Thursday 6 March 2014

ആം ആദ്മി

     ഇന്ത്യ അഴിമതിയില്‍ മുങ്ങിക്കുളിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ പിന്നിട്ടു. ബൊവേഴ്‌സ് തോക്കിടപാട് മുതല്‍ കാര്‍ഗില്‍ ഓപ്പറേഷനില്‍ മരണമടഞ്ഞ ധീര ജവാന്‍മാര്‍ക്കൊരുക്കിയ ശവപ്പെട്ടിയില്‍ വരെ കൈയിട്ടുവാരിയ മന്ത്രിമാരും ഉദ്യോഗസ്ഥരും. 
     നാം നാണം കെടാറില്ല. എന്തുകൊണ്ടെന്നാല്‍ നമുക്കതില്ലന്നാണ് പറയപ്പെടുന്നത്. ലോകത്തിന്റെ മുമ്പില്‍ പോയകാലങ്ങളില്‍ നമുക്ക് കരുത്തും കാമ്പും ഉണ്ടായിരുന്നു. ജമാല്‍ അബ്ദുന്നാസ്വിര്‍ ജനറല്‍ ടീറ്റോക്കൊപ്പം ജവഹര്‍ലാല്‍ നഹ്‌റുവും ചേര്‍ത്തുപറയപ്പെട്ട കോമണ്‍വെല്‍ത്തും. ബാപ്പുജിയുടെ ലോകാംഗീകാരവും ഭാരതീയന്റെ അഭിമാനബോധത്തെ ഉത്തേജിപ്പിച്ചു. 

    ഇപ്പോള്‍ നമ്മുടെ രാജ്യത്തെ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ രാജ്യത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. അദ്ദേഹത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ കോടികള്‍ നീക്കിവച്ചങ്കിലും രേഖകളില്‍ കാണുന്ന ചോരക്കറ മായിക്കാനാവുമോ?
പട്ടാപകല്‍ തീവെട്ടിക്കൊള്ളകള്‍, നടുറോഡില്‍ കൂട്ടബലാല്‍സംഗങ്ങള്‍, നാട്ടുകാര്‍ ഗ്യാസ് സിലിണ്ടര്‍ പോലും കിട്ടാതെ 'പട്ടിണി ക്യൂവില്‍. പത്തുവര്‍ഷം കൊണ്ട് 13 ദശകോടീശ്വരന്‍മാരില്‍നിന്ന് ഇന്ത്യ 113    ദശ കോടീശ്വരന്മാരെ സൃഷ്ടിച്ചു. 128 കോടി ജനതയുടെ പാതിയെങ്കിലും പള്ള   പുകഞ്ഞുപുളയുകയാണിപ്പോഴും. ഒരു രൂപക്ക് അരി എത്ര പേര്‍ക്ക് കിട്ടും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജനം തള്ളിക്കയറിത് കാര്‍ഡ് ബി.പി.എല്‍ ആക്കി കിട്ടാനാണ്. കടത്തിണ്ണയില്‍ അന്ത്യയുറങ്ങുന്നവന് പോലും മേല്‍കുര കോണ്‍ക്രീറ്റാണെന്ന കാരണത്താല്‍ എ.പി.എല്‍. കാര്‍ഡാണ് ഉദ്യോഗസ്ഥര്‍ കനിഞ്ഞുനല്‍കിയത്. 
     കുറെ നാളായി ഭരണം നടത്തുന്നത് മറ്റാര്‍ക്കോ വേണ്ടിയാണന്ന് എല്ലാവരും അറിയുന്നുണ്ട്. സായിപ്പിന്റെ വിനീത ദാസന്‍മാരായി നാം മാറിയിരിക്കുന്നു. പരക്കെ പാഞ്ഞുപറന്നുകിട്ടാവുന്നിടത്ത് നിന്നൊക്കെ കടം വാങ്ങി പലിശ അടക്കുന്ന പണിക്കാരായി ഭാരത ഭരണകൂടം ചെറുതാവുന്നു. 
റോഡ് വികസനം, ജപ്പാന്‍ കുടിവെള്ളം, അന്താരാഷ്ട്ര സഹായത്തോടെ പ്രതിരോധം ശക്തിപ്പെടുത്തല്‍, വെടിക്കോപ്പും, വെടിമരുന്നും വാങ്ങല്‍, വിമാനം, അന്തര്‍വാഹിനി ഇടപാടുകള്‍, വൈദ്യുതി നവീകരണം, ഊര്‍ജ്ജസുരക്ഷ, വിദ്യാഭ്യാസ സംരഭങ്ങള്‍ എല്ലാം നാം കൈഒഴിഞ്ഞുതുടങ്ങി. പാട്ടത്തിന് കൊടുക്കുന്ന തറവാടുകാരണവരെ പോലെ സൗത്ത് ബ്ലോക്കില്‍ അധികം പണിയില്ലാതെ സസുഖം വിശ്രമത്തിലാണ് നമ്മുടെ ഭരണകൂടം. കായിക, ബൗദ്ധിക വ്യായാമം ലാഭം.
ഇപ്പോള്‍ കസ്തൂരിരംഗന്‍ ചൂടുള്ള വാര്‍ത്തയാണ്. വിദേശ ഏജന്‍സികളില്‍നിന്ന് സാമ്പത്തിക സഹായം നേടി പഠനം നടത്തുന്ന പല എന്‍.ജി.ഒ ഏജന്‍സികളും പടച്ചുവിടുന്ന ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ വച്ചാണ് നിയമനിര്‍മാണം. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി സംരക്ഷണ മേഖല. അവിടെ വന്‍കിട വ്യവസായം പാടില്ല. കെട്ടിടങ്ങള്‍ പാടില്ല. നിരത്തുണ്ടാക്കരുത്. പാലം വേണ്ട. വന്യമൃഗങ്ങളെ വെടിവെക്കാനോ അബെയ്തു കൊല്ലാനോ പാടില്ല. കഴിയുമെങ്കില്‍ വന്യമൃഗങ്ങള്‍ക്ക് സല്യൂട്ടടിക്കണം. അല്ലെങ്കില്‍ ആക്രമത്തിന് ഇരയായി നിന്നുകൊടുക്കണം. കൊച്ചുവീടുണ്ടാക്കണമെങ്കില്‍ ഒരു ബണ്ടല്‍ പേപ്പറുകള്‍ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി ശരിയാക്കകണം. ''മണ്ണ് ചതിക്കില്ലെന്ന'' കര്‍ഷകന്റെ വിസ്വാസം തകിടം മറിക്കുന്നതാണ് സത്യത്തില്‍ ഈ റിപ്പോര്‍ട്ട്. 
ഇതൊക്കെ ഉപരിതലത്തില്‍ സുഖിയാന്മാരായി കഴിയുന്ന ഉദ്യോഗസ്ഥ-ഭരണകൂട്ടുകെട്ടിന്റെ ഫലമായി ഉണ്ടായതാണ്. ഇത് സഹിക്കാന്‍ കഴിയാതെ അണ്ണാ ഹസാരെ എന്ന മിനിഗാന്ധിയന്‍ ചില സമരമുഖങ്ങള്‍ തുറന്നു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ പലപ്പോഴായി ഒത്തുചേര്‍ന്നവരിലധികവും ന്യൂജനറേഷനില്‍പെട്ടവരായിരുന്നു. 
ഹസാരയുടെ അരിക് പറ്റി നടന്ന അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയം സാധ്യതയുടെ കലയാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് സാധാരണക്കാരന്റെ പാര്‍ട്ടി പിറന്നത്. ഒറ്റയടിക്ക് ഒരു കൊല്ലം കൊണ്ട് ഒരു പാര്‍ട്ടി ഉണ്ടായി. ഒരു സംസ്ഥാനത്ത് (ഡല്‍ഹി) എഴുപതില്‍ 28 സീറ്റ് അടിച്ചെടുത്തു മുഖ്യമന്ത്രി പദത്തിലെത്തി. നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നൂറ് സീറ്റ് നേടുമെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. 10-20 സീറ്റ് കിട്ടുമെന്ന് പരക്കെ കണക്കുകൂട്ടുന്നു. സോഷ്യല്‍മീഡയയില്‍ മിന്നും താരമായി ആം ആദ്മി വിലസുകായണ്. ഫണ്ടൊഴുകുന്നു. എന്തു നല്‍കിയെങ്കിലും അഴിമതി തടയണമെന്നാണ് സാധാരണക്കാരുടെ ചിന്ത. 
പണത്തിന് പിറകെയാണ് സലകലരും സഞ്ചരിക്കുന്നത്. മാതാഅമൃതാനന്ദമയീദേവിയുടെ വന്‍വരവിന്റെ സ്രോതസ് നോക്കേണ്ട കാര്യമില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിപോലും പ്രതികരിച്ചത്. അവര്‍ നടത്തുന്ന സേവനങ്ങള്‍ നോക്കിയാല്‍ മതിയെന്നാണ് കുഞ്ഞൂഞ്ഞിന്റെ പക്ഷം. അന്തപുരത്തുണ്ടായിരുന്ന ഒരു മദാമ്മ താന്‍ അനുഭവിച്ച ലൈംഗിക പീഡനം പോലും വരച്ചുവച്ച പുസ്തകമെഴുതിയിട്ടും ഒട്ടും കുലുങ്ങിയില്ല. ''പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെ''ന്നമട്ട്. കാരണം പണബലം പിന്നെ വോട്ട് ബാങ്ക്ഭയം. 
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഗുജ്‌റാത്തില്‍ പോകുന്നു. പേര് തേച്ചുമിനുക്കി ഭംഗിവരുത്തുന്നു. വേഷവും മാറ്റുന്നു. നോട്ടീസില്‍ പേര് ഇങ്ങനെയാണ് കാണുന്നത്: 'അല്ലാമാ ഹസ്‌റത്ത് ഷാഹ് ഖമറുല്‍ ഉലമ ശൈഖ് അബൂബക്കര്‍ അഹ്മദ്'. നരേന്ദ്രമോഡിക്ക് ഡല്‍ഹിയിലെത്താന്‍ മുസ്‌ലിം ന്യൂനപക്ഷ വോട്ട് സമാഹരിക്കുന്ന യജ്ഞത്തില്‍ പണിയെടുക്കുന്ന ഇന്ത്യയിലെ കുറെ മൗലാനമാരില്‍ ഒരാളാണ് കാന്തപുരം. നട്ടെല്ലുണ്ടോ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്. ഇത്തരക്കാരുമായി യാതൊരുബന്ധവുമില്ലെന്ന് ഉറക്കെ പറയാന്‍. വൈകുംതോറും സാധാരണക്കാര്‍ വഴിപിരിഞ്ഞുതുടങ്ങും ഉറപ്പ്.
ഞാന്‍ ഒരു സാധാരണമനുഷ്യനാണെന്ന് ലോകത്തോട് അഭിമാനപൂര്‍വം വിളിച്ചുപറഞ്ഞ മുഹമ്മദ് നബി(സ്വ) ഉയര്‍ത്തിയ അടിസ്ഥാന സന്ദേശം അഭിമാനപൂര്‍വം ഓര്‍ത്തുവെക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

1 comment:

  1. സാധാരണമനുഷ്യര്‍ ഇല്ലാതെയാകുന്നുണ്ട്

    ReplyDelete