില വര്‍ധനവോ അലോസരമുണ്ടാക്കാതെ മാധ്യമ കേരളം മഹോത്സവത്തില്‍...!!!
         കെ.എം. മാണിയെ സംബന്ധിച്ച് പി.സി ജോര്‍ജ് 20 മാസം മുമ്പുവരെ പറഞ്ഞിരുന്നത് പാലാ മെമ്പര്‍ എന്നായിരുന്നു. അപ്പറഞ്ഞത് അടിസ്ഥാന സത്യമാണെന്ന കാര്യത്തില്‍ തര്‍ക്കവും ഇല്ല. 20 മാസമായിട്ട് മാണി സാര്‍ എന്ന് തിരുത്തി. കൂടെ കൂടുമ്പോള്‍ സാറാവുക. പുറുത്തുപോയാല്‍ പേര് പോലും  പറയാനറക്കുന്ന(നികൃഷ്ട) ജീവിയാവുക.ഈ രാഷ്ട്രീയം ലോകത്തല്ലായിടത്തും ഉണ്ടോ എന്നറിയില്ല. താമരശ്ശേരിയിലെ സഭാമേധാവിയെ വോട്ട് മറിച്ചതിന്റെ പേരില്‍ പിണറായി വിജയന്‍ വിളിച്ച 'നികൃഷ്ട' ജീവി പ്രയോഗം കുറച്ചുനാള്‍ മാധ്യമങ്ങളില്‍ കത്തിനിന്നു. പിന്നയത് വിസ്മൃതിയിലാണ്ടു.
        രാഷ്ട്രീയം ചില നയ നിലപാടുകള്‍ക്കനുസരിച്ചാണെന്ന ഒരു ധാരണയെങ്കിലും നേതാക്കള്‍ അണികള്‍ക്ക് നല്‍കണം. 'മിനിമം പരിപാടി' എന്ന മനോഹര സങ്കല്‍പ്പത്തില്‍ 20 മന്ത്രിസ്ഥാനം അതിന്റെ അനുപാതിക 'ഓഹരി' എന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങരുത്.
ഏക കക്ഷിഭരണം ഇന്ത്യയില്‍ ഇനി പ്രതീക്ഷിക്കാനാവില്ല. അപ്പോള്‍ പിന്നെ രക്ഷ മിനിമം പരിപാടിയില്‍ തന്നെ. ഓരോ വകുപ്പിന് ആ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിലൈന്‍ എന്നര്‍ത്ഥം. നേരാം വണ്ണം പഠിച്ചു പരിശോധിച്ചു സത്യസന്ധമായി ഒരു സത്യവാങ് തയ്യാറാക്കാന്‍ പോലും ത്രാണിയില്ലാതെ ദുര്‍ബലവും ചഞ്ചലവുമായിത്തീര്‍ന്ന നമ്മുടെ ആഭ്യന്തര വകുപ്പ് നാം അനുഭവിച്ചു. 'മുടി'യറിയാത്ത 'മുടിയന്മ'ര്‍!?
        നിവേദ സംഘത്തോട് കുഞ്ഞൂഞ്ഞ്(മുഖ്യമന്ത്രി) നല്‍കിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയാവുന്നത് കൂടുതല്‍ ഗുലുമാലിലേക്ക് കാര്യങ്ങളെത്തിക്കും. രാഷ്ട്രീയത്തിലായാലും വേണം വാക്ക് വിലയും, നെറികളും. നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ നഷ്ടപ്പെടുന്നതായി വേണം കണക്കാക്കാന്‍. 
       പള്ളി-മദ്‌റസകളില്‍ ചിലര്‍ അനാവശ്യ കുഴപ്പങ്ങളുണ്ടാക്കിയാല്‍ പോലീസിന് നീതി നടപ്പിലാക്കാന്‍ കഴിയാതെ വരുന്നു. അപ്പോള്‍ ഉന്നത അധികാരികളില്‍നിന്ന് ഉത്തരവിറങ്ങുകയാണ് 'കുഴപ്പമുണ്ടാക്കിയവര്‍' (തമ്മാടികള്‍) നമ്മുടെ സ്വന്തമാണ്. അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ...... വോട്ട് ചെയ്തവരാണ്. ജന്മനാ.... പാര്‍ട്ടിക്കെതിരാണ്. രണ്ടും കല്‍പ്പിച്ച് കഴുപ്പക്കാരെ സഹായിക്കണം. മദ്‌റസ പൂട്ടിയാലും യഥാര്‍ത്ഥ കമ്മിറ്റിക്കാരെ പിടിച്ചു അകത്താക്കി കേസ് രജിസ്റ്റര്‍ ചെയ്താലും കുഴപ്പമില്ല. ഈ രാഷ്ട്രീയം വരുന്ന തെരഞ്ഞെടുപ്പില്‍ നീതിബോധമുള്ളവര്‍ തിരിച്ചറിയുമെന്നാണ് മനസ്സിലാവുന്നത്. 
        സെക്രട്ടറിയേറ്റില്‍ ഇരുന്നൂറ് പ്രധാനപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ മുസ്‌ലിം എട്ട്. മുഖ്യമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള  പ്രധാനികളുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മുസ്‌ലിം പ്രാതിനിധ്യം പൂജ്യം. എന്‍.എസ്.എസിന് തലസ്ഥാനത്ത് ചക്കാത്ത് വിലക്ക് സ്ഥലം, വാരിക്കോരി പലതും; ചീത്ത വിളി വേറെ; മലബാറില്‍ നാല് സ്‌കൂളുകള്‍ക്ക് അണ്‍എയ്ഡഡ് പദവിക്ക് ധനകാര്യ വകുപ്പിന്റെ സൂപ്പര്‍ പാര. മലബാറിലെ റെയില്‍പാളങ്ങള്‍ ശുദ്ധശൂന്യം, ഓടാന്‍ വണ്ടികളില്ല. ഇങ്ങനെയുള്ള തലതിരിഞ്ഞ രാഷ്ട്രീയം നന്നല്ല. കെ. കരുണാകരന്റെ ശേഷം ശരി വിചാരക്കാരായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം രാഷ്ട്രീയ അപചയങ്ങളെ സൂചിപ്പിക്കുന്നു; അരാചകത്വവും. 

3 comments:

  1. എല്ലാവരും കണക്കാ. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യം ലീഗ് അഞ്ചാം മന്ത്രിയെ സ്വയം പ്രഘ്യാപിച്ചു നേടി എടുത്തു. അവിടെയാണ് തുടക്കം. പിന്നെ ശെല്‍വരാജിനെ കുതിര കച്ചവടം നടത്തി കൂടെ കൊണ്ടുപോന്നു. അവിടെ ഒന്നും ഇല്ലാതിരുന്ന നേരും നെറിയും ഇനി ഉണ്ടാവും എന്നൊക്കെ വിചാരിക്കുന്നത് വ്യാമോഹം മാത്രം. എന്തായാലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുജനം ഇത്രയധികം ബുദ്ധിമുട്ടിയിട്ടില്ല. ഇപ്പോള്‍ കറന്റില്ല, വെള്ളമില്ല, KSRTC ബസ്സില്ല, ജോലിയില്ല, സാധനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ നയാ പൈസ ഇല്ല... ഈ സര്‍ക്കാര്‍ എങ്ങനെയും വീഴണം എന്ന് ജനം ആഗ്രഹിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല;

    പിന്നെ പിള്ള വാദം. പറയുന്നത് കേട്ട്ടാല്‍ തോന്നും പിള്ള എന്നാല്‍ ബാലകൃഷ്ണ പിള്ള മാത്രമേ ഉള്ളൂ എന്ന്. പിള്ളമാരെ അങ്ങന അങ്ങ് ആക്ഷേപിക്കാതെ.

    ഉള്ളത് പറഞ്ഞാല്‍ ദേശീയ ദുരിതാശ്വാസഫണ്ടില്‍നിന്ന് ലഭിച്ച 109 കോടി രൂപ സ്റ്റേറ്റ് ദുരിത പ്രതികരണ നിധിയിലേക്ക് (എസ്ഡിആര്‍എഫ്) മാറ്റാന്‍ സംസ്ഥാനം ബാധ്യസ്ഥമായിരുന്നു. എന്നാല്‍, ആ തുക എസ്ഡിആര്‍എഫിലേക്ക് മാറ്റിയതായി കാണാനില്ല. ഈ തുക കേന്ദ്ര സെക്യൂരിറ്റികളിലോ ട്രഷറിയിലോ ബാങ്കുകളിലോ പലിശ നേടിത്തരുന്ന ഫണ്ടായി നിക്ഷേപിച്ചതായും കാണാനില്ല. എവിടെപ്പോയി ഈ തുക? കണ്‍സോളിഡേറ്റഡ് സിങ്കിങ് ഫണ്ട് എന്നൊന്നുണ്ട്. 2011-12ല്‍ ഇതിലേക്ക് സംസ്ഥാനം നിക്ഷേപിക്കേണ്ടിയിരുന്നത് 380.30 കോടി രൂപയാണ്. എന്നാല്‍, പത്തു കോടി രൂപ മാത്രം നിക്ഷേപിച്ചതായേ കാണാനുള്ളു. എവിടെപ്പോയി ബാക്കി 370.30 കോടി രൂപ? ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെട്ട തുക 474.53 കോടി രൂപയാണ്. ഈ തുക ഫണ്ടില്‍ ക്രെഡിറ്റ് ചെയ്തതായി കാണാനില്ല. എവിടെപ്പോയി ഈ തുക? 2011-12ല്‍ സംസ്ഥാന സര്‍ക്കാര്‍ 8,880 കോടി രൂപയുടെ കമ്പോളകടമെടുപ്പു നടത്തി. പോയവര്‍ഷത്തെ അപേക്ഷിച്ച് 3380 കോടിയുടെ വര്‍ധന. എന്നാല്‍, ഈ തുകയുടെ സിംഹഭാഗവും പ്രത്യുല്‍പ്പാദനപരമോ പലിശയടക്കം തുക തിരിച്ചടയ്ക്കാന്‍ സഹായിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കോ അല്ല, മറിച്ച് നിത്യനിദാനച്ചെലവുകള്‍ക്കാണ് ഉപയോഗിച്ചത് എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. എടുത്ത കടം തിരിച്ചടയ്ക്കാനുള്ള ഒരു വഴിയും തുറക്കാത്തവിധം ഈ പണം ഉപയോഗിച്ചുവെന്ന് സിഎജി കണ്ടെത്തി. മൂലധനചെലവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലും ഒരു വ്യവസായമെങ്കിലും തുടങ്ങാന്‍ ഉപയോഗിച്ചതായി കാണുന്നില്ല. കോര്‍പറേഷന്‍, സര്‍ക്കാര്‍ കമ്പനി, ജോയിന്റ് സ്റ്റോക്ക് കമ്പനി നിക്ഷേപങ്ങളില്‍നിന്നുള്ള വരവ് 1.3 ശതമാനമായിരിക്കെ കടത്തിന്റെ പലിശയിനത്തിലടയ്ക്കേണ്ട തുക 7.9 ശതമാനമായിരിക്കുന്നു. കടംവാങ്ങല്‍ അസാധാരണമല്ലെങ്കിലും വികസനേതരചെലവുകള്‍മൂലം അടിസ്ഥാനഘടനാവികസനത്തിന് അതുപയോഗിക്കാതിരുന്നത് വിസ്മയകരമാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

    ReplyDelete
  2. റവന്യൂ കമ്മി 2.5 ശതമാനംകണ്ടും ധനകമ്മി 3.9 ശതമാനംകണ്ടുംവര്‍ധിച്ചു. കമ്മി വര്‍ധന സാമ്പത്തികരംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. വായ്പപോലും നിത്യനിദാനച്ചെലവുകള്‍ക്കായി ഉപയോഗിച്ചാണ് കമ്മി ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിപരീതമായി ഇങ്ങനെ വര്‍ധിപ്പിക്കുന്നത്. ധനബാധ്യതകള്‍ മൊത്ത വരുമാനത്തിന്റെ വലിയഭാഗം അപഹരിക്കുന്ന നിലയായതും ധനഉത്തരവാദിത്തനിയമത്തിന്റെ ഉള്ളടക്കത്തെ അട്ടിമറിക്കുന്നു. ഏഴു വര്‍ഷംകൊണ്ട് കടത്തിന്റെ 49 ശതമാനം അടച്ചുതീര്‍ക്കാനുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം വിസ്മരിക്കപ്പെട്ടു. ധന ആസ്തി-ബാധ്യതാനുപാതം അട്ടിമറിക്കപ്പെട്ടു. കേന്ദ്രത്തില്‍നിന്നു കിട്ടിയ 2474 കോടി സംസ്ഥാന നടപ്പാക്കല്‍ ഏജന്‍സികള്‍ എങ്ങനെ വിനിയോഗിച്ചുവെന്നത് നിരീക്ഷിക്കപ്പെട്ടില്ല. തുകയുടെ സമയബന്ധിത ഉപയോഗമോ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കലോ ഉണ്ടായില്ല. ഈ അവസ്ഥ കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിനുപോലും ഭാവിയില്‍ തടസ്സം സൃഷ്ടിക്കും. ബജറ്റിനെ മറികടന്നുള്ള അധികച്ചെലവുകള്‍, ബജറ്റ് വിഹിതം ഉപയോഗിക്കാതെ ലാപ്സാക്കല്‍, ഫണ്ടുകളുടെ വകമാറ്റല്‍, കൃത്രിമമായി റവന്യൂകമ്മി കുറച്ചുകാട്ടല്‍ തുടങ്ങിയവയൊക്കെ സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നു. എംഎല്‍എമാരുടെ സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ടിനുള്ള 142 കോടി രൂപയുടെ ചെലവ് റവന്യൂസെക്ഷന്‍ അക്കൗണ്ടില്‍ കാട്ടാതെ മറച്ചുവെന്നതു റവന്യൂകമ്മി കൃത്രിമമായി കുറച്ചുകാട്ടാനായിരുന്നുവെന്നത് സിഎജി കണ്ടുപിടിച്ചിട്ടുണ്ട്.

    ReplyDelete
  3. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പോട്ടെന്നു വക്കണം ...

    ReplyDelete