Friday 7 September 2012

ഓണം, നിലവിളക്ക്


     മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ. ഇങ്ങനെ വിശ്വസിക്കാനും അതനുസരിച്ചുള്ള ആണ്ടറുതികളും ആഘോഷങ്ങളും നടത്താനും വിശ്വാസികള്‍ക്ക് അധികാരാവകാശമുണ്ട്.
     അത് അംഗീകരിക്കാനും ആദരിക്കാനും എക്കാലവും മുസ്‌ലിംകളുള്‍പ്പെടെ എല്ലാ ജനവിഭാഗവും ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍,
 ഇസ്‌ലാം ഒരു സമ്പൂര്‍ണാശയമാണ്. ഇസ്‌ലാമിന്റെ  അടിത്തറ ഏകദൈവ വിശ്വാസത്തിലധിഷ്ടിതമാണ്. ആ മതശാസന പ്രകാരം വാമനനും മഹാബലിയും പാതാളവും വാര്‍ഷിക വരവും വിശ്വാസപരമായി സ്വീകരിക്കാവതല്ല.
ഐശ്വര്യം പുലരുന്നതിനു നിലവിളക്ക് തെളിയിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ''ദീപം'' ഒരാരാധ്യവസ്തുവായി ചിലര്‍ വിശ്വസിക്കുന്നു. അഗ്നി സാക്ഷിയാക്കിയാണ് ചിലര്‍ വിവാഹങ്ങള്‍ നടത്തുന്നത്. അഗ്‌നിക്ക് പ്രത്യേക ശക്തിയും ദൈവത്തിന്റെ സ്ഥാനവും ഹിന്ദുവിശ്വാസ പ്രമാണങ്ങള്‍ നല്‍കുന്നു. അഗ്നിയാരാധകര്‍ തന്നെ ലോകത്തുണ്ട്.
മുസ്‌ലിംകള്‍ അഗ്നിയില്‍ യാതൊരുവിധ ദിവ്യത്വവും കല്‍പ്പിക്കുന്നുമില്ല. അത് കേവലം മനുഷ്യസൃഷ്ടിയായ ഒരു ഭൗതിക പ്രതിഭാസവും മനുഷ്യരുടെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ഒരു ഉപകരണം മാത്രമെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അഗ്നി ഉള്‍പ്പെടെയുള്ള ഭൗതിക പ്രതിഭാസങ്ങള്‍ക്ക് ദൈവത്തിന്റെ ഏതെങ്കിലും ഘടകം കല്‍പ്പിച്ചു നല്‍കുന്നത് ഗുരുതര വിശ്വാസ വീഴ്ചയായി ഇസ്‌ലാം ഗണിക്കുന്നു.
      എന്നാല്‍, വെളിച്ചം നല്‍കുകയെന്ന ലക്ഷ്യത്തില്‍ വിളക്ക് തെളിയിക്കാന്‍ പ്രയാസമില്ല. പള്ളികളിലും മഖ്ബറകളിലും നിലവിളക്കും വെളിച്ചെണ്ണയും പുരാതന കാലത്തു സ്ഥാപിച്ചത് വെളിച്ചത്തിനു വേണ്ടിയാണ്. മണ്ണണ്ണക്കു മുമ്പ് വ്യാപകമായി ഇന്ധനമായി വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. ആരോഗ്യ കാരണങ്ങളും ഈ വെളിച്ചെണ്ണ ഉപയോഗത്തിലടങ്ങിയിട്ടുണ്ടാവാം. ചുറ്റുഭാഗത്തും തിരികളുള്ള രീതി വന്നത് അധിക വെളിച്ചത്തിനുമാവാം.
      ഓരോ ജനപഥത്തിനും അവരുടേതായ നാഗരിക, സാമൂഹിക, സാംസ്‌കാരിക രീതികളുണ്ട്. വേഷം, ഭക്ഷണം, നടപ്പുരീതികള്‍ ഇതെല്ലാം അവരവരുടെ സാംസ്‌കാരികത്തനിമയുടെ ഭാഗമാണ്. അതു നിലനിര്‍ത്താന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു. അതിന് സഹായകമായ നിലപാടുകള്‍ പൊതുസമൂഹവും സ്വീകരിക്കുന്നു. എന്നാല്‍ ഒന്ന് മറ്റൊന്നില്‍ അധിനിവേശം നടത്താവതല്ല.
വിശ്വാസികളെ മാനിക്കാന്‍ വിശ്വാസങ്ങളെയാണു മാനിക്കേണ്ടത്. നിക്ഷിപ്ത താല്‍പര്യങ്ങളുള്ളവര്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ ഏറ്റെടുത്തു വണ്ണം കൂട്ടി സമൂഹപരിസരം മലിനപ്പെടുത്താതിരിക്കാനുള്ള മാന്യതക്കാണ് 'സെക്യുലറിലിസം'.
       ഓണത്തിന് ശബ്ദതാരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പുറം-1051ല്‍ നല്‍കിയ അര്‍ത്ഥം ശ്രദ്ധിക്കുക: ചിങ്ങമാസത്തില്‍ ഓണം 'തിരുവോണം' വരുന്ന നക്ഷത്രം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തുന്ന ദിവസം. അത്തം നക്ഷത്രം മുതല്‍ പത്തു ദിവസം.

7 comments:

  1. @മുസ്‌ലിംകള്‍ അഗ്നിയില്‍ യാതൊരുവിധ ദിവ്യത്വവും കല്‍പ്പിക്കുന്നുമില്ല. അത് കേവലം മനുഷ്യസൃഷ്ടിയായ ഒരു ഭൗതിക പ്രതിഭാസവും മനുഷ്യരുടെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ഒരു ഉപകരണം മാത്രമെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

    സൂര്യനില്‍ ഉള്ള അഗ്നിയും, ഭൂമിയില്‍ തന്നെ ഉള്ള പ്രകൃതി പ്രതിഭാസങ്ങള്‍ കൊണ്ടുണ്ടാവുന്ന അഗ്നിയും, അഗ്നി പാര്‍വതങ്ങളിലും ഭൂമിയുടെ മധ്യത്തിലും ഉള്ള അഗ്നിയും എല്ലാം മനുഷ്യ സൃഷ്ടി ആണോ ആവോ? ഇതെല്ലാം മനുഷ്യന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ തന്നെ ആണോ ആവോ?

    ReplyDelete
    Replies
    1. സാധാരണ തെളിയിക്കുന്ന അഗ്നിയെ കുറിച്ചാണ് പരാമര്‍ശം.അടിസ്താന പരമായി എല്ലാ സൃഷ്ടിയും ദൈവത്തിന്റെ വകയാണ്. ഇവിടെ കത്തിക്കുന്ന സാദാരണ വിളക്കിന് തീ കൊളുത്തുന്ന (സൃഷ്ടിക്കുന്ന) ത് മനുഷ്യനാണെന്നാണ് പരാമര്‍ശത്തിലെ പൊരുള്‍

      Delete
    2. മുസ്ലീങ്ങള്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നം അല്ല. ഹിന്ദുക്കള്‍ അഗ്നിയെ ദിവ്യമായ ഒരു പ്രതിഭാസം ആയി കാണുന്നു. അത് ശരിയാണ് താനും.

      പ്രാചീനകാലത്ത് കെട്ടുകഥകളിലും പുരാണങ്ങളിലും പിന്നീട് തത്ത്വചിന്താപരമായ സിദ്ധാന്തങ്ങളിലും സാഹിത്യകൃതികളിലും വിശുദ്ധിയുടെ പ്രതീകമായി അഗ്നി പ്രകീർത്തിതമായിട്ടുണ്ട്. ഇന്ത്യയിൽ പഞ്ചഭൂതങ്ങളിൽ ഒന്നായി അഗ്നിയെ കണക്കാക്കുന്നു. അതുപോലുള്ള മറ്റുരാജ്യങ്ങളിലും ഈ വിശ്വാസം വ്യാപിച്ചു. പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. എല്ലാം ഒന്നില്‍ നിന്നും തുടങ്ങി ഒന്നില്‍ തന്നെ അവസാനിക്കുന്നു എന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്.

      പഞ്ച ഭൂതങ്ങളില്‍ അഗ്നിക്ക് ഉള്ള പ്രത്യേകത, അതിനു സ്വയം നിലനില്‍പ്പില്ല എന്നതാണ്. മണ്ണ്, ജലം മുതലായവ, ആറ്റങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടത് ആണ്. എന്നാല്‍ അഗ്നി എന്നത് ചൂടും പ്രകാശവും ചേര്‍ന്ന ഒരു അമൂല്യ പ്രതിഭാസം ആണ്. സൂര്യനിൽനിന്നു ഭൂമിയിലേയും മറ്റും പദാർഥങ്ങൾ ആർജിച്ചുവച്ചിട്ടുള്ള ഊർജ്ജം ഓക്സീകരണം (oxidation) എന്ന രാസപ്രക്രിയയിലൂടെ മോചിക്കപ്പെടുകയും അഗ്നിയുണ്ടാകയും ചെയ്യുന്നു എന്നതാണ് വാസ്തവം. വിളക്ക് കത്തിച്ചു ഒരു മനുഷ്യന്‍ അഗ്നി സൃഷ്ടിച്ചു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്.

      ഇത്ര മഹത്തരം ആയ ആ അമുല്യ പ്രതിഭാസത്തെ ഒരു നില വിളക്കിലൂടെ ആവാഹിച്ചു സന്ധ്യാ സമയം വീടിന്റെ അകത്തോ പുറത്തോ വച്ച് അഗ്നിയുടെ
      മഹിമയും മേന്മയും നാം അറിയുന്നത് മനസ്സില്‍ ഐശ്വര്യം തരും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. വിശ്വാസം വരുന്നില്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്ക്. ഇനി പറ അഗ്നി ദിവ്യമാണോ അല്ലയോ?

      Delete
    3. >>>ഇത്ര മഹത്തരം ആയ ആ അമുല്യ പ്രതിഭാസത്തെ ഒരു നില വിളക്കിലൂടെ ആവാഹിച്ചു സന്ധ്യാ സമയം വീടിന്റെ അകത്തോ പുറത്തോ വച്ച് അഗ്നിയുടെ
      മഹിമയും മേന്മയും നാം അറിയുന്നത് മനസ്സില്‍ ഐശ്വര്യം തരും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. വിശ്വാസം വരുന്നില്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്ക്. ഇനി പറ അഗ്നി ദിവ്യമാണോ അല്ലയോ?<<< ഇത് താങ്കളുടെ വിശ്വാസമല്ലേ മലക്ക് ഏ . ഈ "അമൂല്യ പ്രതിഭാസത്തില്‍ " വിശ്വസിക്കാതിരിക്കാനുള്ള മുസ്ലിംകളുടെ അവകാശത്തെ അംഗീകരിച്ചു കൊടുക്കലല്ലേ മനുഷ്യ ജാതിയായ താങ്കലെപ്പോലുല്ലവര്‍ക്ക് അഭികാമ്യം.

      Delete
    4. ഒരു മനുഷ്യന്‍ മുസ്ലീം ആയതുകൊണ്ടോ ഹിന്ദു ആയതു കൊണ്ടോ അഗ്നി എന്നത് അമൂല്യം അല്ലാതാവുന്നില്ല. അഗ്നിക്ക് കത്താന്‍ ജാതിയോ മതമോ നോക്കേണ്ട ആവശ്യവും ഇല്ല. മുസ്ലീങ്ങള്‍ എന്ത് വിശ്വസിച്ചാലും ഹിന്ദുക്കള്‍ എന്ത് വിശ്വസിച്ചാലും അഗ്നി എന്നത് ഒരു ദിവ്യ പ്രതിഭാസം ആണെന്നതിന് യാതൊരു സംശയവും വേണ്ട. അഗ്നിക്ക് ജാതിയും മതവും ഒന്നും ഇല്ല. അങ്ങനെ അഗ്നി നോക്കിയിരുന്നെങ്കില്‍ ഒരു മുസ്ലീം വിളക്ക് കത്തിച്ചാല്‍ ചിലപ്പോള്‍ അത് കത്തില്ലായിരുന്നെനെ. അഗ്നി ചിന്തിക്കുന്നില്ല തന്നെ കത്തിക്കുന്നത് ഹിന്ദു ആണോ മുസ്ലീം ആണോ എന്ന്. എങ്ങനെ വേണമെങ്കിലും വിളക്ക് കത്തിക്കാം. അഗ്നി അത് മൈണ്ട് ചെയ്യില്ല. കത്തിക്കുമ്പോള്‍ കത്തും. കത്തിക്കുന്നവന് അഗ്നി പ്രകാശം നല്‍കുന്നു. ഇതേ അവസ്ഥ ആണ് ദൈവത്തിനും. ദൈവത്തിനു ജാതി ഇല്ല മതം ഇല്ല അല്ലെങ്കില്‍ ദൈവം അത് മൈണ്ട് ചെയ്യുന്നില്ല. എങ്ങനെ വേണമെങ്കിലും ദൈവത്തെ ആരാധിക്കാം.

      Delete
  2. വിളക്ക് കത്തിച്ചാല്‍ കാഫിരാകും,
    പണ്ട് നിന്ന് മൂത്രമൊഴിചാലും,ഇംഗ്ലീഷ് പഠിച്ചാലും,പെണ്ണ് പുറത്തിറങ്ങിയാലും,കാഫിരായിരുന്നു.

    ഇടയ്ക്കു കമ്മ്യുണിസ്റ്റ് കാര്‍ ഒക്കെ കാഫിരാണ് എന്നാക്കി.
    പിന്നെ ജനം പുല്ലുവില കല്പ്പിക്കതിരുന്നപ്പോള്‍ എല്ലാം പെട്ടിമടക്കി.

    വെറും വെളിച്ചം വരാനാണോ.ജാറത്തിനരികില്‍ നിലവിളക്ക് എന്നാല്‍ അത് മാറ്റി ട്യൂബ് ഇട്ടൂടെ..??
    പശു വളര്‍ത്ത്തല്‍ ഹിന്ദുക്കള്‍ക്ക് പുണ്യ കര്‍മ്മമാണ്‌ അപ്പൊ മുസ്ലിം പശു വളര്‍ത്താന്‍ പാടില്ലേ..??
    മെഴുകുതിരി കത്തിക്കല്‍ ക്രിസ്ത്യാനിക്ക് മാത്രമേ പറ്റൂള്ളൂ..??
    പിന്നെ അമ്പലത്തില്‍ വിളക്ക് കത്തിക്കാന്‍ ആരും ആരോടും പറഞ്ഞിട്ടില്ലാ...കാലം മാറി ഇനിയീ അന്തകാരം നടക്കൂലാ...!

    ReplyDelete
  3. വിളക്കന്നല്ല ദൈവമാണെന്നോ, ദൈവ പ്രതീകമാണന്നോ വിശ്വസിച്ച് ഇലക്ട്രിക്ക് ബള്‍ബ് കത്തിച്ചാലും വിശ്വാസ ഭൃഷ്ട് സംഭവിക്കുന്ന ഉജ്ജല വിശ്വാസമാണ് ഏക ദൈവ വിശ്വാസം.
    നിന്ന് മൂത്രമൊഴിക്കലും, പെണ്ണ് പുറത്തിറങ്ങലും ഇംഗ്ലീഷ് പഠിക്കലുമൊക്കെ പരിഹരിക്കുവാന്‍ പറ്റുന്ന പദാവലികള്‍. എന്നാല്‍ സത്യം അതല്ലല്ലോ. വിശ്വാസിയോട് ഇരുന്ന് മൂത്രിക്കാനാവശ്യപ്പെട്ടത് ശുദ്ധിയുമായി ബന്ധിച്ചാണ്. അനിവാര്യഘട്ടങ്ങളില്‍ നിന്ന് മൂത്രിക്കുന്നതിന് മതം വിലക്കപ്പെട്ടില്ല.
    ഇംഗ്ലീഷ് പഠിക്കരുതെന്ന് മതം പറഞ്ഞിട്ടില്ല. ഇംഗ്ലീഷുകാരടെ ഒന്നും സ്വീകരിക്കരുതെന്ന് സ്വരാജ്യത്തിന്റെ സ്വാതന്ത്രൃം സ്വപ്നം കണ്ട സ്വാതികര്‍ നല്‍കിയ ഉപദേശം ഭാഷാ വിരുദ്ധമല്ല. വൈദേശീക വിരുദ്ധമായിരുന്നു.
    നിലവിളക്കോ, വെറും വിളക്കോ പ്രതിയോ, പ്രതീകമോ അല്ലാത്തതിനാല്‍ വെളിച്ചം എന്ന ലക്ഷ്യം നേടാന്‍ ജാറത്തിലും അല്ലാത്തിടത്തും ഉപയോഗിക്കുന്നു. പശു ദൈവമാണെന്ന വിശ്വസത്തില്‍ വളര്‍ത്താനൊ ഉപയോഗിക്കാനൊ പാടില്ലെന്ന് ഇസ്‌ലാം കരുതുന്നു. അതിനപ്പുറത്തൊരു ദുഷ് ചിന്തക്ക് അര്‍ത്ഥകല്‍പ്പന നല്‍കേണ്ടതില്ല.

    ReplyDelete