Wednesday, 30 January 2013

സുകുമാരന്‍ നായരും, വി.എസും, പിന്നെ സത്യവും.


      സുന്ദരനായ യുവാവ് എന്നാണ് സുകുമാരന് ശബ്ദ താരാവലി അര്‍ത്ഥം നല്‍കിയത്. വയസ്സായാലും യുവത്വം ചിന്തയിലോ, ഭാവത്തിലോ സൂക്ഷിച്ചാല്‍ അര്‍ത്ഥവുമായി നീതിയാവാനാവും.
ശ്രീ മന്നത്ത് പത്മനാഭന്‍ സാര്‍ ഉന്നത ലക്ഷ്യവുമായി രൂപകല്‍പ്പന ചെയ്ത സമസ്ത കേരള നായര്‍ സര്‍വ്വീസ് സൊസൈറ്റി പിന്‍കാല സാരഥികളും ഭംഗിയായി കൈകാര്യം ചെയ്തു. ശ്രീ.കിടുങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും നാരായണപ്പണിക്കരും ആരെയും പിണക്കാതെ ലക്ഷ്യം കാണാന്‍ കര്‍മനിരതരായി.
      സാമൂതിരി രാജാക്കന്മാരുടെ പടയാളികളായിരുന്ന നായന്മാര്‍ക്ക് പില്‍കാലങ്ങളില്‍ വലിയ ഭൂസ്വത്തുക്കള്‍ രാജാക്കന്മാര്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. വിവിധ കുല തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നായന്മാരിലെ 18 ഉപ വിഭാഗത്തെ കുറിച്ച് സര്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ വിശദീകരിക്കുന്നുണ്ട്.

Tuesday, 29 January 2013

ബണ്ടി ചോര്‍


മോഷണം കലയല്ല- കാര്യമാണ്. മോഷ്ടാക്കള്‍ക്ക് നല്ല ലക്ഷ്യബോധവും ഉണ്ട്. കൈ നനയാതെ മീന്‍ പിടിക്കുകയെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന അര്‍ത്ഥപൂര്‍ണ്ണ വിചാരക്കാര്‍.
മോഷണം എത്രവിധം ഉണ്ട്? തത്വത്തില്‍ ഒന്ന് തന്നെ. പഴയകാലത്ത് പ്രാഥമിക മദ്‌റസാ പാഠപുസ്തകങ്ങളില്‍ ഇങ്ങനെ ഉണ്ടായിരുന്നു.
അടക്ക കട്ടവനും, ആനകട്ടവനും കള്ളന്‍തന്നെ. നമ്മുടെ പഞ്ചായത്താപ്പീസ് മുതല്‍ പാര്‍ലിമെന്റ് വരെ കള്ളന്മാരുടെ പിടിയിലാണ് കാര്യങ്ങള്‍.?
വികലാംഗപെന്‍ഷന്‍ അപേക്ഷാഫോറം പൂരിപ്പിക്കണമെങ്കില്‍ പ്രാദേശിക നേതാവിന് 100 രൂപ കൈകൂലി കൊടുക്കണമെന്ന അവസ്ഥ. ഇതിന് ''കള്ളന്‍'' എന്നല്ലാതെന്ത് പറയും. റ്റൂ.ജി.സ്‌പെക്ട്രം കൈകൂലി (അഴിമതി) എത്ര ലക്ഷമാണ്. നൂറിന്റെ നോട്ട് കെട്ടുകളാക്കി വെച്ചാല്‍ 127 കിലോ മീറ്റര്‍ ഉയരം വരുമത്രെ കട്ട കാശ്. വരുന്ന തെരഞ്ഞെടുപ്പില്‍ രാജ തോല്‍ക്കില്ലല്ലോ. ഡി.എം.കെ.തോല്‍ക്കുമോ?

Saturday, 19 January 2013

അരിവില


എസ്.എസ്.പൊന്നി ചോറ്റരിക്ക് 52 രൂപ, ജയ- 36 രൂപ, മട്ടന്‍- 40 രൂപ, കുറുവ വെള്ള - 38 രൂപ ജയ പച്ചരി - 29 രൂപ, പഞ്ചസാര -38 രൂപ
ഒരു സാധാരണക്കാരന്‍ അരിയാഹാരം കഴിക്കാന്‍ എന്ത് പണിക്കാണ് പോവുക?
വിലനിലവാരം പിടിച്ചു നിര്‍ത്തും, വിപണിയില്‍ ഇടപെടും എന്നൊക്കെ പറഞ്ഞു പ്രചരിപ്പിച്ച് കെ.വി.തോമസിനെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. അനൂപ് ജേക്കബ് ഹയാത്തിലുണ്ടോ എന്നറിയില്ല. പെട്രോളിന് മന്ദം മന്ദം വില കൂടുന്നു.ഡീസലിന് വില നിയന്ത്രണം എടുത്തു കളഞ്ഞു. ക്രൂഡ് ഓയിലില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതൊന്നും വിറ്റ് വരവ് വിലയില്‍ പെടുത്താതെ ബഹു രാഷ്ട്ര കുത്തകക്കാര്‍ തോന്നിയ പോലെ വിലകൂട്ടുന്നു. ഭരിക്കുന്ന പാര്‍ട്ടി ചിന്തന്‍ ശിബിരം നടത്തി ശക്തി കുറഞ്ഞ മേഖലകളില്‍ ശക്തി ഉണ്ടാക്കാന്‍ മാര്‍ഗ്ഗങ്ങളാരായുന്നു. നാല്പത് വര്‍ഷത്തിന്നുള്ളില്‍ 600 മുതല്‍ 1000 വരെ മടങ്ങ് വിലയാണ് മിക്ക ഭക്ഷ്യവസ്തുക്കള്‍ക്കും, നിര്‍മ്മാണ വസ്തുക്കള്‍ക്കും വര്‍ദ്ദിച്ചത്.
തേങ്ങ വില നാലില്‍ നിന്നുയര്‍ന്ന നാള്‍ മറന്നു. തെങ്ങ് കയറാന്‍ 25 രൂപ കൊടുക്കണം 5 തേങ്ങകിട്ടിയാല്‍ 5 രൂപ കയ്യില്‍ നിന്ന് കൂട്ടികൊടുക്കുകയല്ലാതെ കര്‍ഷകന്‍ എന്ത് ചെയ്യും.

Friday, 18 January 2013

പര്‍ദ്ദ വില്ലനല്ല സംരക്ഷണം തീര്‍ക്കുന്ന കവചം



     സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആവരണമാണ് പര്‍ദ്ദയെന്ന വിധം കാരശ്ശേരി മാസ്റ്ററുടെ നിരീക്ഷണം പരിശോധിക്കപ്പെടേണ്ടതുണ്ട്. ''പര്‍ദ്ദ'' എന്ന പേരിലറിയപ്പെടുന്ന ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം മുസ്‌ലിം സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്നതല്ല. യൂറോപ് മാറ്റിനിര്‍ത്തിയാല്‍ സമാനമായ വസ്ത്രം ധരിക്കുന്നവര്‍ ലോകത്ത് പലയിടങ്ങളിലും പാര്‍ക്കുന്നു. കന്യാസ്ത്രീകള്‍ സ്ഥിരമണിയുന്ന യൂണിഫോമും ഒരുതരം പര്‍ദ്ദ തന്നെ. വടക്കെ ഇന്ത്യയിലെ സല്‍വാര്‍ ഖമീസ് പേര് പര്‍ദ്ദയല്ലെന്നും നിറം കറുപ്പല്ലെന്നും മാത്രമാണ് വ്യത്യാസം. ധര്‍മം ഒന്ന്.
       വസ്ത്രം ധരിക്കുന്നത് രണ്ട് വിഷയവുമായി ബന്ധപ്പെട്ടാണ്. ഒന്ന് നാണം മറക്കുക, രണ്ട് ഭംഗിയാവുക. നാണത്തിന്റെ തോതനുസരിച്ചാണ് വസ്ത്രത്തിന്റെ അളവ്. എത്രത്തോളം കാണാം, കാണിക്കാം എന്ന് നിശ്ചയിക്കേണ്ടത് ധരിക്കുന്നവര്‍ തന്നെയാണ്.
      പുരുഷന്‍ തുറന്നിട്ട വിധവും, സ്ത്രീ അടച്ചിട്ട വിധവും എന്നെങ്ങനെ വായിക്കപ്പെട്ടു എന്നറിയില്ല. പരസ്പരം കാണരുതെന്ന വിധി പൂര്‍ണ്ണമാവുക പരസ്പരം മറയിടുമ്പോഴാണ്. ഏകപക്ഷീയ മറ മതത്തിന്നജ്ഞാതം തന്നെ.

Tuesday, 15 January 2013

റബീഉല്‍ അവ്വലിന്റെ സമകാലിക പ്രസക്തി


ലോക സമൂഹങ്ങളുടെ ഉത്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ നമ്മേ പിറകോട്ട് നയിക്കുന്ന ധാരാളം സമസ്യങ്ങള്‍ക്ക് വര്‍ത്തമാനം ഉത്തരം തേടുന്നു.
വിദ്യാഭ്യാസ രംഗത്ത് ആധുനികമനുഷ്യര്‍ മികച്ച മുന്നേറ്റം നടത്തിയെന്ന് അഭിമാനിക്കുമ്പോള്‍ അതിന്റെ ഗുണഫലം ആര്‍ക്കാണധികം ലഭ്യമാവുന്നതെന്ന വിചാരം പ്രസക്തമാവുന്നു.
മനുഷ്യസമൂഹം വലിയ നേതൃദാരിദ്യം നേരിടുന്നു. മൂല്യശോഷണം വേട്ടയാടുന്നു. മൃഗീയതകള്‍ തഴച്ചുവളരുന്നു. ഗൃഹാന്തരീക്ഷം പോലും താളപ്പിഴവിലെത്തുന്നതില്‍ നേതൃദാരിദ്ര്യത്തിന്റെ  അടയാളപ്പെടുത്തലുകള്‍ക്ക് ഇടം ഉണ്ട്. മൂല്യങ്ങളെ സംബന്ധിച്ച വീക്ഷണങ്ങള്‍പോലും മൂല്യരഹിതമാവുന്നു എന്ന പരിതാപകരമായ അവസ്ഥ വന്നു ചേരുന്നു. കാപ്പിരിസം നാട് നീങ്ങിയില്ലെന്ന് നാലുപാടുകള്‍ നല്‍കുന്ന നാട്ടറിവുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഓരോ വര്‍ഷവും കടന്നുവരുന്ന പ്രവാചക ജന്മദിനം ലോകത്തെല്ലായിടങ്ങളിലും പുതിയൊരു ജാസ്മീന്‍ സുഗന്ധം പരത്തിയാണ് കടന്നു പോവുന്നത് പോകേണ്ടത്. വര്‍ത്തമാനത്തിന്റെ പ്രധാന ചാലകശക്തിയായി വളര്‍ന്ന സൈബര്‍ ചുവരുകളില്‍ പ്രവാചക സന്ദേശങ്ങള്‍ അധികം ഇടം നേടുന്നു.

Friday, 11 January 2013

ബലാല്‍സംഘത്തിന് വധശിക്ഷ!?

      ഡല്‍ഹിയിലെ കൂട്ട ബലാല്‍ സംഘം അത്യപൂര്‍വ്വ സംഭവമൊന്നുമല്ലെങ്കിലും സൈബര്‍ പ്രചാരണത്തിലൂടെ വലിയ പ്രാധാന്യം കൈവരിക്കാനായത് പല നല്ല ചിന്തകള്‍ക്കും, ചര്‍ച്ചകള്‍ക്കും ഇടയായി വരുന്നത് പ്രതീക്ഷാ നിര്‍ഭരം തന്നെ. 
സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍, കാരണങ്ങള്‍ ഇതൊക്കെ പോലീസ് രേഖകളില്‍ ഏതാണ്ട് വിശദീകരിക്കാറുണ്ട്. ഒരു നാളിലധികം വാര്‍ത്ത പ്രാധാന്യം ലഭിക്കാറില്ല ഒട്ടൂമിക്ക കേസുകളിലും. മിക്ക പീഢനങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാറുമില്ല. എന്നാല്‍, ഡല്‍ഹി പീഢനം അതിന്റെ മൃഗീയത കൊണ്ടും, മറ്റ് പല കാരണങ്ങളാലും ലോക ശ്രദ്ധയാകര്‍ഷിക്കുന്ന തലത്തിലേക്കുയര്‍ന്നു. അരുദ്ധദീ റോയിയുടെ അന്വേഷണങ്ങള്‍ക്ക് മാധ്യമലോകം പ്രാധാന്യം കല്‍പിച്ചതുമില്ല.
     പീഢനം സംബന്ധിച്ച് ഭരണതലങ്ങളിലും പൊതു സമൂഹങ്ങളിലും മാധ്യമങ്ങളിലും വിപുല ചിന്തകള്‍ ഉയര്‍ന്നുവന്നു. ഏറ്റവും ശ്രദ്ധേയമായത് ശക്തിയായ നിയമനിര്‍മാണവും ചടുലമായ നിര്‍വ്വഹണവും ഉണ്ടാവണമെന്നാണ്. ഏതാണ്ട് 600 വര്‍ഷം കേട്ടാല്‍ തീരാത്ത കേസുകള്‍ ഇപ്പോള്‍ ഇന്ത്യയിലെ കോടതികളില്‍ കെട്ടികിടക്കുന്നു. നിയമനിഷേധത്തിന്റെ സുഗ്രാഹ്യ ഉദാഹരണം.

Wednesday, 9 January 2013

പണിമുടക്ക്


       ഒരു കൂട്ടര്‍ പണിമുടക്ക് പിന്‍വലിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ പ്രഖ്യാപിച്ചു. അത്കാരണം പണിമുടക്ക് നിലര്‍ത്താനായി. മുടക്കിയവരുടെയും മുടക്കാത്തവരുടെയും ശതമാനക്കണക്ക് പിന്‍തുണക്കാരും മുന്‍തുണക്കാരും അവകാശപ്പെട്ടതില്‍ വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ നിജസ്ഥിതി അറിയാന്‍ ഈ പരിഷ്‌കൃത കാലത്തും പൊതു സമൂഹത്തിന് കഴിയുന്നില്ല. (വിവരാവകാശ നിഷേധം)         എന്തിനാണ് മുടക്കിയതെന്ന് മുടക്കുന്നവര്‍ക്കും, എന്തിനാണ് പിന്‍വലിക്കുന്നതെന്ന് പിന്‍വലിക്കുന്നവര്‍ക്കും അറിയാത്തപോലെ ഈ നമ്മള്‍ക്കും അറിയില്ല. അറിയുന്നവന്‍ ഒരേ ഒരാള്‍ ദൈവം. പിന്നെ പിന്നിലും മുന്നിലും ചരടും ചങ്ങലയും തീര്‍ത്ത നേതാക്കളും.

Thursday, 3 January 2013

''പീഡനപ്പേജ്''

      സൈബര്‍ ചുവരും പത്രപ്പേജും സംവരണ അട്ടിമറിയില്‍ പെട്ടിഴയുകയാണോ? പുലര്‍ന്നാലേറ്റിരിക്കണം, നാലഞ്ച് പത്രം വായിക്കണം എന്ന മലയാളി മനസ്സ് ''വായിച്ചു, വായിച്ചു'' മനോരോഗിയാവുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
       പ്രതിരോധമന്ത്രി ഇപ്പോള്‍ വന്നുപറഞ്ഞത് കേരളത്തില്‍ മതസൗഹൃദം തളരുന്നു എന്നാകുന്നു. അരി വില കുറക്കാനെന്തെങ്കിലും ഇടപെട്ടുനോക്കാം, മഅ്ദനിക്ക് മരുന്നുകിട്ടാനുള്ള ഏര്‍പ്പാട് ചെയ്യാം, പട്ടാളക്കാര്‍ക്ക് തോക്ക് വാങ്ങി കൊടുക്കാം, ഡല്‍ഹിയില്‍ ബലാല്‍സംഘങ്ങള്‍ ബസ്സില്‍ നിന്നെങ്കിലും ഒഴിവാക്കാം എന്നൊക്കെയാണ് പ്രസ്താവനയെങ്കില്‍ ചെറു ആശ്വാസം കിട്ടിയേനെ. പക്ഷെ, അതുണ്ടായോ?
      സുകുമാരന്‍ നായര്‍ പറഞ്ഞത് ബ്രാഹ്മണാധിപത്യ (ചൂഷണം) പൊറുക്കില്ലെന്ന്. നല്ല നായന്മാരെ തന്ത്രവിദ്യാപീഠത്തിലയച്ച് തന്ത്ര വിദ്യകള്‍ പഠിപ്പിച്ച് തന്ത്രിമാരും പൂജാരികളുമാക്കി നമ്പൂതിരിമാരെ പണികൊടുക്കാതെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ വാര്‍ത്തവന്ന മഷിയുണങ്ങുന്നതിന്റെ മുമ്പാണ് അരക്കപറമ്പില്‍ കുര്യന്‍ ആന്റണി സാറിന്റെ വേവലാതിവരുന്നത്.