Wednesday 9 January 2013

പണിമുടക്ക്


       ഒരു കൂട്ടര്‍ പണിമുടക്ക് പിന്‍വലിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ പ്രഖ്യാപിച്ചു. അത്കാരണം പണിമുടക്ക് നിലര്‍ത്താനായി. മുടക്കിയവരുടെയും മുടക്കാത്തവരുടെയും ശതമാനക്കണക്ക് പിന്‍തുണക്കാരും മുന്‍തുണക്കാരും അവകാശപ്പെട്ടതില്‍ വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ നിജസ്ഥിതി അറിയാന്‍ ഈ പരിഷ്‌കൃത കാലത്തും പൊതു സമൂഹത്തിന് കഴിയുന്നില്ല. (വിവരാവകാശ നിഷേധം)         എന്തിനാണ് മുടക്കിയതെന്ന് മുടക്കുന്നവര്‍ക്കും, എന്തിനാണ് പിന്‍വലിക്കുന്നതെന്ന് പിന്‍വലിക്കുന്നവര്‍ക്കും അറിയാത്തപോലെ ഈ നമ്മള്‍ക്കും അറിയില്ല. അറിയുന്നവന്‍ ഒരേ ഒരാള്‍ ദൈവം. പിന്നെ പിന്നിലും മുന്നിലും ചരടും ചങ്ങലയും തീര്‍ത്ത നേതാക്കളും.
         സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നു എന്ന് പറയുന്നത് വ്യവസ്ഥാപിതമായി പണിയെടുക്കാതിരിക്കുന്നു എന്നേ  അര്‍ത്ഥമാക്കേണ്ടതുള്ളൂ. സാധാരണയില്‍ അവരുടെ ''ഡ്യൂട്ടി'' 
പരിശോധിച്ചാല്‍ എല്ലാ ദിവസവും അവര്‍ പണിമുടക്കിലാണല്ലോ. കാലത്ത് പതിനൊന്നിനെത്തി ഹാജര്‍ ബുക്കില്‍ ഒപ്പ് വെച്ച് പത്രവായന, ചായകുടി കഴിഞ്ഞു 11.30 ഓടെ കസേരയിലിരുന്നു അരമണിക്കൂറെങ്കിലും സഹപ്രവര്‍ത്തകരോട് കുശലവും ജീനവക്കാരുടെ നീറുന്ന(?) പ്രശ്‌നങ്ങളും രാഷ്ട്രീയവും സംസാരിച്ച് മേശപ്പുറത്ത് മാസങ്ങളായി വിശ്രമിക്കുന്ന ഫയലെടുക്കുമ്പോള്‍ മണി 12 കഴിയും. 12.30ന് ഊണിനിറക്കം. 2.30ന് തിരികെ വന്നു. രണ്ടാമത്തെ ഫലയെടുത്തു അപ്പോഴേക്കും വീട്ടില്‍ നിന്ന് കോള്‍. അതൊക്കെ നടക്കുന്നതിന്നിടയില്‍ ഒരിറങ്ങിപ്പോക്ക്. പിന്നെ ബാറില്‍. രാത്രിയോടെ വീട്ടില്‍. ഇങ്ങനെയാണത്രെ 80 ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെയും അവസ്ഥ. അവര്‍ നോട്ടീസിറക്കി പണിമടുക്കേണ്ടതുണ്ടോ എന്നേ പരിശോധിക്കേണ്ടതുള്ളൂ. സമരം പുതിയ മാനം കൈവരിക്കുകയാണ്. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇത് ഏതായാലും പ്രോത്സാഹിപ്പിക്കരുതെന്ന് വിനയപൂര്‍വ്വം എല്ലാ പാര്‍ട്ടിക്കാരോടും നമുക്കപേക്ഷിക്കാം. 
      1996ല്‍ ഈയുള്ളവന്‍ തൃശൂര്‍ മുളങ്കുന്നത്ത് കാവില്‍ കിലയില്‍ കുറച്ചുനാള്‍ ട്രൈനിംഗില്‍ പങ്കെടുത്തിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി. അന്നവിടെ ഡയരക്ടര്‍ നടത്തിയ ക്ലാസില്‍ ആസാമിലെ ഒരു ബ്ലോക്കില്‍ നടന്ന വികസനരീതി വിശദീകരിക്കുകയുണ്ടായി. ത്രിതല പഞ്ചായത്ത് രീതി വരുന്നതിന് മുമ്പ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ എന്ന ഒരു തസ്തിക നിലവിലുണ്ടായിരുന്നുവല്ലോ.
      ആസാമിലെ ഉള്‍പ്രദേശത്ത് ഒരു ബി.ഡി.ഒ. കലക്ടര്‍ക്ക് ഒരു വികസന പ്രൊജക്ട് സമര്‍പ്പിച്ചു. തന്റെ അധികാര പരിധിയിലൊരിടത്ത് ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാനില്ല. കുളിക്കാനിടമില്ല. മഴവെള്ളം പാഴാവുന്നു. അതിനാല്‍ ഒരു കുളം നിര്‍മിക്കണം. പ്രകൃതി സ്‌നേഹിയായ(?) ഈ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും പ്രൊജക്ടും അംഗീകരിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞു. ബി.ഡി.ഒ. മാറിവന്നു. ഈ കുളം പൊട്ടിപൊളിഞ്ഞതിനാല്‍ വികസനത്തിന് പ്രൊജക്ട് നല്‍കി 2 ലക്ഷം പാസാക്കി. വീണ്ടുമൊരു രണ്ട് കൊല്ലം കഴിഞ്ഞു.   
 മൂന്നാമത്തെ ബി.ഡി.ഒ. ചാര്‍ജെടുത്തു. കടുത്ത പ്രകൃതി സ്‌നേഹിയായ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കി. കുളത്തില്‍ കന്ന് കാലികളിറങ്ങുന്നു. പരിസരമാകെ മാലിന്യ പ്രശ്‌നം. പനി ഉള്‍പ്പെടെയുള്ള രോഗം. ഗ്രാമീണരെ രക്ഷിക്കാന്‍ അടിയന്തിരമായി കുളം നികത്തണം. 3 ലക്ഷം വകയിരുത്തി നികത്തി. അങ്ങനെ ഈ കുളത്തിന് 8 ലക്ഷം രൂപ ചെലവുവന്നു. നാലാമത് വന്ന ബി.ഡി.ഒ. ഫയലുകള്‍ തപ്പിയപ്പോഴാണ് മറ്റൊരു മറിമായം കണ്ടെത്തിയത്. കുളം നിര്‍മിച്ചിരുന്നില്ല. അത്കാരണം വികസിപ്പിച്ചില്ല. അപ്പോള്‍ പിന്നെ നികത്തേണ്ടതും ഇല്ലല്ലോ. ഇല്ലാത്ത കുളത്തിന് 8 ലക്ഷം കേസായി, പരിശോധനയായി, അന്വേഷണത്തില്‍ തരികിട നടത്തിയ മൂന്ന് ഉദ്യോഗസ്ഥരും വിരമിച്ചതായും രണ്ടുപേര്‍ മരണപ്പെട്ടതായും കണ്ടെത്തി. തിരിച്ചു പിടിക്കാന്‍ ജീവിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിലൊന്നുമില്ലതാനും. ഉള്ളതൊക്കെ ഭാര്യാ മക്കളുടെ പേരിലും. ഇങ്ങനെ ഭരിച്ചു കുളമാക്കുന്ന ഉദ്യോഗസ്ഥരുടെ വംശ നാശം സംഭവിക്കാത്തിടത്തോളം കാലം പണിമുടക്കുന്നത് യാത്രക്കാര്‍ക്ക് സൗകര്യമാണ്. ബസില്‍ തിരക്കനുഭവപ്പെടില്ലല്ലോ.
       നീതി ബോധമില്ലാത്ത ഒരാളില്‍ നിന്നും നന്മ പ്രതീക്ഷിക്കാനാവില്ല. നികുതി കൊടുത്തു നടുവൊടിഞ്ഞു കിടക്കുന്ന സാധാരണക്കാരെ ദ്രോഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് പിന്തിരിയാനായാല്‍ മഹാഭാഗ്യം. ഇതിന്നിടയില്‍ കുറെ നല്ല ഉദ്യോഗസ്ഥരും ഉണ്ട്. അതുകൊണ്ടാണ് രാജ്യം നിലനില്‍ക്കുന്നത് തന്നെ. അവരാണ് യഥാര്‍ത്ഥ പീഢിതരും. ത്യാഗികളും. അവര്‍ക്ക് നല്ല നമസ്‌ക്കാരം.

3 comments:

  1. നന്നായി പറഞ്ഞു !

    ReplyDelete
  2. എല്ലാ വര്‍ഷവും പുതുക്കി പണിയുന്ന ഒരു റോഡും ഇതുവരെ ഒരു മഴക്കാലം അതിജീവിച്ചിട്ടില്ല. എന്നാല്‍ ടോള്‍ പിരിക്കുന്ന റോഡുകള്‍ കൊല്ലങ്ങളോളം നില്‍ക്കുന്നു, എന്തുകൊണ്ട്?

    ReplyDelete
  3. മുടക്കട്ടെ പണി

    ReplyDelete