Thursday 3 January 2013

''പീഡനപ്പേജ്''

      സൈബര്‍ ചുവരും പത്രപ്പേജും സംവരണ അട്ടിമറിയില്‍ പെട്ടിഴയുകയാണോ? പുലര്‍ന്നാലേറ്റിരിക്കണം, നാലഞ്ച് പത്രം വായിക്കണം എന്ന മലയാളി മനസ്സ് ''വായിച്ചു, വായിച്ചു'' മനോരോഗിയാവുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
       പ്രതിരോധമന്ത്രി ഇപ്പോള്‍ വന്നുപറഞ്ഞത് കേരളത്തില്‍ മതസൗഹൃദം തളരുന്നു എന്നാകുന്നു. അരി വില കുറക്കാനെന്തെങ്കിലും ഇടപെട്ടുനോക്കാം, മഅ്ദനിക്ക് മരുന്നുകിട്ടാനുള്ള ഏര്‍പ്പാട് ചെയ്യാം, പട്ടാളക്കാര്‍ക്ക് തോക്ക് വാങ്ങി കൊടുക്കാം, ഡല്‍ഹിയില്‍ ബലാല്‍സംഘങ്ങള്‍ ബസ്സില്‍ നിന്നെങ്കിലും ഒഴിവാക്കാം എന്നൊക്കെയാണ് പ്രസ്താവനയെങ്കില്‍ ചെറു ആശ്വാസം കിട്ടിയേനെ. പക്ഷെ, അതുണ്ടായോ?
      സുകുമാരന്‍ നായര്‍ പറഞ്ഞത് ബ്രാഹ്മണാധിപത്യ (ചൂഷണം) പൊറുക്കില്ലെന്ന്. നല്ല നായന്മാരെ തന്ത്രവിദ്യാപീഠത്തിലയച്ച് തന്ത്ര വിദ്യകള്‍ പഠിപ്പിച്ച് തന്ത്രിമാരും പൂജാരികളുമാക്കി നമ്പൂതിരിമാരെ പണികൊടുക്കാതെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ വാര്‍ത്തവന്ന മഷിയുണങ്ങുന്നതിന്റെ മുമ്പാണ് അരക്കപറമ്പില്‍ കുര്യന്‍ ആന്റണി സാറിന്റെ വേവലാതിവരുന്നത്.

       പത്രങ്ങള്‍ പലവിധ പേജുകളാക്കി പത്രാധിപന്‍മാര്‍ പത്രധര്‍മ്മം(?) നിര്‍വഹിച്ചുവരുന്നത് കുറെ വര്‍ഷങ്ങളായി. അറേബ്യന്‍ ഗള്‍ഫില്‍ നിന്നാണതിന്റെ തുടക്കം. അവിടെ പണമുണ്ട്, പണിയുണ്ട്, പത്രാസുമുണ്ട്. പക്ഷെ, ജനാധിപത്യം ഇശ്ശിരികുറവാണ്. അതുകാരണം 'ന്യൂ ജനറേഷന്‍' (ഇങ്ങനെ പറഞ്ഞാല്‍ സിനിമക്കാര്‍ക്ക് പോലും ഇഷ്ടമാവും) രാഷ്ട്ര കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ നാട് നീളെ ക്ലബ്ബുകള്‍ തുടങ്ങി പന്തുകളി, ഓടിക്കളി, ചാടിക്കളി അങ്ങനെ നാനാജാതി കളികള്‍ സംഘടിപ്പിച്ച് വമ്പിച്ച പ്രോത്സാഹനം നല്‍കി വഴിതിരിച്ചുവിട്ടിരിക്കുന്നു. ഈ വര്‍ത്തകള്‍ക്ക് ഓരോ പത്രവും ആറ് പേജ് (സ്‌പോര്‍ട്‌സ് പേജ്) നീക്കിവച്ചു. നല്ല മള്‍ട്ടികളറില്‍ കാല്‍പന്ത് മാന്ത്രികന്‍, തലപന്ത് വിദഗ്ധന്‍, കൈപന്ത് വിധ്വാന്‍, രാഷ്ട്രത്തിന്റെ മാനം കാത്ത രോമാഞ്ചപുത്രന്‍, ട്രാക്കിലൂടെ രാഷ്ട്രത്തിന്റെ യശ്ശസുയര്‍ത്തി കിതച്ചോടിയ 'ഓമനക്കുട്ടന്‍ ഓമനക്കുട്ടി, സുന്ദരന്‍, സുന്ദരി' എന്നിങ്ങനെ മനം കുളിര്‍പ്പിക്കുന്ന പദസമ്പത്തും പടവും വച്ച് അന്നാട്ടില്‍ പത്രങ്ങള്‍ ഇറങ്ങാന്‍ തുടങ്ങീട്ട് പതിറ്റാണ്ടുകളായി.
       കാമ്പസുകളില്‍ കുട്ടികള്‍ സ്‌പോര്‍ട്‌സ് പേജ് മാത്രമാണത്രെ വായിക്കാറ്. അവിടുത്തെ മുനിസിപ്പിലാറ്റി മുതല്‍ രാജ പാലസ് വരെ എന്ത് മണ്ണാങ്കട്ടയാണെന്ന് ന്യൂജനറേഷന് അജ്ഞാതം അതിനാല്‍ 'ഭരണം ശരണം ഗച്ചാമി'യായി അധികം തലവേദനയില്ലാതെ കാര്യങ്ങള്‍ നടന്നുപോകുന്നു. അതിനിടയിലാണ് തുനീഷ്യയിലെ തെരുവ് കച്ചവടക്കാരന്റെ തീകൊളുത്തി മരണം നടന്നത്.
         സൈബര്‍ ചുവര്‍ അല്‍പമൊന്ന് മനസ്സ് വച്ചപ്പോള്‍ കാറ്റ് 'ജാസ്മിനായി ' അങ്ങനെയാണ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി, പിന്നെ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി, ഹുസ്‌നിമുബാറക്, അലിസാലഹ് അലിയൊക്കെ കടപുഴക്കപ്പെട്ടത്. ഏതായാലും മലയാള പത്രങ്ങളില്‍ ഇയ്യിടെയായി ഒരു പേജ് 'സ്ത്രീ പീഡനപ്പേജായി' വളര്‍ന്നിരിക്കുന്നു.
          വെസ്റ്റ് ബംഗാളിലെ 24 പര്‍ഗാന ജില്ലയില്‍ തൃണമൂല്‍ 
കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പെണ്‍കുട്ടുകളെ അധികമൊന്നും വസ്ത്രം ധരിപ്പിക്കാതെ സംഘടിപ്പിച്ച് നടത്തിയ നിര്‍ത്തവും, നിര്‍ത്തം മൂത്ത ഘട്ടത്തില്‍ നേതാവ് മീര്‍ അഹ്മദ് അലി സ്ത്രീകള്‍ക്ക് പണമെറിഞ്ഞുകൊടുത്തതും പീഡനപ്പേജില്‍ തന്നെ വന്നു. നര്‍ത്തകികള്‍ക്ക് പരാതിയുള്ളതായി അറിവില്ല. കാഴ്ച്ചക്കാരില്‍ ചിലര്‍ക്ക് പരാതിയുണ്ടായി. നേതാവ് എറിഞ്ഞമാതിരി എറിയാന്‍ പണമില്ലത്തതാവാം പരാതിക്ക് കാരണമെന്ന പക്ഷക്കാരും ഉണ്ട്.
        കൂട്ടബലാല്‍സംഘം തുടരുകയാണ്. അതുകാരണം ഒരു പേജ് പ്രയാസമില്ലാതെ സെറ്റ് ചെയ്യാന്‍ പത്രങ്ങള്‍ക്ക് സാധ്യമാവുന്നു. ഇങ്ങനെയുള്ള ബലാല്‍സംഗ വീരന്‍മാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പുതിയ ചിന്തയും നീക്കവും. വ്യഭിചാരികള്‍ക്ക് വധശിക്ഷ നല്‍കിയ ഇസ്‌ലാമിന്റെ ശിക്ഷാവിധിയോട് പതിനാല് നൂറ്റാണ്ട് മുഖം കറുപ്പിച്ചുനിന്നവര്‍ വൈകിയെങ്കിലും പകുതി വളര്‍ന്നു എന്നര്‍ത്ഥം. അഥായത് സാധാരണ വ്യഭിചാരത്തിന് ശിക്ഷയില്ല. എന്തിന് ശകാരം പോലും ഇല്ല. ബസ്സുകളില്‍ സംഘം ചേര്‍ന്നു  ബലാല്‍സംഘം നടത്തുന്നവര്‍ക്കാണ് വധിശിക്ഷ. 'അണ്ണാറക്കണ്ണനും തന്നാലയതു' എന്നെങ്കിലും സമാധാനിക്കുക.
         ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഘത്തിനിരയായി വധിക്കപ്പെട്ട പെണ്‍കുട്ടിയെ സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. പെണ്‍കുട്ടിയുടെ പേര് പറയണമെന്ന് 'കന്നുകാലി ക്ലാസ് തരൂര്‍ സാര്‍' ഇത് പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്ന് പാര്‍ട്ടി വക്താവ്. ഉണ്ടാക്കാന്‍ പോകുന്ന നിയമത്തിന് പെണ്‍കുട്ടിയുടെ പേരിടണമെന്ന് ചിലര്‍. അത് സ്വാഗതാര്‍ഹമാണെന്ന് മാതാപിതാക്കള്‍. ഇങ്ങനെ വായനക്കാരെ നിരന്തരം ബലാല്‍സംഘം ചെയ്യുന്ന വാര്‍ത്തകള്‍.
       ഏതായാലും പത്രങ്ങളുടെ പലപേജും വായനക്കാരെ വല്ലാതെ പീഡിപ്പിക്കുന്നവിധത്തിലാണെന്ന് സാരം.

3 comments:

  1. കറക്റ്റ്

    ചരമപ്പേജ് പോലെ ഇപ്പോള്‍ പത്രങ്ങളില്‍ ഒരു പീഢനപ്പേജും കാണുന്നു

    ReplyDelete
  2. പ്രതിരോധ മന്ത്രി പറഞ്ഞതില്‍ യാതൊരു തെറ്റും ഇല്ല. കാര്യങ്ങള്‍ അങ്ങനെ തന്നെയാണ് പോകുന്നത്. പിന്നെ സുകുമാരന്‍ നായര്‍ പറഞ്ഞത്, ഒരു കണക്കിന് ശരിയാണ് ബ്രാഹ്മണ കുലത്തില്‌ ജനിച്ചു എന്നത് കൊണ്ട് ബ്രാഹ്മണന്‍ ആകില്ല, ഏത് ജാതിയിലോ മതത്തിലോ ജനിച്ചവര്‍ക്കും ബ്രാഹ്മണന്‍ ആകാം. അമൃതാനന്ത മയിയുടെ പ്രതിഷ്ടകളില്‍ പൂജ ചെയ്യുന്ന ആള്‍ ഒരു മുസ്ലീം ആണ്. അദ്ദേഹം ജന്മം കൊണ്ട് മുസ്ലീമും കര്‍മ്മം കൊണ്ട് ബ്രാഹ്മണനും ആണ്. മുസ്ലീമിന് താന്ത്രിക വിദ്യകള്‍ പഠിച്ചു പൂജ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നായര്‍ക്കു ആയിക്കൂടാ? പക്ഷെ ഇപ്പോഴും ബ്രാഹ്മണര്‍ ചൂഷണം ചെയ്യുകയാണെന്ന അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്.

    ഗള്‍ഫില്‍ നിന്നാണ് പത്രം ആദ്യം ഇറങ്ങിയത്‌ എന്നത് പുതിയ കണ്ടുപിടുത്തം ആണല്ലോ? ഞാന്‍ കേട്ടിട്ടുള്ളത് ലോകത്താദ്യമായി ജൂലിയറ്റ് സീസര്‍ ആണ് റോമാ സാമ്രാജ്യത്തില്‍ 59 BC യില്‍ ആദ്യമായി പത്രം ഇറക്കിയത് എന്നാണു.

    വ്യഭിചാരികള്‍ക്ക് എന്തിനാണ് വധശിക്ഷ? തെറ്റുകള്‍ തിരുത്താന്‍ അവസരം കൊടുത്തു കൂടെ? നമ്മുടെ സമൂഹത്തില്‍ വ്യഭിചാരികള്‍ ആയവര്‍ സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ആകുന്നതാണോ? വ്യഭിചാരത്തിന് ഇവിടെ ശിക്ഷ ഇല്ല എന്ന് പറയുന്നത് തെറ്റല്ലേ?

    ReplyDelete
  3. ഗള്‍ഫില്‍ നിന്നാണാദ്യം പത്രം തുടങ്ങിയെന്നങ്ങനെ വായിച്ചു.
    കളിമയമാക്കി മയക്കും രീതിയുടെ
    പിതാക്കളാവരാണെന്ന് സൂചിപ്പിക്കുകയായിരുന്നു.
    സുകുമാരന്‍ നായര്‍ ശരിയും മറ്റ് നായന്മാര്‍
    തെറ്റുമെന്ന് ഞാന്‍ പറയുന്നില്ല.
    കാലത്തിന്റെ കാലക്കേടുകള്‍ പറഞ്ഞു
    പോയന്ന് മാത്രം.
    മുസ്‌ലിം പൂജാരി, ഹിന്ദു പൂജാരി
    എന്നിങ്ങനെ തരംതിരുവുണ്ടോ.
    ശാന്തിക്കരാന്‍ ശാന്തിക്കാരന്‍ മാത്ര
    മാവുമ്പോഴാണതിന്റെയൊരു സൗന്ദര്യം
    അവിടെനിന്നെങ്കിലും ഈ വാലും തലയും ഒഴിവായാല്‍
    എന്നേ സുകുമാരന്‍ നായര്‍ നിനച്ചു കാണൂ.
    ആന്റണി സാറിനോട് അശേശം
    നീരസമില്ല. പക്ഷെ നാട് ഭരിക്കുന്ന
    കോണ്‍ഗ്രസിന്റെ നായകര്‍ നാട്ടുകാരോട്
    ഭരിക്കാനവശ്യപ്പെടുന്നത് മനസ്സിലാ
    വുന്നില്ലെന്ന് മാത്രമെ പറഞ്ഞിട്ടുള്ളു.

    ReplyDelete