Wednesday 26 March 2014

നിലപാട്

     വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളും സ്വീകരിക്കുന്ന രീതി ശാസ്ത്രങ്ങള്‍ക്ക് മലയാള സ്വരമായിരുന്നു നിലപാട്. നില്‍ക്കുന്ന സ്ഥളം എന്നര്‍ത്ഥം. കാലം മാറുമ്പോള്‍ കോലവും മാറുന്നപോലെ അര്‍ത്ഥങ്ങളും മാറി മാറി മറിഞ്ഞുവരികയാണ്. ആലപ്പുഴയിലെ കവിയും രാഷ്ട്രീയ നേതാവുമായ ജി. സുധാകരന്‍ ചീത്ത വിളിച്ചപ്പോള്‍ അത് വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം എന്ന വ്യാഖ്യാനം നല്‍കിയ കെ.ഇ. കുഞ്ഞഹമ്മദ് ഇപ്പോഴും ഹയാത്തിലുണ്ട്. അതിനാല്‍ ആര്‍ക്കും എന്തുമാവാം എന്ന് ചുരുക്കം. മലക്കം മറിയാം, മാറ്റിപ്പറയാം, മറിച്ചു പറയാം എല്ലാറ്റിനും കാണും വ്യാഖ്യാനങ്ങള്‍.
ഇന്ത്യ ഒരു തെരഞ്ഞെടുപ്പാരവത്തിലാണ്. പണ്ടേ പോലെ ഒരാഘോഷമായി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കാണുന്നില്ല. പോയ കാലങ്ങളില്‍ ജാഥകള്‍, ഗൃഗസന്ദര്‍ശനങ്ങള്‍, കവല യോഗങ്ങള്‍, തലങ്ങും വിലങ്ങും പ്രചാരണ വാഹനങ്ങള്‍, കമാനങ്ങള്‍, പോസ്റ്ററുകള്‍ അങ്ങനെ ഉത്സവത്തിന്റെ പ്രതീതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കസേരയില്‍ തമിഴ്‌നാട്ടുകാരനായ ശേഷന്‍ വന്നതിനുശേഷം വ്യക്തമായ ചില അവബോധം വോട്ടര്‍മാര്‍ക്കുണ്ടായി.

       സമ്മതം വാങ്ങാതെ സ്ഥാപിക്കുന്ന ബോര്‍ഡും ചുവരെഴുത്തും മായിപ്പിച്ചു. അധികാരികളുടെ അധികാരം പരിമിതപ്പെടുത്തി. വോട്ടര്‍മാര്‍ക്ക് നിര്‍ഭയം, സ്വതന്ത്രമായി വോട്ട് ചെയ്യാമെന്നായി. പിന്നീട് വന്ന കമ്മീഷന്‍മാര്‍ ശേഷനോളം ശേഷി കാണിച്ചുവരായിരുന്നില്ലെങ്കിലും ശേഷന്‍ തുടങ്ങിവച്ച പലതും നടപ്പിലാക്കി വന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ചെറുമട്ടത്തില്‍ അടുക്കും ചിട്ടയുമുണ്ട്. ന്യൂജനറേഷന്‍ മാത്രമല്ല ഓള്‍ഡ് ജനറേഷന്‍കാരും പുതിയ രാഷ്ട്രീയ നിലപാട് മാറ്റങ്ങളില്‍ ഓക്കാനം വരുന്നവരാണ്. 'നിലപാട് മാറ്റം' എന്ന മനോഹരമായ മലയാള പദത്തിന്റെ അടിസ്ഥാന അര്‍ത്ഥം 'കളവ് പറയല്‍' എന്നാണെന്നാരും പറഞ്ഞുകാണുന്നില്ല.
     കേരളത്തിലെ രാഷ്ട്രീയ കാരണവരിലൊരാളായ വി.എസ്. അച്യുതാനന്ദന്‍ ഇയ്യിടെ നിലപാടു തിരുത്തി, മാറ്റി എന്നൊക്കെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. സത്യത്തില്‍ എന്താണ് സംഭവിച്ചത്. മൂപ്പിലാന്‍ വയസ് കാലത്ത് 'അസത്യം പറഞ്ഞു എന്നല്ലേ? അതങ്ങ് പച്ചയായി പറയാതെ ഭംഗിവരുത്തി പറയുന്ന പദമാണ് നിലപാട് മാറ്റം.
     രാഷ്ട്രീയ-ഭരണ-ഉദ്യോഗസ്ഥ മേഖലകളിലെ മോഷണത്തിന് 'അഴിമതി' എന്ന പദം പകരം നല്‍കിയത് പോലെയാണ് 'നുണ'ക്ക് നിലപാട് എന്ന പകരം പദം വച്ചുപിടിപ്പിച്ചത്.!?
എട്ട് തവണ കോണ്‍ഗ്രസ് പാര്‍ട്ടി എം.പിയായ (അഥായത് 40 വര്‍ഷം) ജാഫര്‍ ശരീഫ് ഹാജി എത്രപെട്ടന്നാണ് കാല് മാറിയത്. സീറ്റ് കിട്ടാതെവന്നപ്പോള്‍ ജസ്‌വസന്ത് സിംഗും ബി.ജെ.പിയില്‍നിന്ന് ഒറ്റച്ചാട്ടം. ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിക്കാരനായ അഴഗിരി സ്വപിതാവിനെ തള്ളിപ്പറയുന്നതും നാം വായിക്കേണ്ടിവന്നു.
അരാഷ്ട്രീയം എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയമായി വളര്‍ത്തുകയാണിപ്പോള്‍ പലരും. ഇത്തവണ നിഷേധ ബട്ടന്‍ മികച്ച സ്‌കോര്‍ നേടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ഏതായാലും എല്ലാ നിലപാടും നുണകളല്ലെന്ന് സമാധാനിക്കാന്‍ ശ്രമിക്കുക. അതിനിടെ ഈജിപിത് കത്തുകയാണ്. ഈജിപ്തില്‍ ഭരണമാറ്റം ഉണ്ടാവാന്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ കൂടിയത് ഇഖ്‌വാനികളാണെന്നത് ഒരു സത്യം. രാഷ്ട്രീയ ലാഭത്തിന് മതം ഉപകരണമാക്കിയാണ് ഇഖ്‌വാനികള്‍ പ്രചാരണം പൊടിപൊടിച്ചത്.
അന്‍വര്‍ സാദാത്തിന്റെ കാലം മുതല്‍ ഹുസ്‌നി മുബാറക് ഈജിപ്ത് ഭരണത്തിന്റെ അകത്തളങ്ങളില്‍ ഉണ്ടായിരുന്നു. കേബ്‌ഡേവിഡില്‍ അന്‍വര്‍ സാദത്തിനെ എത്തിച്ചതിന്റെ പിന്നിലും മുബാറക്കുണ്ടായിരുന്നു എന്നാണ് കേള്‍വി. ഏതായാലും മുബാറക് യു.എസില്‍നിന്ന് കടം വാങ്ങി കൊണ്ടുവന്നു. ഇസ്രാഈലിനെ തഴുകി തലോടി സസുഖം കഴിഞ്ഞുവരവെ ഒരു ഇസ്‌ലാമിക വികാരം ഇളക്കിവിട്ടാണ് ഇഖ്‌വാനികള്‍ ഈജിപ്ത് കുളമാക്കിയത്.
      മുഹമ്മദ് മുര്‍സി പ്രസിഡന്റായി അധികം താമസിയാതെ ജയിലിലുമായി. ഇപ്പോള്‍ മുര്‍സി അനുയായികളെ തെരഞ്ഞുപിടിച്ചു ശരിയാക്കുകയാണ് പട്ടാള ഭരണകൂടം. ഒരു പോലീസുകാരനെ കൊന്നതിന് ഒറ്റയടിക്ക് 528 പേര്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കോടതി വധശിക്ഷ വിധിച്ചത്. അന്തരാഷ്ട്ര സമൂഹം സുഖമായി കാറ്റുകൊള്ളുകയാണിപ്പോഴും. മറ്റൊരു 682 പേര്‍ക്കെതിരില്‍ വിചാരണ നടക്കുകയാണ്. ഏതാണ്ട് മുര്‍സി അനുയായികളെ ഒന്നടങ്കം തൂക്കികൊല്ലാന്‍ ഏതാനും വിധികള്‍ മാത്രം മതിയാവുമെന്ന പരുവത്തിലാണ് കാര്യങ്ങള്‍. ഈജിപ്തിലെ കോടതികള്‍ക്കുണ്ടായ നിലപാട് മാറ്റം അത്ഭുതം തന്നെ. കോടതിവിധി കേട്ട് കൂട്ടകരച്ചില്‍ നടത്തുന്ന പെണ്ണുങ്ങളുടെ പടം ലോകവ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബാണ്‍കീമൂണൂം മൗനത്തില്‍ തന്നെ. മികച്ച നിലപാട് മാറ്റം!
    കേരളത്തിലെ തെരുവില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ആരെയും ഇതുവരെ കണ്ടതുമില്ല. അവരും നിലപാട് മാറ്റിക്കാണും എന്ന് കരുതാനല്ലേ കഴിയൂ. അതിനിടെ ഈ തവണ എ.പിക്ക് വല്ല നിലപാടും ഉണ്ടോ എന്ന് ചില മാധ്യമങ്ങളെങ്കിലും ചികഞ്ഞുനോക്കി. തെരഞ്ഞെടുപ്പിന്റെ മുമ്പു ജയ സാധ്യത നോക്കി മുന്‍കൂര്‍ പിന്തുണ നല്‍കുന്ന  മൂപ്പരുടെ പതിവ്(നിലപാട്) സ്വാഭാവികമായിരുന്നു.  ചിലപ്പോഴൊക്കെ പെട്ടുപോയത് ഓര്‍ത്താവും ഇത്തവണ നിലപാടിലെ നിലപാട് രസകരമായത്.
    കുന്നമംഗലത്ത് ബാലന്‍ വൈദ്യര്‍ക്ക് പിന്തുണ നല്‍കി യു.സി. രാമന്‍ ജയിച്ചു. പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിക്ക് പിന്തുണ, ജയിച്ചത് ഇ.ടി. ഈ മാതിരി വെട്ടില്‍വീണ മുന്‍ അനുഭവം കാരണം ഈ തവണ അതൊക്കെ അണികള്‍ക്കറിയാം. അവര്‍ക്കത് പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന നിലപാടാണ് അഥായത്(കളവാണ്) പറഞ്ഞുകാണുന്നത്.  നരേന്ദ്രമോഡിയെ തള്ളിപ്പറയുന്നില്ല. എന്ന നിപാട് മാത്രമാണ് വ്യക്തമായ സംഗതി. കോണ്‍ഗ്രസ് ജയിച്ചുവന്നാല്‍ ഷാളുമായി ആദ്യം എത്തുക മുസ്‌ലിയാരായിരിക്കും. എന്നത് നമുക്ക് മുന്‍കൂട്ടി പറയാന്‍ കഴിയുന്ന യഥാര്‍ത്ഥ നിലപാട്(സത്യം). അല്ലാഹു കാക്കട്ടെ. ആമീന്‍.

1 comment:

  1. നാണംകെട്ട രാഷ്ട്രീയം

    ReplyDelete